UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ക്കും കൊട്ടാവുന്ന ചെണ്ടകളായി മാധ്യമ തൊഴില്‍ ചെയ്യുന്നവരെ കരുതരുത്

അജന്താലയം മുതൽ നാരദ മഹാരാജാവ് മാത്യു സാമുവൽ വരെയുള്ളവരുടെ ഹണിട്രാപ്പുകൾ അറിഞ്ഞിടത്തോളം മാധ്യമപ്രവർത്തകരല്ല

കെ.എ ഷാജി

കെ.എ ഷാജി

                       

മറ്റേതൊരു തൊഴിൽ മേഖലയിലും എന്നതുപോലെ മാധ്യമ രംഗത്തും ഒരുപാട് കള്ളനാണയങ്ങളുണ്ട്. അധികാര ഇടനാഴികളിലെ ദല്ലാളന്മാർ മുതൽ ആളുകളുടെ സ്വകാര്യതകളിൽ എത്തിനോക്കുന്ന ഞരമ്പ് രോഗികൾ വരെ. രണ്ടുവാചകം തെറ്റില്ലാതെ എഴുതാനറിയാത്തവർ മുതൽ വിവരക്കേടിന്റെ അപ്പോസ്തോലന്മാർ വരെയുണ്ട്. എന്നാൽ മാധ്യമ പ്രവർത്തനത്തേയും മാധ്യമ പ്രവർത്തകരേയും ഒറ്റതിരിച്ച് ആക്ഷേപിക്കുന്നവരും അവഹേളിക്കുന്നവരും അത് ചെയ്യുന്നത് സ്വന്തം വികൃതമുഖങ്ങൾ കണ്ണാടിയിൽ പോലും കാണാതെയാണ് എന്നതാണ് ദു:ഖകരം.

ലജിസ്ളേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ ജനാധിപത്യത്തിന്റെ ഇതര തൂണുകൾക്ക് സംഭവിക്കുന്ന അപചയങ്ങളുടെ സമാനമോ അതിൽ താഴെയോ ഉള്ള അപചയങ്ങളേ മാധ്യമ രംഗത്തുള്ളു എന്ന് പറയുന്നത് അവയെ കുറച്ചു കാണുന്നത് കൊണ്ടല്ല. രോഗഗ്രസ്തമായ ഒരു സമൂഹത്തിന് അതിനു യോജിച്ച മാധ്യമ പ്രവർത്തകരെ മാത്രമല്ല രാഷ്ട്രീയ-സാമൂഹിക നേതാക്കളേയും ലഭിക്കും. മാധ്യമ പ്രവർത്തനം ചെയ്യുന്നവർക്ക് നേരെ സോഷ്യൽ മീഡിയയിൽ വന്ന് അസഭ്യം വർഷിക്കുന്നവരിൽ പലരുടെയും ഉദ്ദേശ്യം അത്ര നിഷ്കളങ്കമല്ല. അപാരമായ നിക്ഷിപ്ത താത്പര്യങ്ങൾ ഉള്ളവരാണവർ. സ്വന്തം തൊഴിൽ മേഖലകളിലെ ചൂഷണങ്ങൾക്കും നെറികേടുകൾക്കും എതിരെ ഒരു കുഞ്ഞു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇടാത്തവർ. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന ഉടമകൾക്ക് നേരെ ചെറുവിരൽ അനക്കാത്തവർ. അഴിമതിക്കാരും അല്‍പ്പന്മാരും വികല സാമൂഹിക പരിപ്രേക്ഷ്യം ഉള്ളവരുമായ ചില മുഖ്യധാരാ രാഷ്ട്രീയക്കാരുടെ വിനീത ദാസന്മാർ. മത, ജാതി പ്രതിലോമ ശക്തികളുടെ വിധേയരായ അണികൾ. മനസ്സും ചിന്തയും ആർക്കൊക്കെയോ പണയം വച്ച് നേട്ടങ്ങൾ കാത്തിരിക്കുന്ന ഭാഗ്യാന്വേഷികൾ. ഇവരൊക്കെയാണ് മാധ്യമ പ്രവർത്തകരെ പിമ്പുകൾ എന്നൊക്കെ വിളിച്ചാക്ഷേപിക്കുന്നത്.

മാധ്യമ പ്രവർത്തനവും പാപ്പരാസി പ്രവർത്തനവും രണ്ടാണ് എന്നറിഞ്ഞാലും ഇവർ അറിഞ്ഞില്ലെന്ന് നടിക്കും. സ്വന്തം നേതാവിന് പൊതുസമ്മതിയുണ്ടാക്കാൻ അജന്താലയം അജിത് കുമാറിനെയൊക്കെ രാഷ്ട്രീയ പ്രചാരണ യോഗങ്ങളിൽ മൈക്കും കസേരയും കൊടുത്ത് ആദരിച്ചവർ വരെയാണ് ഇപ്പോൾ വാളെടുക്കുന്നത്. കൂട്ടത്തിൽ മാധ്യമ രംഗത്തെ കുറെ ദന്തഗോപുര വാസികളും.

ശശീന്ദ്രൻ-മംഗളം വിവാദം വന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളെ അപഹസിക്കുകയാണ് ഇവരുടെ പുതിയ തന്ത്രം. മലയാള മാധ്യമങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ മുഴുവൻ ഏതോ അനാശാസ്യക്കാരുടെ കെണികളിലാണ് എന്നുവരെ പോകുന്നു വിഷലിപ്ത പ്രചാരണങ്ങൾ. അന്തസ്സായും ആത്മാഭിമാനത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെയും ജോലി ചെയ്യുന്ന നിരവധിയായ സ്ത്രീകളും പുരുഷന്മാരും ഈ മേഖലയിൽ ഉണ്ട്. വ്യക്തമായ സാമൂഹിക-രാഷ്ട്രീയ ബോധവും ആർജവവും വിദ്യാഭ്യാസവും മര്യാദയും ഒക്കെയുള്ളവർ. ഇതൊന്നും ഇല്ലാത്ത ചിലരൊക്കെ ഇവിടെ കണ്ടേക്കാം. അവരെ കണ്ടെത്തലും തുറന്നു കാട്ടലും ഒക്കെയാകാം. പക്ഷെ സാമാന്യവത്കരണം കൊണ്ട് സ്വഭാവഹത്യ നടത്തരുത്. ആർക്കും കൊട്ടാവുന്ന ചെണ്ടകളായി ഈ തൊഴിൽ ചെയ്യുന്നവരെ കാണരുത്.

തേൻകെണി ഒരുക്കി ആളുകളെ കുടുക്കി ബ്ലാക്ക് മെയിൽ ചെയ്യാനല്ല മാധ്യമ രംഗത്തുള്ള സ്ത്രീകൾ ഈ തൊഴിൽ തെരഞ്ഞെടുക്കുന്നത്. അജന്താലയം മുതൽ നാരദ മഹാരാജാവ് മാത്യു സാമുവൽ വരെയുള്ളവരുടെ ഹണിട്രാപ്പുകൾ അറിഞ്ഞിടത്തോളം മാധ്യമപ്രവർത്തകരല്ല.

മറ്റു പല മേഖലകളിൽ നിന്നും ഇല്ലായ്മകളും നിസ്സഹായതയും ചൂഷണം ചെയ്ത് അവർ ഇത്തരം ഏർപ്പാടുകൾക്ക് കൊണ്ടുവരുന്നവരോട് വലിയ സഹതാപമുണ്ട്. മലയാളത്തിലെ വരേണ്യം അല്ലാത്ത പല ചാനലുകളിലും പത്രങ്ങളിലും ശമ്പളം വൈകാറുണ്ട്. ദാരിദ്ര്യവുമുണ്ട്. എന്നാലും ഈ തൊഴിലിൽ തന്നെ അന്തസ്സായി ഉറച്ചു നിൽക്കുന്ന നിരവധിയായ സ്ത്രീ, പുരുഷന്മാർക്ക് ഒപ്പം നിൽക്കുന്നു. അവരെ മാറ്റിനിറുത്തി വിചാരണ ചെയ്യുന്നവരുടെ കൂടെ കൂടാൻ തയ്യാറില്ല. മാധ്യമ പ്രവർത്തകർക്കിടയിലെ അധികാര ദല്ലാളന്മാരെയും അഴിമതിക്കാരെയും താണുവണങ്ങി വിനീത രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരിൽ നിന്നാണ് തിരുത്തൽ നടപടികൾ തുടങ്ങേണ്ടത്.

(കെഎ ഷാജി ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍