‘ഇന്ത ഒരു പിടി നെല്ലുക്കാകതാന്‍ 44 പേര്‍ ഉയിര്‍ ഇഴന്താര്‍…
മനുഷ്യാവതാരം വഴി നിത്യനായ ദൈവം സ്നേഹത്തിന്റെ സര്‍വശക്തിയോടും ചൈതന്യത്തോടും കൂടി മാനവജീവിതത്തിലേക്കു പ്രവേശിച്ചതിന്റെ അനുസ്മരണമാണ് ക്രിസ്തുമസ്. ലോകം മുഴുവന്‍ ക്രിസ്തുമസിന്റെ ആഘോഷാരവങ്ങളിലാണ്, ‘തന്നെ പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണം’ എന്ന് പഠിപ്പിച്ച യേശുദേവനെ സ്മരിക്കുന്ന ലോകം. എന്നാല്‍ യേശു ദേവന്റെ ജന്മനാടായ ബത്‌ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ ഇല്ല, രണ്ടര മാസത്തിലേറെയായി പലസ്തീനില്‍ കൂട്ടക്കൊല തുടരുന്ന ഇസ്രയേലിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചും പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചും ബെത്ലഹേമില്‍ ഇക്കുറി ക്രിസ്മസ് ആഘോഷമില്ല. ഗാസയുമായി ഐക്യപ്പെടുന്നതിന്റെ ഭാഗമായി പലസ്തീനിലെ ചര്‍ച്ചുകളിലെ എല്ലാ ആഘോഷങ്ങളും റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയും ക്രിസ്തുമസ് ദിനം സന്നദ്ധ സേവനങ്ങളും പ്രാര്‍ഥനകളും മാത്രമായി പരിമിതപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്തിനടുത്തുള്ള കീഴ് വെണ്‍മണിയില്‍ എല്ലാ ക്രിസ്തുമസ് രാവുകളിലും ആഘോഷങ്ങള്‍ ഒന്നും തന്നെയുണ്ടാവാറില്ല.
ഇന്ത്യയെ സംബന്ധിച്ച് വിസ്മൃതിയിലേക്കാണ്ട് പോകാന്‍ കെല്‍പ്പ് ഉള്ള മറ്റൊരു ദാരുണ സംഭവത്തിന്റെ വാര്‍ഷികം കൂടി ആണ് ഡിസംബര്‍ 25. 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1968 ഡിസംബര്‍ 25-ന് ആണ് ഒരുപക്ഷെ സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ ദളിത് കര്‍ഷക കൂട്ടക്കൊലകളില്‍ ഒന്നിന് കീഴ്‌വെണ്‍മണി എന്ന കാര്‍ഷിക ഗ്രാമം സാക്ഷ്യം വഹിക്കുന്നത്.
തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂരിലാകെ സിപിഐഎം നേതൃത്വത്തില്‍ കര്‍ഷക തൊഴിലാളികള്‍ മാന്യമായ ജീവിതത്തിനും കൂലി കൂടുതലിനും വേണ്ടി സമര രംഗത്തിറങ്ങിയ കാലം. ജന്മി ഗോപാലകൃഷ്ണ നായിഡുവിന്റെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ച് പോലീസിന്റെ അടക്കം സഹായത്തോടെ വലിയ അക്രമങ്ങള്‍ അഴിച്ചുവിടുകയും, അതിന്റെ ഭാഗമായി ഒരു രാത്രിയില്‍ പുരുഷന്മാര്‍ സമരത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മറ്റൊരിടത്തായിരുന്ന സമയം നോക്കി അവരുടെ കോളനിയില്‍ സംഘം ചേര്‍ന്നെത്തി സ്ത്രീകളും, കുട്ടികളും, വൃദ്ധരും അടക്കം അവിടുണ്ടായിരുന്നവരെ മുഴുവന്‍ കുടിലില്‍ തന്നെ വളഞ്ഞിട്ട് പൂട്ടിയിട്ട് തീയിട്ട് ചുട്ടുകൊല്ലുകയും, അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി പുറത്ത് ചാടിയ ആളുകളെയും, രക്ഷപ്പെടുത്താന്‍ പുറത്തേക്കെറിഞ്ഞ കുഞ്ഞുങ്ങളെയും അടക്കം പിടിച്ച് വാളുകൊണ്ട് വെട്ടിയും മര്‍ദ്ദിച്ചും തിരിച്ച് തീയിലേക്ക് തന്നെ എറിയുകയും ചെയ്തു. 23 കുഞ്ഞുങ്ങളും 16 സ്ത്രീകളും അടക്കം 44 പേരെ അവര്‍ അന്ന് ചുട്ടുകൊന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് തങ്ങളുടെ അവകാശങ്ങള്‍ ഭൂജന്മിമാരോട് ചോദിച്ചതായിരുന്നു അവര്‍ ചെയ്ത കുറ്റം.
നിറയെ പാട ശേഖരങ്ങളുള്ള തഞ്ചാവൂരിലെ കാറ്റിന് നെല്ലിന്റെ മണം ആണ്, എന്നാല്‍ ഫ്യുഡല്‍ ജന്മികളും, അവരുടെ പോലീസും കീഴ്‌വെണ്മണിയില്‍ അഴിഞ്ഞാടിയ ആ ദിനത്തില്‍ രക്തത്തിന്റെയും, വെന്ത മനുഷ്യ മാംസത്തിന്റെയും ഗന്ധമായിരുന്നു. കൂലിയില്‍ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികള്‍ ഈ കൊടും ക്രൂരത നടപ്പാക്കിയതെന്നോര്‍ക്കണം! കീഴ്‌വെണ്മണിയിലെ ആ കാലത്തെ തൊഴിലാളികളെ കുറിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗമായ സഖാവ് ജി. രാമകൃഷ്ണന്‍ തന്റെ ”കീഴതഞ്ചൈ വ്യവസായികള്‍ ഇയക്കവും ദളിത് മക്കള്‍ ഉരിമൈകളും” എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ‘പുലര്‍ച്ചെ 4 മണി മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യണം. രണ്ടു നേരം പഴങ്കഞ്ഞിയും ആഴ്ചയിലൊരിക്കല്‍ തുച്ഛമായ കൂലിയുമായിരുന്നു ലഭിച്ചിരുന്നത്. അസുഖമാണെങ്കിലും ജോലി ചെയ്യണം. ഇല്ലെങ്കില്‍ ചാണകവെള്ളം കുടിപ്പിക്കലും ചാട്ടവാറടിയുമായിരുന്നു ശിക്ഷ. ജന്മിയുടെ അനുമതിയുണ്ടങ്കിലേ വിവാഹം കഴിക്കാനാവൂ. വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടിരുന്നു.’
അവിശ്വസനീയമായ ഈ നിഷ്ഠൂരതയെക്കുറിച്ച് ഏറ്റവുമധികം എഴുതിയിട്ടുള്ളവരില്‍ ഒരാളായ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും സ്ത്രീവിമോചനപോരാളിയുമായ മൈഥിലി ശിവരാമന്‍, ഈ വിഷയത്തില്‍ ശക്തവും സമഗ്രവുമായ വിശകലനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അത് കൂട്ടക്കൊലയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടുവരിക മാത്രമല്ല അതിന്റെ പിന്നിലെ വര്‍ഗ്ഗ-ജാതി പീഡനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെയും പുറത്തു കൊണ്ടുവന്നു. ‘മേല്‍ക്കൂരയില്ലാത്ത ചെറ്റപ്പുരകള്‍/ ഭിത്തികളില്ലാത്ത കുടിലുകള്‍/ മണ്ണടിഞ്ഞ് ചാരമായ കൂരകള്‍ ‘1968ലെ കൂട്ടക്കൊലയെക്കുറിച്ച് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ മൈഥിലി ശിവരാമന്‍ എഴുതിയ(മെയ് 26, 1973, വാല്യം 8, നം. 23, പുറം 926-928) പ്രസിദ്ധീകരിച്ച കീഴ്വെണ്‍ മണിയിലെ മാന്യ കൊലപാതകികള്‍(Gentlemen Killers of Kilvenmani )എന്ന ലേഖനത്തില്‍ കീഴ്‌വെണ്മണിയിലെ ആ ദിവസത്തെ വിവരിക്കുന്നുണ്ട്.
കീഴവെണ്മണി കൂട്ടക്കൊല നടക്കുമ്പോള്‍ സി.എന്‍. അണ്ണാദുരൈയായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി, കലൈഞ്ജര്‍ എം.കരുണാനിധി പൊതുമരാമത്ത് മന്ത്രിയും, എന്നാല്‍ സംഘര്‍ഷ സാധ്യത പോലീസിന് നന്നായി അറിയാമായിരുന്നിട്ടും സമരക്കാര്‍ നേരത്തെ തന്നെ അക്രമം നടക്കുമെന്ന വിവരം അറിയിച്ചിട്ടും അവിടെ പോലീസിനെ വിന്യസിക്കാനോ ദളിതര്‍ക്ക് സംരക്ഷണം നല്‍കാനോ ഭരണകൂടം തയ്യാറായില്ല. കാര്യങ്ങള്‍ സ്‌ഫോടനാത്മകമായ അവസ്ഥയിലേക്കു നീങ്ങുകയാണെന്ന് വിവരിച്ചു കൊണ്ട് കിസാന്‍ സഭയുടെ പ്രതിനിധി മുഖ്യമന്ത്രിക്ക് കത്തയച്ചു. ആ കത്തിന് എന്തു സംഭവിച്ചു എന്ന് കൃത്യമായ വിശദീകരണം ലഭ്യമല്ല. കീഴ്‌വെണ്മണി കൊലപാതകങ്ങള്‍ക്കു ശേഷമാണ് ആ കത്തു തനിക്ക് ലഭിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം.
കരുണാനിധി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംഭവസ്ഥലം സന്ദര്‍ശിച്ചുവെങ്കിലും സംസ്ഥാന ഭരണകൂടമൊട്ടാകെ ഭൂഉടമകള്‍ക്കൊപ്പമായിരുന്നു. ഡി എം കെയുടെ രാഷ്ട്രീയ ധാര്‍മികത ചോദ്യം ചെയ്ത സംഭവം കൂടി ആയിരുന്നു കീഴ്‌വെണ്മണിയില്‍ അരങ്ങേറിയത്. കൊലയാളികള്‍ക്ക് പോലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്താനായിരുന്നു മുകളില്‍ നിന്നുള്ള നിര്‍ദേശം. ബ്രാഹ്‌മണ വിരുദ്ധതയും, സാമൂഹിക പരിവര്‍ത്തനവും, സമത്വവും മുദ്രാവാക്യങ്ങളാക്കി അധികാരത്തില്‍ കയറിയ ഡി.എം.കെ ഈ സംഭവത്തില്‍ സ്വീകരിച്ച വഞ്ചനാപരമായ നിലപാട് ചരിത്രത്തിലെ ഒരു പ്രധാന ഏടാണ്. തുടക്കം മുതല്‍ തന്നെ ഈ വിഷയത്തിന്റെ പ്രാധാന്യം മന:പൂര്‍വ്വം തമസ്‌കരിക്കുകയും തമിഴ്‌നാടിന്റെ ബോധ മണ്ഡലത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പോലും തുടച്ചു നീക്കുകയും ചെയ്തു. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സിനും വേണ്ടപ്പെട്ടവരായിരുന്നു കീഴ്‌വെണ്മണിയിലെ കൊലയാളികളായ ഭൂഉടമകള്‍. ആയതിനാല്‍ കൊലയാളികള്‍ക്ക് കോണ്‍ഗ്രസ്സില്‍ നിന്നും നിര്‍ബാധം പിന്തുണ കിട്ടിയിരുന്നു.
ശക്തമായ സമരങ്ങളും, രാഷ്ട്രീയ സമ്മര്‍ദവും മൂലം മുഖ്യമന്ത്രി സി. എച് അണ്ണാദുരൈക്ക് ഒടുവില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. കേസില്‍ മുഖ്യ പ്രതി ഗോപാലകൃഷ്ണ നയിഡു അടക്കം ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ലൂപ്പ് ഹോഴ്സിന്റെ അക്ഷയപാത്രമായ കുറ്റപത്രം പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ അനുഗ്രഹമായി. കീഴ്‌ക്കോടതി നായിഡുവിനെ പത്തു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചെങ്കിലും 1975 ഇല്‍ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. കോടതിയില്‍ നിന്നും കീഴവെണ്മണി ഇരകള്‍ക്ക് നീതി ലഭിച്ചില്ല. ‘നമ്മുടെ ന്യായാധിപന്മാര്‍ മറ്റുള്ളവരെ പോലെ തന്നെ സത്യസന്ധരാണ്. മറ്റുള്ളവരെ പോലെ തന്നെ അവര്‍ക്കും പക്ഷപാതിത്വവും അധികാര അവകാശങ്ങളോടുള്ള അഭിനിവേശവുമുണ്ട്.’ അമേരിക്കന്‍ ഭരണഘടനാ ശില്പി തോമസ് ജഫേഴ്സന്റെ ഈ പ്രസ്താവന സാര്‍വ്വലൗകീകമായ ഒരു സത്യത്തെയാണ് വിളംബരം ചെയ്യുന്നത് എന്ന് കീഴവെണ്മണി മുന്‍പേ നമ്മോട് സാക്ഷ്യം പറഞ്ഞിട്ടുണ്ട്.
കോടതി വെറുതെ വിട്ടെങ്കിലും ‘karma is a boomerang’ എന്നതായിരുന്നു നായിഡുവിന്റെ ജീവിത ക്ലൈമാക്‌സ്. 1980-ല്‍, തന്റെ നെല്‍ പാടത്തു നിന്ന് തിരികെ വീട്ടിലേക്കു പോകുകയായിരുന്ന ഗോപാലകൃഷ്ണ നായിഡു വെട്ടേറ്റു മരിച്ചു. കീഴ്‌വെണ്മണി സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്ന ഒരു യുവാവും അനുയായികളുമായിരുന്നു അതിനു പിന്നില്‍ എന്ന് പിന്നീട് പോലീസ് കണ്ടെത്തി. തമിഴ്‌നാടിനെയും, ദക്ഷിണേന്ത്യയും പിടിച്ച് കുലുക്കിയ ഈ സംഭവത്തെ തുടര്‍ന്ന് നടന്ന ഉജ്ജ്വലമായ സമര-പ്രക്ഷോഭങ്ങള്‍ ആ സമീപ പ്രദേശങ്ങളിലെല്ലാം പരിമിതമായെങ്കിലും ഭൂപരിഷ്‌കരണം നടപ്പിലാക്കിക്കാന്‍ കാരണമായി എന്നത് ചരിത്രം.
നീറുന്ന, നൊമ്പരപ്പെടുത്തുന്ന, ഞെട്ടലുളവാക്കുന്ന സാമൂഹിക അനുഭവങ്ങള്‍ അരങ്ങേറുന്ന സിസ്റ്റത്തിനകത്ത് ആണ് ഏറ്റവും ശ്രദ്ധേയമായ സാഹിത്യ സൃഷ്ടികള്‍ ജനിക്കുന്നത് എന്നൊരു പോപ്പുലര്‍ ഒപ്പീനിയന്‍ ഉണ്ട്, നിര്‍ഭാഗ്യവശാല്‍ കീഴവെണ്മണി സംഭവത്തെ കുറിച്ചുള്ള സാഹിത്യ സൃഷ്ടികള്‍ താരതമ്യേന വിരളമാണ്.
കീഴ്‌വെണ്മണി സംഭവത്തെ ആസ്പദമാക്കി ഇന്ദിര പാര്‍ത്ഥസാരഥി എഴുതിയ ”കുരുതിപ്പുനല്‍”(1975) എന്ന നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയുണ്ടായി. ഈ നോവലിനെ ആസ്പദമാക്കിയാണ് ”കണ്‍ സിവന്താല്‍ മണ്‍ സിവക്കും” എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിലൂടെ ആ വര്‍ഷത്തെ നവാഗതസംവിധായകനുള്ള ദേശീയ പുരസ്‌കരം ശ്രീ ശ്രീധര്‍ രാജനു ലഭിക്കുകയുണ്ടായി. സോലൈ സുന്ദരപ്പെരുമാള്‍ എഴുതിയ ‘ചുവന്ന ധാന്യം’ എന്ന നോവല്‍ പ്രസ്തുത സംഭവത്തെ അനാവരണം ചെയ്യുന്ന നോവല്‍ ആണ്. മീനാ കന്ദസാമി എഴുതിയ ‘The Gypsy ഗോഡ്ഡിസ്’ എന്ന പുസ്തകം, പാട്ടാളി എഴുതിയ കീഴയ് തീ തുടങ്ങിയവയാണ് കീഴവെണ്മണി സംഭവം പ്രമേയമാക്കിയ മറ്റു ഗ്രന്ഥങ്ങള്‍. ധനുഷ്-വെട്രിമാരന്‍ ടീമിന്റെ അസുരന്‍ എന്ന ചിത്രത്തിലും ഈ വിഷയം പ്രതിപാദിക്കുന്നത് കാണാം.
‘ഇന്ത ഒരു പടി നെല്ലുക്കാകതാന്‍ 44 പേര്‍ ഉയിര്‍ ഇഴന്താര്‍… എപ്പടി മറക്കമുടിയും…’ എന്നാണ് നെല്ലുമായി കീഴ്‌വെണ്മണിയില്‍ അനുസ്മരണത്തിനു പോകുന്നവരോട് അവിടത്തെ മനുഷ്യര്‍ ഇപ്പോഴും ചോദിക്കുന്നത്. ഇന്ത്യ മഹാരാജ്യത്ത് ഇപ്പോഴും കര്‍ഷകരും, ദളിതരും അടിച്ചമര്‍ത്തപ്പെടുന്നുണ്ട്, അനീതി നടമാടുന്നുണ്ട്, പോരാട്ടങ്ങള്‍ തുടരുന്നുമുണ്ട്. കീഴവെണ്മണി അതുകൊണ്ട് തന്നെ ചരിത്രമല്ല, വര്‍ത്തമാനകാലം തന്നെ ആണ്.