UPDATES

പോസിറ്റീവ് സ്റ്റോറീസ്

കുഞ്ഞുങ്ങളേ, 0487-2690222 എന്ന നമ്പറിലേക്ക് വിളിക്കൂ..ചോദ്യങ്ങള്‍ ചോദിക്കൂ…; എന്താണ് ‘ഫസ്റ്റ് ക്വസ്റ്റിൻ’?

അന്താരാഷ്ട്ര ശാസ്ത്ര ദിനമായ ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഈ സേവനം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിദ്യാർത്ഥികളിൽ നിന്ന് അതിശയിപ്പിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്

                       

‘ഈ ഫാനിൽ നിന്ന് എങ്ങനെയാണ് കാറ്റ് വരുന്നത്?’ ആറ് വയസ്സുകാരൻ മിലൻ ചോദിച്ച ചോദ്യം വളരെ നിസ്സാരമായിരുന്നു. പക്ഷെ അവന് എളുപ്പം വിശദീകരണം കൊടുക്കാൻ പറഞ്ഞാൽ ഏതൊരാളും ഒന്ന് വിയർക്കും. “കുട്ടികൾ അധികം ചോദ്യങ്ങൾ ഒന്നും ചോദിക്കണ്ട, ബുക്കിലുള്ളത് തന്നെ പഠിച്ചാൽ മതി” എന്ന് പറഞ്ഞ് ഓടിച്ചുവിടാൻ നോക്കിയേക്കാം. അല്ലെങ്കിൽ മിഥ്യയും ഭാവനയും നിറഞ്ഞ എന്തെങ്കിലും കള്ളക്കഥ ചമച്ച് അവനെ തല്ക്കാലം അടക്കി ഇരുത്താൻ നോക്കിയേക്കാം. പക്ഷെ കുഞ്ഞുങ്ങളുടെ ചോദ്യങ്ങളൊന്നും അത്ര നിസ്സാരമല്ല. അതിനെ മതിയായ ഗൗരവത്തോടെ കണ്ട് ശാസ്ത്രത്തിലും യുക്തിയിലും ഊന്നി ലളിതമായി മറുപടി നൽകേണ്ടതുണ്ടെന്ന്‌ കേരള ഫോറെസ്റ്റ് റിസർച്ച് ഇന്‍സ്റ്റിട്യൂട്ടിനു ബോധ്യം ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ് അവർ സൂര്യന് കീഴിലുള്ള കുഞ്ഞുങ്ങളുടെ ഏതുതരം സംശയങ്ങൾക്കും ഉത്തരം നൽകാനായി ഒരു ഹെല്പ് ലൈൻ നമ്പർ ആവിഷ്കരിച്ചത്. ഈ സംവിധാനത്തിന് ഒരു പേരും നൽകി “ഫസ്റ്റ് ക്വസ്റ്റിൻ”. ഫാനിന്റെ ലീഫുകൾ കറങ്ങുമ്പോൾ വായു പ്രവാഹം ഉണ്ടാകുന്നുവെന്നും ആ വായുപ്രവാഹം കാരണം നമ്മുടെ വിയർപ്പ് ബാഷ്പമായി പോകുന്നുവെന്നും ബാഷ്പീകരണം നടക്കുന്നതിലൂടെ തണുപ്പുണ്ടാകുന്നുവെന്നും മിലനെപോലുള്ള കുഞ്ഞുങ്ങൾക്ക് അവർ ലളിതമായി പറഞ്ഞുകൊടുത്തു. കുട്ടികളുടെ ചോദ്യങ്ങളെയും ചോദ്യങ്ങൾ ചോദിക്കാനുള്ള ജിജ്ഞാസയെയും പരമാവധി മാനിച്ചു.

കുഞ്ഞുങ്ങൾക്ക് ലോകത്തെക്കുറിച്ചോ, പ്രകൃതിയെകുറിച്ചോ, എന്ത് സംശയങ്ങളുണ്ടായാലും ചോദിച്ചാൽ ഉത്തരം നൽകുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഈ അഭിനന്ദനാർഹമായ ചുവടുവെപ്പ് നടത്തിയത്. കുഞ്ഞുങ്ങളെ സമാധാനിപ്പിച്ച് വിടാനുള്ള ഏതെങ്കിലും ഒരു മറുപടിയല്ല, വിദഗ്ദർ പരമാവധി വിശദമായാണ് ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നത്. ഇതിന് മാത്രമായി 20 ഗവേഷകരും വിവിധ വിഷയങ്ങളിൽ വിദഗ്ദരായ 50 പേരും ഫോൺ എടുക്കാൻ സന്നദ്ധരായി ഉണ്ടാകും. നിലവിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്. സമയം കൂട്ടുന്നതിനെ കുറിച്ച് ഫോറസ്റ്റ് റിസേർച് ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിച്ചുവരികയാണ്. 0487-2690222 എന്ന നമ്പറിൽ കുട്ടികൾക്ക് മാത്രമല്ല, കുഞ്ഞുങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ചു നൽകാനായി അവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകർക്കും ബന്ധപ്പെടാം.

അന്താരാഷ്ട്ര ശാസ്ത്ര ദിനമായ ഫെബ്രുവരി 28 മുതൽ ആരംഭിച്ച ഈ സേവനം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിദ്യാർത്ഥികളിൽ നിന്ന് അതിശയിപ്പിക്കുന്ന പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നാണ് സ്ക്രോൾ.കോം റിപ്പോർട്ട് ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ചിന്താശേഷിയും ശാസ്ത്രാവബോധവും കണ്ട് അത്ഭുതപ്പെട്ടുവെന്നാണ് ഉത്തരം നല്കാൻ സന്നദ്ധരായ ഗവേഷകർ ഒന്നടങ്കം സ്ക്രോളിനോട് പറയുന്നത്. അപ്രതീക്ഷിതമായ ചോദ്യങ്ങളാണ് കുട്ടികൾ ചോദിക്കുന്നതെന്നും അവരുടെ ജിജ്ഞാസയെ പരമാവധി മാനിച്ചുകൊണ്ടാണ് ഉത്തരങ്ങൾ നൽകുന്നതെന്നും ഇവർ പറയുന്നുണ്ട്. ഒരു കുട്ടി പോലും തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ മടങ്ങരുത് എന്നുള്ളത് കൊണ്ടാണ് വിവിധ വിഷയങ്ങളിൽ വിദഗ്ദരായ ആളുകളെ ഉൾപ്പെടുത്തി ഇത്രയും നല്ലൊരു ഗ്രൂപ്പ് ഉണ്ടാക്കിയെടുത്തതെന്നും ഇവർ പറയുന്നു.

ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളുടെ ചോദ്യം ചോദിക്കാനും കൂടുതൽ അറിയാനുമുള്ള ജിജ്ഞാസയെ മാനിക്കുന്നില്ലെന്ന് ചരിത്രകാരൻ രാജൻ ഗുരുക്കൾ ഒരു പ്രസംഗത്തിൽ പറഞ്ഞതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇവർ ഇങ്ങനെയൊരു സംരംഭത്തിനൊരുങ്ങിയത്. സമയത്തിന് ഉത്തരം നൽകാനും സാമൂഹ്യവിഷയങ്ങളിൽ ഇടപെടാനുമുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ സന്നദ്ധത കേരളം പ്രളയസമയത്ത് തന്നെ കണ്ടതാണ്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി അവർ 24 മണിക്കൂറും ഫോൺ അറ്റൻഡ് ചെയ്തിരുന്നു. ഞങ്ങൾക്ക് കുട്ടികളിൽ നിന്നും ഏറ്റവും മികച്ച ചോദ്യങ്ങളാണ് ലഭിക്കുന്നതെന്നും ചോദ്യങ്ങളും അതിനു വിദഗ്ദർ നൽകിയ മറുപടികളും ഉടൻ പ്രസിദ്ധീകരിക്കുമെന്നും അത് വലിയ ഒരു നിധി തന്നെയായിരുക്കുമെന്നും ഗവേഷക സംഘത്തിലുള്ള അർച്ചന സ്ക്രോളിനോട് പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍