Continue reading “നാണംകെട്ട മറവികളുള്ള നാം എന്ന സമൂഹം”

" /> Continue reading “നാണംകെട്ട മറവികളുള്ള നാം എന്ന സമൂഹം”

"> Continue reading “നാണംകെട്ട മറവികളുള്ള നാം എന്ന സമൂഹം”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാണംകെട്ട മറവികളുള്ള നാം എന്ന സമൂഹം

Avatar

                       

ടീം അഴിമുഖം

ഒരിടത്ത് മത തീവ്രവാദിയും അര്‍ധ സാക്ഷരനുമായ ഒരു യുവാവുണ്ടായിരുന്നു. തന്‍റെ മതത്തിന്‍റെ ആത്മാഭിമാനത്തെ കുറിച്ച് സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്ത് ഉദ്‌ഘോഷിച്ച അയാള്‍, മദ്യം, മയക്കുമരുന്ന്, പുകയില തുടങ്ങിയ ദുഃശീലങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങളെ ആഖ്യാനം ചെയ്തു. ചെറുപ്പകാലത്ത് അയാളോടൊപ്പം ഉണ്ടായിരുന്ന ഒരു ചെറു കൂട്ടം ആളുകള്‍, പിന്നീട് ഒരു സായുധസംഘമായി മാറി. അവരെ എതിര്‍ത്ത എല്ലാവരും ആക്രമിക്കപ്പെട്ടു. ചില ആളുകള്‍ വധിക്കപ്പെട്ടു. അയാളുടെ മതത്തില്‍പ്പെട്ട മറ്റാളുകള്‍ക്ക് ലഭിക്കാത്ത ജനകീയത അയാള്‍ക്ക് ലഭിച്ചതുകൊണ്ട് ഭരണകൂടം അയാളുടെ പിന്നാലെ പോകാനോ അയാളുടെ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനോ തുനിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ മിക്ക നേതാക്കളും അയാളുമായി ബന്ധം സ്ഥാപിക്കുകയും അന്ന് ഏറ്റവും ജനപ്രിയമായിരുന്ന രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ എതിരാളികളെ നേരിടാന്‍ അയാളെ ഉപയോഗിക്കുകയും ചെയ്തു. 

ഈ കഥ നിങ്ങള്‍ക്ക് എവിടെയോ കേട്ടതായി തോന്നുന്നുണ്ടോ? കേരളത്തിലുള്ള ചില ആളുകളുടെ കഥയുമായി ഇതിനെന്തെങ്കിലും സാമാനത തോന്നുന്നുണ്ടോ? ഇത് സമാനവും വളരെ പരിചിതവുമായി ഏതെങ്കിലും വായനക്കാരന് തോന്നുന്നുണ്ടെങ്കില്‍ അത് വെറും യാദൃശ്ചികം മാത്രമാണ്. എന്നാല്‍ ഞങ്ങള്‍ സംസാരിക്കുന്നത്, 1970 കളുടെ അവസാനവും 80 കളിലും പഞ്ചാബിനെ ഒരു കലാപ ബാധിത സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിച്ച സിഖ് തീവ്രവാദത്തിന്റെ മുഖ്യ വക്താവായ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയെ കുറിച്ചാണ്. മുഖ്യധാര സിഖ് നേതാക്കള്‍ മാത്രമല്ല അന്ന് അധികാരത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും, പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും അയാള്‍ക്ക് സര്‍വ ഒത്താശകളും ചെയ്തു കൊടുക്കുകയായിരുന്നു.

അമൃതസറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നിന്നും സിഖ് ഭീകരരെ തുടച്ച് നീക്കുന്നതിനായി ഇന്ത്യന്‍ കരസേനയുടെ നേതൃത്വത്തില്‍ നടന്ന ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍റെമുപ്പതാം വാര്‍ഷികമാണിന്ന്. 1984 ജൂണ്‍ 6ന് ഇന്ത്യന്‍ സേന ഹര്‍മിന്ദര്‍ സാഹിബ് മന്ദിരത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും ഭിന്ദ്രന്‍വാലയെ വധിക്കുകയും സിഖ് സമൂഹത്തെ അപമാനിക്കുകയും ഇന്ദിര ഗാന്ധിയുടെ വധത്തിന് വിത്ത് പാകുകയും,എല്ലാറ്റിനുമുപരി തുശ്ചമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി മതത്തെ രാഷ്ട്രീയ നേതാക്കള്‍ ചൂഷണം ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന വലിയ അപകടങ്ങളെ കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മാത്രമല്ല, മതത്തിന്‍റെ പേരില്‍ ജനങ്ങളുടെ കൈവെട്ടുകയും ശത്രുക്കളെ കൊല്ലുകയും ചെയ്യുന്ന ക്രിമിനലുകളെ നീതീകരിക്കുന്നതിന് നമ്മള്‍ നല്‍കേണ്ട വിലയെ കുറിച്ചും അത് നമ്മെ പഠിപ്പിച്ചു. വ്യക്തി പ്രഭാവം മാത്രം ലക്ഷ്യമിടുകയും അതുവഴി തങ്ങള്‍ എത്ര ശുംഭന്മാരാണെന്ന് ലോകത്തിനെ കാണിച്ചു കൊടുക്കുകയും ചെയ്യുന്ന ഇത്തരം മതനേതാക്കള്‍ക്ക് മുന്നില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം തല കുനിക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ വിപത്തുകളെ കുറിച്ചുള്ള ആപല്‍ക്കരമായ പാഠങ്ങളാണ് 1984 ജൂണ്‍ ആറ് നമ്മെ ബോധ്യപ്പെടുത്തിയത്. മൗലികവാദികളായ മതനേതാക്കള്‍ നിയന്ത്രിക്കുന്ന വോട്ട് ബാങ്കുകള്‍ വച്ച് തലതിരിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങള്‍ ഗണിച്ചെടുക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാരായ ജനനേതാക്കള്‍ സൃഷ്ടിക്കുന്ന രോഷാഗ്നിയെക്കുറിച്ചും ആ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആരൊക്കെയാണ് ഈ ഗണത്തില്‍ വരുന്നതെന്നും ആരെയൊക്കെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നതെന്നും നിര്‍ഭാഗ്യവശാല്‍ മലയാളി വായനക്കാരുടെ മുന്നില്‍ ഞങ്ങള്‍ക്ക് വ്യക്തമാക്കേണ്ടി വരുന്നില്ല. 

നമുക്കെല്ലാം അറിയാം. പക്ഷെ നമ്മള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. ഇത്തരം സാമുദായിക നേതാക്കളെ കാണാന്‍ തിരുവനന്തപുരത്ത് നിന്നും എന്തുകൊണ്ട് ഒരു രാഷ്ട്രീയ നേതാവ് മണിക്കൂറുകളോളം സഞ്ചരിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ബുദ്ധി നമുക്കുണ്ടെന്ന് സമ്മതിക്കാന്‍ പോലും നാം തയ്യാറല്ല. കള്ള് ചെത്തരുത്, കുടിക്കരുത് വില്‍ക്കരുത് എന്ന് ഉദ്‌ഘോഷിച്ച ഒരു നേതാവിന്‍റെ പാരമ്പര്യം ഒരു കള്ള് കച്ചവടക്കാരന്‍ അനുഭവിക്കുന്നതിന്‍റെയോ, ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന ഒരാള്‍ നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ഇടയന്‍ ആകുന്നതിന്‍റെയോ,തന്‍റെ പെണ്‍മക്കള്‍ക്ക് ജോലി തരപ്പെടുത്തുന്നതാണ് ഏറ്റവും വലിയ ജീവിത ലക്ഷ്യം എന്ന് കരുതുന്ന ഒരാള്‍ നമ്മുടെ സുവര്‍ണ ചരിത്രത്തിന്‍റെ അവകാശിയാവുന്നതിന്‍റെയോ,16 വയസില്‍ തന്നെ പെണ്‍കുട്ടികളെ കെട്ടിച്ചു വിടണം എന്ന് ഉദ്ഘോഷിക്കുന്ന ആളുകള്‍ നമ്മുടെ ആത്മീയ ആചാര്യന്മാര്‍ ആകുന്നതിന്‍റെയോ യുക്തിയെ കുറിച്ച് ആലോചിക്കാന്‍ പോലും നമ്മള്‍ തയ്യാറാവുന്നില്ല. 

സിഖ് മതത്തിന്‍റെ ആസ്ഥാനമായ സുവര്‍ണ ക്ഷേത്രത്തില്‍ കരസേന ആക്രമിക്കുമ്പോള്‍ ഇന്ത്യയുടെ മറ്റൊരു മുഖമാണ് വെളിവായത്. മതവികാരങ്ങളെ ഗൌനിക്കാന്‍ തയ്യാറാകാത്ത ശക്തമായ ഒരു സൈന്യത്തോട് കൂടിയ ദാര്‍ഷ്ട്യമുള്ള ഒരു രാജ്യമാണ് നമ്മുടേതെന്ന്. ഭീകരരില്‍ നിന്നും സുവര്‍ണ ക്ഷേത്രത്തെ മുക്തമാക്കുന്നതിനായി ടാങ്കുകള്‍, പ്രഹരശേഷി കൂടിയ തോക്കുകള്‍, സായുധ സേനയുടെ ഇടപെടല്‍ തുടങ്ങിയ സൈനിക തന്ത്രങ്ങള്‍ സൈന്യം പയറ്റിയിട്ടുണ്ട്. ഇതുവഴി നിരവധി നിരപരാധികള്‍ കൊല്ലപ്പെടുകയും സിഖ് മതത്തിന്‍റെ ഏറ്റവും ആരാധ്യമായ ആസ്ഥാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ കാര്യങ്ങള്‍ കുറെയൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. എന്നാല്‍ ഇപ്പോഴും കാശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മധ്യ ഇന്ത്യയിലെ ആദിവാസി മേഖലകളിലും നമ്മുടെ സുരക്ഷാസേന നിഷ്‌കളങ്കരെ കൊന്നൊടുക്കുന്നു എന്നതും ഭരണഘടനാപരമായ ബാധ്യതകള്‍ ലംഘിക്കുന്നു എന്നതും മതസ്ഥാപനങ്ങള്‍ കൈയേറുന്നു എന്നതും ആശങ്കയ്ക്ക് വക നല്‍കുന്നു. 

ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍ നടന്നു മാസങ്ങള്‍ക്കുള്ളില്‍, 1984 ഒക്ടോബര്‍ 31ന്, ഇന്ദിര ഗാന്ധി ഡല്‍ഹിയില്‍ വച്ച് അവരുടെ തന്നെ സുരക്ഷ ഉദ്യോഗസ്ഥരാല്‍ വധിക്കപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും വലിയ ഒരു സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. രക്തരൂക്ഷിതമായിരുന്നു അതിന്‍റെ ബാക്കി പത്രം. ചിലര്‍ ആ രക്തത്തിന് മേല്‍ ആനന്ദ നൃത്തം ചവിട്ടി. എന്നാല്‍ ചില കൂലി പടയാളികള്‍ ഒഴികെ ആരും ആ നരഹത്യയുടെ പേരില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. സിഖ് വിരുദ്ധ കലാപത്തിന്റെ ബുദ്ധികേന്ദ്രങ്ങളായിരുന്ന പലരും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കന്മാരായിരുന്നു എന്നത് ഇപ്പോള്‍ വ്യക്തമായിട്ടുണ്ടെങ്കിലും.

രാഷ്ട്രീയ നേതാക്കളുടെ തത്വദീക്ഷയില്ലാത്ത യുക്തികളുടെയും വികാരങ്ങളുടെയും പിന്‍ബലത്തില്‍, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള കലാപങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിലെ പകര്‍ച്ചവ്യാധിയായി തുടരുന്നു. 2002 ല്‍ ഗുജറാത്തിലും സമീപ കാലത്ത് ഉത്തര്‍പ്രദേശിലും നടന്ന കലാപങ്ങള്‍ ഇതിന് പ്രത്യക്ഷ ഉദാഹരണങ്ങളാണ്. ഇതിന്‍റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നില്ല. യഥാര്‍ത്ഥത്തില്‍ അവരൊക്കെയാണ് ഇപ്പോള്‍ പ്രധാനപ്പെട്ട ഭരണഘടന പദവികള്‍ വഹിക്കുന്നത്.

ജാതി, മത, ഭാഷാ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യ എന്ന സങ്കല്‍പത്തെ നിര്‍വചിക്കുന്ന തരത്തിലുള്ള ഒരു മാതൃക ഇപ്പോഴും നമ്മള്‍ സൃഷ്ടിച്ചിട്ടില്ല എന്നാണ് 1984 ജൂണിലെആ ആഴ്ച്ച നമ്മെ പഠിപ്പിക്കുന്നത്. അത് എന്തെങ്കിലും നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കില്‍! നൂറു കണക്കിന് ആളുകള്‍ അതിന് വേണ്ടി മരിച്ചുകൊണ്ടിരിക്കുമ്പോഴും ആ സങ്കല്‍പ്പത്തിന് ഇപ്പൊഴും പൂര്‍ണ്ണത വന്നിട്ടില്ല. ഇന്ന് നമ്മള്‍, ദീര്‍ഘകാലത്തെ ചരിത്രവും ലജ്ജാകരമായ മറവികളും മാത്രമുള്ള ഒരു സമൂഹമാണ്, അത് മാത്രം. 

Share on

മറ്റുവാര്‍ത്തകള്‍