UPDATES

എതിര്‍പ്പുകളോ പ്രതിഷേധങ്ങളോ ഇല്ലാത്ത ഒരു കേരളം രൂപപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്

പൊതുഇടം ചാനല്‍ ചര്‍ച്ചകള്‍ മാത്രമാകുന്ന കേരളം

                       

പൊതു ഇടങ്ങള്‍ എന്നതിന് വിവിധ അര്‍ത്ഥതലങ്ങള്‍ ഉണ്ട്. പലപ്പോഴും സമൂഹം/വ്യക്തി അവരുടെ പൊതു ചിന്താബോധം പങ്കുവയ്ക്കുന്ന ഇടം എന്ന നിലയ്‌ക്കൊ അതല്ലെങ്കില്‍ പൊതുബോധം/ചിന്ത നിര്‍ണയിക്കുന്ന വ്യവഹാരങ്ങള്‍ ഒക്കെ ആയി ഇതിനെ കാണാറുണ്ട്. കേരളത്തില്‍ പൊതു ഇടങ്ങള്‍ക്ക് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി പല പ്രത്യേകതകളും ഉണ്ടായിരുന്നു. അതില്‍ പ്രധാനം പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കും മത/വംശീയ ചിന്തകള്‍ക്കും അമിത പ്രാധാന്യം കിട്ടാറില്ല എന്നതാണ്. കേരളം വ്യത്യസ്തമാണ് എന്ന് പറഞ്ഞതും ഇതൊക്കെ കൊണ്ടാണ്. എന്നാല്‍ കേരളം അതിവേഗം ബഹുദൂരം ഇത്തരം പൊതു ഇടങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു അഥവാ അത്തരം ഇടങ്ങൾക്ക് ഉണ്ടായിരുന്ന സാമുഹിക പ്രസക്തി നഷ്ടപ്പെട്ടു എന്ന് പറയാം.

മുകളില്‍ പറഞ്ഞതെല്ലാം തന്നെ ഇത്തരത്തില്‍ പലപ്പോഴായി ചര്‍ച്ച ചെയ്തതാണ്. ആ വിഷയത്തെ വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തി ഇല്ല എന്ന് അറിയാവുന്നവരാണ് സാമാന്യ ബോധമുള്ള ഒരോ മലയാളിയും. എന്നാൽ ഇത്തരം അറിവുകള്‍ ഒരു തരത്തിലും ഉള്ള പ്രതിരോധങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമല്ലാതായി മാറുന്നു  അഥവാ മാറ്റപ്പെടുന്നു എന്നതും പ്രസക്തമാണ്.

കേരളത്തില്‍ അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങള്‍ മാത്രം മതി ഈ വാദത്തെ സാധൂകരിക്കാന്‍. സര്‍ക്കാര്‍ ധനസഹായവും ഭൂമിയും സൗജന്യമായി വാങ്ങി നിയമം പഠിപ്പിക്കുന്ന ഒരു സ്ഥാപന മേധാവി കുട്ടികളെ ജാതീയമായി അധിഷേപിച്ചതും നാട്ടിലെ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് പൊതുഭൂമി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടും കേരളത്തിലെ ഇടത് – വലത് – ബി ജെ പി മുന്നണികള്‍ ഈ സ്ഥാപനത്തിന്റെ സവര്‍ണ്ണജാതി ബോധത്തിന് മുന്നില്‍ തലകുനിച്ചു നിന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ ഭരണകൂട രാഷ്ട്രീയ പരാജയം കൂടിയാണ്. നേരത്തെ പറഞ്ഞ പൊതു ഇടം/വ്യവഹാരം ഇവിടെ അപ്രസക്തമാകുന്നു എന്നു മാത്രമല്ല ഭരണകൂടത്തെ പോലും വെല്ലുവിളിക്കാന്‍ കഴിയുന്ന സമാന്തര അധികാരം ഇവിടെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവ്കൂടിയാണ് ഇത്. ചാനല്‍ ചര്‍ച്ചകളിലെ അഭിപ്രായ പ്രകടനത്തിനപ്പുറം ഒരു സമര രൂപമായി ഇത് മാറുന്നില്ല എന്നതും പ്രസക്തമാണ്.

സ്വാശ്രയ വിദ്യാഭ്യാസമാണ് മറ്റൊരു പ്രശ്‌നം. പൊതു വിദ്യാഭ്യാസത്തിന്റെ വ്യാപനം തന്നെയായിരുന്നു കേരളത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം. ഇത്തരം പൊതു അറിവുകളെ കേരളം തിരസ്‌ക്കരിക്കാൻ  തുടങ്ങിയത് മൂലധനത്തിന്റെ സ്വഭാവം മാറിയത് മുതല്‍ക്കാണ്. മൂലധനത്തിന്റെ താല്‍പര്യത്തിനനുസരിച്ച് മാറുന്ന വിദ്യാഭ്യാസ രീതികള്‍ കേരളം പൊതുവില്‍ അംഗീകരിച്ചത് കൊണ്ടാണ് വേണ്ടത്ര ഗുണനിലവാരം ഇല്ല എന്ന് പൂര്‍ണമായും ഉറപ്പുണ്ടായിട്ടും കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന അമിതമായ അംഗീകാരം ഗൗരവമായ ഒരു സാമൂഹിക പ്രശ്‌നം തന്നെയാണ്. വൈദഗ്ദ്യവും പ്രാപ്തിയും ഉള്ളവര്‍ അല്ല ഭൂരിപക്ഷം വരുന്ന ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതുകൊണ്ട് ഈ കുട്ടികളെ അടിസ്ഥാനപ്പെടുത്തി ഒരു പുതിയ വികസന/സാമൂഹിക മാറ്റം ഉണ്ടാക്കാന്‍ കഴിയും എന്നത് അപ്രസക്തമായ ഒരു കാഴ്ചപ്പാടാണ്. അത്തരം വലിയമാറ്റങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന ഉന്നത ബിരുദധാരികള്‍ അവരുടെ അവകാശവും വരുമാനവും സംരക്ഷിക്കാത്ത അഥവാ പരിഗണിക്കാത്ത ഒരു പൊതുഇടത്തിനെ നിഷേധിക്കുകയും പകരം വ്യക്തികളിലേയ്ക്ക് ചുരുങ്ങുകയും ചെയ്യുന്നുണ്ട്.

ചെറുപ്പക്കാരാണ് രാഷ്ട്രത്തിന്റെ ഭാവി എന്നൊക്കെ ആലങ്കാരികമായി പറയാറുണ്ട്. എന്നാല്‍ ഇന്നത്തെ സ്വാശ്രയ മേഖലയില്‍ നിന്നും വേണ്ടത്ര അറിവ് സമ്പാദിക്കാതെ പുറത്ത് വരുന്ന, ഒരു തലമുറയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന് പരിമിതിയുണ്ട്. അത്തരം പരിമിതികളെ സര്‍ക്കാര്‍പോലും അംഗീകരിക്കുന്നത് കൊണ്ടാണ് പ്രാഥമിക മാനുഷിക മൂല്യങ്ങള്‍ പോലും ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യാതൊരു തരത്തിലും ഉള്ള പ്രതിസന്ധി നേരിടാത്തത്. തുടക്കത്തില്‍ പുരോഗമനാത്മകം എന്ന് തോന്നിപ്പിക്കുന്ന ചില നടപടികള്‍ എടുത്തിരുന്നു എങ്കിലും പിന്നീട് ഇപ്പോഴത്തെ ഇടതു സര്‍ക്കാരും മൂലധനത്തിന്റെ വഴിയേ തന്നെയാണ് സഞ്ചരിക്കുന്നതും. എതിര്‍പ്പുകളോ പ്രതിഷേധങ്ങളോ ഇല്ലാത്ത ഒരു കേരളം രൂപപ്പെടുന്നത് ഇങ്ങനെയും കൂടിയാണ്. അതുകൊണ്ട് കൂടിയാണ് വ്യക്തമായ നിലപാടുകള്‍ ഇല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും ഉണ്ടാകുന്നതും അതുപോലെ പൊതുഇടങ്ങളില്‍ സാമൂഹിക മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന ചിന്തകളും, വ്യക്തികളും ഒക്കെ കടന്നു വരുന്നതും. മലയാളികള്‍ അതൊക്കെ ആസക്തിയോടെ ആസ്വദിക്കുന്നതും.

ഇനി കേരളത്തിൽ ചർച്ചചെയ്യപ്പെടുന്ന സാമൂഹിക പ്രശ്നങ്ങളുടെ സ്വഭാവം നിർണ്ണയിക്കാൻ പോകുന്നത് കേരളത്തെ രുപപ്പെടുത്തിയ പൊതുബോധമായിരിക്കില്ല; പകരം അധികാരത്തിന്റെ യുക്തിയായിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

Related news


Share on

മറ്റുവാര്‍ത്തകള്‍