UPDATES

ട്രെന്‍ഡിങ്ങ്

കല്‍ബുര്‍ഗിയുടെ പുസ്തകം നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്ന കാലത്താണ് നമ്മുടെയൊക്കെ ജീവിതം

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശത്രുക്കളായതുകൊണ്ടാണ് ഈ മൂന്നു ജ്ഞാനവൃദ്ധരെയും അവര്‍ തീര്‍ത്തു കളഞ്ഞത്

                       

കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്ന് ഇതിനകം മനസ്സിലാക്കിയിരിക്കുമല്ലോ, ഇത് വേറൊരു കൊലപാതകത്തെക്കുറിച്ച് തുടങ്ങുന്ന പോസ്റ്റാണ്.

2015 ഓഗസ്റ്റ് മുപ്പതാം തീയതി രാവിലെ ധര്‍വാഡിലെ കല്യാണ്‍ നഗറിലെ എംഎം കല്‍ബുര്‍ഗിയുടെ വീട്ടിലെത്തിയ രണ്ട് ചെറുപ്പക്കാര്‍ കോളിംഗ് ബെല്ലടിച്ചു. കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി വാതില്‍ തുറന്നു. വിദ്യാര്‍ഥികളാണ് എന്ന് ചെറുപ്പക്കാര്‍ സ്വയം പരിചയപ്പെടുത്തി. ഭാര്യ പോയി എഴുപത്താറുകാരനായ ആ അധ്യാപകനെ വിളിച്ചു കൊണ്ടു വന്നു. ചെറുപ്പക്കാര്‍ കൈയില്‍ കരുതിയിരുന്ന തോക്കുയര്‍ത്തി പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു. അദ്ദേഹം തത്ക്ഷണം മരിച്ചു. ആരാണ് അദ്ദേഹത്തെ കൊന്നത്? എന്തിനായിരുന്നു കൊല?

ബാഹുബലിയിലെപ്പോലെ സസ്‌പെന്‍സ് ഒന്നുമില്ല, നമുക്കറിയാം തീവ്രഹിന്ദുത്വ രാഷ്ട്രീയമാണ് അദ്ദേഹത്തെ കൊന്നത്. കൊല നടന്നതിന് തൊട്ടുപിന്നാലെ മംഗലാപുരത്തെ ബജ്രംഗ് ദളിന്റെ കോ-കണ്‍വീനര്‍ ഭുവിത് ഷെട്ടി എന്നയാള്‍ കൊലയെ ന്യായീകരിച്ചും സന്തോഷം പ്രകടിപ്പിച്ചും ട്വിറ്ററിലെഴുതി. ഇനി കൊല്ലാനുള്ളത് കെഎസ് ഭഗവാന്‍ എന്ന അക്കാദമീഷ്യനെയാണ് എന്ന് കൂടി ഭുവിത് ഷെട്ടി അന്നെഴുതിയിരുന്നു. ഷെട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങി. ആര്‍എസ്എസ് എന്ന ഇന്ത്യയിലെ ഏറ്റവും വലതുപക്ഷമായ സംഘടനയുടെ കുടക്കീഴിലെ തീവ്രസംഘടനയാണ് ഈ ഭുവിത് ഷെട്ടി നേതാവായിരിക്കുന്ന ബജ്രംഗ്ദള്‍. സമാനമായ കൊലപാതകങ്ങള്‍ രണ്ടെണ്ണം കൂടെയുണ്ടല്ലോ. സിപിഐ നേതാവ് ഗോവിന്ദ് പന്‍സാരെ, സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവരുടേത്.

ധാബോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായത് സനാതന്‍ സന്‍സ്ത എന്ന തീവ്രഹിന്ദുത്വ ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണ്. ഇവര്‍ക്ക് കല്‍ബുര്‍ഗിയുടേതടക്കം മറ്റ് രണ്ട് കൊലപാതകവുമായി ബന്ധമുണ്ട് എന്നതിനും തെളിവ് കിട്ടിയിട്ടുണ്ട് എന്നു വാര്‍ത്തകളില്‍ കാണാം. ഇപ്പറഞ്ഞ മൂന്ന് പേരുടെയും ബൗദ്ധികമായ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തെ, അതിന്റെ വിധ്വംസക രീതികളെ, അതിനവര്‍ ഉപയോഗിക്കുന്ന കള്ളങ്ങളെ ആവും വിധം ഇളക്കുക ലക്ഷ്യം വെച്ചുള്ളതായിരുന്നു. അതുകൊണ്ട് അവര്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ശത്രുക്കളായി, അവര്‍ അവരുടെ പല കൈകളിലൊന്നു കൊണ്ട് ഈ ജ്ഞാനവൃദ്ധരെ തീര്‍ത്തു കളയുകയും ചെയ്തു.

ഇനി, ഇന്നത്തെ മലയാള മനോരമ പത്രമെടുത്ത് തുറക്കുക.’ബസവേശ്വര വചനങ്ങള്‍ 23 ലോകഭാഷകളില്‍’ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത വായിക്കുക. സാമൂഹികപരിഷ്‌ക്കര്‍ത്താവും തത്വചിന്തകനുമായിരുന്ന ബസവേശ്വരന്റെയും ശിഷ്യന്മാരുടെയും തെരഞ്ഞെടുത്ത രണ്ടായിരം വചനങ്ങള്‍ മലയാളം ഉള്‍പ്പെടെ 23 ലോകഭാഷകളില്‍ പ്രസിദ്ധീകരിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിക്കും. കര്‍ണാടക സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എംഎം കല്‍ബുര്‍ഗി ചീഫ് എഡിറ്ററായി രൂപപ്പെടുത്തിയതാണ് വചനസാഹിത്യം എന്ന ഗ്രന്ഥം. ഇതേക്കുറിച്ച് ദി ഹിന്ദുവില്‍ കുറെക്കൂടി വിശദമായ വാര്‍ത്തയുണ്ട്. അതില്‍ ഇങ്ങനെ വായിക്കാം. He (Shivarudra Swamiji of Belimath) said that getting vachanas translated to various Indian languages was the dream of Dr. M.M. Kalburgi (who was shot dead in 2015). The release of the book is a tribute to him, he added.

അപ്പോ ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ആര്‍എസ്എസുകാരനായ നമ്മുടെ പ്രധാനമന്ത്രി ആര്‍എസ്എസ് വിരുദ്ധനായിരുന്ന, ആ രാഷ്ട്രീയത്തിന്റെ വാഹകരാല്‍ തന്നെ കൊലചെയ്യപ്പെട്ട കല്‍ബുര്‍ഗിയുടെ ബൗദ്ധികോധ്വാനത്തിന്റെ പ്രകാശകനാകും. അപ്പോള്‍ അവിടെ വെച്ച് അദ്ദേഹം കല്‍ബുര്‍ഗിയെക്കുറിച്ച് പറയില്ലേ? നല്ല വാക്കുകളാകില്ലേ അദ്ദേഹം പറയുക? ഉറപ്പാണല്ലോ. പ്രധാനമന്ത്രിയായതിന് ശേഷം പുതുതായി വന്ന സൗമ്യഭാവം പരമാവധി പ്രകാശിപ്പിച്ചു കൊണ്ട് നരേന്ദ്ര മോദീജി കല്‍ബുര്‍ഗിയെക്കുറിച്ച് നല്ലത് പറയുമായിരിക്കും.

രാഷ്ട്രീയഹിന്ദുത്വത്തിനെതിരായ ചരിത്രസംഗതികള്‍ എന്ന നിലയില്‍ കല്‍ബുര്‍ഗി കാണുകയും പണിയെടുക്കുകയും ചെയ്ത ബസവേശ്വരവചനങ്ങള്‍ ഭാരതീയപൈതൃകത്തിന്റെ മഹത്വം, അത് വഴി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആധികാരികതയ്ക്ക് കൂടുതല്‍ ഉറപ്പ് നല്‍കുന്ന ചരിത്രതെളിവുകള്‍ എന്ന നിലയ്ക്ക് അദ്ദേഹം ഉറപ്പിച്ചെടുക്കുകയും ചെയ്യുമായിരിക്കും. ഊഹങ്ങളാണ്, ഊഹങ്ങള്‍ ചുമ്മാ ഉണ്ടാകുന്നതല്ല. നേരത്തെ ഉണ്ടായിട്ടുള്ള സംഗതികളെ ഓര്‍ക്കുന്നതു കൊണ്ട് വരുന്നതാണ്.

ധബോല്‍ക്കര്‍, പന്‍സാരെ

നേരത്തെ ഉണ്ടായിട്ടുള്ള ചരിത്രസംഗതികളെ ഓര്‍ക്കുന്ന മറ്റൊരു ടെക്‌സ്റ്റ് കൂടി വായിക്കണം. ഇന്നത്തെ പത്രത്തില്‍ നിന്നു തന്നെ. ഇന്നത്തെ ഹിന്ദുപത്രമെടുത്ത് ഒപ്പെഡ് പേജില്‍ ‘ആര്‍ വി എ നേഷന്‍ ഓഫ് സ്യൂഡോ സെക്കുലറിസ്റ്റ്‌സ്’ എന്ന തലക്കെട്ടിലുള്ള ഡിബേറ്റിലെ ആദ്യ ലേഖനം വായിക്കുക. ജെഎന്‍യുവിലെ പ്രൊഫസര്‍ മൃദുലാ മുഖര്‍ജിയുടെതാണ് ലേഖനം. അതിന്റെ അവസാനഭാഗത്തിലെ ആശയത്തെ ഇങ്ങനെ വിവര്‍ത്തനം ചെയ്യാം. “വര്‍ഗീയത എന്നത് ഒരു ചീത്തവാക്കാണെന്ന് സ്ഥാപിക്കുന്നതില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങള്‍ വിജയിച്ചിരുന്നു. ദേശസ്‌നേഹപ്രകടനത്തിന് മതാധിഷ്ടിത നില ആവശ്യമില്ലെന്നും ജനങ്ങള്‍ക്ക് മനസ്സിലാകും വിധം ആ മുന്നേറ്റങ്ങള്‍ സ്ഥാപിച്ചു. നാട്ടിലെ വര്‍ഗീയശക്തികള്‍ (ഹിന്ദുത്വരാഷ്ട്രീയക്കാര്‍) സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ല എന്നതുകൊണ്ട് വര്‍ഗീയത തെറ്റായ സംഗതിയാണ് എന്ന് സ്ഥാപിക്കുന്നത് താരതമ്യേന എളുപ്പമായ കാര്യമായിരുന്നു. അവര്‍ അക്കാലത്ത് ബ്രിട്ടീഷ് ശക്തികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇക്കാര്യം അന്ന് ജീവിച്ചിരുന്ന നാട്ടുകാര്‍ക്ക് മനസ്സിലാകുന്നതുമായിരുന്നു. അതുകൊണ്ട് പിന്തിരിപ്പന്മാരുടെ രാഷ്ട്രീയം എന്ന നിലയില്‍ തള്ളപ്പെടേണ്ട ഒന്നാണ് വര്‍ഗീയ ആശയങ്ങള്‍ എന്നത് വേഗത്തില്‍ ജനമനസ്സുകളില്‍ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ പൊതുസമൂഹത്തിന്റെ ഓര്‍മ്മ ക്ഷണികമാണല്ലോ. അതിനാല്‍ നിരന്തരമായി അധ്വാനിച്ച് ഈ പോസിറ്റീവ് നിലയെ തിരിച്ചിടാന്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഇന്നിപ്പോള്‍ സാധിക്കുന്നുണ്ട്. അവര്‍ ദേശീയതയോട് ഹിന്ദുമതത്തെ ചേര്‍ത്ത് വെക്കാനുള്ള അഗ്രസ്സീവ് ശ്രമങ്ങള്‍ ഫലം കാണുന്നപോലെയുണ്ട്. സ്വാതന്ത്ര്യസമരത്തിന്റെ ഐക്കണുകളായിരുന്ന വ്യക്തികളെ തങ്ങളുടേത് എന്ന് പാടുപെട്ട് സ്ഥാപിച്ചു കൊണ്ടാണ് ഇത് ഒരളവ് വരെ അവര്‍ സാധിച്ചെടുത്തത്. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, സുഭാഷ് ചന്ദ്രബോസ് തൊട്ട് ഭഗത് സിംഗിനെ വരെ ഇതിനായി ഇവര്‍ കൈവശപ്പെടുത്തുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേരെ ഓപ്പസിറ്റായി നിന്നിരുന്ന ഇവര്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പൂര്‍വ്വഗാമികളാണ് എന്ന് വിചാരിക്കുന്നവരും ഇന്ന് ധാരാളമായി നാട്ടിലുണ്ട് എന്നതാണ് വിചിത്രമായ കാര്യം.

അപ്പോള്‍ ഇങ്ങനെ വിചിത്രവും പരിഹാസ്യവുമായ കള്ളത്തരങ്ങളിന്മേലാണ് മോദീജിയും യോഗീജിയും അവരുടെ രാഷ്ട്രീയത്തെ സ്ഥാപിച്ചെടുക്കുന്നത് എന്ന്.

ചോദ്യം- അപ്പോള്‍ കല്‍ബുര്‍ഗി പണിയെടുത്തുണ്ടാക്കിയ ചരിത്ര രേഖകള്‍ പ്രകാശനം ചെയ്യാന്‍ നരേന്ദ്ര മോദിക്ക് അധികാരമില്ല എന്നാണോ?

ഉത്തരം- നിശ്ചയമായും അല്ല. അദ്ദേഹം പ്രധാനമന്ത്രിയാണല്ലോ, അതിന് അദ്ദേഹത്തിന് അവകാശമുണ്ട്. നമ്മള് പക്ഷെ മേല്‍പ്പറഞ്ഞ രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍ത്തു വേണം ആ പ്രകാശനച്ചടങ്ങിനെ കാണാനെന്നേ പറയാന്‍ ശ്രമിച്ചുള്ളൂ. രാഷ്ട്രീയത്തിന്റെ വിചിത്രമായ വളവ് തിരിവുകളെക്കുറിച്ച് ആലോചിക്കണമെന്ന്. ആ സംഘം പ്രവര്‍ത്തിക്കുന്നതെങ്ങനെയാണ് എന്ന്. ഇന്നെതിര്‍ക്കുന്ന രണ്ടാമൂഴം എന്ന ഭീമകഥ നാളെ അവരുടെ സ്വന്തം ടെക്സ്റ്റ് ആയാല്‍ അത്ഭുതപ്പെടരുത് എന്ന്. പൊതുജനത്തിന്റെ മറവിയിലൂടെ നുണകളുടെ നൗകകളേറിയാണ് ആ രാഷ്ട്രീയം പുതിയ പുതിയ ഇടങ്ങളില്‍ പതാക നാട്ടുന്നത് എന്നത് മനസ്സിലാക്കുകയെങ്കിലും വേണം എന്നാണ്.

(സനീഷ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സനീഷ് ഇളയടത്ത്

സനീഷ് ഇളയടത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍