UPDATES

ഓഫ് ബീറ്റ്

രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക നായകന്മാരാകുമ്പോള്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-127

                       

ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ സമൂഹത്തില്‍ വലിയ വിലയുള്ള വ്യക്തിയല്ല എന്നുള്ള ധാരണ വന്നതുകൊണ്ടാണോ എന്നറിയില്ല ഇപ്പോള്‍ എല്ലാ നേതാക്കളും സാംസ്‌കാരിക നായകരാകുവാന്‍ കൂടി ശ്രമിക്കുന്നതായി കാണാം. രാഷ്ട്രീയത്തിലെ പ്രമുഖര്‍ എല്ലാം തന്നെ വിശേഷിച്ച് കേരള രാഷ്ട്രീയത്തിലെ നേതാക്കള്‍ ആത്മകഥയേ,ാ ഓര്‍മക്കുറിപ്പുകളോ, കഥകളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിഷയത്തിലോ ഒരു പുസ്തകം എഴുതുന്ന തിരക്കിലാണ്. ചില നേതാക്കള്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ചിലര്‍ നാടകങ്ങളില്‍ വേഷമിടുന്നു. ഒരു സാംസ്‌കാരിക നായകനായാല്‍ സമൂഹത്തില്‍ കൂടുതല്‍ വില കിട്ടും എന്നുള്ള ധാരണ കൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരത്തിലുള്ള ഒരു പ്രവണത കേരളത്തില്‍ വ്യാപകമായത് എന്നാണ് പറയപ്പെടുന്നത്.

ഞാന്‍ ഞാന്‍ ഞാനാണ് താരം

സമൂഹത്തിലും, മാധ്യമങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന വാക്കുകളിലൊന്നാണ് സാംസ്‌കാരിക നായകര്‍ എന്നത്. ഇതിന്റെ ഏകവചനമാണ് സാംസ്‌കാരിക നായകന്‍ എന്നത്. എങ്കിലും ബഹുവചനമായ സാംസ്‌കാരിക നായകര്‍ക്കാണ് ഏറെ പ്രചാരം. ഈ ഗണത്തിലെത്താനാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ശ്രമം എന്ന് കാണാം. സാഹിത്യം, സിനിമ, നാടകം, സംഗീതം, സാമൂഹ്യം, ചിത്രകല, സാമ്പത്തിക-രാഷ്ട്രീയ വിശകലനം തുടങ്ങിയ പല മേഖലകളിലെ നായകര്‍ ചേര്‍ന്നാണ് സാംസ്‌കാരിക നായകര്‍ എന്ന് അറിയപ്പെടുന്നത്. പൊതുസമൂഹം ഏറെ ബഹുമാനിക്കുന്നവരാണ് സാംസ്‌കാരിക നായകര്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം നാടിനെയും നാട്ടുകാരെയും ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളിലും പ്രമാദമാകുന്ന സംഭവങ്ങളിലും ഇവര്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യും. അതുവഴി ഭരണകൂടത്തിന്റെ ശ്രദ്ധ ആ വിഷയങ്ങളില്‍ പതിയുകയും ചെയ്യും. സാംസ്‌കാരിക നായകര്‍ നാടിന്റെ പൊതു സ്വത്താണ് എന്നാണ് സങ്കല്‍പ്പം. മതം, ജാതി, വര്‍ഗം, കക്ഷിരാഷ്ട്രീയം എന്നിവയ്‌ക്കെല്ലാം അതീതമായി അവര്‍ നാടിന്റെയും നാട്ടുകാരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ സാംസ്‌കാരിക നേതാക്കള്‍ കൂടി ആകുവാന്‍ ശ്രമിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഇ കെ നായനാര്‍ മുഖ്യമന്ത്രിയും വി എസ് അച്യുതാനന്ദന്‍ പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലത്ത് കാര്‍ട്ടൂണിസ്റ്റ് കെ ഉണ്ണികൃഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. ഒരു ഓണക്കാലത്ത് ആയിരിക്കും ഈ കാര്‍ട്ടൂണ്‍ വന്നിട്ടുണ്ടാവുക. മഹാബലി തമ്പുരാനും കാര്‍ട്ടൂണില്‍ കഥാപാത്രമാണ്. ഓലക്കുടയും ചൂടി ആഭരണ വിഭൂഷിതനായി മഹാബലി തമ്പുരാന്‍ നടന്നുപോകുന്നു. ”കണ്ടിട്ട് ഒരു സാംസ്‌കാരിക നായകന്റെ ഗറ്റപ്പുണ്ട്… പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാലോ…” എന്ന് ഇ കെ നായനാര്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി വി എസ് അച്യുതാനന്ദനോട് പറയുകയാണ്. അന്ന് അത്ര ഗൗരവമായി കാണാത്ത ഒരു വിഷയമാണ്. ഇന്ന് കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ വലിയ ഗൗരവമായി തന്നെ സാംസ്‌കാരിക ലോകവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ച ഈ കാര്‍ട്ടൂണ്‍ ഇന്നും രാഷ്ട്രീയപരമായി ഏറെ പ്രസക്തമാണ്.

Share on

മറ്റുവാര്‍ത്തകള്‍