UPDATES

ട്രെന്‍ഡിങ്ങ്

ആര്‍എസ്എസ് ഭാഷ പോളിഷ് ചെയ്താല്‍ ജമാ അത്തെ ഇസ്ലാമിയുടേത് ന്യൂനപക്ഷ രാഷ്ട്രീയമാകുമോ?

രാഷ്ട്രീയ ഇസ്ലാമും മുസ്ലീമും ഒന്നാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ജമാ അത്തിന്റെ പെടാപാടിന് ആരൊക്കെ ചൂട്ട് പിടിച്ചാലും അത് അപകടകരമാണ്

Avatar

റംഷാദ് അലി

                       

ഹിന്ദുമതം തന്നെ ഇല്ലാണ്ടാകണം എന്ന് അംബേദ്കര്‍ തീര്‍ത്ത് പറയാനുള്ള കാരണങ്ങളില്‍ ഒന്ന് അങ്ങനെ ഒരു സംവിധാനത്തിനകത്ത് സമത്വം ഒരിക്കലും സാധ്യമാകില്ല എന്ന തിരിച്ചറിവായിരുന്നു. അതീവ വിവേചനപരമായ മതസംവിധാനവും മനുവിന്റേത് ഉള്‍പ്പടെയുള്ള അതിന്റെ നിയമസംഹിതകളും തുല്യതയുടെ അന്തരീക്ഷത്തിന് വിഘാതമാണെന്ന് അദ്ദേഹം ഉറക്കെ പറഞ്ഞു. ഹിന്ദുമതം ഉപേക്ഷിക്കാന്‍ ദളിതരോട് ആവശ്യപ്പെട്ടു. ബ്രാഹ്മണ്യം അല്ലെങ്കില്‍ ഹൈന്ദവ പൗരോഹിത്യം അതുമല്ലെങ്കില്‍ പ്രാമാണിക സവര്‍ണബോധം ഒരിക്കലും അവസര സമത്വത്തെയോ തുല്യതയെയോ ഉയര്‍ത്തിപ്പിടിച്ചിട്ടില്ല. അതെപ്പോഴും ആവര്‍ത്തിച്ചത് ഓരോരുത്തരുടെയും സ്ഥാനത്തെക്കുറിച്ചാണ്. അട്ടിമറിക്കപ്പെടാത്ത, അഴിച്ചുമാറ്റാനാകാത്ത, പുറത്തുകടക്കാനാകാത്ത ജന്മസിദ്ധമായ ചാപ്പ കുത്തലുകളെക്കുറിച്ചാണ്. അതാണ് ജാതിവ്യവസ്ഥയെ ന്യായീകരിക്കാന്‍ അവര്‍ കണ്ടെത്തിയ വാദങ്ങള്‍.

അവര്‍ പറഞ്ഞത് ദളിതന് ദളിതന്റെ സ്ഥാനവും ബ്രാഹ്മണന് ബ്രാഹ്മണന്റെ സ്ഥാനവും ദൈവേച്ഛയാണെന്നും അത് പാലിക്കപ്പെടണമെന്നുമാണ്. സ്ത്രീയുടെ ഇടം വീടാണെന്നും ആകാശവും നക്ഷത്രദര്‍ശനവും അവള്‍ക്കന്യമാണെന്നും പറഞ്ഞത് ഇതേ ‘സ്ഥാനബോധ’ത്തില്‍ നിന്നായിരുന്നു. അവര്‍ണര്‍ക്കും സ്ത്രീകള്‍ക്കും ബ്രാഹ്മണ്യം വിദ്യ നിഷേധിച്ചത് അത് അവര്‍ക്ക് പറഞ്ഞതല്ല എന്ന ലോജിക്ക് കൊണ്ടായിരുന്നു. അത് ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടവര്‍ വേറെ ഉണ്ടത്രേ. ഓരോരുത്തര്‍ക്കും അവരുടേതായ ഇടം. അത് പാലിക്കപ്പെടുമ്പോഴാണ് സമൂഹത്തിന് ചിട്ടയുണ്ടാവുക എന്ന് അവര്‍ വാദിച്ചു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ ‘ഹിന്ദുമതം സന്തുലിത’മാണെന്ന്.

കേരളത്തിന്റെ പാതയോരങ്ങളിലെ ചുവരുകളിലാകെ ജമാ അത്തെ ഇസ്ലാമി അതിന്റെ സമ്മേളന മുദ്രാവാക്യമായി എഴുതിവച്ചിരിക്കുന്നു ‘ഇസ്ലാം സന്തുലിതമാണ്’ എന്ന്. ഇസ്ലാം വിഭാവനം ചെയ്യുന്നത് സമത്വമാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്. ഏതായാലും മതത്തെ സംബന്ധിച്ച വ്യത്യസ്ത വായനകള്‍ അവിടെ നില്‍ക്കട്ടെ. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയെ സംബന്ധിച്ചിടത്തോളം ഇസ്ലാം പൊളിറ്റിക്കല്‍ ആണ്. ആ രാഷ്ട്രീയം സമത്വത്തെക്കുറിച്ചല്ല, പകരം സന്തുലനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ‘Equaltiy’ അല്ല ‘Balancing’ ആണ്.

ഒരു കറി ഉണ്ടാക്കുമ്പോള്‍ ചേരുവകള്‍ സന്തുലിതമായിരിക്കണം. ഉപ്പും വെള്ളവും മസാലയും മുളകും എല്ലാം ഒരുപോലെയല്ല ചേര്‍ക്കുക. ഓരോന്നിനും അതിനനുസരിച്ച്. അതുപോലൊരു കറിക്കൂട്ടാണ് ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം. ഈ ഓരോരുത്തരുടെയും സ്ഥായിയായ ഇടത്തെക്കുറിച്ച് തന്നെയല്ലേ ബ്രാഹ്മണ്യവും പറഞ്ഞിരുന്നത്? അത് തന്നെ പോളിഷ് ചെയ്ത ഭാഷയില്‍ പരസ്യം ചെയ്ത് ജമാ അത്തെ ഇസ്ലാമി അടിച്ചമര്‍ത്തപ്പെട്ടവരുടെ വിമോചനത്തെക്കുറിച്ച് വാചാലമാകുമ്പോള്‍ ആ കാപട്യത്തിന് എത്ര മാര്‍ക്ക്?

ദളിതരും ആദിവാസികളും തങ്ങളുടെ രാഷ്ട്രീയ പങ്കാളികളാണെന്ന് അവര്‍ വാചകമടിക്കും. എന്നിട്ടും നിങ്ങളുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌ഐഒയുടെ നേതൃത്വത്തില്‍ ഒരു പെണ്‍കുട്ടി പോലും ഇല്ലാത്തതെന്തേ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് ആണുങ്ങളില്ലാത്ത വേറെ വേദി ഉണ്ട് എന്ന് പറയും. ജമാ അത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ നേതൃത്വത്തില്‍ ഒരു വനിതയെ എങ്കിലും ഉള്‍പ്പെടുത്തുമോ എന്ന് ചോദിച്ചാല്‍ അതില്‍ വനിതകള്‍ക്ക് ഒരു പരാതിയും ഇല്ല എന്ന് അവകാശപ്പെടും. അല്ലെങ്കില്‍ മുന്‍പ് #ReadyToWait എന്ന് ഹിന്ദു സ്ത്രീകള്‍ പറഞ്ഞത് പോലെ ഞങ്ങള്‍ക്ക് പരിഭവമൊന്നും ഇല്ലാട്ടോ എന്ന് സംഘടനയിലെ സ്ത്രീകളെക്കൊണ്ട് പറയിക്കും.

ഇനി, സംഘടനാ നേതൃത്വത്തില്‍ ദളിത് മുസ്ലീങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ മുസ്ലീമില്‍ ജാതിയില്ല എന്ന് പറയും. ഉണ്ട് എന്ന് അംബേദ്കര്‍ മുതല്‍ സച്ചാര്‍ കമ്മറ്റി വരെ പറഞ്ഞിട്ടുണ്ട് എന്നൊന്നും ചൂണ്ടിക്കാട്ടിയിട്ട് കാര്യമില്ല. അപ്പോ പറഞ്ഞു വരുന്നത്, ഓരോരുത്തര്‍ക്കും അവര്‍ക്ക് (ഞങ്ങള്‍ പ്രമാണിമാര്‍) നിശ്ചയിച്ച ഇടങ്ങളുണ്ടെന്ന്. മൗദൂദിയന്‍ രാഷ്ട്രീയം സന്തുലിതമാണെന്ന്!

അംബേദ്കര്‍ സന്തുലനത്തെക്കുറിച്ചല്ല, സമത്വത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത് എന്ന് മൗദൂദി അനുയായികളുടെ മുഖത്ത് നോക്കി പറയാനും നിലപാട് മാറ്റിക്കാനും അവരുടെ കൂടെ കൂടിയാല്‍ വിമോചനത്തിന്റെ മുന്നണിയായി എന്ന് കരുതുന്ന ചില ദളിത് സംഘടനകള്‍ക്ക് ആര്‍ജ്ജവമുണ്ടോ എന്നുള്ളതാണ് ചോദ്യം. ദളിത് – മുസ്ലീം ഐക്യത്തില്‍ മുസ്ലീമിനെ പ്രതിനിധീകരിക്കുന്നത് ജമാ അത്തെ ഇസ്ലാമിയാണ് എന്ന് അവരുടെ ചരിത്രവും രാഷ്ട്രീയ മാനിഫെസ്റ്റോയും സമുദായത്തില്‍ നിന്ന് തന്നെ അവര്‍ക്ക് നേരിടേണ്ടി വന്ന വലിയ എതിര്‍പ്പുകളുമെല്ലാം അറിയുന്നവര്‍ക്ക് സമ്മതിച്ചു കൊടുക്കാനാകില്ല. ഭരണഘടന, മതേതരത്വം, ലിംഗനീതി എന്നീ കാര്യങ്ങളില്‍ ജമാ അത്തെ ഇസ്ലാമിയുടേത് തന്ത്രപരവും സൗകര്യപ്രദവുമായ നിലപാട് ആണെന്നും ജനാധിപത്യം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കടുത്ത യാഥാസ്തിതിക നിലപാട് ആണെന്നും അഭിപ്രായപ്പെട്ടത് കെഎം സീതി സാഹിബാണ്. ചേകന്നൂര്‍ മൗലവി മുതല്‍ അസ്ഗറലി എഞ്ചിനീയര്‍ വരെ എത്രയെത്ര ശബ്ദങ്ങള്‍.

ജമാ അത്തിന്റേത് ന്യൂനപക്ഷ രാഷ്ട്രീയമാണെന്ന് അരെങ്കിലും സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ അവരോട് സഹതാപം മാത്രമേയുള്ളു. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൂടെയാണ് തങ്ങളുടെ രാഷ്ട്രീയം എന്ന് വരുത്തിത്തീര്‍ക്കാന്‍ ജമാ അത്തിന് ഇത്തരം ചില ലേബലുകള്‍ ഒക്കെ വേണം. എന്നാല്‍ അതിന് ചുക്കാന്‍ പിടിക്കലാവരുത് ഇവിടത്തെ അംബേദ്കറൈറ്റ് സംഘടനകളുടെ പണി. ഇന്ത്യയില്‍ ജമാ അത്തെ ഇസ്ലാമിയുടേത് ന്യൂനപക്ഷ രാഷ്ട്രീയം എന്നല്ല അറിയപ്പെടേണ്ടത്. അത് ഇസ്ലാമിക രാഷ്ട്രീയമാണ്. അല്ലെങ്കില്‍ രാഷ്ട്രീയ ഇസ്ലാമാണ്.

അതായത് മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതാണ്. ഹിന്ദു മതത്തിന്റെ പേരില്‍ അത് തന്നെയാണ് ആര്‍എസ്എസ് ചെയ്യുന്നത്. ആള്‍ബലത്തിന്റെ വ്യത്യാസമനുസരിച്ച് രണ്ടുപേരും അജണ്ടകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വ്യത്യാസം കാണാം. അത് ജമാ അത്തെ ഇസ്ലാമിയെ പരിശുദ്ധരാക്കുന്നില്ല. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ നേതൃത്വവും ആക്കുന്നില്ല.

ബംഗ്ലാദേശില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അതിനെ അവിടത്തെ ന്യൂനപക്ഷ രാഷ്ട്രീയം എന്ന് വിളിക്കാന്‍ പറ്റില്ലല്ലൊ. അപ്പോഴും അത് വര്‍ഗ്ഗീയ സംഘടന തന്നെ. പാകിസ്ഥാനില്‍ ജമാ അത്തെ ഇസ്ലാമി ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളാണോ രാഷ്ട്രീയ ഇസ്ലാമാണോ? മുസ്ലീം ഭൂരിപക്ഷ ദേശങ്ങളില്‍ അതെങ്ങനെ അറിയപ്പെടണം?

രാഷ്ട്രീയ ഇസ്ലാമും മുസ്ലീമും ഒന്നാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ജമാ അത്തിന്റെ പെടാപ്പാടിന് ആരൊക്കെ ചൂട്ട് പിടിച്ചാലും അത് അപകടകരമാണ്. കാരണം, എല്ലാ മുസ്ലീങ്ങളെയും ഉള്‍ക്കൊള്ളാനുള്ള പരിസരം പോലും അതില്‍ ഇല്ല. പിന്നെയല്ലേ അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗത്തോടും ഉള്ള ഐക്യപ്പെടല്‍.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Share on

മറ്റുവാര്‍ത്തകള്‍