UPDATES

വിദേശം

“കത്തുകളിലൂടെ ഞങ്ങള്‍ സ്‌നേഹത്തിലായി” കിം ജോങ് ഉന്നിനെ പറ്റി ഡൊണാള്‍ഡ് ട്രംപ്‌

കിം ജോങ് ഉന്‍ മനോഹരമായ കത്തുകളെഴുതിയിരുന്നു. മഹത്തായ കത്തുകളാണ് അവ – ട്രംപ് അഭിപ്രായപ്പെട്ടു.

                       

കത്തുകളിലൂടെ താനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സ്‌നേഹത്തിലായിരിക്കുകയാണ് എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വെസ്റ്റ് വിര്‍ജിനിയയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു ട്രംപ്. കിം ജോങ് ഉന്‍ മനോഹരമായ കത്തുകളെഴുതിയിരുന്നു. മഹത്തായ കത്തുകളാണ് അവ – ട്രംപ് അഭിപ്രായപ്പെട്ടു. യുഎസും ഐക്യരാഷ്ട്ര സംഘടനയുമെല്ലാം ആണവഭീകരത കാണിക്കുന്ന രാഷ്ട്രമായി മാറ്റിനിര്‍ത്തിയിരുന്ന ഉത്തരകൊറിയയുടെ പരുക്കനായ നേതാവിനെക്കുറിച്ചാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. ദക്ഷിണകൊറിയയുമായി ചരിത്രപരമായ സമാധാന ചര്‍ച്ചകളും ട്രംപുമായി നടത്തിയ ചര്‍ച്ചയും ആണവായുധ പരീക്ഷണങ്ങള്‍ നിര്‍ത്താനുള്ള സന്നദ്ധതയുമെല്ലാം അറിയിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന പ്രതിച്ഛായ കിം മാറ്റിയെടുത്തിരുന്നു.

കിം ജോങ് ഉന്നുമായുള്ള രണ്ടാമത്തെ ചര്‍ച്ച ഉടന്‍ നടത്താനാകുമെന്ന പ്രതീക്ഷയാണ് കത്ത് നല്‍കുന്നതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎന്‍ ജനറല്‍ അസംബ്ലിയിലെ ആദ്യ പ്രസംഗത്തില്‍ കിം ജോങ് ഉന്നിനെ റോക്കറ്റ് മാന്‍ എന്നും ഭ്രാന്തന്‍ എന്നും വിളിച്ചാണ് ട്രംപ് കടന്നാക്രമിച്ചത്. ഉത്തരകൊറിയയെ മൊത്തമായി നശിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇരുവരും പരസ്പരം പട്ടി, നായ തുടങ്ങിയ വിശേഷങ്ങളിലൂടെ ആക്രമിച്ചിരുന്നു. അതേസമയം ഇരു നേതാക്കളും പിന്നീട് ചര്‍ച്ചയ്ക്ക് തയ്യാറാവുകയും ഉത്തരകൊറിയന്‍, അമേരിക്കന്‍ ഭരണത്തലവന്മാര്‍ തമ്മിലുള്ള ആദ്യ ചര്‍ച്ചയായി സിംഗപ്പൂരില്‍ ജൂണില്‍ സംഘടിപ്പിച്ച ചര്‍ച്ച മാറുകയും ചെയ്തു. മിസൈല്‍ പദ്ധതികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരകൊറിയ തയ്യാറായി. എന്നാല്‍ പിന്നീട് ചര്‍ച്ചയുടെ തുടര്‍ച്ച അനിശ്ചിതാവസ്ഥയിലാവുകയും ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍