UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

കാനഡ പ്രതിരോധമന്ത്രി ഖാലിസ്ഥാനിയെങ്കില്‍ ഇന്ത്യ ആദരിക്കേണ്ടതുണ്ടോ?

ഇനി മുതല്‍ സ്ത്രീകള്‍ക്ക് വിവാഹശേഷം പാസ്‌പോര്‍ട്ടില്‍ പേരുമാറ്റേണ്ടി വരില്ല, കയ്യടികള്‍ക്കിടയില്‍ പ്രധാനമന്ത്രി പറഞ്ഞു; നിയമത്തില്‍ അങ്ങനെയൊരു നിബന്ധ ഇതുവരെ ഇല്ലായിരുന്നല്ലോ!

                       

പഞ്ചാബ് സന്ദര്‍ശിക്കുമ്പോള്‍ കാനഡ സര്‍ക്കാരിലെ ‘ഖാലിസ്ഥാനികളെ’ എങ്ങനെ സ്വീകരിക്കും എന്നതിനെക്കുറിച്ചുള്ള സംസാരം പൊടുന്നനെ ഉയര്‍ന്നുവന്നിരിക്കുന്നു.
മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കാനഡ പ്രതിരോധ മന്ത്രി ഹര്‍ജിത് സിംഗ് സജ്ജനെ കാണില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ത്യന്‍ വംശജനായ ഒരു വിദേശ പൗരന്‍ എന്തെങ്കിലും കാരണത്താല്‍ ആ നാട്ടില്‍ ‘വിജയിക്കുന്നത്’ അയാളെ സ്വാഭാവികമായും ആദരിക്കാവുന്ന തരത്തില്‍ നമ്മെ ബാധ്യസ്ഥരാക്കുന്നില്ല. ഒരുകാര്യം കൂടി മറക്കരുത്; ഇവര്‍ തങ്ങളുടെ പൂര്‍വസൂരികളുടെ നാടിനെ ഉപേക്ഷിച്ചവരാണ്. അതില്‍ സൗകര്യപ്രദമായ ഒരനുമാനമുള്ളത്, പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യയുമായുള്ള അവരുടെ വൈകാരികബന്ധം വിട്ടിട്ടില്ല എന്നതാണ്.

എന്നിട്ടും പ്രവാസി ഇന്ത്യന്‍ വംശജര്‍ നമ്മുടെ കൂട്ടായ ക്ഷേമത്തില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തപ്പെടുന്നു. നമ്മളവരെ പ്രവാസി ദിവസത്തിലെ ആഘോഷങ്ങളില്‍ സ്വീകരിക്കുന്നു. ഓരോ സംസ്ഥാന സര്‍ക്കാരും അവരെ ആകര്‍ഷിക്കാന്‍ എന്‍ആര്‍ഐ സമ്മേളനങ്ങളും മേളകളും നടത്തുന്നു.

അടുത്തകാലത്തായി പ്രവാസികള്‍ ഇതിലൊക്കെ ഉള്‍പ്പെടുകയും കക്ഷിരാഷ്ട്രീയാടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പഞ്ചാബില്‍ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും. ചില സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് ചില അനൗദ്യോഗിക ക്വാട്ടയുണ്ട്. നിയമസഭാ മണ്ഡലങ്ങള്‍ എളുപ്പത്തില്‍ ‘എന്‍ ആര്‍ ഐ’ സീറ്റുകളാകുന്നു. ഇന്ത്യയില്‍ നിന്നുള്ള രാഷ്ട്രീയകക്ഷി നേതാക്കള്‍ പലപ്പോഴായി വിദേശങ്ങളില്‍ വലിയ പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴമുണ്ണുന്നു, ആദരിക്കപ്പെടുന്നു. ഇതൊരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ്.

വടക്കേ അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും പ്രവാസികള്‍ നമ്മുടെ താത്പര്യങ്ങളെ മാനിക്കുന്നുണ്ടാകാം. പക്ഷേ അതവര്‍ക്ക് നമ്മുടെ രാഷ്ട്രീയ കക്ഷികളും നേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ ‘ഇടപെടാന്‍’ എന്തെങ്കിലും അധികാരം നല്‍കുമോ എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്. പക്ഷേ ഒരിക്കല്‍ അവര്‍ പക്ഷം പിടിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെയവരില്‍ നിന്നും അത്തരത്തിലുള്ള പെരുമാറ്റമേ തിരിച്ചും പ്രതീക്ഷിക്കാവൂ.

സജ്ജനും കൂടെയുള്ളവര്‍ക്കും മേല്‍ ‘ഖാലിസ്ഥാനി’ പേരൊട്ടിക്കാന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് ജനാധിപത്യാവകാശമുണ്ട്. കാനഡ സര്‍ക്കാര്‍ സ്വാഭാവികമായും വിയോജിപ്പ് പ്രകടിപ്പിച്ചു. പക്ഷേ ഇന്ത്യയിലെ പല സംഘടനകളും നേതാക്കളും കരുതുന്നത് മുഖ്യമന്ത്രി കാനഡ പ്രതിരോധമന്ത്രിയെ സ്വീകരിക്കേണ്ടതുണ്ട് എന്നാണ്.

പ്രതിരോധമന്ത്രി അദ്ദേഹത്തിന് ഇഷ്ടമുള്ള ഗുരുദ്വാരയൊക്കെ സന്ദര്‍ശിക്കട്ടെ. ഓരോ സ്ഥലത്തും സിരോപയും കിട്ടട്ടെ. അദ്ദേഹത്തിന് മര്യാദയും ചട്ടങ്ങളനുസരിച്ചുള്ള ആതിഥ്യവും ലഭിക്കണം. പക്ഷേ അതതിന്റെ രീതിയില്‍ മാത്രം.

കാനഡയിലും യു.എസിലും ജീവിക്കുന്ന വലിയ വിഭാഗം സിഖുകാര്‍ ‘ഖാലിസ്ഥാന്‍ മുന്നേറ്റ’ത്തിന്റെ ഓര്‍മ്മകളും ചരിത്രവും രാഷ്ട്രീയവും ഉള്‍ക്കൊള്ളുന്നവരാണ്. ഇപ്പോള്‍ ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്ന ജനാധിപത്യ സംവിധാനങ്ങളില്‍ ഈ ഖാലിസ്ഥാനി അടയാളം രാഷ്ട്രീയ ഉപയോഗമൂല്യം നേടിയിരിക്കുന്നു. സ്വത്വവാദ രാഷ്ട്രീയത്തിന്റെ അടവുകളും തന്ത്രങ്ങളും കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നു.

‘സമുദായ’ത്തിന്റെ, ‘വിശ്വാസ’ത്തിന്റെ,,’സംരക്ഷകന്‍’ ആകുന്നതിന് രാഷ്ട്രീയ ലാഭമുണ്ട്.

അശ്വിനി കുമാര്‍ നമ്മുടെ രാഷ്ട്രീയത്തില്‍ ഒരു പൊരുത്തക്കേടാണ്; വിദ്യാഭ്യാസമുള്ള ആരെയും പോലെ. ഒരുതരത്തില്‍ നമ്മുടെ കാലത്തെ ഒരു പ്രതിസന്ധിയെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയജീവിതം അതിലെത്തിപ്പെടുന്നവരില്‍ നിന്നും ഒട്ടും സുഖകരമല്ലാത്ത പലതും ആവശ്യപ്പെടും. എങ്കിലും വിദ്യാസമ്പന്നരായ, പാണ്ഡിത്യവും ജ്ഞാനശേഷിയും ഉള്ള നിരവധി സ്ത്രീ,പുരുഷന്മാര്‍ ഇല്ലെങ്കില്‍ നമ്മുടെ പൊതുമണ്ഡലം തീര്‍ത്തും ദരിദ്രമായിപ്പോയേനെ. ഇത്തരം ശേഷികളുള്ളവരെ ഉള്‍ക്കൊള്ളാനും ശ്രദ്ധിക്കാനും അവസരം നല്‍കാനും ചിലപ്പോഴൊക്കെ ആദരിക്കാനും ഒരു പക്വമായ രാഷ്ട്രീയമണ്ഡലം വഴികള്‍ കണ്ടെത്തുന്നു. വാചക കസര്‍ത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും അവരുടെ സ്ഥലമുണ്ട്, അതുപോലെ വിദ്യാസമ്പന്നര്‍ക്കും വേണം ഇടം.

1990കളില്‍ പി വി നരസിംഹറാവു-അര്‍ജുന്‍ സിംഗ് ഏറ്റുമുട്ടലിലാണ് അശ്വിനി കുമാറിനെ ഞാന്‍ ആദ്യമറിയുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് ഞാനദേഹത്തെ ആശയങ്ങളുള്ള ഒരാളായി ആദരിക്കാന്‍ തുടങ്ങി. ഗൂഢാലോചനകളുടെയും കുത്തിത്തിരിപ്പുകളുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അദ്ദേഹം ദുര്‍ബലനായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എന്തെങ്കിലും നിര്‍ണായക നേട്ടമുണ്ടാക്കാന്‍ പറ്റുന്നതിലും അധികം മാന്യനായിരുന്നു അദ്ദേഹം. അക്കാര്യത്തില്‍ മന്‍മോഹന്‍ സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, ജയറാം രമേഷ് എന്നിവരും കൂടെയുണ്ട്. അദ്ദേഹത്തിന് രാജ്യസഭയില്‍ ഇടം കിട്ടി. 14 വര്‍ഷം അദ്ദേഹം അവിടുണ്ടായിരുന്നു. ‘Hope-In a Challenged Democracy’ അശ്വിനി കുമാറിന്റെ പ്രസംഗങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തത്. ജനാധിപത്യത്തില്‍ യുക്തിയുടെയും പ്രേരണയുടെയും ശക്തി ക്ഷയിക്കുന്നതിനെക്കുറിച്ചുള്ള ഒരു വിലാപമാണ് പുസ്തകം എന്നു പറയാം. നീതിയുടെയും മികച്ച ഭരണ നിര്‍വഹണത്തിന്റെയും സാമാന്യതത്വങ്ങളെ വൈകാരികതയും അവസരവാദവും കീഴടക്കുന്നതിനെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നു.

ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഏറെ മികച്ച നിരീക്ഷണങ്ങള്‍ ഉള്ളതാണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനോട് വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അശ്വിനി കുമാര്‍ എഴുതിയ ഒരെണ്ണം ചിന്തോദ്ദീപകമാണ്. ‘കുറ്റവിചാരണ സംവിധാനത്തിലെ അടിച്ചമര്‍ത്തുന്ന തരം വിചാരണ സമ്പ്രദായം ഒരു പൗരന് മേല്‍ കോടതിക്ക് സ്വയം അഴിച്ചുവിടാന്‍ കഴിയുമോ’ എന്നദ്ദേഹം അമ്പരക്കുന്നു. നമ്മുടെ രാഷ്ട്രീയ നീതിന്യായ പ്രക്രിയ ‘അല്‍പ്പകാലത്തേക്കുള്ള ഭൂരിപക്ഷത്തിന്റെ പൊടുന്നനെയുള്ള തോന്നലുകളില്‍ നിന്നും’ സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം വാദിക്കുന്നു.

നമ്മുടെ സംവിധാനത്തിലെ വലിയൊരു അപകടത്തിലേക്ക് അദ്ദേഹം വിരല്‍ ചൂണ്ടുന്നു, കോടതി ‘പൊതുജനാഭിപ്രായ’ത്തിന് വഴങ്ങുന്നു എന്നാണത്. ഒരു കളിമണ്‍പാത്രക്കടയില്‍ കയറിയ കാളയാകാനുള്ള സ്വാതന്ത്ര്യം ന്യായാധിപനില്ല എന്നോര്‍മ്മിപ്പിക്കാന്‍ അദ്ദേഹം ആദരണീയനായ യു എസ് സുപ്രീം കോടതി ന്യായാധിപന്‍ ബെഞ്ചമിന്‍ എന്‍ കാര്‍ഡോഷോയെ ഉദ്ധരിക്കുന്നു. ‘സ്വന്തം സന്തോഷത്തില്‍ പുതിയ കാര്യങ്ങള്‍ കണ്ടെത്താനോ, സ്വന്തം ആവശ്യങ്ങളുടെ സൗന്ദര്യത്തിനും നന്മയ്ക്കും പിന്നാലേ ഇഷ്ടം പോലെ ഓടിനടക്കാനോ അയാള്‍ക്കാവില്ല. പൊടുന്നനെ ഉണ്ടാകുന്ന വികാരത്തള്ളിച്ചയില്‍ അവ്യക്തവും അനിയന്ത്രിതവുമായ ദയാവായ്പുകള്‍ക്ക് വശംവാദനാകരുത് അയാള്‍.’

കോണ്‍ഗ്രസ് സംവിധാനത്തിന്റെ ‘ഗുണമനുഭവിച്ച’ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ഇന്ത്യയുടെ ഏറ്റവും പ്രായമായ കക്ഷിയുടെ വിലയിരുത്തലുകളില്‍ അശ്വിനി കുമാര്‍ അല്‍പം അയയുന്നുണ്ട്. ഏതാണ്ട് തന്റെ ഉള്ളിലുള്ളത് അദ്ദേഹം പ്രകടിപ്പിക്കുന്നതിന് അടുത്തെത്തിയത് ‘ഉപജാപങ്ങള്‍ സത്യസന്ധതയ്ക്ക് മേലെ വിജയം നേടുമ്പോള്‍, അവസരവാദം തത്വങ്ങളെ മറികടക്കുമ്പോള്‍’ എന്നു വിലപിക്കുമ്പോഴാണ്. ‘ദേശീയ പദ്ധതിയോടുള്ള കൂറും പാര്‍ട്ടി നേതാക്കളോടുള്ള വിധേയത്വവും’തമ്മില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം തുറന്നടിക്കുന്നു.

ഉദാരതയുടെയും പഴയകാലശൈലിയിലെ മര്യാദയുടെയും മൂല്യങ്ങള്‍ ഉള്ളവര്‍ക്ക് ഞാനീ പുസ്തകം ശുപാര്‍ശ ചെയ്യുന്നു.

നമ്മള്‍ കഴിഞ്ഞ 70 കൊല്ലക്കാലമായി ഒരു രാജ്യം എന്ന നിലയില്‍ വികസിക്കുകയും നിലനില്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിനു സമര്‍പ്പിതരായ ഏതാനും പൊതുസേവകര്‍ നമുക്കുണ്ടായിരുന്നു എന്നതുകൊണ്ടാണ്. മിക്കപ്പോഴും ഈ ഉദ്യോഗസ്ഥര്‍ അണിയറയിലായിരിക്കും. ഗാരി സക്‌സേന അത്തരത്തില്‍ ഒരാളാണ്. അവരുടെ ശാന്തവും ദീര്‍ഘദര്‍ശിത്വവുമുള്ള ഉപദേശം കൂടാതെ ഒരു സംവിധാനവും മുന്നോട്ടുപോകില്ല എന്നതരം ‘വിദ്വാന്മാരുടെ’ കൂട്ടത്തില്‍പ്പെട്ടയാളാണ് അദ്ദേഹം.

പ്രതിസന്ധിയുടെയും തകര്‍ച്ചയുടെയും കാലത്ത് ശ്രീനഗറിലെ രാജ് ഭവനിലേക്ക് സക്‌സേന നിയോഗിക്കപ്പെട്ടു. ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം നാലു പ്രധാനമന്ത്രിമാരുടെ കാലത്ത് സേവനമനുഷ്ഠിച്ചു- വി പി സിംഗ്, ചന്ദ്രശേഖര്‍, പി വി നരസിംഹറാവു, എ ബി വാജ്‌പേയി. എന്നാല്‍ ഇന്ദിരാഗാന്ധിക്ക് ശേഷമുള്ള എല്ലാ പ്രധാനമന്ത്രിമാരും അദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു. 1990-93 കാലഘട്ടത്തില്‍ ഗവര്‍ണറായിരിക്കേ, ഇന്ത്യന്‍ സര്‍ക്കാരിന്റെ ആധിപത്യം അവിടെ പുനഃസ്ഥാപിക്കുന്നതില്‍ അദ്ദേഹം കാര്യമായ പങ്കുവഹിച്ചു.

പലപ്പോഴും അദ്ദേഹത്തിനൊപ്പമിരിക്കാന്‍ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. പല ‘പ്രതിസന്ധി’കളും കൈകാര്യം ചെയ്ത അനുഭവങ്ങള്‍ പങ്കുവെക്കുന്നത് രാഷ്ട്രതന്ത്രത്തിന്റെ പാഠങ്ങളായിരുന്നു. അവസാനം വരെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ തെളിഞ്ഞുനിന്നു.

അദ്ദേഹത്തിന്റെ മരണത്തോടെ ഇന്ത്യ വീണ്ടും ദരിദ്രമായിരിക്കുന്നു. കാരണം പൊതു പദവികള്‍ കയ്യാളുന്നതിന്റെ അടിസ്ഥാനതത്വങ്ങളുടെ ആള്‍രൂപമായിരുന്നു അദ്ദേഹം: അത് ഇന്ത്യന്‍ ഭരണകൂടത്തോടുള്ള സേവനത്തിന് മാത്രമായി ഉപയോഗിക്കുന്ന ഒരു വിശ്വാസമാണ്. അദ്ദേഹം ഒരു അഭിവാദ്യം അര്‍ഹിക്കുന്നു.

ഇനി മുതല്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹത്തിനുശേഷം പാസ്‌പോര്‍ട്ടില്‍ പേരുകള്‍ മാറ്റേണ്ടിവരില്ല,’ എന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കയ്യടികള്‍ക്കിടയില്‍ പറഞ്ഞു. കൗതുകകരമാണത്. നിയമത്തില്‍ എവിടേയും അത്തരമൊരു നിബന്ധന ഇതുവരെ ഉണ്ടായിരുന്നില്ല. എനിക്കറിയാം എന്റെ ഭാര്യ ഇതുവരെ പേര് മാറ്റിയിട്ടില്ല. ഞാന്‍ കല്യാണം കഴിച്ചത് 1981ലാണ്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് നല്ലൊരു കാപ്പി കുടിക്കാം, ചൂടുള്ള കട്ടന്‍കാപ്പി.

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

Share on

മറ്റുവാര്‍ത്തകള്‍