July 13, 2025 |
ഐസിബി
ഐസിബി
Share on

അപ്പോള്‍ പിന്നെ കാണാം (സുന്ദര സുരഭില സാംസ്‌കാരിക) കേരളമേ…

വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജില്‍ കൂടെ പഠിച്ച ഒരു സഹപാഠിയെ കണ്ടു മുട്ടി. ‘നീ വലിയ ഫെമിനിസം പ്രസംഗിച്ചു നടന്നിട്ട് അവസാനം പ്രസവിച്ചു അല്ലേ?’

ആറു മാസമായ ഗര്‍ഭവുമായി ഷാങ്ങ്ഹായ് എയര്‍പോര്‍ട്ടില്‍ യാത്ര പറയാന്‍ ഇരിക്കുമ്പോള്‍, ഇനിയൊരു ആറു മാസം കൂടി കഴിഞ്ഞേ കാണൂ എന്നറിയാവുന്ന ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് യാത്ര പറയുമ്പോള്‍ നാട് എന്ന മനോഹരമനോജ്ഞ ഹരിത സൌന്ദര്യ തണുപ്പായിരുന്നു മനസ്സ് നിറയെ. നല്ല തണുത്ത പച്ചപ്പുള്ള വായു കൊണ്ട് ശ്വാസകോശം നിറയ്ക്കണം, കുടംപുളിയിട്ട മീനും ഉപ്പിലിട്ട നെല്ലിക്കയും മട്ടയരി ചോറും കൊണ്ട് വയറു നിറയ്ക്കണം, നാട്ടുകാരുടെയും വീട്ടുകാരുടെയും സ്‌നേഹം കൊണ്ട് മനസ്സ് നിറയ്ക്കണം. അത്രേയുള്ളൂ.

എട്ടു മാസങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും തിരിച്ചു പോകാന്‍ തയ്യാറെടുക്കുകയാണ്. ഈ എട്ടു മാസങ്ങള്‍ ഞാന്‍ കടന്നുപോയ, എനിക്കുണ്ടായ എട്ട് അനുഭവങ്ങളാണ് താഴെ. ഈ അനുഭവങ്ങള്‍ക്ക് ഞാന്‍ എന്റെ വക വിശദീകരണമോ, അഭിപ്രായമോ നല്‍കിയിട്ടില്ല. അനുഭവങ്ങള്‍ അത് പോലെ പങ്കു വെക്കുന്നു.

1. എന്റെ എട്ടാം മാസത്തില്‍ വലിയ ഒരു വയറും അതിനൊത്ത സ്പീഡിലുള്ള നടത്തവുമായി ഞാന്‍ ഒരു വൈകുന്നേരം നടക്കുകയാണ്. തിരക്കുള്ള വഴിയാണ്, സമയമാണ്. ഞാന്‍ എന്റേതായ സാവകാശത്തില്‍ നടന്നു പോകുമ്പോള്‍ എന്റെ എതിരെ വന്ന ഒരു മധ്യവയസ്‌കന്‍ എന്റെ വയറിലെക്കും തട്ടം കൊണ്ട് ഞാന്‍ മാടി പുതച്ചിരിക്കുന്ന എന്റെ മാറിലേക്കും നോക്കി വളരെ അസഭ്യമായ ഒരു കമന്റ് അടിച്ചു. ആ പറഞ്ഞതിന്റെ നിലവാരവും അയാളുടെ നോട്ടവും ചേഷ്ടയും എന്നെ സ്തബ്ദയാക്കി കളഞ്ഞു, എനിക്ക് കുറച്ച് നേരത്തേക്ക് അനങ്ങാന്‍ പോലും സാധിച്ചില്ല. അയാളാവട്ടെ ‘ഇന്ന് മത്തിക്ക് കിലോ 40 രൂപയാണ്’ എന്ന് വീട്ടില്‍ പറഞ്ഞ ലാഘവത്തോടെ നടന്നു മറഞ്ഞു.

2. വേദന വന്നു കോഴിക്കോട്ടെ പ്രശസ്തമായ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പ്രീ പ്രെഗ്‌നനന്‍സി വാര്‍ഡില്‍ വേദനയുടെയും പേടിയുടെയും മാനസിക പിരിമുറുക്കത്തിന്റെയും വ്യത്യസ്ത തലങ്ങളില്‍ ഉള്ള പത്തിരുപത് സ്ത്രീകള്‍, അതിലൊന്ന് ഞാനും. ചെക്കപ്പിനായി ഓരോരുത്തരെയും തയ്യാറാക്കാന്‍ സഹായിക്കുന്ന ഒരു സ്ത്രീ വന്നു പറയുന്നു ‘പാന്‍റ്സ് ഊരി കേറി കിടന്നോ, ഡോക്ടര്‍ ഇപ്പോള്‍ വരും’ സ്വകാര്യതക്ക് വേണ്ടി ഞാന്‍ ചുറ്റും നോക്കി ‘കര്‍ട്ടന്‍ ഒന്ന് വലിക്കാമോ?’ കുറച്ചു നേരം എന്നെ തറപ്പിച്ചു നോക്കിയിട്ട് അവര് ചോദിച്ചു; ‘എല്ലാര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നിനക്കും ഉള്ളൂ? അതോ സ്‌പെഷല്‍ വല്ലതും ഉണ്ടോ?’

3. പ്രസവം എന്ന യുദ്ധം കഴിഞ്ഞു കിടക്കുന്ന എന്നെ കാണാന്‍ വരുന്ന ആരും, എന്റെ ഭര്‍ത്താവ് പോലും എന്നെ കെട്ടി പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്തില്ല. സമൂഹം നോക്കി നില്‍ക്കുന്നത് കൊണ്ട് ഒരു ബിസിനസ് ഡീല്‍ വിജയശ്രീലളിതയായി പൂര്‍ത്തിയാക്കി വന്ന ഉദ്യോഗസ്ഥന് നല്കി പോരുന്ന ഒരു ഷെയ്ക്ക് ഹാന്‍ഡ് എനിക്കും കിട്ടി. സ്‌നേഹം ആഗ്രഹിക്കുന്ന രീതിയില്‍ പങ്കു വെക്കാന്‍ പേടിച്ചു പേടിച്ച് ആ മുറിയില്‍ ഞങ്ങളിരുന്നു.

4. ഈ കുഞ്ഞു നിങ്ങളുടേത് ആന്നോ? കുഞ്ഞ് ജനിച്ചു ഞാന്‍ ആദ്യം കേട്ട വാര്‍ത്ത ‘നല്ല നിറമുള്ള കുഞ്ഞ്’ എന്നായിരുന്നു. കാണാന്‍ വരുന്നവരും, വിളിച്ചന്വേഷിക്കുന്നവര്‍ക്കും ആദ്യം അറിയേണ്ട കാര്യം ‘കുട്ടിക്ക് നിറമുണ്ടോ?’ കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിനില്‍ ഞാനും എന്റെ കുഞ്ഞും. എന്റെ കൂടെ ഇരുന്ന ഒരു സ്ത്രീക്ക് അറിയേണ്ടത് ‘കുഞ്ഞ് നിങ്ങടെയാണോ?’ ‘ശരിക്കും?’ ‘കൊച്ചിന്റെ അപ്പന്‍ വെളുത്താരിക്കും അല്ലെ?’ കുഞ്ഞ് എന്റെയോ എന്റെ ഭര്‍ത്താവിന്റെയോ നിറം ആയിരുന്നെങ്കില്‍ സഹതാപം നേരിടേണ്ടി വരുമായിരുന്നു എന്ന് വ്യക്തം.

5. വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജില്‍ കൂടെ പഠിച്ച ഒരു സഹപാഠിയെ കണ്ടു മുട്ടി. ‘നീ വലിയ ഫെമിനിസം പ്രസംഗിച്ചു നടന്നിട്ട് അവസാനം പ്രസവിച്ചു അല്ലേ?’

6. ഒരു സദസ്സില്‍ കേട്ടത്: ‘അവനു ദൈവത്തിലും മതത്തിലും ഒന്നും വിശ്വാസമില്ല. ഒരു പെണ്ണ് കെട്ടിയാല്‍ എല്ലാം ശരിയാകും. അതൊക്കെ ആണ്‍കുട്ടികളുടെ ഒരു പ്രായത്തിന്റെയാ (പ്രണയം, കള്ള് കുടി, കഞ്ചാവ്, പിടിച്ചുപറി, താന്തോന്നിത്തരം എന്നിങ്ങനെ എല്ലാത്തിനും ബാധകം) മറ്റൊരു അവസരത്തില്‍ കേട്ടത്: അവള് തലയില്‍ ഇടാതെയും പള്ളീല് വരാതെയും നടന്നാല്‍ എങ്ങനെയാ ഒരു നല്ല വീട്ടിന്നും ആലോചന വരിക? ഒരാള് പെണ്ണ് ചോദിക്കൂല! പെണ്‍കുട്ട്യോള് ഇങ്ങനെയായാല്‍ എന്താ ചെയ്യാ?

7. അടുത്ത വീട്ടിലുള്ള സംസ്‌കാര സമ്പന്നരായ ദമ്പതികള്‍; ഭര്‍ത്താവ് ഗള്‍ഫിലുള്ള മറ്റൊരു അയല്‍വാസിയുടെ വീട്ടില്‍ എന്താണ് ഇത്രയധികം പുരുഷന്മാര് വിരുന്നു വരുന്നത് എന്ന് മറ്റുള്ള എല്ലാ അയല്‍ക്കാരോടും സംശയം ചോദിച്ചു. ഞാന്‍ ‘ഏതോ ജാതിയിലെ ഒരുത്തനെയാണ്’ കല്യാണം കഴിച്ചതെന്നും എട്ടു മാസം ആയിട്ടും എന്നെയെന്താ ‘ആ ജാതി മാനുഷന്‍’ തിരിച്ചു കൊണ്ട് പോകാത്തതെന്നും ജാതിക്കാരന് എത്ര ശമ്പളം ഉണ്ടെന്നും വ്യസനിച്ചു കൊണ്ട് ഞങ്ങളുടെ ജോലിക്കാരിയോട് അന്വേഷിച്ചു.

8. ചുംബന സമരത്തെ അനുകൂലിച്ചു കൊണ്ട് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് എന്റെ ലിസ്റ്റില്‍ പോലും ഇല്ലാത്ത ഒരു ‘അഭ്യുദയകാംക്ഷി’ മെസ്സേജിലൂടെ നിര്‍ത്താതെ സൗജന്യ ഉപദേശം നല്‍കിക്കൊണ്ടിരുന്നു; ‘നമ്മള്‍ ആണുങ്ങള്‍ക്ക് നഷ്ടപെടാന്‍ ഒന്നുമില്ല. കലപ്പ കൊണ്ട് നടക്കുന്ന കര്‍ഷകന് കൃഷിഭൂമി ഏതായാലും അവന്‍ കൃഷി ചെയ്യും. അങ്ങനെയാണ് പെണ്ണിനെ ഒരു ആണ് നോക്കി കാണുന്നത്. അവള്‍ ഐ.എ.എസ്/ഐ.പി.എസ്/എഞ്ചിനീയര്‍ / സയന്‍റിസ്റ്റ് ആരുമാവട്ടെ. സെക്‌സ് കൊടുത്തില്ലെങ്കില്‍ ഒരു പെണ്ണിനേയും ഒരാണും തിരിഞ്ഞു നോക്കില്ല. നിന്‍റെ പോസ്റ്റ് ലൈക് ചെയ്തവരുടെ ഉള്ളിന്റെ ഉള്ളില്‍ ഇതെല്ലാം ഉണ്ട്. ഒരു ശതമാനം വ്യത്യസ്തര്‍ ആയിരിക്കാം. ഒരാണിനെ സംബന്ധിച്ച് ബെഡ് റൂമില്‍ ഒത്തു കിട്ടിയാല്‍ കൃഷി ചെയ്യാവുന്ന ഒന്നാന്തരം കൃഷി ഭൂമി മാത്രമാണ് പെണ്ണ്. തുറന്നു പറഞ്ഞാല്‍ പെണ്ണിന്റെ ജെട്ടി ഊരി മുഖത്തിട്ടാല്‍ അവളുടെ മുഖത്തെ വിരൂപത മാറി അവള്‍ നല്ല ഒന്നാന്തരം കൃഷിഭൂമിയായി…’

ഹാ സുന്ദര സുരഭില സാംസ്‌കാരിക കേരളമേ….അപ്പോള്‍ കാണാം.

 

ഐസിബി

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Me:Add me on Facebook

5 responses to “അപ്പോള്‍ പിന്നെ കാണാം (സുന്ദര സുരഭില സാംസ്‌കാരിക) കേരളമേ…”

  1. Avatar achuthan v r says:

    മനസ്സു തുറന്ന നല്ല ഒരു ലേഖനം. ഇവിടുത്തെ, സദാചാര ദുര്‍മ്മേദസ്സുകളെ നിങ്ങളൊക്കെ പകല്‍ മാന്യന്മാര്‍ ആണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്!
    കൂടുതലൊന്നും പറയുന്നില്ല…

  2. Niyathi Niyathi says:

    ഓപറേഷൻ കഴിഞ്ഞു കിടന്നപ്പോൾ അച്ചൻ അമ്മയോട് അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ട്, എല്ലാവരും ഒന്ന് പുറത്ത് നില്ക്കാൻ അഭ്യർധിച്ചിട്ടു കതകടച്ചു കുറ്റിയിടാൻ അമ്മയോട് പറഞ്ഞു… പിന്നെ കരഞ്ഞു കൊണ്ട് അമ്മയോട് പറഞ്ഞത്രേ “നീ എന്നെ ഒന്ന് കെട്ടി പിടിക്കുമോ??എനിക്ക് ആകെ പേടിയാവുന്നു” എന്ന്…ആശുപത്രിയിൽ പോലും നിഷിദ്ധമാണ് പരസ്യമായുള്ള സ്നേഹപ്രകടനം..
    അതുപോലെ, ഈ ലേഖനത്തിൽ പറഞ്ഞിട്ടുള്ളതിൽ 75% കാര്യങ്ങളും ഞാനും അനുഭവിച്ചിട്ടുണ്ട്..ഒരുപക്ഷെ, ഇതൊരു ശരാശരി മലയാളി പെണ്‍കുട്ടിയുടെ ജീവിതത്തിൽ സ്ഥിരമെന്നോണം അനുഭവിക്കുന്ന കാര്യങ്ങൾ ആകാം..
    As usual എഴുത്ത് ഉഷാറായിട്ടുണ്ട്..

  3. Avatar Navas Tvpm says:

    ഹും … ഇതാണ് കേരളമെന്നു കുറിച്ച് മടങ്ങുന്നില്ല …

    എല്ലാതരം മനുഷ്യരും ഉണ്ട് …നല്ലതിനെ കാണാം …നല്ലത് തിരഞ്ഞെടുക്കാം ..

    …വായനയി സത്യം നിഴലായല്ല .. രൂപമായി തന്നെ കാണുന്നു …

    സമൂഹമെ നിന്നെ പഠിപ്പിക്കാൻ കാലത്തിനും കഴിയില്ലേ …?

    നല്ല എഴുത്ത് …. തിരിച്ചറിവ് …

  4. Avatar Sumod K says:

    Why don’t you name the hospital?

  5. Avatar sreya says:

    well said!!! It is a pity that our people cannot even recognise male chavinism once they see it. Feminism is often misinterpreted. Cant help remembering my numerous classmates and relatives who have openly told me that females face no problems in kerala. These things have unfortunately become a part of our daily life.

Leave a Reply

Your email address will not be published. Required fields are marked *

×