UPDATES

ട്രെന്‍ഡിങ്ങ്

‘ആദ്യം സംതൃപ്തി തോന്നി, പക്ഷേ ഇതല്ല നീതി’

താംബെയെ കൊന്നത് പാക് സര്‍ക്കാര്‍ തന്നെയാകുമെന്നും സരബ്ജിത്തിന്റെ മകള്‍

                       

പാക് ജയിലില്‍ വച്ച് സരബ്ജിത് സിംഗിനെ ക്രൂരമായി മര്‍ദ്ദിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി വെടിയേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി സിംഗിന്റെ കുടുംബം. വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ സംതൃപ്തി തോന്നിയെങ്കിലും, പിന്നെയാലോചിച്ചപ്പോള്‍, തന്റെ പിതാവിന് കിട്ടിയ നീതിയായി കണക്കാനാകില്ലെന്നാണ് സരബ്ജിത് സിംഗിന്റെ മകള്‍ സ്വപ്‌നദീപ് കൗര്‍ അഭിപ്രായപ്പെട്ടത്. ചാരപ്രവര്‍ത്തനം ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സരബ്ജിതിനെ പാര്‍പ്പിച്ചിച്ചിരുന്ന ജയിലെ സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തയാളെന്ന് കണ്ടെത്തിയ അമീര്‍ സര്‍ഫറാസ് താംബയെ ഞായറാഴ്ച്ച ലാഹോറില്‍ വച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സരബ്ജിത്തിന്റെ കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തി അവരെ വിചാരണ ചെയ്യണമെന്നാണ് കുടുംബം ഇപ്പോഴും ആവശ്യപ്പെടുന്നത്.

‘ ആദ്യം കേട്ടപ്പോള്‍ സംതൃപ്തി തോന്നിയെങ്കിലും പിന്നെ ആലോചിച്ചപ്പോള്‍, ഇതല്ല നീതിയെന്ന് എനിക്കു തോന്നി’ സ്വപ്‌നദീപ് കൗര്‍ ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അമീര്‍ സര്‍ഫറാസ് താംബെയുടെ കൊലപാതകത്തിന് പിന്നില്‍ പാകിസ്താന്‍ സര്‍ക്കാര്‍ ആണെന്നാണ് സരബ്ജിത്തിന്റെ മകള്‍ ആരോപിക്കുന്നത്. മൂന്നോ നാലോ പേര്‍ തന്റെ പിതാവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, കൊലപാതകത്തിനു പിന്നില്‍ നടന്ന ഗൂഢാലോചന പുറത്തു വരാതിരിക്കാന്‍, എല്ലാം മറയ്ക്കാന്‍ വേണ്ടിയാണ് താംബെയെ കൊന്നതെന്നും സ്വപ്‌നദീപ് പറയുന്നു. തന്റെ പിതാവിനെ നേരത്തെ മോചിപ്പിച്ചിരുന്നുവെങ്കില്‍ കോട്ട് ലോക്പത് ജയിലില്‍ നടന്ന ക്രൂരതകള്‍ അദ്ദേഹം പുറത്തു പറയുമെന്ന പേടി പാകിസ്താന് ഉണ്ടായിരുന്നുവെന്നും മകള്‍ പറയുന്നു.

അല്‍പ്പാല്‍പ്പമായി കൊല്ലുന്ന വിഷം തനിക്ക് തന്നിട്ടുണ്ടെന്നും തീര്‍ത്തും മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് അനുഭവിക്കേണ്ടി വരുന്നതെന്നും പിതാവ് അവസാനമായി എഴുതിയ കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് സ്വപ്‌നദീപ് കൗര്‍ പറയുന്നു.

നിന്റെ അസ്ഥികള്‍ മാത്രമെ ഇന്ത്യയിലേക്ക് തിരിച്ചയക്കൂ എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞതായി പിതാവ് കത്തില്‍ പറയുന്നുണ്ട്. ‘ നിന്നെ ജീവനോടെ ഞങ്ങള്‍ ഇന്ത്യയിലേക്ക് അയക്കില്ല. ഇന്ത്യ മുഴുവന്‍ നിനക്കു വേണ്ടി രംഗത്തിറങ്ങിയിരിക്കുകയാണ്. അതുകൊണ്ട് നിന്നെ സുരക്ഷിതനായി തിരികെ വിടുക സാധ്യമല്ല’ സരബ്ജിത്തിന്റെ കത്തിലെ വരികള്‍ മകള്‍ ആവര്‍ത്തിക്കുന്നു. ജയിലില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ഓരോന്നും സരബ്ജിത് ഒരു ഡയറിയില്‍ പകര്‍ത്തിയിരുന്നുവെന്നും എന്നാല്‍ മൃതദേഹത്തിനൊപ്പം ആ ഡയറി ഇന്ത്യയിലേക്ക് കൊടുത്തുവിടാന്‍ പാകിസ്താന്‍ തയ്യാറായില്ലെന്നും മകള്‍ പറയുന്നു.

ഏപ്രില്‍ 14 ന് ലാഹോറിലെ വീടിന് സമീപം വച്ചാണ് അമീര്‍ സര്‍ഫറാസ് താംബെയെ ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവയ്ക്കുന്നത്. നെഞ്ചിലും കാലിലുമാണ് വെടിയേറ്റത്. ലഷ്‌കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി അറിയപ്പെടുന്നയാളാണ് സര്‍ഫറാസ് താംബെ. സരബ്ജിത്തിനെ ആക്രമിച്ച കേസില്‍ അമീര്‍ സര്‍ഫറാസ് താംബെ, മുദാസ്സര്‍ എന്നിവരെയാണ് പ്രധാന കുറ്റാരോപിതരായി കണ്ടെത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരേ സാക്ഷി പറയാന്‍ ജയിലിലെ ഒരാള്‍ പോലും തയ്യാറായില്ല. മതിയായ തെളിവുകളുടെ അഭാവത്തില്‍ താംബെയെയും മുദാസ്സറിനെയും 2018 ഡിസംബറില്‍ പാക് കോടതി വെറുതെ വിട്ടു.

1990 ഓഗസ്റ്റിലാണ് സരബ്ജിത് സിംഗിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. അന്ന് 27 വയസുണ്ടായിരുന്ന സരബ്ജിത് മദ്യപിച്ച് അബോധാവസ്ഥയില്‍ അതിര്‍ത്തി കടക്കുകയായിരുന്നുവെന്നാണ് ഇന്ത്യ പറയുന്നത്. 14 പാക്കിസ്ഥാനികളുടെ മരണത്തിന് ഇടയാക്കിയ ഫൈസലാബാദ്, മുള്‍ത്താന്‍, ലാഹോര്‍ എന്നിവിടങ്ങളിലെ നാല് ബോംബ് സ്‌ഫോടനങ്ങളാണ് സരബ്ജിത്തിന്റെ മേല്‍ ചുമത്തപ്പെട്ടത്. ഇതിന്റെ പേരില്‍ വധശിക്ഷയും വിധിച്ചു.

2013 ഏപ്രില്‍ 26-ന് കോട് ലോക്പത് ജയിലില്‍ വച്ച് താംബെയുടെ നേതൃത്വത്തിലുള്ള സഹതടവുകാരുടെ മര്‍ദ്ദനമേറ്റ സരബ്ജിതിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. ലാഹോറിലെ ജിന്നാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സരബ്ജിതിനെ മുതിര്‍ന്ന ന്യൂറോസര്‍ജന്മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘമാണ് ചികിത്സിച്ചത്. പക്ഷേ മെയ് രണ്ടിന് സരബ്ജിത് സിംഗ് മരിച്ചു. തുടര്‍ന്ന് സരബ്ജിതിന്റെ കുടുംബം മൃതശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരികയും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍