June 14, 2025 |

സീറോ പ്ലാസ്റ്റിക്: ഇതൊരു സാമൂഹ്യ ഇടപെടലാണ്; കുട്ടികളെ ചൂഷണം ചെയ്യലല്ല

ഇത്തരത്തിലുള്ള അശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആലപ്പുഴ മോഡല്‍ ആശാവഹമായ ഒന്നായി മാറുന്നത്

(കുട്ടികള്‍ വീടുകളില്‍ നിന്ന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുവരികയും പകരമായി പുസ്തകങ്ങള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതി ആലപ്പുഴയില്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അഴിമുഖവും ചര്‍ച്ചയ്ക്കുള്ള വേദിയൊരുക്കുന്നു)

നാടിന് ഗുണകരമാകുന്ന ഒരു കള്‍ച്ചറല്‍ ഡവലപ്‌മെന്റിനെ അനാവശ്യമായി എതിര്‍ക്കപ്പെടുന്ന സാഹചര്യം തികച്ചും നിര്‍ഭാഗ്യകരമാണ്. കുട്ടികളെ കൊണ്ട് തെരുവില്‍ നിന്ന് മാലിന്യം പെറുക്കിയെടുപ്പിക്കലല്ല ഇവിടെ നടക്കുന്നത്. അവരവരുടെ വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്, അതുവഴി ഒരു സന്ദേശം കൂടിയാണ് അവര്‍ പ്രചരിപ്പിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായി ഇല്ലാതാക്കുക നിലവില്‍ അസംഭാവ്യമാണ്. എന്നാല്‍ അതിന്റെ ദുരുപയോഗം കുറയ്ക്കാം. അതിനായുള്ള പ്രവര്‍ത്തനത്തില്‍ കുട്ടികളെ ഭാഗമാക്കുമ്പോള്‍, അതവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കലാണെന്ന് വ്യാഖ്യാനിക്കാന്‍ കഴിയുന്നതെങ്ങനെയാണ്? വിദ്യാലയങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നുള്ള വിജ്ഞാനം പകര്‍ന്നു നല്‍കാനുള്ള ഇടമായി മാത്രം കാണരുത്. വിദ്യാര്‍ത്ഥികളെ എങ്ങനെ ഒരു സാമൂഹ്യജീവിയാക്കി മാറ്റാം എന്ന പരിശീലനം നല്‍കുന്ന ഇടം കൂടിയാകണമത്. തങ്ങള്‍ വളരുന്ന ചുറ്റുപാടുകളില്‍ ഇടപെടാനും കുട്ടികളെ സജ്ജരാക്കണം. അതിനുള്ള സഹാചര്യമാണ് ആലപ്പുഴയില്‍ തോമസ് ഐസക് എം എല്‍ എ യുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്ന ‘പ്ലാസ്റ്റിക് തരൂ, പുസ്തകം തരാം’ പദ്ധതിയെ കാണേണ്ടത്.

ഈ പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ പ്രധാനമായി ഉയര്‍ത്തുന്ന വാദം, പ്ലാസ്റ്റിക്കിലൂടെ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. പ്ലാസ്റ്റിക്കില്‍ നിന്ന് വമിക്കുന്ന തലേറ്റുകള്‍ കുട്ടികളെ ബാധിക്കുമെന്നാണ് ഒരു വിമര്‍ശനം. നമ്മുടെ വീടുകളില്‍ പ്രധാനമായും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, കുട്ടികളുടെ വാട്ടര്‍ ബോട്ടിലുകള്‍, ഓയില്‍ ബോട്ടിലുകള്‍, കോള- മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ എന്നിവയാണ്. ഭക്ഷണോപാധികളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഈ പ്ലാസ്റ്റിക്കുകള്‍. ഇവയ്ക്ക് ഫുഡ് ഗ്രേഡ് പ്ലാസ്റ്റികിന് നിര്‍ദ്ദേശിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഉണ്ട്. തങ്ങളുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് കുട്ടികള്‍ നിര്‍മാര്‍ജ്ജനം ചെയ്യാനായി കൊണ്ടുവരുന്നത്. ഇവ കുട്ടികള്‍ തൊട്ടതുകൊണ്ട് ദോഷം വരുന്നില്ല. ഈ കുപ്പികളില്‍ വരുന്ന ആഹാരപദാര്‍ത്ഥങ്ങളാണ് അവര്‍ കഴിക്കുന്നതെന്നു മറക്കരുത്.

എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളിലും തലേറ്റുകളും നൂറുകണക്കിന് മറ്റു കെമിക്കലുകളുമുണ്ട്. ഇവ ചെറിയ ചൂടിലും സൂര്യപ്രകാശത്തിലുമെല്ലാം വിഘടിച്ച് ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കലരാനും സാധ്യത നിലനില്‍ക്കുന്നു. അത്തരമൊരു ഭീഷണി നിലനില്‍ക്കുമ്പോള്‍, കുട്ടികള്‍ അവ നിര്‍മാര്‍ജ്ജനം ചെയ്യാനായി ശേഖരിക്കുമ്പോള്‍ മാത്രം ആപത്തെന്നു പറഞ്ഞ് ശബ്ദമുയര്‍ത്തുന്നതിലെന്ത് കാര്യം?

മറ്റൊരു വിമര്‍ശനം കുട്ടികളെ ചൂഷണം ചെയ്യുന്നുവെന്നാണ്. ഏതെങ്കിലും മാതാപിതാക്കള്‍ സ്വന്തം കുട്ടികളെ മറ്റുള്ളവരുടെ ചൂഷണത്തിന് വിട്ടുകൊടുക്കുമോ? സ്വന്തം കുട്ടികള്‍ മുന്നിട്ടിറങ്ങിയ ഒരു പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത് എന്നതിനുള്ള തെളിവാണ് ഈ പദ്ധതയില്‍ ഉണ്ടാകുന്ന പങ്കാളിത്തം സൂചിപ്പിക്കുന്നത്. കുടുംബങ്ങളില്‍ നടക്കുന്ന പ്രവൃത്തികളില്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുന്ന പാരമ്പര്യം നമ്മുടെ നാടിന് ഉണ്ടെന്ന കാര്യവും മറക്കരുത്. വിദ്യാലയങ്ങളും അതിന് പിന്തുണ നല്‍കുകയാണ്. ശുചിത്വ പാഠങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂട്ടുകയേയുള്ളൂ.

ആലപ്പുഴയില്‍ നടക്കുന്നത് ഒരു കമ്പയിന്‍ ആക്ടിവിസം ആണ്. ഓരോ ചെറിയ ചെറിയ പ്രൊജക്ടുകള്‍ ചേര്‍ത്തുവച്ചാണ് അവരൊരു ശുചിത്വ നഗരം പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ഈ മോഡല്‍ എല്ലാ ജില്ലകളിലും പ്രാവര്‍ത്തികമാകണമെന്നുമില്ല. തീരദേശത്തിന്റെ സാഹചര്യമാകില്ല മലയോരമേഖലയില്‍, ആലപ്പുഴയില്‍ നടപ്പിലാക്കുന്നത് ഇടുക്കിയില്‍ വിജയിക്കാന്‍ സാധ്യതയില്ല. ഓരോ പ്രദേശത്തിനും അതിന്റെതായൊരു സോഷ്യല്‍ കള്‍ച്ചര്‍ ഉണ്ട്. അതനുസരിച്ച് ഓരോരുത്തര്‍ക്കും യോജിച്ച വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതികളാണ് വേണ്ടത്. ശാസ്ത്രീയത ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. എവിടെയെങ്കിലും കണ്ട രീതി അനുവര്‍ത്തിച്ച് പ്രശ്‌നങ്ങള്‍ മൂടിവയ്ക്കാനുളള ശ്രമമാണ് പലയിടത്തും കണ്ടുവരുന്നത്. വ്രണം വെള്ളത്തുണിയാല്‍ മൂടിവയ്ക്കുന്നതുപോലെ. മാലിന്യം വലിയൊരു സാമൂഹിക വ്രണമാണ്. അതിനെ മൂടിവയ്ക്കുകയല്ല, കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. അതിനാദ്യം ശാസ്ത്രീയതില്‍ ഊന്നിയ സോഷ്യല്‍ സിസ്റ്റം ഉണ്ടാക്കിയെടുക്കണം. ആലപ്പുഴയില്‍ നടക്കുന്നത് അത്തരത്തിലൊന്നാണ്. അതിലവരൊരു ആര്‍ട്ട് എലമെന്റ് കൂടി കൊണ്ടുവന്നു, പദ്ധതിക്ക് പുതിയൊരു മുഖം നല്‍കി. ബിനാലെ കലാകാരന്‍മാര്‍ അവിടെ ചെന്ന് മാലിന്യക്കൂമ്പാരത്തെ ഒരു ആര്‍ട്ടാക്കി മാറ്റിയതൊക്കെ പുതിയൊരു അനുഭവമാണ്. അതിലും പ്രശംസനീയമാണ് മാലിന്യം ശേഖരിച്ചു കൊണ്ടുവരുന്ന കുട്ടികള്‍ക്ക് നല്‍കുന്ന പുസ്തക കൂപ്പണ്‍. ഇതുവഴി വായനാശീലത്തിന്റെതായ ഒരു സംസ്‌കാരം കൂടിയാണ് വളര്‍ത്തുന്നത്.വിദേശരാജ്യങ്ങളിലെ മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തി ഈ പദ്ധതിയെ വിമര്‍ശിക്കുന്നതിന് ഒരു താത്വിക അടിത്തറയുണ്ടെന്നു കരുതുന്നില്ല. നമ്മുടെ സമൂഹത്തില്‍ ത്വരിതഗതിയില്‍ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ഡവലപ്പ്‌മെന്റ് ആക്ടിവിറ്റി മാത്രം നോക്കിയാല്‍ മതി. ഈ സാമൂഹിക മാറ്റത്തിന് ഉതകുന്ന തരത്തില്‍ നമ്മള്‍ മുന്നോട്ടുവയ്ക്കുന്ന പാഠങ്ങളും സ്വാഭാവികമായി വ്യത്യാസപ്പെട്ടിരിക്കും; അത്തരത്തിലാണ് ആലപ്പുഴയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കാണേണ്ടത്.

ചെറുത് എത്ര സുന്ദരം! എന്ന വാചകം ആലപ്പുഴയെ സംബന്ധിച്ച് വളരെ അനുയോജ്യമാണ്. മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രീയ രീതികള്‍ അനുവര്‍ത്തിച്ച്, അതിനെ പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ഗ്രാസ് റൂട്ട് ലെവലില്‍ പരിശീലനം നല്‍കുകയാണ്. സമൂഹത്തിനാണ് ഈ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വമെന്നതു തന്നെയാണ് പദ്ധതികളുടെ വിജയത്തിന് പ്രധാനകാരണവും. ആലപ്പുഴപോലെ ഒരു കോസറ്റല്‍ ബെല്‍റ്റിലുള്ള വ്യത്യസ്ത വിഭാഗത്തിലുള്ള ജനങ്ങളെ ഈ പദ്ധതികളിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെപ്പോലും ഒപ്പം കൂട്ടാന്‍ കഴിഞ്ഞു. ഏതൊരു ജനകീയ പദ്ധതിയും വിജയിക്കുന്നത് അതില്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോഴാണ്, അതിനവരെ അനുവദിക്കുകയാണ് വേണ്ടത്. ഒരു സൂപ്പര്‍ മെക്കാനിസം ആലുപ്പഴയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നില്ല. പൂര്‍ണ നിയന്ത്രണം ജനങ്ങള്‍ക്ക് തന്നെയാണ്.

ഫ്രാഗ്‌മെന്റ് ലാന്‍ഡാണ് നമ്മുടെത്. അതില്‍ തന്നെ വാസഭൂമിയും കൃഷിയിടങ്ങളും ഉള്‍പ്പെടുന്നു. മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ആവശ്യമായ സ്ഥലങ്ങള്‍ നമുക്കില്ലെന്നു തന്നെയാണ് പറഞ്ഞുവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ വിശാലമായ ഡമ്പിംഗ് യാര്‍ഡുകള്‍ നമുക്കില്ല. അതുകൊണ്ട് തന്നെ ഇവിടുത്തെ മാലിന്യ നിര്‍മാര്‍ജ്ജനം പലപ്പോഴും കൃത്യമായ ഫലം കാണുന്നില്ല. സര്‍ഫസ് വാട്ടറാണ് നമ്മള്‍ കൂടതലും ഉപയോഗിക്കുന്നത്. തെറ്റായ മാലിന്യ നിര്‍മാര്‍ജനം ജലസംവിധാനങ്ങള്‍ മലിനമാക്കാനുള്ള സാധ്യകള്‍ കൂടുതലാക്കുന്നുണ്ട്. അശാസ്ത്രീയമായ വേസ്റ്റ് മാനജ്‌മെന്റ് സംവിധാനത്തില്‍ ലീക്കേജ് ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്. ഈ മാലിന്യങ്ങളാണ് കുടിവെള്ളത്തില്‍ കലരുന്നത്. അന്തരീക്ഷത്തില്‍ മീഥൈയിന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മുതലായ ഹരിതവാതകങ്ങള്‍ കലരാന്‍ കാരണമാകുന്ന തരത്തില്‍ അശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജ്ജനം വേറെയും ദോഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

നമ്മുടെ പല മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും എങ്ങിനെ പരാജയപ്പെടുന്നുവെന്നുകൂടി പരിശോധിക്കണം. തിരുവനന്തപുരത്ത് ഫ്ലാറ്റുകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുകയുണ്ടായി. അവ ഫലവത്താകാതിരുന്നതിന് മൂന്നു കാരണങ്ങളാണ്. ഒന്ന്, ഈ മാലിന്യങ്ങള്‍ വാരാന്‍ ആളെ നിയോഗിച്ചില്ല, ഏതുതരം മാലിന്യങ്ങളാണ് നിക്ഷേപിക്കേണ്ടതെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയില്ല, തങ്ങളല്ല ഈ പദ്ധതി നടപ്പിലാക്കുന്നതെന്നതിനാല്‍ എന്തു മാലിന്യങ്ങളും നിക്ഷേപിക്കാന്‍ ആളുകള്‍ തയ്യാറായി. ഈ കാരണങ്ങള്‍ ഏതു പദ്ധതിയും പരാജയമടയാന്‍ മതിയായതാണ്. നമ്മുടെ നാട്ടിലെ പല മലിന്യ പദ്ധതികളും ശാസ്ത്രീയമായ പഠനം നടത്താതെ ആവിഷ്‌കരിക്കുന്നതാണ്. കേരളത്തില്‍ ഇതിനായുള്ള സ്ഥാപനങ്ങങ്ങള്‍ ഈ വിഷയത്തില്‍ കാര്യഗൗരവമുള്ള ആരെയും ഇടപെടുത്താന്‍ ശ്രമിക്കാറില്ല, ശുചിത്വ മിഷനാണെങ്കിലും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡാണെങ്കിലും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. അതിനകത്തുള്ളവര്‍ വിദഗ്ധരെന്ന് സ്വയം കൊണ്ടാടപ്പെടുകയും അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തിലുള്ള അശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ആലപ്പുഴ മോഡല്‍ ആശാവഹമായ ഒന്നായി മാറുന്നത്. ചാരുകസേര വിമര്‍ശകര്‍ ഇതിനെ കണ്ണടച്ച് എതിര്‍ക്കുമ്പോള്‍, നിലവില്‍ നടന്നുവരുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്നാണോ? പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നത് ജനാധിപത്യപരമാണ്. എന്നാല്‍ നിര്‍ബന്ധ ബുദ്ധിയോടെ ഒന്നിനെ എതിര്‍ക്കാനായി ഇറങ്ങി പുറപ്പെടുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. കുട്ടികളെക്കൊണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കിപ്പിക്കുന്നത് ശരിയോ തെറ്റോ എന്ന ചര്‍ച്ചയ്ക്ക് കനം വച്ചുവരുമ്പോള്‍ പ്രശ്‌നത്തില്‍ ഇടപെടെണ്ട ഒരു കൂട്ടര്‍ ഇന്നാട്ടിലെ സാമൂഹിക ശാസ്ത്രജ്ഞന്‍മാരാണ്. അവരാണ് കൃത്യമായ ഉത്തരം നല്‍കേണ്ടത്. എന്നാല്‍ അവര്‍ക്ക് ഇപ്പോഴും മൗനമാണ്. കേരളത്തിന് പ്രബുദ്ധവും സാംസ്‌കാരികവുമായ ഒരു പൊതുഇടം ഉണ്ടെന്നു പറയുന്നതുപോലും വെറുതെയാണ്. ഉണ്ടായിരുന്നെങ്കില്‍ അന്യരാജ്യങ്ങളിലിരുന്ന് കുറ്റം പറയുന്നവര്‍ക്കു കൂടിയുള്ള ഒരു മറുപടിക്ക് ഇവിടെ കളമൊരുങ്ങുമായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

ഡോ. ഫ്രാന്‍സിസ് സേവ്യര്‍

തൃശൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ പ്രൊഫസര്‍

More Posts

3 responses to “സീറോ പ്ലാസ്റ്റിക്: ഇതൊരു സാമൂഹ്യ ഇടപെടലാണ്; കുട്ടികളെ ചൂഷണം ചെയ്യലല്ല”

  1. Avatar ചന്ദ്രശേഖരന്‍ (കേരളഫാര്‍മര്‍) says:

    ഡോ ഫ്രാന്‍സിസ് സേവ്യര്‍ വളരെ വിശദമായ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നു. അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷി ഭൂമി ആവശ്യത്തിലധികം ഉണ്ടായിരുന്നിട്ടും ജനസംഖ്യ കുറവായിരുന്നിട്ടും ഭക്ഷ്യക്ഷാമം നേരിട്ടിരുന്നു. അതിന് പ്രധാന കാരണം മണ്ണറിഞ്ഞ് കൃഷിചെയ്യുവാനുള്ള മനുഷ്യന്റെ അറിവില്ലായ്മയായിരുന്നു. എന്റെ ചെറുപ്പകാലത്ത് മനുഷ്യ വിസര്‍ജ്യവും ചപ്പു ചവറുകളും ഉപയോഗിച്ച് നിര്‍മ്മിച്ച കമ്പോസ്റ്റും, കടലപ്പിണ്ണാക്കും, ചാണകവും മറ്റും ഉപയോഗിച്ച് നുരികളിലെ ഞറെണ്ണം കുറച്ച് അകലം കൂട്ടി വരിയായി നട്ട് മെച്ചപ്പെട്ട നെല്‍കൃഷി പരിചയപ്പെടുത്തിയ ജാപ്പനീസ് കൂട്ടുകൃഷി സമ്പ്രദായം മനസില്‍ നിന്ന് മായുന്നില്ല. രാസവളങ്ങളും കീടനാശിനികളും ഉത്പാദന വര്‍ദ്ധനവിനും നെല്ല് സംഭരിച്ച് അരിയായി ഗോഡൗണുകളില്‍ കേടുകൂടാതെ സംഭരിക്കുവാന്‍ വീണ്ടും വീണ്ടും കീടനാശിനി പ്രയോഗം നടത്തുകയാണ്. എന്നാല്‍ പത്തായങ്ങളില്‍ കേടുകൂടാതെ സൂക്ഷിച്ചിരുന്ന നല്ല് അവിച്ച് കുത്തി ആവശ്യത്തിന് മാത്രം കര്‍ഷകര്‍ പ്രയോജനപ്പെടുത്തിയിരുന്നത് കൈമോശം വരുകമാത്രമല്ല കേരളക്കിലെ നെല്‍പ്പാടങ്ങളിലേറെയും മറ്റാവശ്യങ്ങള്‍ക്കായി നികത്തിയും ദീര്‍ഘകാല വിളകള്‍ കൃഷിചെയ്തും മാറ്റം വരുത്തിക്കഴിഞ്ഞു. കര്‍ശനമായനിയമങ്ങള്‍ കൊണ്ട് കര്‍ഷകരെ ബുദ്ധിമുട്ടിക്കാം െന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. പരിസ്ഥിതി പരിപാലനം ഗവേഷണങ്ങള്‍ കൊണ്ടോ, പ്രബന്ധങ്ങള്‍ കൊണ്ടോ മാറ്റി മറിക്കാവുന്നതല്ല. ഫ്രാന്‍സിസ് സര്‍ പറഞ്ഞതുപോലെ താഴെത്തട്ടില്‍ നിന്ന് ആരംഭിക്കണം. ഡോ ഐസക് പലയിടത്തും പറയുന്നത് കേള്‍ക്കുകയുണ്ടായി വീടുകളില്‍ കക്കൂസ് മാലിന്യം വീടുകളില്‍ സംസ്കരിക്കുന്നു പിന്നെന്തുകൊണ്ട് ജൈവമാലിന്യങ്ങള്‍ സംസ്കരിച്ചുകൂടാ എന്ന്. എനിക്ക് മനസിലാകാത്തത് കക്കൂസ് വിസര്‍ജ്യം വീടുകളില്‍ ഏതു രീതിയിലാവും സംസ്കരിക്കുക? പോഷകമൂല്യമുള്ള മനുഷ്യവിസര്‍ജ്യവും, മൂത്രവും കൃഷിക്കായി പ്രയോജനപ്പെടുത്തുവാനുള്ള സംവിധാനത്തിനും ഡോ ഐസക്കിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു.

    നല്ലതിനെ അഭിനന്ദിക്കുവാനും തെറ്റിനെ വിമര്‍ശിക്കാനുമുള്ള അഭിപ്രായ സ്വാതന്ത്ര്യം എത്രത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട് എന്നത് ചര്‍ച്ച ചെയ്യേണ്ട ഒന്നാണ്.

  2. Avatar Priya D'couto says:

    I salute ur unwavering,focus,passion and enthusiasm showcasing plastic, and its sife effects and how simple act of collecting and recycling which allows children firsthand commitment of making environment healthier.
    No resolution is difficult to adopt when we consciously determine to follow what is good in large interest of environment and society at large.
    I strongly urge its good to implement and include the new generation curriculum about the impact of plastic, pollution, recycling and saving endangered species..why its bad for planet and its impact on environment.
    Apart from that let each one of ask ourselves what s our take on it ??we should consciously abstrain from using plastic bags. Half of plastic can be reduced if super market stop selling this first and foremost. There s no tomorrow its time to create a plastic free future now. Its not a big rocket science all one need is say no to disposables.
    Every time I feel little proud of myself for refusing shopping bags or composting my kitchen waste. Every one of us can make a difference if we adopt 3 R’s… Reduce,Re-use,Recycle, and topmost segregate waste, compost kitchen waste.. If all think in same line, am sure we can make a difference.

  3. Avatar anish km says:

    എന്റെ കുട്ടിക്കാലത്ത് സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് വീടു വീടാന്തരം കാന്‍സര്‍ ചികിത്സയുടെ പേരില്‍ പിരിവെടുപ്പിച്ച് കൂടുതല്‍ പണം അടക്കുന്നവര്‍ക്ക് ഒരു ഡിക്ക്ഷ്നറി കൊടുത്തിരുന്നു.ഇതാണ് എനിക്ക് ഈ പരിപാടി കാണുമ്പോള്‍ ഓര്‍മ വരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

×