ബോഫോഴ്‌സ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വലിയ അഴിമതി ആരോപണമായിരുന്നു. 1980 കളിലും 1990 കളിലും ഇന്ത്യയ്ക്കും സ്വീഡനും ഇടയില്‍ നടന്ന ഒരു പ്രധാന ആയുധ-കരാര്‍ രാഷ്ട്രീയ അഴിമതിയാണ് ബോഫോഴ്‌സ് അഴിമതി. 1986 മാര്‍ച്ച് 18 ന്, സൈന്യത്തിന് 400 155 എംഎം ഹോവിറ്റ്‌സര്‍ തോക്കുകള്‍ വിതരണം ചെയ്യുന്നതിനായി സ്വീഡിഷ് ആയുധ നിര്‍മ്മാതാക്കളായ എബി ബോഫോഴ്‌സുമായി 1,437 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഒപ്പുവച്ചു. ഒരു വര്‍ഷത്തിനുശേഷം, 1987 ഏപ്രില്‍ 16-ന്, കരാര്‍ ഉറപ്പിക്കാന്‍ കമ്പനി ഇന്ത്യയിലെ മുന്‍നിര രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന് ഒരു സ്വീഡിഷ് റേഡിയോ ചാനല്‍ ആരോപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും ഇന്ത്യന്‍, സ്വീഡിഷ് സര്‍ക്കാരുകളിലെ മറ്റ് നിരവധി അംഗങ്ങളെയും ആരോപണം പ്രതിക്കൂട്ടിലാക്കി. തെരഞ്ഞെടുപ്പ് രംഗത്തെത്തുന്ന രാജീവ് ഗാന്ധി വോട്ടര്‍മാര്‍ക്ക് മുന്നില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. പില്‍ക്കാലത്ത് എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ ബോഫോഴ്‌സ് അഴിമതി വലിയ രീതിയില്‍ പ്രതിരോധത്തിലാക്കി.
പണ്ടുകാലത്ത് കേരളത്തില്‍ കുറ്റം തെളിയിക്കുന്നതിന് നാലുവിധം സത്യപരീക്ഷകള്‍ നിലനിന്നിരുന്നു. ബ്രാഹ്‌മണര്‍ക്ക് തൂക്കുപരീക്ഷ. ത്രാസിന്റെ ഒരു തട്ടില്‍ കുറ്റം ആരോപിക്കപ്പെട്ടവനെ ഇരുത്തുകയും മറുതട്ടില്‍ കുറ്റം എഴുതിയ ഓല കെട്ടി വെയ്ച്ച് തൂക്കമെടുക്കുകയും ചെയ്യും. രണ്ട് തവണ എടുക്കുന്ന തൂക്കത്തിന്റെ ഫലം ഒന്നായാല്‍ നിരപരാധി. വൈശ്യര്‍ക്കാണ് ജലപരീക്ഷ. മുതലകള്‍ നിറഞ്ഞ ജലാശയത്തില്‍ കുറ്റക്കാരന്‍ നീന്തി മറുകരയില്‍ സുരക്ഷിതനായി എത്തിയാല്‍ നിരപരാധി. ശൂദ്രര്‍ക്ക് വിധിച്ചിട്ടുള്ളത് ‘വിഷ പരീക്ഷയാണ്. മൂന്നു നെല്ലിട വിഷം 32 ഇരട്ടി നെയ്യില്‍ കഴിക്കുക, വിഷസര്‍പ്പത്തെ ഇട്ടടച്ച കുടത്തില്‍ കൈയിടുക മുതലായ രീതിയാണ് വിഷ പരീക്ഷ. വിഷബാധയേറ്റാല്‍ അപരാധി. അല്ലെങ്കില്‍ നിരപരാധി. അഗ്‌നിപരീക്ഷ ക്ഷത്രിയര്‍ക്ക് ഉള്ളതാണ്. തിളച്ച എണ്ണയിലോ നെയ്യിലോ കൈ മുക്കുന്നു. പിന്നീട് കൈ കെട്ടുന്നു. മൂന്നു ദിവസം കഴിഞ്ഞ് കെട്ട് അഴിച്ചുനോക്കുന്നു. കൈ പൊള്ളിയിട്ടില്ലെങ്കില്‍ നിരപരാധി. പൊള്ളിയിട്ടുണ്ടെങ്കില്‍ അപരാധി.
ബോഫോഴ്‌സ് കേസും സത്യപരീക്ഷണവും യോജിപ്പിച്ച് കാര്‍ട്ടൂണിസ്റ്റ് കുട്ടി പാക്കനാരില്‍ വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. നിരപരാധിയാണ് എന്ന് പറഞ്ഞ രാജീവ് ഗാന്ധിയോട് ഇലക്ഷന്‍ എന്ന തിളച്ച എണ്ണയിലെ കൈമുക്കുവാന്‍ ആവശ്യപ്പെടുന്ന വോട്ടര്‍മാര്‍. ഇറ്റലിയില്‍ നിര്‍മിച്ച ഗ്ലൗസ് ധരിക്കുവാന്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതാവ്. സത്യപരീക്ഷ എന്ന പേരില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി വരച്ച കാര്‍ട്ടൂണ്‍ കഥ പറയുന്ന ഒന്നാണ്.
കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍