UPDATES

ഇന്ത്യ

ഇന്ത്യ-2022: അവലോകനം

2022 അവസാനിക്കുന്നു. പോയ വര്‍ഷത്തിന്റെ കണക്കെടുപ്പില്‍ ഇന്ത്യയുടെ നേട്ടങ്ങളും കോട്ടങ്ങളും നഷ്ടങ്ങളും എന്തൊക്കെയാണ്?

                       

2022 അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ നടന്ന പ്രധാന സംഭവ വികാസങ്ങളുടെ ചെറു വിവരണം

ഹിജാബ് വിവാദം
കര്‍ണാടകത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ്(മുസ്ലിം വിഭാഗത്തിലെ സ്ത്രീകള്‍ ധരിക്കുന്ന ശിരോവസ്ത്രം) ധരിച്ചു വരുന്നത് വിലക്കിക്കൊണ്ടു സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. മുസ്ലിം സമുദായത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതിഷേധിച്ചു. ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ 60 വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് ഹിജാബ് പ്രക്ഷോഭത്തിന് തീവ്രതയേറ്റി. സംസ്ഥാനത്തിനു പുറത്തേക്കും ഈ പ്രക്ഷോഭം വ്യാപിച്ചു. പ്രതിഷേധം ശക്തമായപ്പോഴും യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രാധാരണവും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വിലക്കി. ഒടുവില്‍ വിഷയം കോടതിയിലെത്തി. കര്‍ണാടക ഹൈക്കോടതിയും ഹിജാബ് വിലക്കി കൊണ്ടുള്ള ഉത്തരവാണ് പുറപ്പെടുവിച്ചത്. 2022 ല്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തിയ സംഭവമായിരുന്നു ഹിജാബ് വിവാദം.

നൂപുര്‍ ശര്‍മയുടെ പ്രവാചക പരാമര്‍ശം
മേയ് 28 ന് ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രവാചകനെതിരേ മോശമായി പരാമര്‍ശം നടത്തിയെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് രാജ്യത്തുണ്ടായത്. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തുടര്‍ന്ന് രാജ്യത്തെ മറ്റിടങ്ങളിലും വ്യാപിച്ചു. മുസ്ലിം സമുദായത്തിലുള്ളവരെ തെരഞ്ഞെടുപിടിച്ചു ശിക്ഷിക്കുന്നതായി യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരേ പരാതി ഉയര്‍ന്നു. പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും പ്രതികളായെന്ന പേരില്‍ പല മുസ്ലിം സമുദായംഗങ്ങളുടെയും വീടുകള്‍ ഇടിച്ചു നിരത്തി. ഗള്‍ഫ് രാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇന്ത്യക്കെതിരേ പ്രതിഷേധം ഉയര്‍ത്തി. വിഷയം കൈവിട്ട സാഹചര്യത്തില്‍ നൂപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മാപ്പ് പറയാന്‍ നൂപുര്‍ ശര്‍മയോട് സുപ്രിം കോടതി ആവശ്യപ്പെട്ടു.

ഉദയ്പൂര്‍ കൊല
രാജ്യത്തെ നടുക്കിയ ക്രൂരമായൊരു കൊലപാതകമായിരുന്നു രാജസ്ഥാനിലെ ഉദയ്പൂരില്‍ മുസ്ലിം മതമൗലിക വാദികള്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കടക്കാരന്റെ തലയറുത്തത്. ഉദയ്പൂരിലെ ധാന്‍ മണ്ഡി മാര്‍ക്കറ്റില്‍ തയ്യല്‍ക്കട നടത്തിയിരുന്ന കനയ്യ ലാലിനെയാണ് ഉച്ചതിരിഞ്ഞു രണ്ടുപേര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച പ്രവാചക വിരുദ്ധ പ്രസ്താവന നടത്തിയ ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടുവെന്നതായിരുന്നു കനയ്യ ലാലിനെ കൊല്ലാനുള്ള കാരണം. നൂപുര്‍ ശര്‍മയ്ക്ക് അനുകൂലമായുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ കനയ്യ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 15 നാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. കൊലയാളികളായ ഘോസ് മൊഹമ്മദും റിയാസും തുണി തയ്പ്പിക്കാനെന്ന വ്യാജേനയാണ് ലാലിന്റെ കടയില്‍ എത്തിയത്. ഇവരുടെ മേല്‍ ലാലിന് യാതൊരുവിധ സംശയങ്ങളും തോന്നിയിരുന്നില്ല. കൊലയാളികള്‍ തന്നെ പുറത്തുവിട്ട വീഡിയോയില്‍ ലാല്‍ സാധാരണപോലെയാണ് കൊലയാളികളില്‍ ഒരാളുടെ അളവ് എടുക്കുന്നത് കാണാനാവുന്നത്. പെട്ടെന്നായിരുന്നു ലാലിനെതിരേയുള്ള അക്രമണം. ലാല്‍ അളവ് എടത്തുകൊണ്ടിരുന്നയാളാണ് വലിയ കത്തിയെടുത്ത് തയ്യല്‍ക്കാരന്റെ കഴുത്തറത്തത്. മറ്റെയാള്‍ ഇതെല്ലാം തന്റെ മൊബൈലില്‍ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം
ശിവസേനയ്ക്കുള്ളില്‍ നടന്ന രാഷ്ട്രീയ ഉപചാപങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നിലംപൊത്തി. സേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി. ആഴ്ചകളോളം നീണ്ട റിസോര്‍്ട്ട് രാഷ്ട്രീയത്തിനൊടുവിലാണ് ബിജെപി പിന്തുണയോടെ ഷിന്‍ഡെ ഉദ്ധവ് താക്കറയെ മുട്ടുകുത്തിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പുകള്‍
2022 ല്‍ രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. കൂടുതല്‍ നേട്ടം കൊയ്തത് ബിജെപിയാണ്. പഞ്ചാബില്‍ നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കനത്ത തോല്‍വി സമ്മാനിച്ച് ആം ആദ്മി പാര്‍ട്ടി ഭരണം പിടിച്ചു. ഡല്‍ഹി കൂടാതെ രാജ്യത്ത് ആം ആദ്മി സര്‍ക്കാര്‍ വരുന്ന രണ്ടാമത്തെ സംസ്ഥാനമായി പഞ്ചാബ്. അതുപോലൊരു അട്ടിമറിയായിരുന്നു ഹിമാചല്‍ പ്രദേശില്‍ ഭരണത്തിലിരുന്ന ബിജെപിക്ക് ഷോക്ക് സമ്മാനിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വന്നത്. ഗോവ, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം നിലനിര്‍ത്തി.

ചരിത്രം കുറിച്ച് ദ്രൗപതി മുര്‍മു
ഇന്ത്യയുടെ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ 15 ആമത് രാഷ്ട്രപതിയാണ് മുര്‍മു. ആദിവാസി വിഭാഗത്തില്‍ നിന്നും രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വ്യക്തിയെന്ന ചരിത്രനേട്ടം ദ്രൗപതി മുര്‍മു സ്വന്തമാക്കി. ജഗദീപ് ധന്‍ഖര്‍ ആണ് ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി. 14 ആം ഉപരാഷ്ട്രപതിയായ ധന്‍ഖര്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി ചുമതല വഹിച്ചു വരികയായിരുന്നു.

മല്ലികാര്‍ജ്ജുന ഖാര്‍ഖെ
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കഴിഞ്ഞ 24 വര്‍ഷത്തിനുശേഷം ആദ്യമായാണ് നെഹ്രു കുടുംബത്തിനു പുറത്തു നിന്നൊരാള്‍ അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. 26 വര്‍ഷത്തിനുശേഷം അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഖാര്‍ഗെ പ്രസിഡന്റായത്. ശശി തരൂര്‍ ആയിരുന്നു ഖാര്‍ഗെയുടെ എതിരാളി.

അഗ്നിപഥ്
ഇന്ത്യയുടെ സൈനിക മേഖലയിലേക്ക് താത്കാലിക റിക്രൂട്ട്‌മെന്റ് ആയി അഗ്നിപഥ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാല് വര്‍ഷത്തേക്കുള്ള സൈനിക സേവനമാണ് അഗ്നിപഥ്. ഈ പദ്ധതിക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുകയുണ്ടായി. എങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍വാങ്ങിയില്ല. അഗ്നിപഥിന്റെ ആദ്യ ബാച്ചിന്റെ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.

ലത മങ്കേഷ്‌കര്‍, മുലായം
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍, രാഷ്ട്രീയ ചാണക്യന്മാരിലൊരാളായിരുന്ന മുലയാം സിംഗ് യാദവ് തുടങ്ങി ഒരുപിടി പ്രശസ്ത വ്യക്തിത്വങ്ങള്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങിയ വര്‍ഷം കൂടിയായിരുന്നു 2022.  ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റും പുലിസ്റ്റര്‍ ജേതാവുമായ ഡാനിഷ് സിദ്ധിഖി അഫ്ഗാനിസ്ഥാനില്‍ വച്ച് കൊല്ലപ്പെട്ടു. പ്രശസ്തന നടന്‍ ദിലീപ് കുമാര്‍, പുരോഹിതനും സാമൂഹ്യ പ്രവര്‍ത്തകനുമായ സ്റ്റന്‍ സ്വാമി, ഗായകനും സംവിധായകനുമായ ബാപ്പി ലാഹിരി, ഗായകന്‍ കെ കെ, കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബ്രിജുരാജ് മഹാരാജ്, അഭിനേതാവ് സലിം ഘൗസ്, ബിസിനസുകാരനും സ്റ്റോക്ക് ട്രേഡറുമായ രാകേഷ് ജുന്‍ജുന്‍വാല, ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി, മില്‍ഖ സിംഗ്‌ തുടങ്ങിയവരും ഈ വര്‍ഷം വിട പറഞ്ഞ പ്രമുഖരാണ്.

Share on

മറ്റുവാര്‍ത്തകള്‍