December 10, 2024 |

ട്രംപിന്റെ കുടിയേറ്റ ഉത്തരവിനെതിരെ പ്രതിഷേധവുമായി 12 നോബല്‍ ജേതാക്കളും ഗവേഷകരും

പ്രചാരണ കാലത്ത് വാഗ്ദാനം ചെയ്തതരത്തിലുള്ള കര്‍ശനമായ വംശീയ, മതാടിസ്ഥാനത്തിലുള്ള അടയാളപ്പെടുത്തലിലേക്കുള്ള ഒരു വലിയ പടിയാണ് ഈ ഉത്തരവെന്ന് അക്കാദമിക സമൂഹം

സൂസന്‍ സ്വെര്‍ലുഗാ

ഇസ്ലാമിക തീവ്രവാദികളെ തടയാനെന്ന പേരില്‍ വെള്ളിയാഴ്ച്ച അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ട കുടിയേറ്റക്കാര്‍ക്കെതിരായ ‘കടുത്ത പരിശോധന’യെ അപലപിക്കുന്ന ഒരു ഹര്‍ജിയില്‍ ആയിരക്കണക്കിന് ഗവേഷകരും ബുദ്ധിജീവികളും ഒപ്പിട്ടു.

ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യു.എസില്‍ കടക്കുന്നതിന് 30 ദിവസത്തെ വിലക്ക് ഉത്തരവിലൂടെ ഏര്‍പ്പെടുത്തിയിരിക്കുന്നു. യു.എസ് അഭയാര്‍ത്ഥി പ്രവേശന പരിപാടി 120 ദിവസത്തേക്കു താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.

“തീവ്രവാദ ഇസ്ളാമിക ഭീകരവാദികളെ യു.എസിന് പുറത്തു നിര്‍ത്താന്‍ ഞാന്‍ കടുത്ത പരിശോധന നടപടികള്‍ നടപ്പാക്കുകയാണ്,” ഒപ്പുവെച്ചപ്പോള്‍ ട്രംപ് പറഞ്ഞു. “നമുക്കവരെ ഇവിടെ വേണ്ട. വിദേശത്തു നമ്മുടെ സൈനികര്‍ നേരിടുന്ന അതേ ഭീഷണികളെ നമ്മുടെ രാജ്യത്തേക്ക് നാം പ്രവേശിപ്പിക്കുന്നില്ലെന്ന് നമ്മള്‍ ഉറപ്പുവരുത്തണം.” ദ്രോഹം ചെയ്യാന്‍ വരുന്നവരെ ഒഴിവാക്കുന്നതിനുള്ള യു.എസിന്റെ ഒരു കടുത്ത സൂചനയായി ഇതിനെ കണ്ടു സ്വാഗതം ചെയ്യുന്നവരുമുണ്ട്.

പക്ഷേ രാജ്യത്തെ കലാലയങ്ങളില്‍ എല്ലാം ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പ്രകടനം നടന്നു.

വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ, 11 നോബല്‍ ജേതാക്കളും ആയിരക്കണക്കിന് ഗവേഷകരും ബുദ്ധിജീവികളും ഹര്‍ജിയില്‍ ഒപ്പിട്ടു. ശനിയാഴ്ച്ച ഒരു നോബല്‍ ജേതാവ് കൂടി പട്ടികയില്‍ ഒപ്പുവച്ചിട്ടുണ്ട്.

മിനിറ്റില്‍ പത്തോളം ഇ-മെയില്‍ വെച്ചാണ് അവര്‍ക്ക് കിട്ടുന്നത്. ഒപ്പുകള്‍ ചേര്‍ക്കാന്‍ ഇരുപതോളം സന്നദ്ധ സേവകരുമുണ്ട്.

സ്വതന്ത്ര വിവര വിനിമയത്തെയാണ് ഇത് ആദ്യം ബാധിക്കുകയെന്ന് മസാച്ചുസെറ്റ്സ് സര്‍വകലാശാലയിലെ എമെറി ബെര്‍ഗര്‍ പറയുന്നു. പക്ഷേ അത് മാത്രമല്ല. വിദേശത്തു നിന്നുള്ള ഗവേഷകരും വിദ്യാഭ്യാസ വിദഗ്ദ്ധരും യു.എസിലെ സമ്മേളനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആലോചിക്കുന്നുവെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. “ഇത് വലിയ ആശങ്കയുണ്ടാക്കുന്നു.”

തങ്ങളുടെ നാട്ടിലേക്കു മടങ്ങിയാല്‍ പിന്നെ യു.എസ് സര്‍വകലാശാലയിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും ഭീതിയിലാണ്.

“ഇത് മിടുക്കരായ വിദ്യാര്‍ത്ഥികളെ കാനഡയിലേക്കും മറ്റിടങ്ങളിലേക്കും പോകാന്‍ പ്രേരിപ്പിക്കുമെന്ന് എനിക്കുറപ്പാണ്.” അടുത്ത അധ്യയന വര്‍ഷത്തില്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ യു.എസ് സര്‍വകലാശാലകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ഇറാന്‍കാരായ മികച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനം ‘ഇന്നലെ’ നടത്താന്‍ ഒരു ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച്ച പറഞ്ഞെന്ന് ബെര്‍ഗര്‍ പറഞ്ഞു.

ഇത്തരവിനോടു പ്രതികരിക്കാന്‍ ട്രംപ് സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

യു.എസിലേക്കുള്ള കുടിയേറ്റത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ട്രംപ് ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു. പ്രത്യേകിച്ചും ഡിസംബറില്‍ കാലിഫോര്‍ണിയയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം. നവംബറില്‍ ഓഹിയോ സര്‍വകലാശാലയില്‍ നടന്ന ആക്രമണത്തിന് ശേഷം ട്രംപിന്റെ ട്വീറ്റ് “ഐ എസ് ഐ എസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു,” എന്നും ഒരു സ്കൂള്‍ കെട്ടിടത്തിന് പുറത്തുള്ള ആള്‍ക്കൂട്ടത്തിലേക്ക് വണ്ടി ഓടിച്ചുകയറ്റി ആളുകളെ കത്തികൊണ്ട് ആക്രമിച്ച അബ്ദുള്‍ റസാക് അലി അര്‍ത്താന്‍ “നമ്മുടെ രാജ്യത്തേക്ക് അനുവദിക്കാന്‍ പാടില്ലാത്ത ഒരു സൊമാലി അഭയാര്‍ത്ഥിയാണ്” എന്നുമായിരുന്നു.

ട്രംപിന്റെ ഇത്തരവിനെതിരായ പരാതിയില്‍ ഒരു ഭാഗം ഇങ്ങനെയാണ്:
“ഈ ഭരണ ഉത്തരവ് വിവേചനപരമാണ്. വലിയൊരു വിഭാഗം കുടിയേറ്റക്കാരെയും കുടിയേറ്റക്കാരല്ലാത്തവരെയും അവരുടെ ജന്മദേശത്തിന്റെ പേരില്‍, അവയെല്ലാം മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യങ്ങളുമാണ്, അന്യായമായി ലക്ഷ്യം വെക്കുന്ന ഉത്തരവാണിത്. പ്രചാരണ കാലത്ത് വാഗ്ദാനം ചെയ്തതരത്തിലുള്ള കര്‍ശനമായ വംശീയ, മതാടിസ്ഥാനത്തിലുള്ള അടയാളപ്പെടുത്തലിലേക്കുള്ള ഒരു വലിയ പടിയാണിത്. യു.എസ് ഒരു ജനാധിപത്യ രാജ്യമാണ്. വംശീയ, മതാടിസ്ഥാനത്തിലുള്ള അടയാളപ്പെടുത്തല്‍ നമ്മുടെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും കടകവിരുദ്ധമാണ്.”

 

×