Continue reading “വാ പൊത്തി ചിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചില ലിംഗവിചാരങ്ങള്‍”

" /> Continue reading “വാ പൊത്തി ചിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചില ലിംഗവിചാരങ്ങള്‍”

"> Continue reading “വാ പൊത്തി ചിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചില ലിംഗവിചാരങ്ങള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാ പൊത്തി ചിരിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ചില ലിംഗവിചാരങ്ങള്‍

                       

ചിരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കാന്‍ ആവാതെ ഭയന്ന് വായപൊത്തി മറയ്ക്കുന്ന കേരളീയ സ്ത്രീയുടെ ചിരിക്ക് ലിംഗരാഷ്ട്രീയമുണ്ടെന്ന് വ്യക്തമാക്കുന്ന വായന. യാക്കോബ് തോമസ് എഴുതുന്നു. 

നടി– എനിക്കവര്‍ വേഷങ്ങളും മുഖാവരണവും തന്നിരിക്കുന്നുഞാന്‍ അഭിനയിക്കേണ്ട നാടകത്തിലെ കഥാപാത്രങ്ങള്‍ എനിക്കു പിന്നില്‍ തയാറാവുകയാണ്എഴുതപ്പെട്ട കൃതിയും അതിലെ ചിരപരിചിതമായ സംഭാഷണങ്ങളും ഒന്നും എന്നെ സ്പര്‍ശിക്കുന്നില്ലഒന്നിലും എന്റെ അനുഭവങ്ങളുമില്ലഎന്റെ കരച്ചില്‍… ആഹ്ലാദം നിറഞ്ഞ പൊട്ടിച്ചിരികള്‍, നെടുവീര്‍പ്പുകള്‍… എല്ലാം ഈ മുഖാവരണംകൊണ്ട് മറച്ചിരിക്കുന്നു. (ദേവശിലകള്‍, (നാടകം)- കെ.എസ് ശ്രീനാഥ്)

നമ്പൂതിരി വൈദിക ശ്രേഷ്ഠന്മാരേ നിങ്ങള്‍ക്കറിയുമോ പെണ്ണിന് ഭയം കരച്ചിലിനേക്കാള്‍ ചിരിയാണ് (ലളിതാംബിക അന്തര്‍ജനം). ഞങ്ങള്‍ ചിരിച്ചാല്‍ നിങ്ങളും ചിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ ചിരിച്ചേ ഞങ്ങള്‍ ചിരിക്കൂ ( വിടി ഭട്ടതിരിപ്പാട്, നമ്പൂതിരി പെണ്‍കിടാങ്ങള്‍ക്കൊരു കത്ത്) കേരളത്തിലെ നവോത്ഥാന പ്രക്രിയകള്‍ക്കിടയിലെ രണ്ടെഴുത്തുകളാണ് ഇത്. ഇതില്‍ സവിശേഷമായി കടന്നുവന്നിരിക്കുന്നത് നവോത്ഥാന ചര്‍ച്ചകളില്‍ ഒന്നും കടന്നുവരാത്ത ചിരിയാണ്. നവോത്ഥാന ചര്‍ച്ചകളിലെന്നല്ല, നമ്മുടെ സാമുഹികവും മറ്റുമായ ചര്‍ച്ചകളിലെന്നിലും ഇത്തരത്തിലുള്ള വൈകാരിക വിഷയങ്ങള്‍ കടന്നുവരാറില്ലെന്നതാണ് വസ്തുത. ലിംഗപരമായ ചിന്തകളില്‍ പോലും ആനുഷംഗികമായി മാത്രം കടന്നുപോകാറുള്ളതുമാണ് ഇത്തരത്തിലുള്ള ചിന്തകള്‍. എന്തുകൊണ്ട് ചിരി? ചിരിയുടെ നേരെ വിപരീതമാണ് ഭയം. ഇവ തമ്മില്‍ ബന്ധപ്പെടുത്തുമ്പോള്‍ അവ തമ്മിലെ വ്യത്യാസം പെട്ടന്നു ബോധ്യമാകും. ഭയമുള്ളിടത്തു ചിരിവരില്ല. ഭയം ചിരിയെ നശിപ്പിക്കുന്ന, അമര്‍ത്തുന്ന വികാരമാണ്. അതേ സമയം ചിരി സ്വാതന്ത്ര്യത്തിന്റെ, തുറന്ന മനസിന്റെ ലക്ഷണവുമാണ്. ഭയം അകന്ന സ്വാതന്ത്ര്യബോധം ഉള്ളതിന്റെ പ്രഖ്യാപനമാണ് ചിരി. ഒരു വ്യക്തിക്കു സമൂഹത്തിലുള്ള അധികാരത്തിന്റെയും സ്വാശ്രയബോധത്തിന്റെയും പ്രകാശനമാണ് അയാളുടെ ചിരി. രാഷ്ട്രീയ പ്രശ്നം കൂടിയാണിത്. അതിന്റെ അടയാളമാണ് നവോത്ഥാനകാലത്ത് ചിരിയെക്കുറിച്ചുണ്ടായ പ്രതികരണങ്ങള്‍.

ചിരി പലതരത്തിലുണ്ടെങ്കിലും തുറന്ന ചിരികളും പൊട്ടിച്ചിരികളുമാണ് ഭയരഹിതമായ വികാര പ്രകടനത്തിന്റെ ലക്ഷണം. പതുക്കെ അടച്ചു ചിരിക്കാന്‍, ശബ്ദം കേള്‍പ്പിക്കാതെ ചിരിക്കാനും പുഞ്ചിരിക്കാനും എല്ലാവര്‍ക്കും ഏതു സാഹചര്യത്തിലും കഴിഞ്ഞേക്കും. എന്നാല്‍ തുറന്നു ചിരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും പുഞ്ചിരിപോലത്തെ കാര്യമല്ല. തന്റെ ശരീരത്തില്‍ തനിക്ക് തികഞ്ഞ അധികാരമുള്ളപ്പോഴാണ്, അങ്ങനെ അധികാരത്തെ പ്രകടപ്പിക്കാന്‍ ആകുന്നവര്‍ക്കുമാത്രമാണ് തുറന്നു ചിരിക്കാന്‍ കഴിയുക. ഒപ്പം ഭയരഹിതമായ ചുറ്റുപാടുകളുള്ളപ്പോഴും. എന്നാല്‍ നമ്മുടെ സ്ത്രീകളുടെ ചിരിയെ ഒന്നു നോക്കിയാല്‍ എന്താണ് നമുക്കു കാണാന്‍ കഴിയുന്നത്? തുറന്നു ചിരിക്കാന്‍ ശ്രമിക്കുമ്പോള്‍ പെട്ടന്നു  എന്തോ ഭയന്നു വായ പൊത്തുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ഇതെന്തുകൊണ്ടാണ്? ജനിച്ചുവീഴുന്ന ആണ്‍കുട്ടി മുതല്‍ മരിക്കാന്‍ കിടക്കുന്ന വൃദ്ധന്‍ വരെ വായ പൊത്താതെ തുറന്നും വലിയെ ശബ്ദത്തോടെയും ചിരിക്കുന്ന കേരളത്തില്‍ പെണ്ണിനു മാത്രമെന്താണ് ഇതിനു കഴിയാത്തത്? നമ്മുടെ എല്ലാ വേദികളിലും ചിരിക്കാന്‍ ശ്രമിക്കവേ വായ പൊത്തി തങ്ങള്‍ക്കിതിന് അര്‍ഹതയില്ലെന്നു വിളിച്ചു പറയുന്ന സ്ത്രീകള്‍ – അതില്‍ സിനിമാ നടികള്‍ മുതല്‍ ഭരണത്തിലിരിക്കുന്നവര്‍വരെയുണ്ട്- എന്താണ് പറയാന്‍ ശ്രമിക്കുന്നത്? ആരാണ് എന്താണ് സ്ത്രീയെ ചിരിപ്പിക്കാതിരിക്കുന്ന ശക്തി? അഥവാ പെട്ടന്നു ചിരിയമര്‍ത്തുന്ന ശക്തി? ചിരിപോലുള്ള വികാരങ്ങള്‍ കേവലമല്ലെന്നും തികഞ്ഞ രാഷ്ട്രീയ, സാമൂഹിക പ്രശ്നങ്ങളാണെന്നും പറയുന്നുണ്ട്; അവയിലെ ലിംഗഘടന അപഗ്രഥിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങള്‍.

പെണ്ണിന് ഏറെ വിലക്കുള്ളതാണ് ചിരിയില്‍. ചിരിയിലാണ് മനുഷ്യസൗഹൃദത്തിന്റെ ആരംഭം. അന്യരുമായുള്ള ബന്ധം രൂപപ്പടുത്തുന്നതും ചിരിയാണ്. ചിരിക്ക് മനുഷ്യജീവിതത്തില്‍ വലിയ റോളുണ്ടെങ്കിലും അതെല്ലാം പുരുഷന് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. സുഹൃത്തുക്കളെയൊഴികെ മറ്റാരുമായും പെണ്ണിന് ചിരിവിലക്കുണ്ട്. പലതരത്തില്‍ ചിരികളുണ്ടെങ്കിലും പുഞ്ചിരിയെന്ന വിഭാഗത്തില്‍ പെടുന്ന ശബ്ദമുണ്ടാക്കാത്ത, വായ തുറക്കാത്ത ചിരിയാണ് പെണ്ണിന് വിധിച്ചിട്ടുള്ളത്. ആണിന് ഏതു ചരിയുമാകാം. എപ്പോഴും സാഹചര്യം നോക്കാതെ പൊട്ടിച്ചിരിക്കാം. ഏതിടത്തും അതാകാം. പെണ്ണിന് സാഹചര്യവും സമയും ആളും നോക്കിയേ ചിരിക്കാന്‍ കഴിയൂ. ഏതിടത്തും പൊട്ടിച്ചിരി വിലക്കാണ്. അല്പം തുറന്നു ചിരിക്കുമ്പോള്‍ പെട്ടന്നുതന്നെ പരിസരബോധം വന്ന് വാ പൊത്തേണ്ടതുണ്ട്. അല്ലെങ്കില്‍ അവളുടെ ചിരികണ്ടില്ലേ എന്ന അശ്ലീലം കേള്‍ക്കേണ്ടിവരും. ചിലപ്പോ അതോടെ ചിരികള്‍ എന്നേക്കുമായി നിലച്ചുവെന്നും വരാം. 

പുരുഷന്മാരുടെ ഒപ്പം നിന്നുള്ള ചിരികളെല്ലാം അശ്ലീലത്തിന്റെ വകുപ്പിലാണ് പെടുന്നത്. ‘കൊഞ്ചിക്കുഴയല്‍’ എന്ന വ്യവഹാരം ഉല്പാദിപ്പിക്കുന്നത് ഒരു തരത്തിലുള്ള ചിരിയും ലൈംഗികതയാണ്. സ്ത്രീയുടെ ചിരിയുടെ ആനന്ദത്തെ പൂര്‍ണമായും അടച്ചുകളയുന്നത് ഈ പ്രയോഗത്തിന്റെ അധികാരമാണ്. സിനിമകളിലേക്കു നോക്കുക. സ്ത്രീകളുടെ തുറന്ന ചിരികള്‍ അതില്‍ വിരളമാണ്. എല്ലാവരും ചിരിക്കുമ്പോള്‍ വായ പൊത്തുകയോ ചുറ്റുപാടും പരിഭ്രമിച്ചു നോക്കുകയോ ചെയ്യുന്നതുകാണാം. അത് സിനിമയ്ക്കു വേണ്ടി സംവിധായകന്റെ നിര്‍ദേശപ്രകാരമുള്ള അഭിനയമാവില്ല. നടിമാര്‍ ‘സ്വാഭാവികമായി’ ചെയ്തുപോകുന്നതാണ്. അതിനെ പുരുഷ സംവിധായകന്മാര്‍ സ്വാഭാവികമായി, നല്ല പ്രകടനമായി അംഗീകരിക്കുകയും ചെയ്യുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സിനിമയില്‍ ചില നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിക്കുന്നതുപോലെ ജീവിതത്തിലും കടുത്ത നിയന്ത്രണങ്ങള്‍ക്കുള്ളില്‍ മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്കുവേണ്ടി പ്രകടനം നടത്തുകയാണ് സ്ത്രീകള്‍. അതിന്റെ ഒരു സൂചനയാണ് മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ദേവശിലകളിലെ നടി പറയുന്നത്.

2

ഞാന്‍ പഠിപ്പിച്ച സ്കൂളിലെ ഒരനുഭവം വളരെ പ്രസക്തമാണ്. തമാശ കേള്‍ക്കുമ്പോള്‍ കുട്ടികള്‍ ചിരിക്കും. എന്നാല്‍ പെണ്‍കുട്ടികള്‍ പെട്ടന്നു വായ പൊത്തുന്നതുകാണാം. ഒരിക്കല്‍ ഇത് അസഹ്യമായപ്പോള്‍ പെണ്‍കുട്ടികളെ കര്‍ശനമായി ശാസിച്ചു. ചിരി ചിരിച്ചുതന്നെ ആസ്വദിക്കണമെന്നും വായ പൊത്തരുതെന്നും ആണ്‍കുട്ടികള്‍ വായ പൊത്തുന്നില്ലെന്നും അതിനാല്‍ ഇതാവര്‍ത്തിക്കരുതെന്നുമായിരുന്നു എന്റെ ശാസനയുടെ ചുരുക്കം. പെട്ടന്ന് ഒരു പെണ്‍കുട്ടി അതിനോട് പ്രതികരിച്ചിത് ഇങ്ങനെയാണ് – സാറിന്റെ പിരീയഡില്‍ വായപൊത്താതെ ചരിക്കാം. എന്നാല്‍ അടുത്ത ടീച്ചറിന്റെ മുന്നില്‍ ഇങ്ങനെ ചെയ്താല്‍ അതിന് ഞങ്ങള്‍ ചീത്ത കേള്‍ക്കേണ്ടിവരും. എനിക്കു പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ പിന്നീട് എന്റെ ക്ലാസില്‍ വാ പൊത്തുന്ന പെണ്‍കുട്ടികള്‍ വളരെ കുറവായിരുന്നു. അഥവാ ‘സഹജ’മായി വായ പൊത്തിയാലും പെട്ടന്ന് എന്നെ നോക്കി കൈ എടുത്തുമാറ്റുന്നവരും ഉണ്ടായിരുന്നു. ചിരി സ്വതന്ത്രമായി അനുഷ്ഠിക്കേണ്ടതാണെന്നും അതിന്മേല്‍ ലിംഗപരമായി സമൂഹം നിയന്ത്രണങ്ങള്‍ ചെലുത്തുകയാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു. തുറന്നു ചിരിച്ചാല്‍ പെണ്ണിനൊന്നും സംഭവിക്കുന്നില്ല. അതേസമയം വിലക്കുകളുടെ കൂമ്പാരത്തില്‍ നിന്ന് രക്ഷപെടുന്നതിന്റെ ആഹ്ലാദം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്തരത്തിലുള്ള രക്ഷപെടല്‍ പുരുഷനനുവദിക്കുന്നില്ലെന്നതാണ് വസ്തുത.

3

പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ
കണ്ണാടിപുഴയില്‍വിരിയണകുളിരലപോലെ
കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ
ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ

പെണ്ണിന്റെ ചിരിയുടെ സങ്കല്പം ഇതാണ്. നമ്മുട സിനിമയും സാഹിത്യവും ആദര്‍ശവല്കരിച്ച സ്ത്രീസങ്കല്പവും അവളുടെ ചിരിയും പുരുഷനു വിധേയയായ, പുരുഷനില്‍ പ്രഥമദര്‍ശനത്തില്‍ തന്നെ കാമം ജനിപ്പിക്കുന്ന ഒന്നാണ്. പെണ്ണിന്റെ ചരിയെ സവിശേഷമായാണ് ഇത്തരം വ്യവഹാരങ്ങള്‍ പരിഗണിക്കുന്നത്. ചിരി സ്ത്രീക്ക് പലഘടകങ്ങളുമായുള്ള കൂടിച്ചേരലാണ്. ചുണ്ട്, മുഖത്തിന്റെ ആകെയുള്ള ചന്തം പിന്നെ ചിരിയിലൂടെ ഉദ്ദേശിക്കുന്ന ലക്ഷ്യം എന്നിവയിലൂടയേ സ്ത്രീയുടെ ചിരിയെ കാണാന്‍ കഴിയുകയുള്ളുവത്രേ. ചുണ്ടും ചിരിയും തമ്മിലുള്ള ബന്ധം വളരെ നിര്‍ണായകമാണ്. അത് വളരെആകര്‍ഷകമാകണം. അല്പം കാമോദ്ദീപനവും അതിലുണ്ടാകണം. ചുരുക്കത്തില്‍ പുരുഷനെ പ്രണയത്തിലേക്കും കാമത്തിലേക്കും വലിച്ചടുപ്പിക്കുന്ന പ്രലോഭനീയത സ്ത്രീയുടെ ചിരിയിലുണ്ടാവണം. പുഞ്ചിരി പൂക്കുന്ന അനുഭവമാണ്. കാഴ്ചയ്ക്കും ഗന്ധത്തിനും നവ്യാനുഭവം പകരുന്നതാണത്. ആ ചിരി പുഴയിലെ കുളിരലയുമാണ്. സുഖിപ്പിക്കലിന്റെ കോള്‍മയിരണിയിക്കലിന്റെ വല്ലാത്തൊരു അനഭവതലമാണ് പുഴയിലെ കുളിരറിഞ്ഞുള്ള കുളി. പെണ്ണ് പുഴപോലെ സുഖിപ്പിക്കേണ്ടവളാണെന്നുള്ള സൂചന ഇതില്‍ വ്യക്തം. ആ സുഖാനുഭവത്തിന്റെ പ്രധാന അടയാളമാണ് അവളുടെ ചിരി. പുരുഷനെ വശീകരിച്ച് തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള പ്രധാന ഉപാധിയും ഈ ചിരിയാണ്. വേശ്യകളും മറ്റും ഇത്തരത്തില്‍ ചിരി ഉപയോഗിക്കണം എന്നുള്ള നിര്‍ദേശങ്ങള്‍ പ്രാചീനകാലം മുതലുള്ള സാഹിത്യങ്ങളിലൊക്കെ കാണാം. ഈ ചിരികളെല്ലാം സുഖിപ്പിക്കലിന്റെ തലത്തിലുള്ളതാണ്. പെണ്ണിന് ഇങ്ങനെയേ ചിരിക്കേണ്ടതുള്ളൂവെന്ന സൂചനയാണിത്.

പെണ്ണവള്‍ ചിരിച്ചുപോയാല്‍ വെളുത്തവാവ് / കണ്മണി പിണങ്ങിയെന്നാല്‍ കറുത്തവാവ് (മായ)

പുന്നാരപ്പുഞ്ചിരി പൂക്കളമെഴുതി/ പൊന്നോണം പോലെ വരും പൂവലാംഗി (ചട്ടന്പിക്കല്യാണി)

മന്ദസ്മിതങ്ങള്‍ മാടി വിളിക്കും /ഇന്ദുഗോപം നീ ( ചട്ടക്കാരി)

എന്നെ നിന്‍ മന്ദസ്മിതത്തിന്‍ മടയിലുറങ്ങാനനുവദിക്കൂ ( ആലിബാബയും 41 കള്ളന്മാരും)

തുടങ്ങി എല്ലാ ചലച്ചിത്രഗാന വ്യവഹാരത്തിലും പെണ്ണിന്റെ ചിരി പുരുഷനെ സുഖിപ്പിക്കുന്ന ലൈംഗികാനുഭവമാണ്. മന്ദസ്മിതമാണ് അതിന്റെ രൂപം. അതിനപ്പുറം തന്റെ സ്വാതന്ത്ര്യവും ഇച്ഛയും പ്രകടിപ്പിക്കുന്ന വിധത്തില്‍ തുറന്നു ചിരിക്കാന്‍ അവള്‍ക്കനുമതിയില്ല. തുറന്ന ചിരികളും പൊട്ടിച്ചിരികളും പുരുഷനെ/മറ്റുള്ളവരെ സുഖിപ്പിക്കുന്നതല്ല. ചിരിക്കുന്ന ആളിന്റെ സ്വത്വപ്രഖ്യാപനം പൊട്ടിച്ചിരിയിലുള്ളതിനാല്‍ അസ്വസ്ഥതയുളവാക്കുന്നതാണ്. അതിനാലാണ് അവ വിലക്കായിരിക്കുന്നത്.

4.

വിലക്കുകളുടെ ലോകത്ത് സ്ത്രീയുടെ ആഹ്ലാദവും ചിരിയും വൈകാരികതകളും അടിച്ചമര്‍ത്തപ്പെടുന്നു. പുരുഷന്മാരുടെ പട്ടാളഭരണത്തിലോ അടിയന്തരാവസ്ഥയിലോ ആണ് എല്ലായ്പോഴും സ്ത്രീകള്‍. തുറന്ന സമീപനങ്ങളെയും വൈകാരികതകളെയും നോട്ടംകൊണ്ടും ശാസനകൊണ്ടും ഇല്ലാതാക്കുന്ന പട്ടാളഭരണം. നമ്മുടെ വീടുകളിലും ഓഫീസുകളിലും പുറംസ്ഥലത്തും ലിംഗപരമായ അടിയന്തരാവസ്ഥ പ്രവര്‍ത്തിക്കുന്നു. ഈ അടിയന്തരാവസ്ഥയുടെ പ്രതിരോധമാണ് പൊട്ടിച്ചിരി. അടിയന്താരാവസ്ഥ കാലത്തെഴുതിയ കടമ്മനിട്ടയുടെ വിഖ്യാതമായ ശാന്ത എന്ന കവിതയില്‍ സ്ത്രീയുടെ ചിരിയെ ആവിഷ്കരിക്കുന്നതുകാണാം. നിന്‍ ഹൃദയത്തിലെന്‍ കാതുചേര്‍ത്തോര്‍ക്കട്ടെ/ നിന്‍ സുഗന്ധത്തിനറിവു ഞാനൊപ്പട്ടെ/ നിന്‍ മന്ദഹാസ ലഹരി ഞാന്‍ മോന്തട്ടെന്റെ പെണ്ണേ നമ്മളൊന്നായുരുകട്ടെ… ഇവിടെ മോന്തുന്നത് പെണ്ണിന്റെ മന്ദഹാസമാണ്. മോന്തല്‍ ആര്‍ത്തിയോടുള്ള ഭക്ഷിക്കലാണ്/ കുടിക്കലാണ്. അടിയന്താരവസ്ഥക്കാലത്തിന്റെ ഭരണകൂട സമ്മര്‍ദ്ദങ്ങളില്‍ നിന്നു വീട്ടിലേക്കുവരുന്ന കവി/ ഭര്‍ത്താവ് ആഗ്രഹിക്കുന്നത് ഭാര്യയുമായുള്ള ഇണചെരലാണ്. ആ ആര്‍ത്തിപിടിച്ച – പങ്കാളിയുടെ മാനസികാവസ്ഥ മനസിലാക്കാതെ – കര്‍മം നടത്തുമ്പോള്‍ മോന്തുന്നത് ചിരിയാണ്. പെണ്ണിന്റെ ചിരിക്കു ലൈംഗികതയുമായി കൃത്യമായ ബന്ധമുണ്ടെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പുരുഷനെ പെണ്ണിന്റെ ശരീരം പോലെ ലഹരി പിടിപ്പിക്കുന്നതാണ് അവരുടെ ചിരിയും. പുരുഷന്‍ സ്ത്രീയില്‍ നിന്നു പ്രതീക്ഷിക്കുന്ന സുഖങ്ങളിലൊന്നാണ് സ്ത്രീയുടെ വിധേയത്വമുള്ള ചിരി. അങ്ങനെ പുരുഷനെ ലഹരികൊള്ളിക്കുംവിധം ചിരിച്ചും സുഖിപ്പിച്ചും ശാന്തയായി കഴിയുന്നവളാണ് ശരിയായ സ്ത്രീ/വീട്ടമ്മ എന്നാണ് എല്ലാ വ്യവഹാരങ്ങളും പറയുന്നത്. ഭക്ഷണവും വസ്ത്രവും പോലെ ചിരിയും പാകം ചെയ്തെടുത്ത് പുരുഷനെ സന്തോഷിപ്പിക്കേണ്ടിരിയിരിക്കുന്നു.

5

പൊട്ടിച്ചിരിക്കാന്‍ പുരുഷന്മാര്‍ അനുമതി നല്‍കിയിരിക്കുന്നത് മൂന്നു വിഭാഗം സ്ത്രീകള്‍ക്കാണ്. ഒന്ന്, അമാനുഷിക സിദ്ധികളുള്ള യക്ഷികള്‍. രണ്ട് വേശ്യകള്‍. മൂന്ന് ഭ്രാന്തികള്‍ക്ക്. മൂവര്‍ക്കും ഒരു പ്രത്യേകതയുണ്ട്, സാധാരണമായ സാമൂഹിക ജീവിതം അനുവദിച്ചിട്ടില്ലെന്നതാണ്. ജീവിതത്തിന്റെ പുറംപോക്കിലാണ് ഇവര്‍. ഇതില്‍ യക്ഷികള്‍ ഐഹികരുമല്ല. സങ്കല്പം മാത്രമാണ്. യക്ഷി പെണ്ണാണെങ്കിലും പുരുഷനേക്കാള്‍ കരുത്തുള്ള സ്വത്വമാണ്. പൈശാചിക ശക്തികല്പിച്ചു നല്‍കിയതിനാല്‍ അവള്‍ക്ക് സാധാരണ സ്ത്രീക്കുള്ള വിലക്കുകള്‍ ഒന്നുമില്ല. യക്ഷിയുടെ അധികാരത്തിന്റെ തുറന്ന പ്രഖ്യാപനമാണ് അവളുടെ ചിരി. ചിറ പൊട്ടിച്ചിതറുന്ന കാട്ടരുവി പോലെ അവര്‍ വീണ്ടും പൊട്ടിച്ചിരിച്ചുഅമാനുഷികമായ ആ ചിരിയുടെ അലകള്‍ ചുമരില്‍ ചെന്നിടിച്ചു മുഴങ്ങിക്കൊണ്ടിരുന്നു. യക്ഷിയായ കുറിയേടത്തു താത്രിയുടെ കഥ പറയുന്ന ലളിതാംബിക അന്തര്‍ജനത്തിന്റെ പ്രതികാരദേവതയിലെ വരികളാണിത്. മലയാളത്തിലെ യക്ഷി ചലച്ചിത്രങ്ങളിലെ യക്ഷികള്‍ ഇങ്ങനെയാണ്. അസാധാരണമായ കരുത്തോടെ ചിരിച്ചും കാലകത്തി സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ചും തലമുടിയൊക്കെ വിടര്‍ത്തിയിട്ട് തന്റെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും പ്രകടിപ്പിക്കുന്ന സ്വത്വമാണ്. ഭയപ്പെടുത്തുന്ന വിധത്തിലാണിവര്‍ ചിരിക്കുക. യക്ഷിയെപ്പോലയല്ലെങ്കിലും പൊട്ടിച്ചിരിക്കാനും വൈകാരികതകള്‍ പ്രകടിപ്പിക്കാനും സ്വാതന്ത്ര്യമുള്ളവര്‍ ലൈംഗിക തൊഴിലാളികളും ഭ്രാന്തികളുമാണ്. ഇത്തരത്തിലുള്ള സ്ത്രീകളാകാതിരിക്കാനാണ് സമൂഹം സ്ത്രീകളോട് പറയുന്നത്. കുലീനകളായി വീടിന്റെ അകത്തിരുന്ന് പുരുഷനെ സന്തോഷിപ്പിക്കുന്നവളാണ് നല്ല സ്ത്രീ. ഈ നല്ല സ്ത്രീയുടെ ചിരി മന്ദസ്മിതമാണ്. അടക്കവും ഒതുക്കവും വിധേയത്വവുമുള്ള ചിരി. അതിനാല്‍ ചിരിക്കുകയെന്നാല്‍ സമൂഹത്തിലെ ലിംഗപദവിയുടെ ക്രമത്തിലേക്കു വളരുകയെന്നാണര്‍ഥം.

പെണ്ണിന്റെ ചിരി താനനുഭവിക്കുന്ന സന്തോഷം പ്രകടിപ്പിക്കാനല്ല, മറിച്ച് തന്റെ ആണിനെ സുഖിപ്പിക്കാനും അവന്റെ ആനന്ദത്തിന് മോടികൂട്ടാനുമാണ്. തന്റെ സ്വത്വം പ്രഖ്യാപിക്കാനല്ല അവളുടെ ചിരി, മറിച്ച് തന്റെ വിധേയത്വവും താന്‍ നില്‍ക്കുന്ന സമയം, സ്ഥലം, ബന്ധങ്ങള്‍ എന്നിവയുടെ നിരന്തരമായ ഓര്‍മപ്പെടുത്തലിനാണ്. സ്ഥല, കാല ബന്ധത്തിനതീതമായ ആണിന്റെ ചിരി ആണിന്റെ സ്വാതന്ത്യത്തിന്റെ പ്രഖ്യാപനമാകുമ്പോള്‍ സ്ത്രീയുടെ ചിരി കാണുന്നവനില്‍ ആനന്ദം ഉല്പാദിപ്പിക്കലാണ്. എല്ലാം മറ്റുള്ളവരുടെ ഇച്ഛകള്‍ക്കു പാകമാക്കലാവുന്ന കേരളീയ സ്ത്രീയുടെ ജീവിതത്തെ അവളുടേതാക്കുന്ന പ്രക്രിയ എന്താണെന്ന ചോദ്യമാണ് ചിരിയുടെ രാഷ്ട്രീയം ഉന്നയിക്കുന്നത്. പരിസരബോധവും ആണിന്റെ നോട്ടങ്ങളും വിലക്കുകളും മറന്ന് പൊട്ടിച്ചിരികള്‍ പൊട്ടിവിടരട്ടെ…

Share on

മറ്റുവാര്‍ത്തകള്‍