രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖല എണ്ണക്കമ്പനികളുടെ കീഴില്‍ വരുന്ന എല്ലാ പെട്രോള്‍ പമ്പുകളിലും ‘മോദി കി ഗ്യാരണ്ടി’ പോസ്റ്ററുകളും പ്രധാനമന്ത്രിയുടെ ചിത്രവും പതിപ്പിക്കാന്‍ നിര്‍ദേശം. നേരത്തെ പമ്പുകളില്‍ സ്ഥാപിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ബോര്‍ഡുകള്‍ മാറ്റി പകരം മോദി കി ഗ്യാരണ്ടി വയ്ക്കാനാണ് നിര്‍ദേശമെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘മോദി ഗ്യാരണ്ടി എന്നാല്‍ മികച്ച ജീവിതം എന്നര്‍ത്ഥം’ എന്നതരത്തിലാണ് പരസ്യവാചകം തയ്യാറാക്കിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാചകത്തിനൊപ്പം ഉജ്ജ്വല പദ്ധതിയില്‍ അര്‍ഹയായ വീട്ടമ്മയ്ക്ക് എല്‍പിജി സിലണ്ടര്‍ കൈമാറുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയും വേണം. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന മുദ്രാവാക്യമാണ് ‘മോദി കി ഗ്യാരണ്ടി’.
മാര്‍ച്ച് അഞ്ച് വൈകുന്നേരത്തിനുള്ളില്‍ പഴയ ഹോര്‍ഡിംഗ്‌സുകള്‍ മാറ്റി ‘ മോദി കി ഗ്യാരണ്ടി’ ഹോര്‍ഡിംഗ്‌സുകള്‍ വയ്ക്കണമെന്ന് എല്ലാ പെട്രോള്‍ പമ്പ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതൊരു ‘ അനൗദ്യോഗിക നിര്‍ദേശം’ ആയാണ് പോയിരിക്കുന്നതെന്നും പറയുന്നു. സഹകരിക്കാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഹോര്‍ഡിംഗ്‌സുകള്‍ ലഭിക്കുന്നില്ലെങ്കില്‍ അക്കാര്യം മാനേജര്‍മാര്‍ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
രാജ്യത്ത് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നത് ഇന്ധന വിതരണ കമ്പനികള്‍ ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയാണ്. ഇവയ്ക്ക് മുന്നിനും കീഴില്‍ ഇന്ത്യയില്‍ 88,000 പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം പെട്രോള്‍ പമ്പുകളില്‍ 90 ശതമാനവും ഈ മൂന്നു കമ്പനികള്‍ക്ക് കീഴിലാണ്.
ഓരോ പമ്പിലും 40 X 20 സൈസില്‍ ഒരു ഹോര്‍ഡിംഗ് ഉറപ്പായും സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. വലിയ പമ്പുകളാണെങ്കില്‍ രണ്ട് ഹോര്‍ഡിംഗ്‌സുകളും ചെറുതാണെങ്കില്‍ ഒന്നും എന്നാണ് കണക്ക്. ഹോര്‍ഡിംഗിനായി എണ്ണ കമ്പനികള്‍ ചതുരശ്ര അടിക്ക് 12 രൂപ വച്ച് പമ്പുകള്‍ക്ക് പ്രിന്റിംഗ് ചാര്‍ജ് നല്‍കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതുവരെ മാത്രമാണ് ഹോര്‍ഡിംഗ്‌സുകള്‍ വയ്ക്കാന്‍ സാധിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നാല്‍ ഹോര്‍ഡിംഗ്‌സ് മാറ്റണം. 2021-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പെട്രോള്‍ പമ്പുകളില്‍ മോദിയുടെ ചിത്രവുമായി സ്ഥാപിച്ചിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.