UPDATES

ലാസ്റ്റ് ബസില്‍ പ്രതീക്ഷയര്‍പ്പിച്ചു ആര്‍സിബി

ഹൈദരാബാദിനെ എറിഞ്ഞ് വീഴ്ത്തുകയെന്ന തുറുപ്പ് ചീട്ടാണ് ആര്‍സിബിയ്ക്കുളളത്

                       

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേര്‍സിന്റെ പ്ലേ ഓഫ് (Royal challengers Playoffs chances )സാധ്യത ഏറെക്കുറെ അവസാനിച്ചെങ്കിലും അങ്ങനെയങ്ങ് അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറല്ല ഫാഫ് ഡ്യൂപ്ലസിയും സംഘവും. ലാസ്റ്റ് ബസിലെങ്കിലും കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് അവര്‍. ഇനിയങ്ങോട്ട് ബാക്കിയുള്ള ആറു കളിയും ജയിച്ചുകയറാന്‍ തന്നെയാണ് തീരുമാനം. അതിന് 10 പോയിന്റുള്ള ലക് നൗ സൂപ്പര്‍ ഗെയിന്റ്‌സ് ആറില്‍ നാലും തോല്‍ക്കണം. എട്ടു പോയിന്റ് ഉള്ള ചെന്നൈ സൂപ്പര്‍ കിംഗ്സും 3 കളിയെങ്കിലും തോല്‍ക്കണം. ഇതാണ് ആര്‍സിബിയുടെ പ്രാര്‍ത്ഥന.

അതേസമയം, ഇന്ന് നടക്കുന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നാണ് ടീമിന്റെ പ്രതീക്ഷ. ഈ സാധ്യതയിലേക്കാണ് ആരാധകരും നോക്കുന്നത്. സണ്‍റൈസേഴിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ഇന്ന് മത്സരം. ആരാധകരുടെ പ്രതീക്ഷയ്ക്ക് കരുത്ത് പകര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍ വില്‍ ജാക്സും രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദിനെഎറിഞ്ഞ് വീഴ്ത്തുകയെന്ന തുറുപ്പ് ചീട്ടാണ് ആര്‍സിബിയ്ക്കുളളത്. ഇന്നത്തെ കളിയില്‍ ന്യൂ ബോളില്‍ മാക്‌സിമം വിക്കറ്റ് വീഴ്ത്താന്‍ നോക്കും. ആ പ്ലാന്‍ വര്‍ക്ക് ആവുമെന്ന് തന്നെയാണ് കരുതുന്നത്. ബൗളര്‍മാരെ കടന്നാക്രമിക്കുന്ന സണ്‍റൈസേഴ്സിന്റെ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ കൂട്ടിന്റെ വിക്കറ്റ് വീഴ്ത്തിയാല്‍ ജയം ഞങ്ങളുടെ പക്ഷത്തെത്തും. ബൗളര്‍മാരിലാണ് ഇന്നത്തെ പ്രതീക്ഷ. ഇതാണ് ഞങ്ങളുടെ പ്ലാന്‍-വില്‍ ജാക്സ് പറയുന്നു. ഇത്തവണയെങ്കിലും കിരീടം എന്ന മോഹവുമായി എത്തിയതാണ് റോയല്‍ ചലഞ്ചേഴ്‌സ്. പക്ഷെ ഇറങ്ങിയ എട്ടില്‍ ഒന്നില്‍ മാത്രമാണ് ജയം കാണാന്‍ സാധിച്ചത്. ഈ ദയനീയ പരാജയം മറികടക്കാന്‍ ഇനിയുളളത് റോയൽ ചലഞ്ചേഴ്സിന് പ്ലേ ഓഫ് സാധ്യത മാത്രമാണ്. ബാലികേറാ മലയാണെങ്കിലും ആ സാധ്യതയിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്.

സാധ്യത ഇങ്ങനെ

ഇതുവരെയുള്ള എട്ട് കളിയില്‍ നിന്ന് 2 പോയിന്റെ മാത്രമാണ് റോയല്‍ ചലഞ്ചേഴ്‌സ് നേടിയിരിക്കുന്നത്. ഇനി ഗ്രൂപ്പ്ഘട്ടത്തിലുള്ളത് ആറ് മല്‍സരങ്ങളാണ്. ഇതിലെല്ലാം വിജയം കൊയ്താല്‍ അവരുടെ സമ്പാദ്യം 14 പോയിന്റിലേക്ക് ഉയരും. ഒപ്പം മറ്റ് ടീം ഫലങ്ങളും തുണയ്ക്കണം. അങ്ങനെയെങ്കില്‍ പ്ലേ ഓഫ് ടിക്കറ്റ് ലഭിക്കാം. ശേഷിക്കുന്ന 7ല്‍ 5 എണ്ണത്തിലും സണ്‍ റൈസേഴ്‌സ് ജയിച്ചെന്ന് കരുതുക. ഒപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും. ആറില്‍ നാലെണ്ണം ജയിച്ച് രാജസ്ഥാന്‍ റോയല്‍സും. ഇതോടെ ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ ഹൈദരാബാദിനും കൊല്‍ക്കത്തയ്ക്കും 20 പോയിന്റും റോയല്‍സിന് 22 പോയിന്റും കിട്ടും. അങ്ങനെ വന്നാല്‍ 14 പോയിന്റുള്ള റോയൽ ചലഞ്ചേഴ്സിന് പ്ലേ ഓഫ് സാധ്യത തുറക്കും.

സാധ്യത ടീം

സണ്‍റൈസേഴ്സ് ഹൈദരാബാദ് സാധ്യത ടീം : ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുല്‍ സമദ്, നിതീഷ് കുമാര്‍ റെഡ്ഡി, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍കണ്ഡെ, ടി നടരാജന്‍.

റോയല്‍ ചലഞ്ചേഴ്സ്(Royal challengers) ബെംഗളൂരു സാധ്യത ടീം: ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോലി, വില്‍ ജാക്സ്, രജത് പടിദാര്‍, കാമറൂണ്‍ ഗ്രീന്‍/ഗ്ലെന്‍ മാക്സ്വെല്‍, മഹിപാല്‍ ലോംറോര്‍, സുയഷ് പ്രഭുദേശായി, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

 

Content Summary;  Royal challengers Playoffs chances 2024: Can Royal challengers Playoffs chances still make it to the top four after defeat against KKR?

Share on

മറ്റുവാര്‍ത്തകള്‍