UPDATES

വൈറല്‍

കോപ്പി റൈറ്റ് ലംഘിച്ചു; നഷ്ടപരിഹാരം നാലരക്കോടി രൂപ; ഇനിയെങ്കിലും ചിരിക്കൂ ഗ്രംപി ക്യാറ്റ്..!

എപ്പോഴും ഗൗരവഭാവത്തില്‍ ഇരിക്കുന്നതിന്റെ പേരിലാണ് പൂച്ച സാമൂഹ്യമാധ്യമങ്ങളില്‍ ജനകീയമായത്

                       

ഇന്റര്‍നെറ്റില്‍ താരമായ ഗ്രംപി ക്യാറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പൂച്ചയ്ക്ക് പകര്‍പ്പവകാശ കേസില്‍ 710,000 ഡോളര്‍ (ഏകദേശം നാലര കോടി രൂപ) നഷ്ടപരിഹാരമായി ലഭിക്കും. തര്‍ഡര്‍ സോസ് എന്നാണ് പൂച്ചയുടെ യഥാര്‍ത്ഥ പേര്. എപ്പോഴും ഗൗരവഭാവത്തില്‍ ഇരിക്കുന്നതിന്റെ പേരിലാണ് പൂച്ച സാമൂഹ്യമാധ്യമങ്ങളില്‍ ജനകീയമായത്. പ്രശസ്തി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നിരവധി ടിവി പരിപാടികളിലും ഒരു ക്രിസ്തുമസ് ചിത്രത്തിലും നിരവധി ഉല്‍പന്നങ്ങളുടെ പരസ്യത്തിലും ഗ്രംപി ക്യാറ്റ് പ്രത്യക്ഷപ്പെട്ടു.

ഗ്രംപി ക്യാറ്റിന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കരാര്‍ ലംഘിച്ചതിനാണ് യുഎസിലെ കോഫി കമ്പനിയായ ഗ്രെനാഡെയ്ക്ക് കാലിഫോര്‍ണിയ ഫെഡറല്‍ കോടതി പിഴശിക്ഷ വിധിച്ചത്. ഗ്രംപി ക്യാറ്റിന്റെ പടമുള്ള ‘ഗ്രംപൂച്ചിനോ’ എന്ന കാപ്പി വില്‍ക്കുന്നതിനായി 150,000 ഡോളറിന്റെ കരാറില്‍ 2013ല്‍ ഗ്രെനാഡെ ഉടമകള്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഗ്രംപി ക്യാറ്റിന്റെ പടം ഉപയോഗിച്ച് വറുത്ത കാപ്പിപ്പൊടിയും ഗ്രംപൂച്ചിനോ ടീഷര്‍ട്ടുകളും കമ്പനി വിറ്റതായും ഇത് കരാറിന്റെ നഗ്നമായ ലംഘനമാണെന്നും ഗ്രംപി ക്യാറ്റിന്റെ ഉടമസ്ഥര്‍ വാദിച്ചു.

എന്നാല്‍ സമൂഹ്യമാധ്യമങ്ങളിലൂടെ തങ്ങളുടെ കാപ്പി വില്‍ക്കുന്നതിന് പൂച്ചയുടെ പ്രചാരം സഹായിച്ചില്ല എന്നാണ് ഗ്രെനാഡെ ഉടമകള്‍ വാദിച്ചത്. വില്‍ ഫെറല്‍, ജാക്ക് ബ്ലാക്ക് എന്നിവരോടൊപ്പം ഒരു സിനിമയില്‍ ഗ്രംപി ക്യാറ്റ് പ്രത്യക്ഷപ്പെടുമെന്ന് കരാര്‍ ഒപ്പുവെക്കുമ്പോള്‍ ലഭിച്ച വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി പൂച്ചയ്ക്ക് അനുകൂലമായാണ് വിധി പ്രസ്താവിച്ചത്. വിചാരണ വേളയില്‍ അഞ്ചു വര്‍ഷം പ്രായമുള്ള ഗ്രംപി ക്യാറ്റ് കോടതിയില്‍ എത്തിയിരുന്നെങ്കിലും വിധി കേള്‍ക്കാന്‍ എത്തിയിരുന്നില്ല.

Share on

മറ്റുവാര്‍ത്തകള്‍