UPDATES

സിനിമ

അനുരാഗ കരിക്കിന്‍ വെള്ളത്തിലെ എലിക്ക് പറയാനുള്ളത്; രജിഷ വിജയന്‍/അഭിമുഖം

മികച്ച നടിക്കുള്ള പുരസ്ക്കാരം നേടിയ രജീഷ വിജയന്റെ മുമ്പ് പ്രസിദ്ധീകരിച്ച അഭിമുഖം

അപര്‍ണ്ണ

അപര്‍ണ്ണ

                       

അനുരാഗകരിക്കിന്‍വെള്ളം എന്ന സിനിമയോളം പ്രേക്ഷകര്‍ക്ക് ഇഷ്ടമായി അതിലെ ‘എലി’യെന്ന എലിസബത്തിനെയും! പ്രണയവും പ്രണയ നിരാസവും ഉയര്‍ത്തെഴുന്നേല്‍പ്പും എല്ലാം ഇത്ര ലാളിത്യത്തോടെ പകര്‍ന്നാടിയ കഥാപാത്രങ്ങള്‍ അടുത്തകാലത്ത് മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്നു സംശയം. അപക്വമായ പെരുമാറ്റത്താല്‍ അസ്വസ്ഥയാക്കുന്ന എലിസബത്ത്, രണ്ടാം പകുതിയോടെ സവിശേഷ വ്യക്തിത്വം ഉള്ളവളാകുന്നു. എലിയിലൂടെയാണ് അനുരാഗ കരിക്കിന്‍ വെള്ളം പിന്നെ മുന്നോട്ട് പോകുന്നത്. അത്രമേല്‍ സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെ എലിയായി മാറിയ രജിഷ വിജയന്‍, അപര്‍ണയുമായി സംസാരിക്കുന്നു…

അപര്‍ണ: സൗഹൃദങ്ങളാണ് രജിഷയെ എലിസബത്ത് എന്ന കഥാപാത്രമാക്കിയത് എന്ന് കേട്ടിട്ടുണ്ട്?

രജിഷ: അതേ… സംവിധായകന്‍ ഖാലിദ് റഹ്മാനും ക്യാമറമാന്‍ ജിംഷി ഖാലിദും ഞാനും സുഹൃത്തുക്കളാണ്. നവീന്‍ ഭാസ്‌കറിന്റെ സ്‌ക്രിപ്റ്റില്‍ ഒരു സിനിമ ചെയ്യുന്നു എന്നവര്‍ പറഞ്ഞിരുന്നു. ബിജു മേനോന്‍ ആണു കേന്ദ്ര കഥാപാത്രം എന്നും അറിയാമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് എന്നോട് എലിസബത്ത് ആകാമോ എന്നു ചോദിച്ചു. കഥയും, എലിസബത്തിന്റെ കഥാപാത്രവും കേട്ടപ്പോള്‍ ‘വേണ്ട’ എന്നു പറയാന്‍ ഒരു കാരണവും ഇല്ലായിരുന്നു.

അ: എന്തൊക്കെയായിരുന്നു എലിസബത്ത് ആകാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍?

ര: എലിസബത്ത് ആര്‍കിടെക്റ്റ് ആണ്. ഞങ്ങള്‍ ഒരു ആര്‍ക്കിടെക്ചര്‍ കോളേജില്‍ പോയിരുന്നു. സദാ സമയം സ്‌കെച്ച് ചെയ്യുന്ന കഥാപാത്രമാണ് അവള്‍. ജീവിതത്തില്‍ വളരെ മോശമാണ് ഞാന്‍ ചിത്രം വരയ്ക്കാന്‍. പക്ഷെ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ സമയം മുതല്‍ ഷൂട്ടിങ്ങ് തീരും വരെ എല്ലാ യാത്രകളിലും ഞാന്‍ ബാഗില്‍ ചാര്‍ട്ട് പേപ്പര്‍ കൊണ്ടായിരുന്നു നടന്നിരുന്നത്.

അ: രജിഷ അവതാരകയായിരുന്നു. ആങ്കറിംഗ് അഭിനയത്തെ സഹായിച്ചോ?

ര: ആങ്കറിംഗ് ഏറ്റവും കൂടുതല്‍ സഹായിച്ചത് ക്യാമറയോടും ആള്‍ക്കൂട്ടത്തോടും ഉള്ള ഭയം ഇല്ലാതാക്കാനായിരുന്നു. വലിയ ആള്‍ക്കൂട്ടത്തിനിടയില്‍ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. പുതുമുഖമായിട്ടും അതെന്നെ ബാധിക്കാതിരുന്നത് ആങ്കറിങ്ങില്‍ നിന്നും കിട്ടിയ ആത്മവിശ്വാസമാണ്. ആങ്കറിംഗും അഭിനയവും രണ്ട് തരത്തിലുള്ള ഡെഡിക്കേഷന്‍ ആണ് ആവശ്യപ്പെടുന്നത്. ആങ്കറിംഗിന്റെ ശൈലി അഭിനയത്തില്‍ കടന്നു വരാതിരിക്കാനാണ് ചാനല്‍ രംഗത്തു നിന്നും ഇടവേള എടുത്തത്. സംവിധായകന്റെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എലിസബത്ത് എന്ന കഥാപാത്രത്തിന്റെ പുതുമ നിലനിര്‍ത്താന്‍ ഏറ്റവും അധികം സഹായിച്ചത് ആ തീരുമാനമായിരുന്നു.

അ: ശരീരഭാഷയിലും സംസാര ശൈലിയിലും മാറ്റങ്ങള്‍ വരുത്തിയിരുന്നോ?

ര: ഞാനടക്കം ഒരുപാടു പെണ്‍കുട്ടികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് എലിസബത്ത്. സ്വാഭാവിക ശരീരചലനങ്ങളാണ് ആ കഥാപാത്രത്തിന് ആവശ്യം. എലിസബത്ത് ആയതു മുതലുള്ള ഓരോ നിമിഷവും സംവിധായകന്‍ മുതല്‍ ക്രൂവിന്റെ മുഴുവന്‍ പിന്തുണ ഉണ്ടായിരുന്നു. ഷൂട്ടിങ്ങ് സെറ്റില്‍ മുഴുവന്‍ സമയവും ഞാന്‍ ഉണ്ടായിരുന്നു. ബിജു മേനോന്‍, ആശാ ശരത്ത്, ആസിഫലി, ശ്രീനാഥ് ഭാസി, സൗബിന്‍ എന്നിവരുടെയെല്ലാം പിന്തുണ ഉണ്ടായിരുന്നു. അവരില്‍ നിന്നും പലതും പഠിക്കാനും സാധിച്ചു.

അ: സിനിമയിലെ പ്രിയപ്പെട്ട രംഗം?

ര: ഇനിയൊരു നൂറു സിനിമ ചെയ്താല്‍ പോലും മറക്കാത്തത്രയും വലിയ അനുഭവപാഠമാണ് അനുരാഗ കരിക്കിന്‍ വെള്ളം. ആ സിനിമയെ സംബന്ധിച്ച ഓരോ ഓര്‍മയും ഓരോ രംഗങ്ങളും പ്രിയപ്പെട്ടതാണ്. ബിജു മേനോനും ആശ ശരത്തും ചേര്‍ന്നുള്ള രംഗങ്ങള്‍ ഒരുപാട് പ്രിയപ്പെട്ടതാണ്. ഞാനഭിനയിച്ച രംഗങ്ങളില്‍ വയറു വേദനിക്കുന്നു എന്നു പറയുന്ന രംഗം സിനിമയില്‍ കണ്ടപ്പോള്‍ വല്ലാതെ ഇഷ്ടപ്പെട്ടു. പള്ളിയിലെ രംഗവും ഹോട്ടലില്‍ മസാലദോശ കഴിക്കുന്ന രംഗവും ആദ്യമായി ചെയ്ത മുഴുനീള സ്വീക്വന്‍സുകളാണ്. അതൊക്കെ പ്രിയപ്പെട്ടവയാണ്.

അ: ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?

ര: ഒരു സംശയവുമില്ലാതെ പറയാം, ഡബ്ബിങ്. ഒരു വട്ടം കൂടി ഓരോ സീനും അഭിനയിക്കും പോലെയാണ് തോന്നിയത്. ഒരുപാട് കഷ്ടപ്പെട്ടു. എന്റെ ശബ്ദം തന്നെ ഉപയോഗിക്കണം എന്നു ഷൂട്ടിങ്ങ് സമയത്ത് ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷെ എല്ലാം ഇട്ടെറിഞ്ഞു പോയാല്ലോ എന്നുവരെ ഡബ്ബിങ് സമയത്ത് തോന്നി. ഓരോ ഡബ്ബിങ് ആര്‍ട്ടിസ്റ്റും എന്താണ് ചെയ്യുന്നത് എന്നും അവര്‍ ചെയ്യുന്നത് എത്ര ആഴമുള്ള ജോലിയാണെന്നും ഞാനറിഞ്ഞത് അപ്പോഴാണ്.

അ: അനുരാഗ കരിക്കിന്‍ വെള്ളം നല്‍കിയ ഏറ്റവും വലിയ സന്തോഷം?

ര: കൂക്കി വിളിക്കുമെന്ന് ഉറപ്പുള്ള രംഗങ്ങളില്‍ പോലും എലിസബത്തിനു കയ്യടികള്‍ കിട്ടിയിരുന്നു. അത് ഏറ്റവും വലിയ സന്തോഷം. സംവിധായകനും കൂടെ അഭിനയിച്ച ഓരോരുത്തര്‍ക്കുമാണ് അതിന്റെ ക്രെഡിറ്റ്. പ്രേക്ഷകര്‍ സിനിമയെ പറ്റി നല്ലതു പറഞ്ഞു കേള്‍ക്കുന്നതും വളരെ സന്തോഷം. ഖാലിദ് റഹ്മാന്റെ കഴിവിനെ പറ്റി ഞങ്ങള്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷെ അത് എല്ലാവരും അംഗീകരിച്ചതു സന്തോഷം ഇരട്ടിപ്പിക്കുന്നു.

അ: ആങ്കറിംഗ്, അഭിനയം..അത്രയൊന്നും സാമൂഹികാംഗികാരം കിട്ടാത്ത ജോലികള്‍ ആണ് നമ്മുടെ നാട്ടില്‍ ഇപ്പോഴും ഇതൊക്കെ എന്നു തോന്നുന്നുണ്ടോ?

ര: നമ്മള്‍ ഓരോരുത്തരും ഇഷ്ടപ്പെട്ട കരിയര്‍ തിരഞ്ഞെടുക്കണം എന്നാണ് തോന്നുന്നത്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ എനിക്ക് മാസ് കമ്യൂണിക്കേഷന്‍ പഠിക്കാനാണ് ആഗ്രഹമെന്നു പറഞ്ഞപ്പോള്‍ ഒരെതിര്‍പ്പും പറഞ്ഞില്ല അച്ഛനും അമ്മയും. കോഴ്‌സ് കഴിഞ്ഞപ്പോള്‍ ആങ്കറിംഗിനു പോയപ്പോഴും ഇപ്പോള്‍ സിനിമ ചെയ്യുമ്പോഴും അവര്‍ക്ക് അതിനെ വളരെ പോസിറ്റീവ് ആയി കാണാന്‍ കഴിയുന്നുണ്ട്. പിന്നെ ഓഫീസ് ജോലിയില്‍ തന്നെ എല്ലാവരും ശ്രദ്ധിച്ചാല്‍ ഇവിടെ നമുക്ക് ഇത്രയും നല്ല കലാകാരന്മാരെ കിട്ടുമായിരുന്നോ…

പത്തുമുതല്‍ അഞ്ചു വരെ എന്നൊരു സമയക്രമമല്ല ഒരു ലേഡി ഡോക്ടര്‍ക്കും ഐ ടി ഉദ്യോഗസ്ഥക്കും ഒന്നും. അവരോടില്ലാത്ത ചോദ്യങ്ങളും ആശങ്കകളും അഭിനേത്രിയെപ്പറ്റി ചോദിക്കുന്നത് മുന്‍വിധികൊണ്ടാണ്. അത് മാറിവരുന്നുണ്ട് ഇപ്പോള്‍. ആ മാറ്റം വളരെ നല്ലതാണ്.

അ: സിനിമയില്‍ എത്തിയാല്‍ സ്വകാര്യ ജീവിതം സാധ്യമല്ല എന്ന് തോന്നുന്നുണ്ടോ?

ര: അത്തരമൊരവസ്ഥ ഉണ്ട്. ഒരു സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളു. അതുകൊണ്ട് എനിക്കത്തരം അനുഭവങ്ങള്‍ താരതമ്യേന കുറവാണ്. പക്ഷെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് വളരെയധികം ബുദ്ധിമുട്ടാണ്. നമുക്ക് അംഗീകാരം കിട്ടുന്നത് സന്തോഷവുമാണ്. പ്രേക്ഷകര്‍ ഇല്ലാതെ സിനിമ നിലനിന്നു പോവില്ല എന്നും അറിയാം. പക്ഷെ അംഗീകാരവും കടന്നു കയറ്റവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ് എന്ന് പറയാം. ആരോഗ്യകരമായ ഒരു കൊടുക്കല്‍ വാങ്ങല്‍ ഇവിടെ സംഭവിക്കേണ്ടതുണ്ട്.

അ: സിനിമ അഭിനയം ഒരു വര്‍ക്ക് ഓഫ് ആര്‍ട്ട് ആണ്. ശരീരവും മനസും ശ്രദ്ധയും ഉപയോഗിച്ച് ചെയ്യേണ്ട ഒന്ന്. അത്തരത്തിലാണോ പ്രേക്ഷകര്‍ അതിനെ കാണുന്നത്?

ര: ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ ഒരു കല എന്ന രീതിയില്‍ ആണ് ഞാന്‍ അഭിനയത്തെ കാണുന്നത്. ഒരു നടിയാവുക എന്നത് എന്നെ ആകര്‍ഷിച്ചതും അതുകൊണ്ടാണ്. ഒരു പക്ഷെ പണവും പ്രശസ്തിയും കിട്ടുന്ന ഒരു വ്യവസായം മാത്രമായാണ് പലരും ഇതിനെ കാണുന്നത്. അത് ദുഃഖകരമാണ്. ചിറകു വിരിച്ച് പറക്കാന്‍ സ്വാതന്ത്ര്യം തരുന്ന ഒന്നാണ് കല. കലാകാരന്മാര്‍ അങ്ങനെ പറക്കാന്‍ ശ്രമിക്കുന്നവരും…സമൂഹത്തിന്റെ മുന്‍വിധികള്‍, മനോഭാവം ഒക്കെ ആ ചിറകിനെ മുറിച്ചുകളയും പോലെ തോന്നിയിട്ടുണ്ട് പലപ്പോഴും.

അ: ഭാവി സിനിമ സ്വപ്‌നങ്ങള്‍?

ര: പെട്ടെന്ന് ചാടിക്കേറി കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല. വ്യത്യസ്തമായ, ജീവനുള്ള, വെല്ലുവിളി തരുന്ന, എനിക്ക് ചെയ്യാന്‍ പറ്റുന്ന എലിയേക്കാളും തന്നെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ് ഞാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

Share on

മറ്റുവാര്‍ത്തകള്‍