പുതിയ പ്രസിഡന്റ്റിനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ തന്നെ വേണമെന്നാണ് അൾജീരിയൻ ജനതയുടെ ശക്തമായ ആവിശ്യം.
അൾജീരിയയിൽ ബൂട്ടെഫ്ലിക്ക യുഗം അവസാനിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള
അൾജീരിയൻ ജനതയുടെ പ്രതിഷേധം ശക്തമായതോടെ ഇരുപത് വർഷമായി തുടരുന്ന പ്രസിഡണ്ട് പദവിയിൽ നിന്നും താഴേക്കിറങ്ങാൻ അബ്ദെൽ അസീസ് ബൂട്ടെഫ്ലിക്ക നിർബന്ധിതനായി. പുതിയ പ്രസിഡന്റ്റിനെ തിരഞ്ഞെടുക്കുന്നത് ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ തന്നെ വേണമെന്നാണ് അൾജീരിയൻ ജനതയുടെ ശക്തമായ ആവിശ്യം.
ജനങ്ങൾ തെരുവിൽ ഇറങ്ങി സമരം ചെയ്യാൻ തുടങ്ങിയതോടെ അൾജീരിയയുടെ മിലിട്ടറി തലവൻ അഹമ്മദ് സെയ്ദ് സലാഹ് ബൂട്ടെഫ്ലിക്കയോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
2013 ൽ പക്ഷാഘാതം വന്നതിനു ശേഷം ബൂട്ടെഫ്ലിക്ക പൊതു പരിപാടികളിലൊന്നും സജീവമായിരുന്നില്ല. ആരോഗ്യനില വളരെ മോശമായ അദ്ദേഹത്തെ മറയാക്കി സഹോദരൻ സെയ്ദാണ് രാജ്യം ഭരിക്കുന്നതെന്നായിരുന്നു പരക്കെയുള്ള ആക്ഷേപം. ബൂട്ടെഫ്ലിക്ക രാജിവെച്ച് ഒഴിയുമ്പോൾ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയുമില്ല. 1962 ൽ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ശേഷം അൾജീരിയയിൽ കാര്യമായ രാഷ്ട്രീയ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ഇപ്പോൾ തന്നെ 82 വയസുള്ള ബൂട്ടെഫ്ലിക്ക അഞ്ചാം തവണയും പ്രസിഡണ്ട് ആകുന്നതിനെതിരെ വളരെ ആസൂത്രിതമായാണ് അൾജീരിയൻ ജനത സമരപരിപാടികൾ സംഘടിപ്പിച്ചത്. ഫെബ്രുവരി 22 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും ഇവർ സമരപരിപാടികളുമായി തെരുവുകളിൽ സമാധാനപരമായി ഒത്തുചേരും. ചിലപ്പോൾ സംഘത്തിൽ ആയിരക്കണക്കിന് ആളുകൾ വരെയുണ്ടാകും. ഭരണം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ മുഴക്കി സമരം ചെയ്ത് ആറ് ആഴ്ചകൾക്കുള്ളിലാണ് നടപടിയുണ്ടാകുന്നത്.
‘ഇത് വലിയ മാറ്റമാണ്. വലിയ പുതുമയാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ എന്റെ രാജ്യം ഭരിക്കുന്ന ഭരണാധികാരിക്ക് ഒരു മാറ്റമുണ്ടാകുന്നു. ഇത് ഞങ്ങളുടെ സമരപരിപാടികളുടെ ആദ്യ ഘട്ടം മാത്രമേ ആയിട്ടുള്ളൂ. കൃത്യമായ ഒരു തിരഞ്ഞെടുപ്പ് സമ്പ്രദായം ഈ നാട്ടിൽ ഉണ്ടായാൽ മാത്രമേ ഞങ്ങൾ പ്രതിഷേധപരിപാടികൾ അവസാനിപ്പിക്കൂ.’ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ച ഒരു ഇരുപതുകാരി പെൺകുട്ടി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പുണ്ടാകുന്നത് വരെ 90 ദിവസം പാർലമെൻറ്റ് ഉപരി സഭയുടെ അധ്യക്ഷൻ അബ്ദുൽഖാദർ ബെൻസലയ്ക്കാണ് ഭരണകാര്യങ്ങൾ നോക്കിനടത്താനുള്ള ചുമതല.