UPDATES

വായിച്ചോ‌

“അമ്മയും നെഹ്രുവും പ്രണയത്തിലായിരുന്നു, പക്ഷെ അവര്‍ തമ്മില്‍ ശാരീരികബന്ധമുണ്ടായിരുന്നില്ല”: എഡ്വിന മൗണ്ട്ബാറ്റന്റെ മകള്‍

എഡ്വിനയും നെഹ്രുവും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ശാരീരിക ബന്ധം പുലര്‍ത്താന്‍ അവസരം ലഭിക്കാത്ത വിധമായിരുന്നു ഇരുവരുടെയും ജീവിതം മുന്നോട്ട് പോയിരുന്നത്.

                       

തന്റെ അമ്മയും ഇന്ത്യയുടെ അവസാനത്തെ വൈസ്രോയ് ലൂയി മൗണ്ട്ബാറ്റന്റെ ഭാര്യയുമായിരുന്ന എഡ്വിന മൗണ്ട് ബാറ്റനും, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും പ്രണയത്തിലായിരുന്നുവെന്ന് മൗണ്ട്ബാറ്റന്റേയും എഡ്വിനയുടേയും മകള്‍ പമീല. എന്നാല്‍ അവര്‍ ശാരീരികബന്ധം പുലര്‍ത്തിയിട്ടില്ലെന്നും അതിന് കഴിയും വിധം അവര്‍ രണ്ട് പേരും മാത്രമായുള്ള അവസരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പമീല മൗണ്ട്ബാറ്റന്‍ പറയുന്നു. ഈ ബന്ധത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ പമീല ശ്രമിച്ചിരുന്നു. നെഹ്രു അമ്മയ്ക്കയച്ച കത്തുകളില്‍ നിന്നാണ് അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം പമീലയ്ക്ക് ബോദ്ധ്യപ്പെട്ടത്. അവര്‍ക്ക് ചുറ്റും എപ്പോഴും സ്റ്റാഫും ഉദ്യോഗസ്ഥരും ജനങ്ങളുമെല്ലാം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞിട്ടില്ല – Daughter of Empire: Life as a Mountbatten എന്ന പുസ്തകത്തില്‍ പമീല പറയുന്നു. 2012ല്‍ യുകെയില്‍ പുറത്തിറങ്ങിയ പുസ്തകം ഇപ്പോളാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്.

എഡ്വിനയും നെഹ്രുവും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. മൗണ്ട് ബാറ്റനൊപ്പം ആദ്യമായി ഇന്ത്യയിലെത്തുമ്പോള്‍ പമീലയ്ക്ക് 17 വയസാണ്. അമ്മയും നെഹ്രുവും തമ്മില്‍ തീവ്രമായ ബന്ധം രൂപപ്പെടുന്നതിന് പമീല സാക്ഷിയാണ്. പെരുമാറ്റത്തിലും ബൗദ്ധികതലത്തിലും നെഹ്രുവിന്റെ വ്യക്തിത്വം എഡ്വിനയെ വളരെയധികം ആകര്‍ഷിച്ചിരുന്നു. മൗണ്ട് ബാറ്റന്റെ എഡിസി (എയ്ഡ് ഡി ക്യാമ്പ് – പേഴ്‌സണല്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ സെക്രട്ടറി) ആയിരുന്ന ഫ്രെഡ്ഡി ബേണാബി അറ്റ്കിന്‍സും പമീലയോട് ഇക്കാര്യം പറഞ്ഞിരുന്നു. ശാരീരിക ബന്ധം പുലര്‍ത്താന്‍ അവസരം ലഭിക്കാത്ത വിധമായിരുന്നു ഇരുവരുടെയും ജീവിതം മുന്നോട്ട് പോയിരുന്നത്. ഇന്ത്യ വിട്ടുപോകുമ്പോള്‍ തന്റെ രത്‌നം മോതിരം നെഹ്രുവിന് കൊടുക്കാന്‍ എഡ്വിന ആഗ്രഹിച്ചിരുന്നു. എന്നാല്‍ നെഹ്രു അത് സ്വീകരിക്കില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ട് പമീല ആ മോതിരം നെഹ്രുവിന്റെ മകള്‍ ഇന്ദിരക്ക് കൊടുത്തു. നെഹ്രുവിന് എന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ മോതിരം വിറ്റ് പണം കണ്ടെത്തണമെന്ന് ഇന്ദിരയോട് എഡ്വിന ആവശ്യപ്പെട്ടു. പണം മറ്റുള്ളവര്‍ക്ക് വേണ്ടി ചിലവഴിക്കുന്നതില്‍ നെഹ്രു ധാരാളിത്തം കാണിച്ചിരുന്നതായി എഡ്വിന കരുതിയിരുന്നു.

മൗണ്ട് ബാറ്റനും കുടുംബത്തിനുമുള്ള യാത്ര അയപ്പ് യോഗത്തില്‍ നെഹ്രു എഡ്വിനയോട് ഇങ്ങനെ പറഞ്ഞു. “നിങ്ങള്‍ എവിടെ പോയാലും നിങ്ങള്‍ തന്ന ആശ്വാസവും സാന്ത്വനവും പ്രതീക്ഷയും പ്രോത്സാഹനവുമെല്ലാം നിലനില്‍ക്കും. നിങ്ങളെ ഇന്ത്യക്കാര്‍ സ്‌നേഹിക്കുന്നതിലും അവരിലൊരാളായി കാണുന്നതിലും നിങ്ങള്‍ ഇവിടെ നിന്ന് പോകുന്നതില്‍ അവര്‍ക്ക് വിഷമം തോന്നുന്നതിലും അദ്ഭുതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.”

വായനയ്ക്ക്: https://goo.gl/rLh4CU

Share on

മറ്റുവാര്‍ത്തകള്‍