UPDATES

ഓഫ് ബീറ്റ്

സെല്‍ഫികള്‍ വിലക്കുന്ന മിറാണ്ട ഹൗസ് ‘ജയില്‍’

സെല്‍ഫി എടുക്കുക, മുടി ചീകുകയോ ഗാലറികളില്‍ മോഡലായി നില്‍കുകയോ ചെയ്യുക തുടങ്ങിയവ നിരോധിച്ചിരിക്കുന്നതായും ഇവ ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ ഒരു ദിവസത്തേക്ക് സസ്പന്റ് ചെയ്യുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

                       

വിദ്യാര്‍ത്ഥികളെ കൂട്ടിലടച്ച തത്തകളാക്കാനുള്ള പ്രവണത സ്വാശ്രയ കോളേജുകളില്‍ മാത്രമല്ല സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലും തുടരുന്നു. പ്രവണത രാജ്യവ്യാപകമാണെന്നാണ് ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള മിറാണ്ട ഹൗസ് കോളേജ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലര്‍ കാണിക്കുന്നത്. ഞായറാഴ്ചകളില്‍ ക്ലാസുകള്‍ നടക്കുന്ന തുറന്ന പഠന സ്‌കൂളിലെ (എസ്ഒഎല്‍) വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. സെല്‍ഫി എടുക്കുക, മുടി ചീകുകയോ ഗാലറികളില്‍ മോഡലായി നില്‍കുകയോ ചെയ്യുക തുടങ്ങിയവ നിരോധിച്ചിരിക്കുന്നതായും ഇവ ലംഘിക്കുന്ന വിദ്യാര്‍ത്ഥികളെ ഒരു ദിവസത്തേക്ക് സസ്പന്റ് ചെയ്യുമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

മിറാണ്ട ഹൗസ് സ്‌കൂളും അവിടുത്തെ അദ്ധ്യാപകരും ഉന്നത വിദ്യാഭ്യാസത്തിനായാണ് പൊരുതുന്നതെന്നും വനിത വിദ്യാര്‍ത്ഥികളെ പഠനത്തില്‍ കേന്ദ്രീകരിക്കാന്‍ ഈ അവസരം സഹായിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സര്‍ക്കുലറിനെ ന്യായീകരിച്ചുകൊണ്ട് കോളേജ് അധികൃതര്‍ പറയുന്നത്. സെല്‍ഫി എടുക്കല്‍, മുടി ചീകല്‍, ഗ്യാലറികളില്‍ മോഡലാവല്‍ ഒക്കെ സമയം കളയുന്ന പരിപാടികളാണെന്നും ഇവ ലംഘിക്കുന്നവരെ ഒരു ദിവസത്തേക്ക് സസ്പന്റ് ചെയ്യുമെന്നുമാണ് ഹിന്ദിയിലുള്ള ഒപ്പിടാത്ത കത്തില്‍ പറയുന്നത്. കോ-ഓര്‍ഡിനേറ്ററുടെ പേരിലാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

റിപബ്ലിക്, സ്വാതന്ത്ര്യ ദിനങ്ങള്‍ ഒഴികെയുള്ള പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഏകദേശം 1500 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. വിഷയത്തില്‍ എസ്ഒഎല്ലിന് ഒന്നും ചെയ്യാനില്ലെന്ന് ഡയറക്ടര്‍ സി എസ് ദുബെ പറയുന്നു. സര്‍ക്കൂലര്‍ കോളേജ് ജീവനക്കാര്‍ എഴുതി തയ്യാറാക്കിയതാണെന്നും എന്നാല്‍ ഇത് വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും കോളേജ് പ്രിന്‍സിപ്പള്‍ പ്രതിഭ ജ്യോതി പറയുന്നു.

സെല്‍ഫി എടുക്കാന്‍ വേണ്ടി കുട്ടികള്‍ പാരപ്പെറ്റിനും മറ്റു മുകളില്‍ കയറുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കോളേജ് അധികൃതര്‍ ന്യായീകരിക്കുന്നു. ചില സമയങ്ങളില്‍ കോളേജിലെ വസ്തുവഹകള്‍ക്ക് നാശമുണ്ടാകാനും ഇത് കാരണമാകുന്നുണ്ട്. ചിത്രങ്ങള്‍ പരസ്യമാക്കപ്പെടുന്നത് കോളേജിന്റെ പേര് ചീത്തയാക്കാന്‍ ഇടയുണ്ടെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാട് ഇതിന് കടകവിരുദ്ധമാണ്. ആവശ്യത്തിന് ക്ലാസ് മുറികള്‍ ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഊഴം കാത്ത് വെളിയില്‍ നില്‍ക്കേണ്ടിവരാറുണ്ടെന്നും അവര്‍ പറയുന്നു. ഈ സമയത്ത് സെല്‍ഫി എടുക്കുകയും മുടി ചീകുകയും ചെയ്താല്‍ എന്താണ് കുഴപ്പമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥി ചോദിക്കുന്നു. ഉത്തരവ് സ്ത്രീ വിരുദ്ധമാണെന്നും ഇത് ഡല്‍ഹി വനിത കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ക്രാന്തികാരി യുവ സംഘതന്റെ പ്രതിനിധ ആരതി മാധ്യമങ്ങളോട് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/Zh9lOY

Share on

മറ്റുവാര്‍ത്തകള്‍