November 03, 2024 |

കട പരിധിക്കേസ്; കേരളം വീണ്ടും വഴി കാട്ടുന്നു

കേരളത്തിന്റെ കേസ് എന്താണ്

സംസ്ഥാനങ്ങളുടെ കടപരിധി തോന്നിയ പോലെ കുറയ്ക്കാന്‍ യൂണിയന്‍ സര്‍ക്കാരിന് അധികാരമില്ല എന്ന കേരളത്തിന്റെ അസ്സല്‍ കേസ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടുകൊണ്ട് കോടതി തീര്‍പ്പു കല്‍പ്പിച്ചു. ഇതാണ് സുപ്രിം കോടതി വിധിയുടെ കാതല്‍. അതേ സമയം കേരളം ആവശ്യപ്പെട്ട ഇടക്കാല അധിക വായ്പ്പ ആവശ്യം കോടതി സ്വീകരിച്ചില്ല. അതിനുള്ള കാരണങ്ങള്‍ കോടതി വിശദമായി പറഞ്ഞിട്ടുണ്ട്. ഇടക്കാല ആവശ്യത്തെ കോടതി പാടേ നിരാകരിക്കുകയായിരുന്നില്ല. മറിച്ച്, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് തടഞ്ഞു വച്ചിരുന്ന 13608 കോടി രൂപ യൂണിയന്‍ സര്‍ക്കാര്‍ 2023-2024 സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കാന്‍ നിര്‍ബന്ധിതമായി. അത് സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറുന്നതിനു സഹായകരമായിട്ടുണ്ട് എന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ആവശ്യം നിരാകരിച്ചത്. ഇടക്കാല ആവശ്യം സംബന്ധിച്ച യൂണിയന്‍ സര്‍ക്കാര്‍ വാദങ്ങള്‍ സ്വീകരിക്കുകയല്ല കോടതി ചെയ്യുന്നത്, അവരുടെ വാദങ്ങളിലെ മൗലിക വിഷയങ്ങള്‍ കൂടി ഭരണഘടന ബഞ്ചിനു വിടുകയാണ് ചെയ്തത്.

ഇപ്പോഴത്തെ കോടതി വിധിയുടെ വിശദാംശങ്ങളിലേക്കു വരും മുന്‍പ് കേരളത്തിന്റെ കേസ് എന്തെന്നത് ലഘുവായി നോക്കാം.

കേരളത്തിന്റെ കേസ്

സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആര്‍ട്ടിക്കിള്‍ 131 പ്രകാരം കേസ് ഫയല്‍ ചെയ്തത്. ഗൗരവമുള്ള ഭരണഘടന ചോദ്യങ്ങളാണ് കേരളം ഉന്നയിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഫെഡറല്‍ ധനസ്വാതന്ത്ര്യത്തിനു വേണ്ടി ഇത്തരമൊരു കേസ് സുപ്രിം കോടതിയില്‍ വരുന്നത്. കേസിന്റെ
ചുരുക്കമിതാണ്.

a) ആര്‍ട്ടിക്കിള്‍ 202 പ്രകാരം ബജറ്റ് രൂപപ്പെടുത്താനുള്ള സമ്പൂര്‍ണ്ണ അധികാരം സംസ്ഥാനത്തിനുണ്ട്. സംസ്ഥാനം അവരുടെ ജനഹിതം അനുസരിച്ച് രൂപപ്പെടുത്തുന്ന നയങ്ങള്‍ക്ക് അനുസൃതമായിട്ടാണ് ബജറ്റ് ഉണ്ടാക്കുന്നത്. ആ ബജറ്റിലെ ധനക്കമ്മി (വായ്പാ വരുമാനം) എത്രയാണ് എന്നു നിര്‍ണയിക്കാനുള്ള സമ്പൂര്‍ണ അധികാരം സംസ്ഥാന നിയമ സഭയ്ക്കാണ്. അതില്‍ കൈകടത്താന്‍ ഭരണഘടനാപരമായി കേന്ദ്ര സര്‍ക്കാരിന് അധികാരമില്ല.

b) ഭരണഘടനയുടെ ഏഴാം പട്ടിക പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമ സഭകളുടേയും നിയമ നിര്‍മാണ അധികാര മേഖലകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ സംസ്ഥാന ലിസ്റ്റിലെ ഇനം 43 ലാണ് സംസ്ഥാനത്തിന്റെ പൊതുകടം (Public Debt of the state) കിടക്കുന്നത്. അതേ സമയം യൂണിയന്‍ ലിസ്റ്റില്‍ ഇനം 35 ആണ് യൂണിയന്‍ സര്‍ക്കാരിന്റെ പൊതുകടം (Public Debt of the Union) കിടക്കുന്നത്. എന്താണിതിനര്‍ത്ഥം? സംസ്ഥാനത്തിന്റെ കടം സംബന്ധിച്ച് നിയമം നിര്‍മിക്കാന്‍ സംസ്ഥാന നിയമസഭയുടെ അധികാരം സമ്പൂര്‍ണമാണ്. അതു പ്രകാരം കേരളം ധനക്കമ്മി നിശ്ചയിച്ചിട്ടുണ്ട്. അതിനു മുകളില്‍ യൂണിയന്‍ സര്‍ക്കാരിനു ഒരധികാരവുമില്ല. കാരണം,യൂണിയന്‍ ലിസ്റ്റിലെ ഇനം 35 യൂണിയന്‍ ഗവണ്‍മെന്റിന്റെ കടത്തെ കുറിച്ചു മാത്രമാണ് പറയുന്നത്. ഇവ രണ്ടും സ്വതന്ത്രമായ രണ്ടു നിയമ നിര്‍മാണ അധികാരങ്ങളാണ്. അതിനാല്‍ കേരളത്തിനു മേല്‍ ആര്‍ട്ടിക്കിള്‍ 293 വലിച്ചു നീട്ടി ഉപയോഗിക്കുന്നത് അമിതാധികാര പ്രയോഗമാണ്.

C) ഈ കട പരിധി നിശ്ചയിക്കാന്‍ തങ്ങളുടെ ട്രഷറി നിക്ഷേപങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ (കിഫ്ബി അടക്കം) എടുക്കുന്ന വായ്പയേയും എല്ലാം മുന്‍കാല പ്രാബല്യത്തോടെ ഉപയോഗിക്കുകയാണ്. ഇതു ഭരണഘടനയുടെ വിവിധ ആര്‍ട്ടിക്കിളുകള്‍ സംസ്ഥാനത്തിനു നല്‍കുന്ന ഫെഡറല്‍ അധികാരത്തിനു മേലുള്ള കടന്നാക്രമണമാണ്.

കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍പെടുത്തി വായ്പ വെട്ടിക്കുറയ്ക്കുന്നത് നിയമസഭ രൂപപ്പെടുത്തിയ ബജറ്റ് വിഭാവനം ചെയ്യുന്ന ചെലവു ചെയ്യലിനെ തടയുകയാണ്. ഇതു ഭരണഘടന വിരുദ്ധമാണ്. ഈ സമീപനം മൂലം ഇപ്പോള്‍ വന്നിരിക്കുന്ന പ്രയാസം പരിഹരിക്കുന്നതിന് ഇടക്കാല വിധിയിലൂടെ അധിക വായ്പയും തടഞ്ഞു വച്ചിരിക്കുന്ന വായ്പയും അനുവദിക്കണം. ഇതായിരുന്നു ഇടക്കാല ആവശ്യം. തടഞ്ഞു വച്ച വായ്പ സംബന്ധിച്ച് സംസ്ഥാനം മുഖ്യമന്ത്രി തലത്തില്‍ കൊടുത്ത നിവേദനം പോലും കണ്ടില്ലെന്നു നടിച്ച യൂണിയന്‍ സര്‍ക്കാര്‍ കോടതി നിര്‍ദ്ദേശ പ്രകാരം ചര്‍ച്ചയ്ക്ക് തയ്യാറായി. അപ്പോഴും കേസ് പിന്‍വലിച്ചാല്‍ തടഞ്ഞു വച്ച വായ്പ അനുവദിക്കാം എന്ന കേട്ടുകേള്‍വിയില്ലാത്ത നിലപാട് സ്വീകരിച്ചു. കോടതി നിശിതമായ നിലപാടെടുത്തപ്പോള്‍ 13608 കോടി രൂപ അനുവദിക്കേണ്ടി വന്നു. ഇതാണ് കഥ.

കേന്ദ്രം ചെക്ക് പറഞ്ഞ കേസ് ഭരണഘടന ബഞ്ചിന്

കാശു വേണോ കേസ് പിന്‍വലിക്കണമെന്നതായിരുന്നല്ലോ യൂണിയന്‍ സര്‍ക്കാര്‍ നിലപാട്. കേന്ദ്രം ചെക്ക് പറഞ്ഞ കേസ്. അതാണ് സുപ്രിം കോടതി അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടത്. എന്തുകൊണ്ടാണ് ഭരണഘടന ബഞ്ചിനു വിട്ടത്? എന്തൊക്കെയാണ് ഭരണഘടന ബഞ്ചിനു വിട്ടത്?
സുപ്രിം കോടതി കട പരിധി കേസില്‍ ഇടക്കാല ആവശ്യം നിരാകരിച്ചതോടെ മനോരാദി മാപ്രകള്‍ വലിയ തള്ളാണ്. ഒരു സുപ്രിം കോടതി വിധിയുടെ മെരിറ്റില്‍ മനസിലാക്കാന്‍ കഴിവില്ലാത്ത, അഥവ മനസിലാക്കിയാലും ഠാക്കൂര്‍ ഊട്ടിയ അന്നത്തിനൊത്തു മെഴുകുന്ന ഈ കക്ഷികളെ എന്തു പറയാനാണ്?

മോദി ചെക്ക് പറഞ്ഞ കേസാണ് കോടതി അഞ്ചംഗ ഭരണഘടന ബഞ്ചിനു വിട്ടത്. നിങ്ങള്‍ക്കു കിട്ടാനുള്ള 13608 കോടി രൂപ തരണമെങ്കില്‍ പിന്‍വലിച്ചേച്ചു വാ എന്നു പറഞ്ഞ കേസ്. അന്നു കോടതി ചെവിക്കു പിടിച്ചപ്പോഴാണ് 13806 കോടി രൂപ അനുവദിച്ചത്. ഇപ്പോള്‍ ദാ കേസിലെ മൗലികമായ പ്രശ്‌നങ്ങള്‍ ഭരണഘടന ബഞ്ച് പരിശോധിക്കട്ടെ എന്നു പറഞ്ഞു ബെഞ്ച് രൂപീകരിക്കാന്‍ പോകുന്നു. മനോരമയ്ക്ക് പക്ഷെ മനസിലാകില്ല. കേരള വിരുദ്ധതയാണ് മുഖമുദ്ര.

കേരളം ചോദിച്ച അധിക വായ്പ അനുവദിക്കാനുള്ള ഫിസ്‌കല്‍ സ്‌പെയ്‌സ് ഇല്ല എന്നതായിരുന്നു ബിജെപി സര്‍ക്കാര്‍ വാദം. അപ്പോള്‍ കേരളം പറഞ്ഞു പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കടപരിധി പ്രകാരം ശുപാര്‍ശ ചെയ്തതിനേക്കാള്‍ കുറച്ചു മാത്രമേ സംസ്ഥാനം എടുത്തിട്ടുള്ളു. അതുകൊണ്ട് അവരുടെ ശുപാര്‍ശ പ്രകാരം തന്നെ ധനകാര്യ കമ്മീഷന്‍ കാലയളവില്‍ ഈ കുറവ് ക്രമീകരിച്ച് അത് നികത്താന്‍ പാകത്തില്‍ വായ്പ അനുവദിക്കാം. ഇതു ചൂണ്ടിക്കാട്ടി നാം ഫിസ്‌കല്‍ സ്‌പെയ്‌സ് ഉണ്ടെന്നു വാദിച്ചു. അതിന് മോദി സര്‍ക്കാരിന്റെ മറുപടി വിചിത്രമായിരുന്നു. തലേ ധനകാര്യ കമ്മീഷന്റെ കാലത്ത് കേരളം അവര്‍ നിര്‍ണയിച്ച റോഡ് മാപ്പിനെ അധികരിച്ച് വായ്പ എടുത്തു. അത് മുന്‍കാല പ്രാബല്യത്തോടെ അഡ്ജസ്റ്റ് ചെയ്താല്‍ ഇവര്‍ക്ക് ഫിസ്‌കല്‍ സ്‌പെയ്‌സ് ഇല്ല. ഇതായിരുന്നു വാദം. ഓരോ ധനക്കമ്മീഷനും അതിന്റെ കാലാവധിയില്‍ ഇല്ലാതാകുന്ന ഒരു എന്റ്റ്റി മാത്രമാണ്. അത് മുന്‍കാല പ്രാബല്യത്തില്‍ ബാധകമാക്കാമോ എന്ന ഒരു പ്രശ്‌നം. രണ്ടാമത്, പ്രളയത്തിന്റേയും കോവിഡിന്റേയും കെടുതിയില്‍ അനുവദിക്കപ്പെട്ട അധിക വായ്പയാണ് കേരളം എടുത്തത്. അവിടെ നിന്നിങ്ങോട്ട് അതു
കണ്‍സോളിഡേറ്റ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവരുടെ വാദം(പതിന്നാലാം ധനക്കമ്മീഷന്‍ കാലത്തെ വായ്പ ക്രമീകരിക്കുക എന്ന വാദം) സാധുവാണോ? കോടതി എന്താണ് പറഞ്ഞത്? അതു ഭരണ ഘടനാ ബഞ്ച് പരിശോധിക്കും എന്നതാണ്.

ഇടക്കാല വിധി

ഒരു കാര്യം ചെയ്യരുതെന്നു കോടതി ഇടക്കാല വിധി പറയുന്നത് പ്രൊഹിബിറ്ററി ഇന്‍ജക്ഷന്‍ ആണ്. ഒരു കാര്യം ചെയ്യണം എന്നു പറയുന്ന് മാന്‍ഡേറ്ററി ഇന്‍ജക്ഷന്‍ ആണ്. കെട്ടിടം പൊളിക്കരുത് എന്നു പറയുന്നതും പൊളിക്കണം എന്നു പറയുന്നതും തമ്മിലുള്ള വ്യത്യാസം. താല്‍ക്കാലിക വിധിയില്‍ പൊളിക്കാന്‍ പറഞ്ഞു. അവസാന വിധിയില്‍ അതു പൊളിക്കേണ്ടതായിരുന്നില്ല എന്നു കണ്ടെത്തിയാല്‍ പിന്നെ അതു തിരുത്താനാകുമോ? അപ്പോള്‍ മാന്‍ഡേറ്ററി ഇന്‍ജക്ഷനുകള്‍ കൂടുതല്‍ കര്‍ക്കശമായ പരിശോധനയ്ക്കു വിധേയമാണ്. ഇവിടെ കേരളം ആവശ്യപ്പെട്ട ഇടക്കാല വിധി ഒരു മാന്‍ഡേറ്ററി ഇന്‍ജക്ഷന്‍ ആണ്. ഇത്രയും അധിക വായ്പ വേണം. അതു കൊടുത്തു കഴിഞ്ഞ് അന്തിമ
വിധിയില്‍ കേരളത്തിന് അതിനര്‍ഹതയില്ല എന്നു കണ്ടെത്തിയാല്‍ അതുണ്ടാക്കാനിടയുള്ള പ്രയാസം മാത്രമാണ് കോടതി ഇവിടെ പരിഗണിക്കുന്നത്. 13608 കോടി രൂപ തടഞ്ഞു വെച്ചത് കോടതി ഇടപെടല്‍ കൊണ്ട് കിട്ടി എന്നതും കോടതി എടുത്തു പറഞ്ഞു. ഇതാണ് ഇടക്കാല ആവശ്യം നിരാകരിച്ചതിന്റെ സാങ്കേതികത്വം.

തുറന്നു കിട്ടുന്ന വഴി

ട്രഷറി നിക്ഷേപങ്ങളും കിഫ്ബിയുടേയും മറ്റും വായ്പയും കടപരിധിയില്‍ നിന്നും കുറയ്ക്കുന്നത് ഈ ഭരണഘടന തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ വിലക്കണം എന്ന ആവശ്യം പ്രോഹിബിറ്ററി ഇന്‍ജക്ഷന്‍ ആണ്. മൗലികമായ ഭരണഘടന പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കോടതി അംഗീകരിക്കുകയും അത് ഭരണഘടന ബഞ്ചിന് വിടുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിന് ഒരു പ്രൊഹിബിറ്ററി ഇന്‍ജക്ഷനുള്ള സാധ്യത തുറക്കുകയാണ് വാസ്തവത്തില്‍ സുപ്രിം കോടതി വിധി ചെയ്തിരിക്കുന്നത്. ഫെഡറല്‍ ധന അവകാശങ്ങള്‍ക്കു വേണ്ടിയുള്ള മുന്നണി പോരാളിയാകുകയാണ് കേരളം.

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

Advertisement