UPDATES

ഹെന്റി കിസിഞ്ജര്‍ എന്ന നായകനും വില്ലനും

കംബോഡിയായിലും അര്‍ജന്റീനയിലും ചിലിയിലും കിഴക്കന്‍ പാകിസ്താനിലും നടന്ന മനുഷ്യക്കുരുതികള്‍ക്ക് കണക്ക് പറയേണ്ടൊരാള്‍ക്ക് സമാധനത്തിനുള്ള നൊബേലും കിട്ടി!

                       

ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നയതന്ത്രജ്ഞന്‍, ലോകത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ വിവാദനായകന്‍; തന്റെ നൂറാം വയസില്‍ വിടവാങ്ങിയ ഹെന്റി കിസിഞ്ജര്‍ക്ക്
ചരിത്രത്തില്‍ മുഖങ്ങള്‍ പലതാണ്. ബുധനാഴ്ച്ചയായിരുന്നു(2023, നവംബര്‍ 29) അമേരിക്കന്‍ മുന്‍ ആഭ്യന്തര സെക്രട്ടറിയും, ദേശീയ സുരക്ഷ ഉപദേഷ്ടാവും, അമേരിക്കന്‍ പ്രസിഡന്റുമാരുടെ സുരക്ഷ ഉപദേഷ്ടാവുമൊക്കെയായിരുന്ന കിസിഞ്ജറുടെ അന്ത്യം. അമേരിക്കയുടെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ കിസിഞ്ജറുടെ പങ്ക് വലുതായിരുന്നു. 1977 വരെ അദ്ദേഹം യു എസ് ഭരണകൂടത്തിന്റെ ഭാഗമായിരുന്നു. വിരമിച്ചശേഷവും കിസിഞ്ജര്‍ തിരക്കിലായിരുന്നു. 100-മത്തെ പിറന്നാള്‍ ആഘോഷിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് സിബിഎസ് ന്യൂസിനോട് സംസാരിച്ചപ്പോല്‍ കിസിഞ്ജര്‍ പറഞ്ഞത്, താനിപ്പോഴും ദിവസത്തില്‍ 15 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട് എന്നായിരുന്നു. താന്‍ ഇപ്പോള്‍ വിളിച്ചാലും ഷി ജീപിങ്ങും പുടിനുമൊക്കെ ഫോണ്‍ എടുക്കുമെന്ന ആത്മവിശ്വസവും കിസിഞ്ജര്‍ക്കുണ്ടായിരുന്നു.

ഹെന്റി കിസിഞ്ജറിന് ‘ റിയില്‍പൊളിറ്റിക്’-ന്റെ വക്താവ് എന്നൊരു വിശേഷണം കൂടിയുണ്ട്. ധാര്‍മികമോ പ്രത്യയശാസ്ത്രപരമോ ആയ പരിഗണനകളെക്കാള്‍, പ്രായോഗികതയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയമായിരുന്നു കിസിഞ്ജര്‍ പ്രയോഗിച്ചിരുന്ന റിയല്‍പൊളിറ്റിക്. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ മഞ്ഞുരുക്കാന്‍ പ്രയോഗിച്ച തന്റെ രഹസ്യ നയതന്ത്ര മികവിന്റെ പേരിലും കിസിഞ്ജര്‍ പ്രശസ്തനാണ്. അതേസമയം തന്നെയാണ് കിസിഞ്ജര്‍ ലോകത്തിന് മുന്നില്‍ ഒരു ‘കുറ്റവാളി’യാകുന്നതും. ആയിരങ്ങളെ കൊന്നൊടുക്കിയ അമേരിക്കന്‍ ബോംബാക്രമണങ്ങളുടെ പേരില്‍ എന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭാഗമായി കംബോഡിയായില്‍ നടത്തിയ ബോംബാക്രമണങ്ങള്‍ക്കും, കിഴക്കന്‍ പാകിസ്താനില്‍(നിലവിലെ ബംഗ്ലാദേശ്) പാകിസ്താന്‍ സൈന്യം നടത്തിയ വംശഹത്യക്ക് പിന്തുണ കൊടുത്തതിനും, വിമത പോരാളികള്‍ക്കെതിരേ അര്‍ജന്റീനിയന്‍ സ്വേച്ഛാധിപത്യം നടത്തിയ വൃത്തികെട്ട യുദ്ധത്തിന് പച്ചക്കൊടി വീശിയതിന്റെ പേരിലും കിസിഞ്ജര്‍ ലോകത്തിനു യുദ്ധക്കൊതിയനായൊരു ക്രിമിനല്‍ ആയിരുന്നു.

1923, മേയ് 27 ന് ജര്‍മനിയിലായിരുന്നു ഹെയ്ന്‍സ് ആല്‍ഫ്രഡ് കിസിഞ്ജര്‍ എന്ന ഹെന്റി കിസിഞ്ജറുടെ ജനനം. 1938-ലെ ക്രിസ്റ്റാള്‍നഹറ്റ്(kristallnacht or crysal night- ജര്‍മനിയില്‍ നാസികളുടെ നേതൃത്വത്തില്‍ ജൂതര്‍ക്കെതിരേ പൊട്ടിപ്പുറപ്പെട്ട അക്രമണം തുടങ്ങി രാത്രി)-ന് മൂന്നു മാസങ്ങള്‍ക്ക് മുമ്പ് കിസിഞ്ജറുടെ ജൂത കുടുംബം നാസി ജര്‍മനിയില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കുടിയേറിയിരുന്നു. അങ്ങനെയാണ് ഹെയ്ന്‍സ് ഹെന്റിയാകുന്നത്.

വാള്‍ട്ടര്‍ ഐസക്‌സണ്‍ എഴുതിയ ‘ കിസിഞ്ജര്‍; എ ബയോഗ്രഫി’യില്‍ വിദ്യാഭ്യാസകാലത്ത് അദ്ദേഹം നടത്തിയിരുന്ന കഠിനാദ്ധ്വാനങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ജോര്‍ജ് വാഷിംഗ്ടണ്‍ സ്‌കൂളിലെ പഠനകാലത്ത്, രാത്രികാല ക്ലാസുകള്‍ എടുക്കുകയും, ഒരു ഷേവിംഗ് ബ്രഷ് നിര്‍മാണ ഫാക്ടറിയില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്കിലെ സിറ്റി കോളേജില്‍ ചേരുമ്പോള്‍ കിസിഞ്ജറുടെ സ്വപ്‌നം ഒരു അകൗണ്ടന്റ് ആവുകയെന്നത് മാത്രമായിരുന്നു. കാലത്തിന്റെ കണക്കുകൂട്ടലുകള്‍ മറിച്ചായിരുന്നു. 19-മത്തെ പിറന്നാള്‍ കഴിഞ്ഞ് അധികം വൈകാതെ യു എസ് ആര്‍മിയുടെ ഭാഗമാകേണ്ടി വന്നു. 1943-ല്‍ യു എസ് പൗരത്വം സ്വീകരിക്കുന്ന കിസിഞ്ജര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജന്മനാട്ടിലേക്ക് പോകുന്നത് അമേരിക്കന്‍ സൈന്യത്തിലെ ജര്‍മന്‍ പരിഭാഷകനെന്ന എന്ന നിലയിലാണ്. അവിടെ ചരിത്രനിയോഗമെന്ന പോലെ ചില കാര്യങ്ങള്‍ ചെയ്യാനും കഴിഞ്ഞു. ഗെസ്റ്റപ്പോ അംഗങ്ങളെ അറസ്റ്റ് ചെയ്യാനും, അഹ്ലെം കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നും തടവുകാരെ മോചിപ്പിക്കാനും. ‘ മനുഷ്യരെ എത്രത്തോളം തരംതാഴ്ത്താന്‍ കഴിയുമെന്ന് ആ ക്യാമ്പ് കാണുംവരെ എനിക്കറിയില്ലായിരുന്നു’ എന്നാണ് 2022 ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ സംഭവത്തെക്കുറിച്ച് അദ്ദേഹം ഓര്‍ത്തു പറഞ്ഞത്. ഗെസ്റ്റപ്പോ(നാസി ജര്‍മനിയുടെ രഹസ്യപൊലീസ് വിഭാഗം) അംഗങ്ങളെ പിടികൂടുന്നതിന് നടത്തിയ രഹസ്യാന്വേഷണത്തില്‍ കാണിച്ച മികവിന് കിസിഞ്ജര്‍ ബ്രോണ്‍സ് സ്റ്റാര്‍ മെഡലിന് അര്‍ഹനായി.

യുദ്ധാനന്തരം ജര്‍മനിയില്‍ നിന്നും മടങ്ങിയെത്തിയശേഷം അദ്ദേഹം ഹാര്‍വാര്‍ഡില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം എഴുതിയ ‘ ചരിത്രത്തിന്റെ അര്‍ത്ഥം(ദ മീനിംഗ് ഓഫ് ഹിസ്റ്ററ്റി) എന്ന തീസിസ് ഒരു അത്ഭുതമായി മാറി. 400 പേജുകളിലായിട്ടായിരുന്നു ആ തീസിസ്. അതിനു മുമ്പ് അത്രയും ബൃഹത് ആയൊരു തീസിസ് ആരും തന്നെയെഴുതിയിരുന്നില്ല. പില്‍ക്കാലത്ത് തീസിസുകളുടെ വലിപ്പം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ‘ കിസിഞ്ജര്‍ നിയമം’ രൂപപ്പെടുത്താനും ഈ തീസിസ് കാരണമായെന്നാണ് ഐസാക്‌സണ്‍ എഴുതിയ ജീവചരിത്രത്തില്‍ പറയുന്നത്. തന്റെ ഗവേഷണം പൂര്‍ത്തായിക്കയശേഷം ഹാര്‍വാര്‍ഡില്‍ തന്നെ അദ്ദേഹം ഉദ്യോഗത്തില്‍ പ്രവേശിച്ചു. 1957-ല്‍ ഹാര്‍വാര്‍ഡിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് ആന്‍ഡ് സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അഫേഴ്‌സില്‍ അസോസിയേറ്റ് ഡയറക്ടറായി. അമേരിക്കന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള പല ഏജന്‍സികളുടെയും ഉപദേശകനായും കിസിഞ്ജര്‍ക്ക് ക്ഷണമുണ്ടായി.

1968-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായി കിസിഞ്ജറെ നിയോഗിച്ചു. നിക്‌സണ്‍ രണ്ടാം വട്ടവും വൈറ്റ് ഹൗസില്‍ എത്തിയപ്പോല്‍ കിസിഞ്ജറെ അമേരിക്കയുടെ ആഭ്യന്തര സെക്രട്ടറിയാക്കി. ദേശീയ സുരക്ഷ ഉപദേഷ്ടാവിന്റെയും ആഭ്യന്തര സെക്രട്ടറിയുടെയും പദവി ഒരുമിച്ച് വഹിക്കുന്ന ആദ്യത്തെ വ്യക്തിയായിരുന്നു കിസിഞ്ജര്‍. വാട്ടര്‍ഗേറ്റ് വിവാദത്തില്‍ നിക്‌സണ് പദവിയൊഴിയേണ്ടി വന്നപ്പോള്‍ പകരമെത്തിയ ജെറാള്‍ഡ് ഫോര്‍ഡിന് കീഴിലും സമാനപദവികള്‍ കിസിഞ്ജര്‍ ഒരുമിച്ച് വഹിച്ചു.

ശീതയുദ്ധകാലത്ത് കിസിഞ്ജറുടെ നയതന്ത്രചാരുത ലോകം ശ്രദ്ധിക്കുന്നതായിരുന്നു. യുഎസ്എസ്ആറുമായി നടത്തിയ സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷന്‍ സംഭാഷണവും ആന്റി-ബാലസ്റ്റിക് മിസൈല്‍ ഉടമ്പടിയും, രണ്ട് ആണവ ശക്തികള്‍ക്കിടയില്‍ നിലനിന്നിരുന്ന പിരിമുറുക്കം കുറയ്ക്കുന്നതിന് സഹായിച്ചു. 1970 കളില്‍ യു എസ്സിനും ചൈനയ്ക്കും ഇടയില്‍ ചര്‍ച്ചകള്‍ക്കായുള്ള വാതിലുകളും അദ്ദേഹം തുറന്നിട്ടു. നിക്‌സന്റെ ചരിത്രപരമായ ചൈന സന്ദര്‍ശനത്തിന് പിന്നില്‍ കിസിഞ്ജറായിരുന്നു. കിസിഞ്ജറുടെ ഷട്ടില്‍ ഡിപ്ലോമസിയായിരുന്നു 1973-ല്‍ അറബ്-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും കാരണമായത്.

ഇവിടെയെല്ലാം സമാധാനവാഹകനായൊരു കിസിഞ്ജറെയാണ് കണ്ടതെങ്കില്‍, മറ്റൊരു വശം പൂര്‍ണമായും വിവാദപരമായിരുന്നു.

വിയറ്റ്‌നാം യുദ്ധകാലത്ത് കംബോഡിയയില്‍ യു എസ് നടത്തിയ കാര്‍പ്പെറ്റ്-ബോംബിംഗിന്(ഏതെങ്കിലും പ്രത്യേത ലക്ഷ്യത്തിലല്ലാതെ വ്യാപകമായി നടത്തുന്ന ബോംബാക്രമണം) പിന്നില്‍ കിസിഞ്ജറുടെ നിര്‍ണായക ഇടപെടലുണ്ടായിരുന്നു. ആയിരക്കണക്കിന് സാധാരണ മനുഷ്യരാണ് കൊന്നൊടുക്കപ്പെട്ടത്. മാത്രമല്ല, ഖമര്‍ റൂഷ് ഭരണകൂടത്തിന്റെ വംശഹത്യയെ അതുവഴി സഹായിക്കുകയും ചെയ്തു.

എന്നാല്‍ ഏറ്റവും കൗതുകകരമായൊരു കാര്യം കൂടി ലോകത്ത് നടന്നു. വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തെന്ന പേരില്‍ കിസിഞ്ജര്‍ക്ക് 1973-ല്‍ സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം സമ്മാനിക്കപ്പെട്ടു!

വിയറ്റ്‌നാമില്‍ മാത്രമല്ല, കിസിഞ്ജറുടെ ചോരക്കൈകള്‍ നീണ്ടു ചെന്നത്. ചിലിയില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അവിടെയൊരു പട്ടാളവിപ്ലവം നടത്താനുള്ള അണിയറക്കളികള്‍ കളിച്ചു, ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താന്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ എത്തിച്ചു നല്‍കാന്‍ മുന്നില്‍ നിന്നു. 1976-ല്‍ വലുതപക്ഷ സൈനിക നേതാക്കള്‍ അര്‍ജന്റീനയില്‍ അധികാരം പിടിച്ചെടുത്തപ്പോള്‍, ചോരക്കൊതിയന്മാരായ ആ ഏകാധിപതികളോട് കിസിഞജര്‍ ആവശ്യപ്പെട്ടത്, ‘ ചെയ്യാനുള്ള കാര്യങ്ങള്‍ വേഗം ചെയ്യണം’ എന്നായിരുന്നു. പിന്നീട് അര്‍ജന്റീനയില്‍ നടന്നത് മൃഗീയമായ അടിച്ചമര്‍ത്തലായിരുന്നു, മനുഷ്യാവകാശങ്ങള്‍ പാടെ ലംഘിക്കപ്പെട്ടു, മനുഷ്യര്‍ ക്രൂരമായി പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടു, ആയിരങ്ങളെ കൊന്നൊടുക്കി.

എന്നാല്‍ തന്റെ പ്രവര്‍ത്തികളില്‍ കിസിഞ്ജര്‍ യാതൊരു ശരികേടുകളും കണ്ടില്ലെന്നായിരുന്നു സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമായത്. ആളുകള്‍ താങ്കളെയൊരു യുദ്ധ കുറ്റവാളിയായി കാണുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടി, അതവരുടെ അറിവില്ലായ്മയുടെ പ്രതിഫലനമാണെന്നായിരുന്നു.

1977-ല്‍ അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും പിരിഞ്ഞെങ്കിലും പിന്നെയും ദശാബ്ദങ്ങളോളം വിദേശനയവൃത്തങ്ങളില്‍ നിര്‍ണായക സ്ഥാനത്ത് തന്നെ കിസിഞ്ജര്‍ ഉണ്ടായിരുന്നു. തന്റെ 90 കളിലും അദ്ദേഹം ആഗോളതല ചടങ്ങുകളിലെ സജീവ സാന്നിധ്യമായിരുന്നു. വന്‍ ബിസിനസ് ക്ലയന്റുകളുടെയും അമേരിക്കന്‍ പ്രസിഡന്റുമാരുടെയും സ്വകാര്യ ഉപദേശകനായും നിറഞ്ഞു നിന്നു.

കെന്നഡി തൊട്ട് പത്തോളം അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കൊപ്പം ചിലപ്പോള്‍ ചെറുതും മറ്റു ചിലപ്പോള്‍ ഏറ്റവും പ്രധാന്യമേറിയതായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കിസിഞ്ജര്‍ പറഞ്ഞിട്ടുള്ളത്. ജോര്‍ജ് ബുഷുമായി വളരെ അടുത്ത സൗഹൃദബന്ധമായിരുന്നു എനിക്ക്, ഇടയ്ക്കിടെ അദ്ദേഹമെന്നെ തമ്മില്‍ സംസാരിക്കാന്‍ വേണ്ടി ക്ഷണിക്കുമായിരുന്നുവെന്നാണ് 2012-ല്‍ സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഡോണള്‍ഡ് ട്രംപിനും വളരെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തിന്റെ ‘അത്യധികമായ കഴിവി’നെ 2017-ല്‍ വൈറ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ ട്രംപ് പുകഴ്ത്തിയിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന്റെ കാര്യം പുടിനുമായി സംസാരിക്കണമെന്ന് ഒരു പ്രസിഡന്റ് തന്നോട് ആവശ്യപ്പെടുകയാണെങ്കില്‍, അതിന് താന്‍ തയ്യാറാണ് എന്ന് ആവേശത്തോടെ പറയുമ്പോള്‍ കിസിഞ്ജര്‍ക്ക് 100 വയസ് തികഞ്ഞിരുന്നു.

വിദേശകാര്യങ്ങളില്‍ ഏറ്റവുമധികം ആശ്രയിക്കാവുന്നൊരു സവിശേഷ ശബ്ദമാണ് അമേരിക്കയ്ക്ക് നഷ്ടമായിരിക്കുന്നത് എന്നായിരുന്നു മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് കിസ്സിഞ്ജറെ അനുസ്മരിച്ച് പറഞ്ഞത്. സരസനായൊരു സുഹൃത്തിനെക്കൂടിയാണ് തനിക്കും ലോറയ്ക്കും നഷ്ടമായിരിക്കുന്നതെന്നും ബുഷ് പറഞ്ഞു. ‘നമ്മുടെ രാജ്യത്ത് സമാധാനത്തിന്റെതായൊരു തലമുറയെ സൃഷ്ടിച്ച അമേരിക്കയിലെ ഏറ്റവും പ്രഗത്ഭരായ നയതന്ത്രജ്ഞരില്‍ ഒരാളുടെ വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു’ എന്നായിരുന്നു റിച്ചാര്‍ഡ് നിക്‌സന്റെ മക്കളായ ട്രിഷ്യ നിക്‌സണും ജൂലി നിക്‌സണ്‍ ഐസന്‍ഹോവറും അനുസ്മരിച്ചത്. ആദ്യഭാര്യയിലെ മക്കളായ എലിസബത്തിനും ഡേവിഡിനും രണ്ടാംഭാര്യ നാന്‍സിക്കുമൊപ്പമായിരുന്നു അവസാനകാലത്ത് ഹെന്റി കിസിഞ്ജറുടെ ജീവിതം.

Share on

മറ്റുവാര്‍ത്തകള്‍