UPDATES

വിദേശം

“ഡാർലിംഗ്, ഇന്ന് കാറ്റ് വീശുമോ, എനിക്ക് ഇന്ന് ടി വി കാണണം…”; പരിഹാസവും അസംബന്ധവും നിറച്ച പ്രസംഗവുമായി പരാജയങ്ങള്‍ക്കിടയിലും ട്രംപ് തന്ത്രം

വിദേശത്ത് ജനിച്ച് വളർന്ന പല കോൺഗ്രസ് അംഗങ്ങൾക്കും അമേരിക്കയോട് യാതൊരു കൂറുമില്ലെന്ന ഗുരുതരമായ ആരോപണവും ട്രംപ് പ്രസംഗത്തിനിടയിൽ ഉന്നയിക്കുന്നുണ്ട്.

                       

കൺസർവേറ്റിവ് പ്രവർത്തകരും സെലിബ്രിറ്റികളും ഒത്തുകൂടുന്ന കൺസർവേറ്റിവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫെറെൻസിലും  (സി പി എ സി) അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ് പിടിച്ചു നിന്നത് ആദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ സ്ഥിരമായി ചെയ്യാറുള്ള രണ്ട് തന്ത്രങ്ങൾ ഉപയോഗിച്ച് തന്നെയാണ്. ഒന്നാം തന്ത്രം- സാധാരണയായി ആളുകൾ സംസാരിക്കുന്ന ഔദ്യോഗിക രീതിയിൽ നിന്നൊക്കെ വിട്ട് , എനിക്കെന്താണ് സംസാരിക്കേണ്ടതെന്നറിയില്ല ഞാൻ സ്‌ക്രിറ്റ് പ്രകാരമല്ലാതെ “ഓഫ് സ്ക്രിപ്ട്” ആയി സംസാരിക്കാൻ പോകുകയാണെന്ന് പറഞ്ഞ്  ആളുകളെ മുഴുവൻ അങ്കലാപ്പിലാക്കുക. രണ്ട്, തന്റെ രാഷ്ട്രീയ എതിരാളികളെ മുഴുവൻ പുച്ഛിക്കുക, പരിഹസിക്കുക, അവരുടെ കുറ്റം പറഞ്ഞ് സദസ്സിനെ ആകെ രസിപ്പിക്കുക.

ഈ തന്ത്രങ്ങൾ ഇല്ലാതെ ട്രംപിന് മീറ്റിങ്ങുകളിലൊന്നും പിടിച്ച് നിക്കാനാകുമായിരുന്നില്ല എന്ന് തന്നെയാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തൽ. കാരണം ട്രംപിനെ സംബന്ധിച്ച് ഇത് പരാജയങ്ങളുടെ സമയമാണ്. ട്രംപിന്റെ കൂടെ ദീർഘകാലം പ്രവർത്തിച്ചിരുന്ന അഭിഭാഷകൻ ട്രംപിന്റെ ചതികളെ കുറിച്ച് വെളിപ്പെടുത്തിയതും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള സമാധാന ഉച്ചകോടി പ്രതീക്ഷിച്ച ഫലമൊന്നുമുണ്ടാക്കാതെ ട്രംപിന് മടങ്ങേണ്ടിവന്നതും ഈ ആഴ്ചയാണ്.

തന്റെ പരാജയങ്ങളെകുറിച്ചോ, കോഹന്റെ വെളിപ്പെടുത്തലുകൾക്കുള്ള മറുപടിയെ കുറിച്ചോ യാതൊന്നും സൂചിപ്പിക്കാതെയാണ് ട്രംപ് രണ്ട് മണിക്കൂർ നേരം കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. സോഷ്യലിസ്റ്റ് ഡമോക്രാറ്റുകൾ, റഷ്യ, ഹിലരി ക്ലിന്റൺ എന്നതൊക്കെ ഇടയ്ക്കിടെ സൂചിപ്പിച്ച് പരിഹസിച്ച് ട്രംപ് സദസ്സിനെയാകെ കയ്യിലെടുത്തു. കാലാവസ്ഥ വ്യതിയാനങ്ങൾ പരിഹരിക്കാനായി ഡമോക്രാറ്റുകൾ മുന്നോട്ടുവെച്ച “ഗ്രീൻ ന്യൂ ഡീൽ” എന്ന ആശയത്തെ പരിഹസിക്കാനാണ് ട്രംപ് തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗം നേരവും ചിലവഴിച്ചത്. “കാറ്റുണ്ടെങ്കിൽ നമുക്ക് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിക്കാം, അപ്പൊ കാറ്റ് ഇല്ലെങ്കിൽ കറണ്ടില്ല, കറണ്ട് ഇല്ലെങ്കിൽ ലോകം ആകെ ബുദ്ധിമുട്ടിലായി പോകും, അപ്പൊ ദിവസവും നമ്മൾ ഇങ്ങനെ പറയും ഡാർലിംഗ്, ഡാർലിംഗ്, ഇന്ന് കാറ്റ് വീശുമോ, എനിക്ക് ഇന്ന് ടി വി കാണണം…” സദസ്സിനെ ഇളക്കി മറിച്ച് കൊണ്ട് ട്രംപ് പരിഹസിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

ആളുകളുടെ പേരൊന്നും എടുത്ത് സൂചിപ്പിക്കാതെ വിദേശത്ത് ജനിച്ച് വളർന്ന പല കോൺഗ്രസ് അംഗങ്ങൾക്കും അമേരിക്കയോട് യാതൊരു കൂറുമില്ലെന്ന ഗുരുതരമായ ആരോപണവും ട്രംപ് പ്രസംഗത്തിനിടയിൽ ഉന്നയിക്കുന്നുണ്ട്. പുറത്ത് നിന്ന് വന്ന ചില കോൺഗ്രസ് അംഗങ്ങൾക്ക് ഈ രാജ്യത്തോട് വെറുപ്പാണെന്നും ഈ രാജ്യം നന്നാകുന്നത് അവർക്ക് സഹിക്കില്ലെന്നും, അത് വളരെ നിരാശാജനകവും അപലപനീയമെന്നനും ട്രംപ് പറയുന്നുണ്ട്. തൊഴിലില്ലായ്മ നിരക്കുകളുടെയും അദ്ദേഹം പങ്കെടുക്കുന്ന മീറ്റിങ്ങുകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ചും മെക്സിക്കൻ അതിർത്തിയിൽ പണിയാനിരിക്കുന്ന മതിലിനെ കുറിച്ചും വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് ട്രംപ് പ്രസംഗിച്ചതെന്നാണ് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Share on

മറ്റുവാര്‍ത്തകള്‍