UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

off-shots

അപര്‍ണ്ണ

ഹണി ബി 2; ദ്വയാര്‍ത്ഥ തമാശകള്‍ മാത്രം കുത്തിനിറച്ച് രണ്ടര മണിക്കൂര്‍ സിനിമയെടുക്കുന്ന സാഹസം

ഭാവനയുടെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ കൂവി വിളിക്കുന്ന, ഓരോ ദ്വയാര്‍ത്ഥ പ്രയോഗത്തിനും കയ്യടി കിട്ടുന്ന ഒരു തീയറ്ററില്‍ ഇരുന്നാണ് ഹണി ബീ 2 ആഘോഷം കണ്ടു തീര്‍ത്തത്.

                       

ഹണി ബീ എന്ന ഹിറ്റ് സിനിമ ഇവിടത്തെ ഒരു കൂട്ടം യുവതലമുറ സ്വീകരിച്ച ഒന്നാണ്. ആഘോഷങ്ങളും ഇവിടത്തെ യുവാക്കളുടെ ആശയക്കുഴപ്പങ്ങളും ഒക്കെയാണ് ആ സിനിമ സ്വാംശീകരിച്ചത്. ലാല്‍ ജൂനിയറിന്റെ ആദ്യത്തെ സിനിമ തന്നെ അദ്ദേഹത്തിന് മേല്‍ വമ്പന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു വിഭാഗം പ്രേക്ഷകരെ സൃഷ്ടിച്ചു. ആ പ്രതീക്ഷയില്‍ നിന്നാവാം അത്രയൊന്നും തുടര്‍ച്ചാ സാധ്യതകള്‍ ഒറ്റ കാഴ്ചയില്‍ ഇല്ലാതിരുന്നിട്ടും ഹണി ബിക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങുന്നത്. ഏതാണ്ട് പൂര്‍ണമായും ആദ്യ സിനിമയിലെ ടീം തന്നെയാണ് കാമറക്കു മുന്നിലും പിന്നിലും.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു കയറുന്ന സെബാനും ഏഞ്ചലും അവര്‍ക്കൊപ്പം നില്‍ക്കുന്ന ‘ചങ്ക് ബ്രോസും’ ആണ് ആദ്യ ഹണി ബിയുടെ അവസാനം. ‘പിന്നെ കുറെ കാലം അവര്‍ സന്തോഷത്തോടെ ജീവിച്ചു’ എന്ന നമ്മുടെ കഥാന്ത്യ ഊഹത്തെ മറികടന്നാണ് രണ്ടാം ഭാഗം വരുന്നത്. അത് ധൈര്യം വേണ്ട ഒരു തുടര്‍ച്ചയാണ്.

രണ്ടാം ഭാഗത്ത് എത്തുമ്പോള്‍ സെബാനും ഏഞ്ചലും ആശുപത്രിക്കിടക്കയിലാണ്. അവരുടെ കൂട്ടുകാരും ഒപ്പമുണ്ട്. ഇവരുടെ വിവാഹത്തിന് ഏഞ്ചലിന്റെ വീട്ടുകാര്‍ ഒരുങ്ങുന്നു. അപ്പോഴാണ് ആദ്യ പകുതിയില്‍ അനാഥനും കൂട്ടുകാരുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നവനും ആയ സെബാന്‍ ഒരു കോടീശ്വരനാണ് എന്ന് എല്ലാവരും അറിയുന്നത്. കര്‍ക്കശക്കാരനും ഉള്ളില്‍ സ്‌നേഹം നിറഞ്ഞവനും ആയ അച്ഛന്‍, സ്‌നേഹമയിയും തിരിച്ചറിവുള്ളവളുമായ അമ്മ, സ്വിച്ച് ഇട്ടാല്‍ ചായ വരുന്ന വീട്, കണക്കില്‍ പെടാത്ത പണം, സിനിമ നടന്‍ ആകാന്‍ വേണ്ടി നാടു വിട്ട മകന്‍. വീണ്ടും കല്യാണം ഉറപ്പിക്കും എന്നായപ്പോള്‍ സെബാന് അവരുടെ അനുഗ്രഹം കൂടിയേ തീരു. അതിനു വേണ്ടി പുണ്യാളന്‍ കുടുംബം ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്നു. പിന്നെ ട്വിസ്‌റ്റോടു ട്വിസ്റ്റ് ആണ്.

ഒരു സിനിമ എന്താവണം ആവണ്ട എന്നൊക്കെ തീരുമാനിക്കുന്നത് സംവിധായകനും/സംവിധായികയും ബാക്കി അണിയറ പ്രവര്‍ത്തകരുമാണ്. ഒന്നുകില്‍ ആര്‍ട്ടോ അല്ലെങ്കില്‍ ക്രാഫ്‌റ്റോ ആകുമെന്നും രണ്ടും അല്ല ഇവ രണ്ടും ചേര്‍ത്ത വിനോദോപാധിയോ രാഷ്ട്രീയ കാഴ്ചയോ ആകുമെന്നുമൊക്കെ സിനിമാ ഗവേഷകരും പഠിതാക്കളും നിരന്തരം പറയുന്നു. ഇത്തരം അക്കാദമിക വിശകലനങ്ങള്‍ മറികടക്കുന്ന സിനിമകളും നിരന്തരം വന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജനപ്രിയ സിനിമകളില്‍ പണക്കൊഴുപ്പ് പ്രദര്‍ശനം മുഖ്യ അജണ്ടയായ സിനിമകളും വരാറുണ്ട്. അതിന്റെ ഒരു മലയാള തുടര്‍ച്ചയാണ് ഹണി ബീ 2. അങ്ങനെ ആവുന്നതില്‍ കുഴപ്പമുണ്ടോ ഇല്ലയോ എന്നറിയില്ല. എന്തായാലും ഒരു ബഹുഭൂരിപക്ഷവും പരിചയിച്ചിട്ടില്ലാത്ത അന്തഃരീക്ഷത്തിന്റെ മായക്കാഴ്ചകള്‍ കാണിച്ച് അത്ഭുതപ്പെടുത്തന്നതിനെ സിനിമ എന്ന് പൂര്‍ണമായും വിളിക്കാനാവുമോ എന്ന് സംശയമാണ്.

പടുകൂറ്റന്‍ ബംഗ്ലാവുകളുടെയും നക്ഷത്ര ഹോട്ടലുകളുടെയും അകത്തളങ്ങളിലെ കാഴ്ചകളിലും പണം നിറഞ്ഞ കല്യാണാഘോഷങ്ങളിലും ഒരു മന:സമ്മതം മുതല്‍ കല്യാണം വരെ കാമറ ഓടി നടക്കുന്നു. ഇതിനിടയില്‍ സംഭാഷണങ്ങള്‍ ഉണ്ടെങ്കിലും തിരക്കഥ ഉണ്ടോ എന്നു സംശയമാണ്. ട്വിസ്റ്റുകള്‍ കഴിഞ്ഞാല്‍ ഉടനെ ട്വിസ്റ്റുകള്‍ കുത്തി നിറച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ ഒരു ചലനവും സംഭവിക്കുന്നില്ല. കല്യാണമുറപ്പിക്കല്‍, ആഘോഷ കമ്മിറ്റി, വായ്‌നോട്ടം, തെറി, കള്ളുകുടി, കാണാന്‍ സൗന്ദര്യവും നല്ല ഉടുപ്പുമുള്ള പല പ്രായത്തിലുള്ള സ്ത്രീകള്‍, വലിയ ബംഗ്ലാവുകള്‍… കഥ തീര്‍ന്നു… തീര്‍ന്നപ്പോള്‍ സിനിമാക്കാരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ പ്രേക്ഷകരുടെ കിളി പോയി.

ആദ്യ ഹണി ബിയുടെ തുടര്‍ച്ചയായി ദ്വയാര്‍ത്ഥ, മനുഷ്യ വിരുദ്ധ തമാശകള്‍ രണ്ടാമത്തേതിലും ഉണ്ട്. ഏഞ്ചലിനെ വേണം വേണ്ട എന്നൊക്കെ മാറി മാറി തീരുമാനിക്കുന്ന സെബാനും വമ്പന്‍ സ്വത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഇവിടെ തുടരുന്നുണ്ട്. ഇടുന്ന കുപ്പായങ്ങളില്‍ ഒന്ന് കൂടി നിറം കൂട്ടി വീട്ടുകാരും ഉണ്ട്. ഈ ദ്വയാര്‍ത്ഥ തമാശയ്ക്കു വേണ്ടി മാത്രം മറ്റൊരു സംഭവവികാസം പോലുമില്ലാതെ രണ്ടു മണിക്കൂര്‍ സിനിമയെടുക്കുന്നത് മലയാളത്തില്‍ മാത്രം സാധ്യമായ അവസ്ഥ ആണെന്ന് തോന്നുന്നു. സിനിമയുടെ 80 ശതമാനം രംഗങ്ങളിലും ദ്വയാര്‍ത്ഥ സംഭാഷണങ്ങള്‍ മാത്രമാണുള്ളത്. ബാക്കി ഭാഗങ്ങളില്‍ പണക്കൊഴുപ്പ് കാഴ്ചകളും.

പഴയ അബ്‌സേര്‍ഡ് തീയറ്ററിന്റെ ഒക്കെ തുടര്‍ച്ച ആണെന്ന മട്ടിലുള്ള അവകാശ വാദം ഇല്ലെങ്കില്‍ സിനിമ എന്താണ് ഉദ്ദേശിച്ചത് എന്ന് ഒറ്റ ഫ്രയിമിലും മനസിലായില്ല. പ്രേക്ഷകരുടെ കേവലമായ ആനന്ദവും സിനിമ എന്ന വിനോദവും ഇത്തരം അശ്ലീല തമാശകള്‍ കുത്തി നിറക്കല്‍ ആണെന്ന മുന്‍വിധി മലയാള സിനിമാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും പോലെ തെറ്റിദ്ധരിച്ചവര്‍ ഉണ്ടായിട്ടില്ല. അത് കുത്തി നിറച്ചാല്‍ എന്തും വിട്ടു പോകും എന്ന മലയാള സിനിമാ മൗഢ്യത്തിന്റെ തുടര്‍ച്ചയിലാണ് ലാല്‍ ജൂനിയര്‍ എന്ന സംവിധായകനും നില്‍ക്കുന്നത്. അത്തരമൊരു അവസ്ഥയില്‍ ഈ സിനിമയിലെ ശരി ബോധ്യങ്ങളോട് കലഹിക്കുക എന്നത് പോലും വലിയ സാഹസമാക്കും എന്നറിയാം.

ഇനി സിനിമ സ്പൂഫ് ആണോ അല്ലയോ എന്ന ഉയര്‍ന്നു വരുന്ന സംശയത്തെ പറ്റി ആണ്. അത്തരമൊരു സംശയം ബാക്കി വയ്ക്കുന്ന ഒന്നിനെയും സ്പൂഫ് എന്ന് വിളിക്കാനാവില്ല. ഇനിയിപ്പോ വ്യത്യസ്തനായ നായകന്‍ എന്ന് സെബാന്‍ വിളിക്കാം. ഭീരുവായ, പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്ന, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ അറിയാത്ത, പ്രണയത്തില്‍ ഉറപ്പില്ലാത്ത, സ്വാര്‍ത്ഥനായ, മടിയനായ ഒരാള്‍. അദ്ധ്വാനിക്കാന്‍ മടിയുള്ള നിവിന്‍ പോളി നായകര്‍ ഉണ്ടെങ്കിലും സെബാന്‍ വ്യത്യസ്തനാണ്. അത്തരത്തില്‍ സെബാന്റെ പാത്രസൃഷ്ടി വ്യത്യസ്തമാണ്. അയാളില്‍ ഒരു മാറ്റവും സിനിമ തീരുമ്പോള്‍ സംഭവിക്കുന്നില്ല. ഒരു സ്‌നേഹത്തിലും ഉറപ്പില്ലാത്ത ആവശ്യങ്ങള്‍ക്ക് അവരെ ഉപയോഗിക്കുന്ന നായകന്‍ നിലവിലുള്ള സങ്കല്പങ്ങളെ മറികടക്കുന്നുണ്ട്. പക്ഷെ അശ്ലീല കൗണ്ടര്‍ കൊണ്ട് കയ്യടി കിട്ടാനുള്ള തിരക്കില്‍ നായകനെ ഒരു സൈഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തുന്നതില്‍ ഒതുക്കി. നായിക, നായകന്‍ വേണ്ടെന്നുവയ്ക്കുമ്പോള്‍ കരയാനും വേണം, എന്ന് പറയുമ്പോള്‍ ചിരിച്ചു സ്വീകരിക്കാനായി സ്‌ക്രീനില്‍ വന്നു. കൂട്ടുകാരും ഏറിയും കുറഞ്ഞും അങ്ങനെ ഒക്കെത്തന്നെ.

ഭാവനയുടെ ഇന്‍ട്രൊഡക്ഷന്‍ സീനില്‍ കൂവി വിളിക്കുന്ന, ഓരോ ദ്വയാര്‍ത്ഥ പ്രയോഗത്തിനും കയ്യടി കിട്ടുന്ന ഒരു തീയറ്ററില്‍ ഇരുന്നാണ് ഹണി ബീ 2 ആഘോഷം കണ്ടു തീര്‍ത്തത്. അവിടെ ഈ സിനിമയുടെ ബോക്‌സ് ഓഫീസ് ഭാവി എന്താവും എന്നറിയില്ല. എന്നാലും ഹണി ബീ 2 സെലിബ്രെഷന്‍സ് എന്താണ് എന്ന് ഇത് എഴുതി തീരും വരെ മനസിലായിട്ടുമില്ല.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

Share on

മറ്റുവാര്‍ത്തകള്‍