UPDATES

ഇന്ത്യ

ജയ് ഭീം; ജിഗ്നേഷ് മേവാനിയുടെ പോരാട്ടം ഇനി നിയമസഭയിലേക്കും

ശങ്കര്‍ സിംഗ് വഗേലയുടെ പഴയ തണുത്തുറങ്ങിയിരുന്ന, സംഘപരിവാര്‍ ബാന്ധവമുള്ള പ്രതിപക്ഷത്തെ അല്ല ബിജെപി ഇനി കാണാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ ആര് ഇരുന്നാലും ഇനി നിങ്ങളെ നേരിടാന്‍ പോകുന്നത് ജിഗ്നേഷ് മേവാനിയാണ്.

                       

2016 ഓഗസ്റ്റില്‍ ഉനയില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കളെ ഗോരക്ഷാ ഗുണ്ടകളായ സവര്‍ണര്‍ പൊതുസ്ഥലത്ത് ക്രൂരമായി മര്‍ദ്ദിച്ച സംഭവം ഗുജറാത്തിലാകെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് തീ പകര്‍ന്നു. ഈ പ്രക്ഷോഭമാണ് ജിഗ്നേഷ് മേവാനി എന്ന യുവ ദലിത് അഭിഭാഷകനെ പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി, ക്ഷത്രിയ നേതാവ് അല്‍പേഷ് താക്കൂര്‍ എന്നീ മൂന്ന് യുവാക്കള്‍ ഗുജറാത്തിന്റെ ഭാഗധേയം നിര്‍ണയിക്കുമെന്ന് മാധ്യമങ്ങളും നിരിക്ഷകരും എഴുതി. തിരഞ്ഞെടുപ്പ് ഫലം ആ വിലയിരുത്തല്‍ ശരി വയ്ക്കുക തന്നെയാണ്. തന്‍റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍, വദ്ഗാം മണ്ഡലത്തില്‍ 19,696 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ചക്രവര്‍ത്തി വിജയ്‌കുമാര്‍ ഹര്‍ക ഭായിയെ പരാജയപ്പെടുത്തിയാണ് ജിഗ്നേഷ് മേവാനി ഗുജറാത്ത് നിയമസഭയിലേക്ക് പ്രവേശിക്കുന്നത്.

ഉന സംഭവത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍ നിന്ന് ഉനയിലേയ്ക്ക് ജിഗ്നേഷ് നയിച്ച ദലിത് അസ്മിത യാത്രയില്‍ 20,000ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. ദലിതര്‍ ഇനി ചത്ത കന്നുകാലികളുടെ ശവം എടുത്തുകൊണ്ടുപോയി മറവ് ചെയ്യുന്ന, ജാതി അടിച്ചേല്‍പ്പിച്ച തൊഴില്‍ ചെയ്യില്ലെന്ന് ജിഗ്നേഷ് അവരെക്കൊണ്ട് പ്രതിജ്ഞയയെടുപ്പിച്ചു. ചത്ത പശുവിന്റെ തോലുരിഞ്ഞ യുവാക്കളെയാണ് ഗോവധം ആരോപിച്ച് സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റ് ദലിത് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി കേവലം സ്വത്വവാദ നിലപാടുകളില്‍ കുടങ്ങിക്കിടന്ന നേതാവല്ല ജിഗ്നേഷ് എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തിയും. ഭൂമി എന്ന അടിസ്ഥാന വികസന പ്രശ്നത്തെ ജിഗ്നേഷ് മേവാനി മുന്നോട്ടു വച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശവും കാര്‍ഷിക വിപ്ലവം അന്യമായിരിക്കുന്നതും ഇന്ത്യന്‍ ജാതിവിരുദ്ധ പ്രക്ഷോഭം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളാണ്. ദളിതര്‍ക്ക് സംവരണം മാത്രം പോരാ, ഭൂമിയും വേണമെന്ന് ജിഗ്നേഷ് ഉറച്ച ശബ്ദത്തില്‍ ആവശ്യപ്പെട്ടു.

‘ആസാദ് കൂച്’ എന്ന പേരില്‍ ഭൂമി ആവശ്യപ്പെട്ട് ദലിതരുടെ ലോംഗ് മാര്‍ച്ച് നയിച്ചു. സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ സംഘപരിവാറിനെതിരെ ‘ആസാദി’ മുദ്രാവാക്യം മുഴക്കുന്ന സമയത്ത് തന്നെയാണ് മേവാനിയുടെ ആസാദ് യാത്ര നടന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിക്കാതെ ദലിത് വിമോചനം സാധ്യമല്ലെന്ന് ജിഗ്നേഷ് പറഞ്ഞു. ഇന്ത്യന്‍ വര്‍ഗസമരത്തില്‍ എന്താണ് ജാതിയെന്നും ജാതിയും വര്‍ഗവും എങ്ങനെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ ബന്ധപ്പെട്ടിരിക്കുന്നത് എന്നും ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെ മനസിലാക്കിയ സമകാലീന ഇന്ത്യന്‍ ദലിത് നേതാവാണ്‌ ജിഗ്നേഷ് മേവാനി.

അദ്ദേഹത്തിന്‍റെ പോരാട്ടങ്ങള്‍ ഇനി ഗുജറാത്ത് നിയമസഭയിലേക്ക് കൂടി വ്യാപിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ പിന്തുണ ജിഗ്നേഷിന്‍റെ വിജയത്തില്‍ നിര്‍ണായകമാണ്. കോണ്‍ഗ്രസിന്‍റെ പിന്തുണയിലാണ് താന്‍ മത്സരിക്കുന്നത് എന്ന് തോന്നിപ്പിക്കാന്‍ പ്രചാരണ ഘട്ടത്തില്‍ ജിഗ്നേഷ് ശ്രമിച്ചില്ല. ജിഗ്നേഷിന്‍റെ ദലിത് രാഷ്ട്രീയ അധികാര്‍ മഞ്ചിന്‍റെ പിന്തുണ സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ മികച്ച പ്രകടനത്തിലും പ്രതിഫലിച്ചു. ബിജെപിക്കെതിരെ വിശാല ഐക്യത്തിന്‍റെ അനിവാര്യത ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലുമെല്ലാം തിരിച്ചറിഞ്ഞിരുന്നു. താന്‍ വദ്ഗാമില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിക്കുമ്പോള്‍ ജിഗ്നേഷ് മേവാനി ഉറച്ച ആത്മവിശ്വാസമാണ് പ്രതിഫലിപ്പിച്ചത്. ബിജെപിയെ പരാജയപ്പെടുത്താന്‍ തനിക്കെതിരായി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത് ഒഴിവാക്കണം എന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചത് ജിഗ്നേഷിന്‍റെ കക്ഷി രാഷ്ട്രീയ പക്വതയും വ്യക്തമാക്കുന്നു.

കോണ്‍ഗ്രസില്‍ ചേരാന്‍ രാഹുല്‍ ഗാന്ധി ക്ഷണിച്ചിട്ടും അത് സ്വീകരിക്കാതെ സുചിന്തിതമായ തീരുമാനം എടുത്ത ജിഗ്നേഷ് മേവാനി, അടിച്ചമര്‍ത്തപ്പെടുന്ന ദലിത് സമൂഹത്തിന്‍റെ അതിജീവന പോരാട്ടങ്ങള്‍ താന്‍ എന്ന നേതാവിന്‍റെ അധികാര പങ്കാളിത്തത്തോടെ തൃപ്തിപ്പെടാനോ പാര്‍ലമെന്ററി വ്യാമോഹങ്ങളുടെ ഫ്രീസറില്‍ കയറ്റി വക്കാനോ ഉള്ളതല്ലെന്ന ബോധ്യമുള്ള വ്യക്തിയാണ്. അത് നിരന്തരം കത്തിച്ച് നിര്‍ത്തേണ്ട തീപന്തമാണ് എന്ന് അദ്ദേഹത്തിന് അറിയാം. ഹാര്‍ദിക് പട്ടേലിനെയോ, അല്‍പേഷ് താക്കൂറിനേയോ പോലെ ഗുജറാത്തിന്‍റെ പ്രാദേശിക സ്വത്വങ്ങളിലോ സാമുദായിക, കക്ഷി രാഷ്ട്രീയ കള്ളികളിലോ ഒതുങ്ങുന്നയാളല്ല ജിഗ്നേഷ് മേവാനി. വ്യക്തമായ രാഷ്ട്രീയ വീക്ഷണം മേവാനിക്കുണ്ട്. അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹിയെന്ന നഗരവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ ഗുജറാത്തി ഗ്രാമങ്ങളുമായി ജൈവബന്ധം പുലര്‍ത്താന്‍ മേവാനിക്ക് കഴിഞ്ഞിട്ടുണ്ട്. 2016 ഓഗസ്റ്റില്‍ മാധ്യമശ്രദ്ധ നേടിയ ജിഗ്നേഷ് മേവാനി 2017 ഡിസംബറില്‍ ഗുജറാത്ത് നിയമസഭയിലെത്തുന്നത് ഒരു പിആര്‍ ഏജന്‍സിയുടെയും പണി കൊണ്ടല്ല.

1982 ഡിസംബര്‍ 11ന് അഹമ്മദാബാദിലാണ് ജിഗ്നേഷ് മേവാനിയുടെ ജനനം. മെഹ്‌സാന ജില്ലയിലെ മിയു സ്വദേശികളാണ് ജിഗ്നേഷിന്റെ മാതാപിതാക്കള്‍. അഹമ്മദാബാദിലെ സ്വാസ്തിക് വിദ്യാലയ, വിശ്വ വിദ്യാലയ് മാധ്യമിക് ശാല എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം. എച്ച്‌കെ ആര്‍ട്‌സ് കോളേജില്‍ നിന്ന് 2003ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. 2004ല്‍ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ. 2004 മുതല്‍ 2007 വരെ ഗുജറാത്തി മാഗസിനായ അഭിയാനില്‍ പ്രവര്‍ത്തിച്ചു. 2013ല്‍ ഡിടി ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി.

ഭൂരാഹിത്യം – മേവാനി നമ്മോട് പറയുന്നത്

പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനും ആയിരുന്ന മുകുള്‍ സിന്‍ഹ, ജിഗ്നേഷിന്‍റെ ഇടതുപക്ഷ വീക്ഷണം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അഹമ്മദാബാദ് കേന്ദ്രീകരിച്ച് ന്യൂ ലെഫ്റ്റ് മൂവ്മെന്‍റ് എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നല്‍കി. തൊഴിലാളികളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ജന്‍ സംഘര്‍ഷ് മഞ്ച് എന്ന സംഘടനയും രൂപീകരിച്ചു. 2002ല്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ള കൂട്ടക്കൊലകളുമായും വ്യാജ ഏറ്റുമുട്ടലുകളുമായും ബന്ധപ്പെട്ട കേസുകളില്‍ ഇരകള്‍ക്ക് നിയമസഹായം നല്‍കാന്‍ അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. നരോദ പാട്യ കൂട്ടക്കൊല കേസില്‍ മായ കോഡ്നാനിയുടെയും ബാബു ബജ്രംഗിയുടെയും മറ്റും അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ മുകുള്‍ സിന്‍ഹ വലിയ പങ്ക് വഹിച്ചു. അദ്ദേഹം രണ്ട് തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും (2007, 2012) പരാജയപ്പെടുകയായിരുന്നു. കാന്‍സര്‍ ബാധിതനായ അദ്ദേഹം 2014ല്‍ അന്തരിച്ചു. നരേന്ദ്ര മോദിയെ നിശിതമായി വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് മുകുള്‍ സിന്‍ഹ. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ മേയ് 26നും ബിജെപിയുടെയും മോദിയുടെയും അധികാര ആരോഹണം ഉറപ്പിച്ച ജനവിധി പുറത്തുവന്ന മേയ് 16നും മുമ്പ്, ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പ് നടന്ന മേയ് 12ന് മുകുള്‍ സിന്‍ഹ അന്തരിച്ചു. മുകുള്‍ സിന്‍ഹ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരാജയപ്പെട്ടെങ്കിലും ശിഷ്യന്‍ ജയിച്ച് നിയമസഭയിലെത്തിയിരിക്കുന്നു.

ഉനയിലെ ദലിതര്‍ക്കെതിരായ ക്രൂരതയും അതിനെതിരായ ശക്തമായ ജനകീയ പ്രക്ഷോഭവും ഒരു ഗുജറാത്ത് ദലിത് നേതാവിനെ അല്ല സൃഷ്ടിച്ചത്. ഇന്ത്യന്‍ അംബേദ്‌കറൈറ്റ് രാഷ്ട്രീയത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തേയും ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയാവുകയാണ് ജിഗ്നേഷ് മേവാനി. മുഖ്യധാര ഇടതുപക്ഷ പാര്‍ട്ടികള്‍ അധികാരമുള്ളയിടങ്ങളില്‍ സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങളുടെ ശക്തനായ വിമര്‍ശകന്‍ ആണെങ്കില്‍ പോലും വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയധാരയാണ് അദ്ദേഹത്തിന്‍റെത്. ഭൂപരിഷ്കരണം നടപ്പാക്കിയ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അതിന്‍റെ പോരായ്മകളെയും തുടര്‍ച്ചയില്ലായ്മയുടെ പരാജയങ്ങളേയും മേവാനി തുറന്നുകാട്ടി. നിശിതമായി വിമര്‍ശിച്ചു.

ആറാം തവണയും അധികാരത്തിലെത്തുന്നതില്‍ നിന്ന് ബിജെപിയെ തടയാന്‍ ഇവര്‍ക്കായില്ലെങ്കിലും ബിജെപിക്ക് വ്യക്തമായ സൂചന നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി ശങ്കര്‍ സിംഗ് വഗേലയുടെ പഴയ തണുത്തുറങ്ങിയിരുന്ന സംഘപരിവാര്‍ ബാന്ധവമുള്ള പ്രതിപക്ഷത്തെ അല്ല ബിജെപി കാണാന്‍ പോകുന്നത്. പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ ആര് ഇരുന്നാലും ഇനി നിങ്ങളെ നേരിടാന്‍ പോകുന്നത്, നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പോകുന്നത് ജിഗ്നേഷ് മേവാനിയും അല്‍പേഷ് താക്കൂറും ഒക്കെയായിരിക്കും. ചോദ്യങ്ങളില്‍ നിന്ന് ബിജെപിക്ക് രക്ഷപ്പെടണം എങ്കില്‍ ഇനി നിയമസഭ കൂടാതിരിക്കുകയെ വഴിയുള്ളൂ.

അകത്ത് മേവാനി, പുറത്ത് ഹര്‍ദിക്; അടുത്ത അഞ്ച് വര്‍ഷം ബിജെപി വെള്ളം കുടിക്കും

സംഘ് വാദ് സെ ആസാദി: ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് വിരല്‍ ചൂണ്ടുന്നത്

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍