UPDATES

സയന്‍സ്/ടെക്നോളജി

ദക്ഷിണ ധ്രുവത്തിന്റെ രഹസ്യങ്ങള്‍ തേടി ചന്ദ്രയാന്‍ 2

1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.

                       

ഇന്ത്യയുടെ സ്വപ്നങ്ങള്‍ പേറി ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അന്‍പതാം വര്‍ഷത്തില്‍ തന്നെയാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമെന്നത് ശ്രദ്ധേയമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 2.51-നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2 പേടകം പറന്നുയരുക. 1000 കോടിയോളം രൂപ ചെലവിടുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പേടകം ചന്ദ്രനിലെത്താന്‍ രണ്ടുമാസം സമയമെടുക്കും. സുരക്ഷിതമായ സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ഇന്ത്യയുടെ ആദ്യ ശ്രമമാണിത്. വിജയിക്കുകയാണെങ്കില്‍,റഷ്യയ്ക്കും യുഎസിനും ചൈനയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

കരുത്തിലും പ്രകടനത്തിലും മുന്‍പനായ ബാഹുബലിയെന്ന വിളിപേരിലറിയപെടുന്ന ജി.എസ്.എല്‍.വി – മാര്‍ക്ക് ത്രി റോക്കറ്റുകള്‍ ഉപയോഗിച്ചാണ് വിക്ഷേപണം. ശേഷം ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തിലെത്തും.ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂര്‍വമാണ്. ചന്ദ്രന്റെ ഇരുണ്ടഭാഗമായ ദക്ഷിണ ധ്രുവത്തില്‍ പേടകം ഉള്‍പ്പെടെയുള്ള ‘വിക്രം’ ലാന്‍ഡര്‍ മൊഡ്യൂള്‍ വിട്ടുമാറി പറന്നിറങ്ങും. ഈ പ്രദേശത്താണ് ജലസാന്നിദ്ധ്യം ഉണ്ടെന്നു കരുതുന്നത്. ചന്ദ്രന്റെ രാസഘടനയെ കുറിച്ചുള്ള പഠനമാണ് ദൗത്യത്തിന്റെ ലക്ഷ്യം. ജലം ടൈറ്റാനിയം മഗ്നീഷ്യം തുടങ്ങിയവയുടെ സാന്നിധ്യം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഐ.എസ്.ആര്‍.ഒ-യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമേറിയ ദൗത്യമാണ് ചന്ദ്രയാന്‍ രണ്ട്.

ഇന്ത്യ സ്വന്തമായി നിര്‍മിച്ച ചന്ദ്രയാന്‍-2 ഉപഗ്രഹത്തിന് ആകെ 3.8 ടണ്‍ ആണ് ഭാരം. 14 ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുള്ള സ്യൂട്ട് ഒപ്പമുണ്ട്. 14 ഭൗമദിനങ്ങളാണു റോവറിന്റെ ആയുസ്സ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനില്‍ ദിവസവും അരക്കിലോമീറ്ററില്‍ കൂടുതല്‍ അത് സഞ്ചരിക്കില്ല. ലാന്‍ഡറും ഭൂമിയും തമ്മിലുള്ള ദൂരം അളക്കുന്നതിനായി,യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ നിര്‍മിച്ച ഉപകരണവും ലാന്‍ഡറില്‍ ഉണ്ടാകും. മൂന്ന് തവണയാണ് ചന്ദ്രയാന്‍-2 വിക്ഷേപണം മാറ്റിവെച്ചത്.

2008-ലാണ് ഐ.എസ്.ആര്‍.ഒ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ കൃത്യമായി പഠിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. ചന്ദ്രനില്‍ വെള്ളം,ടൈറ്റാനിയം, കാല്‍സ്യം,മഗ്നീഷ്യം,അലുമിനിയം,ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം,ചന്ദ്രന്‍ ഒരുകാലത്തു പൂര്‍ണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷന്‍ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാന്‍-1 ദൗത്യത്തിന്റെ നിര്‍ണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍-2ല്‍ രാജ്യം ലക്ഷ്യമിടുന്നത്.

അര്‍ജ്ജുനെ കൊലപ്പെടുത്തിയത് തലയോട്ടി തകര്‍ത്ത്, സഹോദരന്‍ മരിച്ച രീതിയില്‍ സുഹൃത്തിനെ നിബിലും സംഘവും കൊലപ്പെടുത്തിയെന്ന് സംശയം

 

Share on

മറ്റുവാര്‍ത്തകള്‍