UPDATES

ഫിനാന്‍സ്/ ബിസിനസ്‌

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വലുതാകുന്ന ലോകം

60 ശതമാനം മനുഷ്യര്‍ കൂടുതല്‍ ദരിദ്രരായപ്പോള്‍ അതിസമ്പന്നരായ അഞ്ചുപേര്‍ ആസ്തി ഇരട്ടിയാക്കി

                       

ലോകത്തെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വലുതാവുകയും ഭൂമിയില്‍ അസമത്വം വര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇത് കേവലമൊരു വികാരപ്രകടനമല്ല, കണക്കുകളാണ്. കണക്കുകളാണ് പറയുന്നത്, സമ്പന്നന്റെ ആസ്തികള്‍ ഇരട്ടിയായി വര്‍ദ്ധിക്കുകയും ദരിദ്രന്റെ ഇല്ലായ്മ കൂടുതല്‍ ആഴത്തിലേക്ക് പോവുകയും ചെയ്യുകയാണെന്ന്.

ലോകത്തിലെ അതി സമ്പന്നന്മാരായ അഞ്ചുപേരുടെ ആസ്തി 2020 മുതല്‍ ഇരട്ടയിലേറെ- 869 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍(7,20,22,32,89,50,000.00 രൂപ)- വര്‍ദ്ധിച്ചപ്പോള്‍, മൊത്തം ജനസംഖ്യയുടെ 60 ശതമാനത്തോളം-ഏകദേശം 500 കോടിക്കടുത്ത് മനുഷ്യര്‍-ദാരിദ്ര്യത്തിലേക്ക് വീണു പോയി എന്നാണ് റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ തിങ്കളാഴ്ച്ച ആരംഭിക്കുന്ന വാര്‍ഷിക ലോക സാമ്പത്തിക ഫോറത്തിനു മുന്നോടിയായി ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ലോകത്തിന്റെ സാമ്പത്തിക അസമത്വത്തിലെ വിടവ് എത്ര വലുതാണെന്ന് വ്യക്തമാകുന്നത്.

ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം കൂടുതല്‍ വലുതാവുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകം ഒരു ദാശബ്ദത്തിനുള്ളില്‍ തന്നെ ആദ്യത്തെ ട്രില്യണയറുടെ കിരീടധാരണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിനൊപ്പം തന്നെ തരുന്നൊരു ഗൗരവമായ മുന്നറിയിപ്പാണ്, ഇതേ അവസ്ഥയിലാണ് ലോകം മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 229 വര്‍ഷത്തേക്ക് ഭൂമിയില്‍ നിന്നും ദാരിദര്യം നീങ്ങാന്‍ പോകുന്നില്ലെന്ന്.

കോവിഡ് മഹാമാരിയോടെയാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കാന്‍ തുടങ്ങിയതെന്നാണ് ഒക്‌സ്ഫാം റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. ലോകത്തിലെ ശതകോടീശ്വരന്മാര്‍ 2020-നെ അപേക്ഷിച്ച് 3.0 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വര്‍ദ്ധനവ് സ്വന്തമാക്കിയെന്നും അവരുടെ സമ്പത്ത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് വളര്‍ന്നതെന്നും ഓക്‌സ്ഫാം പറയുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതനിലവാരം തകര്‍ന്നടിഞ്ഞിരിക്കുകയാണെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളില്‍ 10-ല്‍ ഏഴിലും ഒരു ശതകോടീശ്വരന്‍ സിഇഒ ആയോ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ ഷെയര്‍ഹോള്‍ഡര്‍ ആയോ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലോണ്‍ മസ്‌ക്, ബെര്‍ണാര്‍ഡ് അര്‍നൗള്‍ട്ട്, ജെഫ് ബെസോസ്, ലാറി എലിസണ്‍, മാര്‍ക് സക്കര്‍ബര്‍ഗ് എന്നിവരാണ് വെല്‍ത്ത് എക്‌സ് റിസര്‍ച്ച് കമ്പനിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി ലോകത്തില്‍ സമ്പത്ത് അതിശീഘ്രം വളരുന്ന സമ്പന്നന്മാരായി ഓക്‌സ്ഫാം ചൂണ്ടിക്കാണിക്കുന്നത്. ഇവരുടെ സമ്പത്തില്‍ 464 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ (3,84,56,11,12,00,000.01 കോടി) അഥവ 114 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതേ കാലയളവില്‍ തന്നെയാണ് ദരിദ്രരായ 400 കോടിക്കു മുകളില്‍(4.77 ബില്യണ്‍)-ലോക ജനസംഖ്യയുടെ 60%- ആളുകളുടെ മൊത്തം സമ്പത്തില്‍ 0.2% കുറവ് ഉണ്ടായതും.

ദാരിദ്ര്യത്തില്‍ നിന്നും കരകയറാനായി ലോകത്ത് ജനങ്ങള്‍ കൂടുതല്‍ സമയം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പലപ്പോഴും അപകടകരവും സുരക്ഷിതത്വമില്ലാത്തതുമായ ജോലികളാണ് അവര്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 52 രാജ്യങ്ങളിലായി ഏകദേശം 80 കോടി ജനങ്ങള്‍ മിനിമം കൂലിക്കും താഴെ വേതനം വാങ്ങിയാണ് ജോലി ചെയ്യുന്നത്. ഈ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 1.5 ട്രില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന കണക്ക്. അതായത് ഓരോ തൊഴിലാളിയും 25 ദിവസം വേതനമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. മറ്റുള്ള മനുഷ്യരുടെ ദൗര്‍ഭാഗ്യങ്ങളാണ് അതിസമ്പന്നന്മാര്‍ക്ക് ഗുണമായത്. സാധാരണക്കാരുടെ ജീവിത ചെലവ് വര്‍ദ്ധിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ അതി സമ്പന്നന്മാരുടെ ബിസിനസ് ലാഭം കുത്തനെ കൂടി. ലോകത്തിലെ ഏറ്റവും വലിയ 148 കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ 2023 ജൂണ്‍ വരെയുള്ള വര്‍ഷത്തില്‍ മൊത്തം അറ്റാദായത്തില്‍ 1.8 ട്രില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നേട്ടം ഉണ്ടാക്കിയെന്നാണ് കണക്ക്. 2018-21 ലെ ശരാശരി അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ 52% വര്‍ദ്ധനവ്.

തൊഴിലാളികളും അതിസമ്പന്നരായ കമ്പനി മുതലാളിമാരും ഉടമകളും തമ്മിലുള്ള സന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ഒരു വെല്‍ത്ത് ടാക്സ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഓക്‌സ്ഫാം റിപ്പോര്‍ട്ടിലുണ്ട്. ബ്രിട്ടീഷ് കോടീശ്വരന്മാര്‍ക്കും ശതകോടീശ്വരന്മാര്‍ക്കും അത്തരം ലെവി ഏര്‍പ്പെടുത്തിയാല്‍ ഓരോ വര്‍ഷവും സര്‍ക്കാര്‍ ഖജനാവിലേക്ക് 22 ബില്യണ്‍ പൗണ്ട് എത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് ഏറ്റവും വലിയ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നത് ദക്ഷിണാഫ്രിക്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദക്ഷിണാഫ്രിക്കയിലെ സ്ഥിതിയുമായി താരതമ്യം ചെയ്യാവുന്ന തരത്തിലാണ് ആഗോള സാമ്പത്തിക അസമത്വം എത്തിയിരിക്കുന്നതെന്നാണ് ജിനി ഇന്‍ഡെക്‌സ് (Gini index) അടിസ്ഥാനമാക്കി ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകത്തിലെ അതി സമ്പന്നരില്‍പ്പെട്ട ഒരു ശതമാനം എല്ലാ ആഗോള സാമ്പത്തിക ആസ്തികളുടെയും-ഓഹരി ഷെയറുകള്‍, ബോണ്ടുകള്‍, കൂടാതെ സ്വകാര്യ ബിസിനസിലെ ഓഹരികള്‍ തുടങ്ങിയവ സ്വന്തമാക്കിയതിലുടെ -59 ശതമാനം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഓക്‌സ്ഫാം പറയുന്നത്. യുകെയില്‍ അതി സമ്പന്നരിലെ ഒരു ശതമാനം രാജ്യത്തെ എല്ലാ സാമ്പത്തിക ആസ്തികളുടെയും 1.8 ട്രില്യണ്‍ യൂറോ ആസ്തി വരുന്ന 36.5 ശതമാനവും സ്വന്തമാക്കി വച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇത്തരം അന്തരം വരും കാലങ്ങളില്‍ ലോകത്തിന് താങ്ങാനാവില്ലെന്നാണ് ഓക്‌സ്ഫാമിന്റെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് അലീമ ശിവ്ജി ചൂണ്ടിക്കാണിക്കുന്നത്. പല രാജ്യങ്ങളിലെയും കടുത്ത ദാരിദ്ര്യം കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ് ഇപ്പോഴുള്ളത്. എന്നിട്ടും ഒരു ചെറിയ ശതമാനം അതിസമ്പന്നന്മാര്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ആദ്യത്തെ ട്രില്യണയര്‍ ആകാന്‍ കുതിക്കുകയാണെന്നും അവര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍