UPDATES

സ്ത്രീ

സ്വര്‍ണ്ണവും വജ്രവും:ആഭരണ പുരാവൃത്തങ്ങളുടെ വര്‍ത്തമാനം (ഭാഗം-1)

വിശ്വാസങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ആഭരണ സംസ്‌കാരമാണ് കേരളത്തില്‍ നിലനിന്ന് വരുന്നത്. കേരളത്തിലെ ആഭരണങ്ങളെ പറ്റി പഠനം നടത്തിയാല്‍ പരമ്പരയായുള്ള വിശ്വാസ പ്രമാണങ്ങള്‍ അവരെ സ്വാധീനിച്ചിരുന്നതായി കാണാം. പ്രാചീനാഭരണങ്ങള്‍ക്കെല്ലാം മതപരമായ പ്രാധാന്യം ഉണ്ട്.

                       

മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട് ആഭരണങ്ങളുടെ ചരിത്രത്തിന്. ശരീരം മോടിപിടിപ്പിക്കുന്നതിനുവേണ്ടി ലോഹങ്ങള്‍, മുത്തുകള്‍, രത്നങ്ങള്‍, ദന്തങ്ങള്‍ തുടങ്ങിയവ കൊണ്ടു നിര്‍മിക്കുന്ന അലങ്കാര വസ്തുക്കളാണ് ആഭരണങ്ങള്‍. ജനസമൂഹത്തിന്റെ സൗന്ദര്യബോധത്തില്‍ പ്രകടമായ മാതൃകകളാണിവ. മനുഷ്യസംസ്‌കാരത്തിന്റെ സവിശേഷമായ ഘട്ടത്തെ അടയാളപ്പെടുത്തുന്നവ എന്നതിനാല്‍ ആഭരണങ്ങള്‍ സാംസ്‌കാരിക പഠനത്തിന്റെ ഭാഗവുമായി തീരുന്നു.

പ്രാചീനകാലത്ത് പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ആഭരണങ്ങള്‍ ധരിച്ചിരുന്നു. ഓരോ നാടും അവിടത്തെ സാംസ്‌കാരികയും സാമൂഹികവുമായ സവിശേഷതകളെ അടിസ്ഥാനപ്പെടുത്തിയും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത അനുസരിച്ചും സ്വര്‍ണ്ണവും വെള്ളിയും അടക്കമുള്ള വിവിധ ലോഹങ്ങളും മുത്തുകളും രത്നങ്ങളും കൊണ്ടു തീര്‍ത്ത ആഭരണങ്ങള്‍ അണിയുന്ന രീതിയാണ് കണ്ടുവരുന്നത്. പ്രാക്തന സമൂഹത്തില്‍ നിന്നും സമകാലീന സമൂഹത്തിലേക്കുള്ള വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതിന്റെ പരിണാമസ്വരൂപം ആഭരണ സംസ്‌കാരത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നത് കാണാം.

ദേഹത്തില്‍ അണിയുന്നതിനുള്ള എല്ലാവിധ ചമയവസ്തുക്കളും മറ്റു ഉപകരണങ്ങളും ആഭരണങ്ങളാണെന്നു കണക്കാക്കുന്നു. ‘അലങ്കാരസ്ത്വാഭരണം പരിഷ്‌കാരോ വിഭൂഷണം’ എന്നാണ് ക്രിസ്ത്വബ്ദം നാലാം ശതകത്തില്‍ രചിക്കപ്പെട്ട സംസ്‌കൃതം ശബ്ദകോശമായ ‘അമരകോശം’ നിര്‍വചിക്കുന്നത്. സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, ദന്തം തുടങ്ങിയവ കൊണ്ടുനിര്‍മിക്കുന്ന ആഭരണങ്ങള്‍ പ്രാചീനകാലം മുതല്‍ തന്നെ പ്രചാരത്തില്‍ ഉണ്ടായിരുന്നു. ഭാരതീയരില്‍ പ്രാചീനകാലം മുതല്‍ തന്നെ വലിയ തോതില്‍ ആഭരണഭ്രമം കാണാം. അലങ്കാര വസ്തു എന്നതിനേക്കാള്‍ ധനസമ്പാദനത്തിന് ഉപാധി എന്ന നിലയില്‍ കൂടി ആഭരണങ്ങളെ അക്കാലത്ത് കണകാക്കിയിരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, സൗരാഷ്ട്ര, ദക്ഷിണേന്ത്യ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഉദ്ഘനനങ്ങളില്‍ ക്രിസ്തുവിന് 3500 വര്‍ഷം മുന്‍പ് വരെയുള്ള ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ഇതിഹാസ കാലഘട്ടത്തിലെ ആഭരണങ്ങള്‍ അതീവ സുന്ദരങ്ങളും വൈവിധ്യമുള്ളവയും ആയിരുന്നുവെന്ന് വേദോപനിഷത്തുക്കളും ഇതിഹാസങ്ങളും പുരാണങ്ങളും സൂചിപ്പിക്കുന്നു. സീതയുടെ ചൂഡാമണിയും ശ്രീരാമന്റെ മുദ്രമോതിരവും കര്‍ണ്ണന്റെ കവചകുണ്ഡലങ്ങളും ഇതിനുദാഹരണങ്ങളാണ്. ആവേധ്യം(തുളച്ചിടേണ്ടത്), ബന്ധനീയം(ബന്ധിക്കേണ്ടത്), ക്ഷേപ്യം(എറിഞ്ഞുപിടിപ്പിക്കേണ്ടത്), ആരോപ്യം(മേല്‍വെയ്ക്കപ്പെടേണ്ടത്) എന്നിങ്ങനെ നാലുതരത്തില്‍ ഉള്ളവയാണ് ആഭരണങ്ങളെന്ന് സംസ്‌കൃത നിഘണ്ഡുവായ ‘ശബ്ദകല്പദ്രുമം’ വിശദീകരിക്കുന്നു:
”സ്യാത് ഭൂഷണം ത്വാഭരണം
ചതുര്‍ധാ പരികീര്‍ത്തിതം
ആവേധ്യം ബന്ധനീയം ച
ക്ഷേപ്യമാരോപ്യമേവ തത്”
കുണ്ഡലാദികള്‍ ആവേധ്യവും കുസുമാദികള്‍ ബന്ധനീയവും നൂപുരാദികള്‍ ക്ഷേപ്യവും ഹാരാദികള്‍ ആരോപ്യവുമാകുന്നു.

പ്രകൃതിയെ അനുകരിച്ചുകൊണ്ടു തൂവലുകളും കായ്കനികളും പുഷ്പലതാദികളും മെടഞ്ഞെടുത്ത പുല്ലും നാരും ആയിരുന്നു ആദ്യകാലത്ത് മനുഷ്യന്‍ അലങ്കാരോപകരണങ്ങളായി ഉപയോഗിച്ചിരുന്നത്. പിന്നീട് മൃഗങ്ങളുടെ ദന്തം, അസ്ഥി, കൊമ്പ് മുതലായവ ആഭരണങ്ങളായി ഉപയോഗിക്കാന്‍ തുടങ്ങി. സമൂഹത്തില്‍ വ്യക്തികള്‍ക്കുള്ള പദവി സുചിപ്പിക്കുന്നതിനും ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം. ഭരണാധികാരികളുടെ ശിരോലങ്കാരമായ കിരീടം ഇതിനു തെളിവാണ്.

സ്വര്‍ണ്ണപ്പെരുമയുടെ വഴിത്താര

ആവര്‍ത്തനപട്ടികയിലെ 114 മൂലകങ്ങളില്‍ ഒന്നാണ് സ്വര്‍ണ്ണം. ഏറ്റവും നന്നായി രൂപഭേദം വരുത്താന്‍ സാധിക്കുന്ന ലോഹം. മിത്തുകളിലും പുരാവൃത്തങ്ങളിലും ചരിത്രത്തിലുമൊക്കെ വേര്‍പെടുത്താനാവാതെ ഇഴ പിരിഞ്ഞുകിടുക്കുന്നു സ്വര്‍ണ്ണത്തിന്റെ സുവര്‍ണഗാഥ. ആഭരണങ്ങളായും നാണയമായും ചികിത്സാരംഗത്തും മറ്റു പല ആവശ്യങ്ങള്‍ക്കുമായി പൗരാണികകാലം മുതല്‍ മനുഷ്യര്‍ സ്വര്‍ണ്ണം ഉപയോഗിച്ച് പോരുന്നു. സ്വര്‍ണ്ണത്തെ ഏറ്റവും പവിത്രമായത്, മൂല്യവത്തായത്, വിലപിടിപ്പുള്ളത് എന്നാണ് ആയിരത്താണ്ടുകളായി മനുഷ്യര്‍ വിശ്വസിക്കുന്നത്. ഭൂമിയുടെ അമൂല്യതയുടെ പ്രതിരൂപമെന്നാണ് ആല്‍ക്കെമിസ്റ്റുകള്‍ സ്വര്‍ണ്ണത്തെ കണക്കാക്കുന്നത്.
യജുര്‍വേദത്തിന്റെ അനുബന്ധമായ ശതപഥ ബ്രാഹ്മണത്തില്‍ അഗ്‌നിയുടെ വിത്താണ് സ്വര്‍ണ്ണമെന്ന് പറഞ്ഞിരിക്കുന്നു. കാമത്താല്‍ കത്തിക്കാളിയ അഗ്നി തന്റെ കാമദാഹത്തിന്റെ ബീജങ്ങളെ നദിയില്‍ ഒഴുക്കിയെന്നും അത് സ്വര്‍ണ്ണമായി മാറിയെന്നുമാണ് കഥ. അസ്തമയത്തിനുശേഷം സൂര്യന്‍ ദീപനാളങ്ങളില്‍ വസിക്കുന്നതുപോലെ കെട്ടതിനുശേഷം അഗ്‌നി സ്വര്‍ണ്ണത്തില്‍ വസിക്കുന്നു. ഇന്ദ്രേരേതസ്സും സ്വര്‍ണ്ണമാണെന്ന മറ്റൊരു പുരാവൃത്തവുമുണ്ട്. സ്വര്‍ണ്ണത്തിന് ഹിരണ്യമെന്നും അഗ്‌നിക്കു ഹിരണ്യകന്‍ എന്നുമാണ് പേര്. ബ്രഹ്മാവിന്റെ പേര് ഹിരണ്യഗര്‍ഭന്‍ എന്നുമായിരുന്നു. ഏത് സമൂഹത്തിലും ഏത് വിശ്വാസ ധാരയിലും അവയുടെ സവിശേഷത അനുസരിച്ച് ഇത്തരം നിരവധി പുരാവൃത്തങ്ങളും മിത്തുകളും നമുക്ക് കാണാനാകും.
സ്വര്‍ണ്ണം സ്വതന്ത്രരൂപത്തിലും അയിരുകളായും കാണപ്പെടുന്നു. സ്വര്‍ണ്ണത്തിന്റെ നിര്‍മ്മാണചരിത്രം എട്രൂസ്‌കന്‍, മിനോവന്‍, അസ്സിറിയന്‍, ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളുടെ കാലത്തോളം തന്നെ പഴക്കമുണ്ട്. നദീനിക്ഷേപതടങ്ങളില്‍ നിന്നുള്ള മണലിനെയും ചരലിനേയും അരിച്ചെടുത്താണ് അക്കാലത്ത് സ്വര്‍ണ്ണം നിര്‍മ്മിച്ചിരുന്നത്.
ഖനനം ചെയ്തെടുത്ത ആദ്യത്തെ ലോഹമാണ് സ്വര്‍ണ്ണം. എന്നാല്‍ എളുപ്പത്തില്‍ ഖനനം ചെയ്യാന്‍ പറ്റിയ ലോഹമല്ലിത്. ഈജിപ്തും നൂബിയയുമായിരുന്നു ഖനനം നടത്തുന്നത് ഏറ്റവും പ്രചാരത്തില്‍ ഇരുന്ന രാജ്യങ്ങള്‍. അതേസമയം ഖനനത്തിനായി പുതിയ സാങ്കേതിക വിദ്യ കണ്ടെത്തിയത് റോമക്കാരായിരുന്നു. ഇന്ത്യയില്‍ സ്വര്‍ണ്ണഖനനം ആരംഭിക്കുന്നത് എ.ഡി. രണ്ടോടെയാണ്. അക്കാലത്ത് തന്നെ കര്‍ണാടകത്തിലെ കോലാറില്‍ നിന്ന് ചെറിയ തോതില്‍ ഖനനം തുടങ്ങി. എ.ഡി. ഒന്‍പതോടെ ഭാരതത്തിലെ സ്വര്‍ണ്ണ ഖനനം കൂടുതല്‍ വികാസം പ്രാപിച്ചു. 11-ാം നൂറ്റാണ്ടോടെ ദക്ഷിണേന്ത്യയില്‍ ഖനനം കൂടുതല്‍ വ്യാപകമായി. ലോകത്തെ രണ്ടാമത്തെ സ്വര്‍ണ്ണഖനിയായി കരുതുന്ന കോലാറിലെ ഖനനം ബ്രിട്ടീഷ് ഭരണകാലത്ത് കൂടുതല്‍ കാര്യക്ഷമമായെങ്കിലും 2004ഓടെ വിവിധ കാരണങ്ങളാല്‍ നിര്‍ത്തിവെച്ചു.
വജ്രം രത്നങ്ങളുടെ കുലപതി

പണ്ടുപണ്ട് വൃതന്‍ എന്നൊരു അസുരനുണ്ടായിരുന്നു. ദേവന്മാരെ എത്രത്തോളം ഉപദ്രവിക്കാമെന്ന് ആലോചിച്ച് നടന്നു വൃതന്‍. കാലകേയന്മാരടക്കം ഗജപോക്കിരകളായ ഒരു പറ്റം അസുരന്മാര്‍ വൃതന്റെ സന്തത സഹചാരികളായിരുന്നു. ആക്രമണം കൊണ്ടു പൊറുതി മുട്ടിയ ദേവന്മാര്‍ ഇന്ദ്രന്റെ അടുക്കല്‍ ചെന്ന് സങ്കടം പറഞ്ഞു. വൃതനോട് ഏറ്റുമുട്ടാന്‍ ദേവേന്ദ്രനും തയാറായില്ല. എല്ലാവരും കൂടി ബ്രഹ്മാവിന്റെ അടുക്കലെത്തി. വൃതനെ വധിക്കാന്‍ ഒറ്റമാര്‍ഗമേയുള്ളുവെന്ന് ബ്രഹ്മാവ് പറഞ്ഞു. ദധീജി മഹര്‍ഷിയുടെ അസ്ഥി കൊണ്ടു നിര്‍മിച്ച ആയുധം തയാറാക്കണം. ദേവേന്ദ്രനും ദേവഗണങ്ങളും ശോണനദീതീരത്ത് തപസ്സുചെയ്തിരുന്ന മഹര്‍ഷിയെ ചെന്നുകണ്ടു. തന്റെ അസ്ഥികൊണ്ടു ദേവന്മാര്‍ക്ക് പ്രയോജനം ഉണ്ടാകുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടെയെന്ന് മഹര്‍ഷി തീരുമാനിച്ചു. അദ്ദേഹം ജീവന്‍ വെടിഞ്ഞു. ദേവന്മാര്‍ മഹര്‍ഷിയുടെ അസ്ഥി ശേഖരിച്ച് വിശ്വകര്‍മ്മാവിനെ ഏല്‍പ്പിച്ചു. അദ്ദേഹം അതുകൊണ്ട് ഏതാനും ആയുധങ്ങള്‍ നിര്‍മിച്ച് ദേവന്മാര്‍ക്ക് നല്‍കി. അതില്‍ ഏറ്റവും ശ്രേഷ്ഠമായ വജ്രായുധം ദേവേന്ദ്രന്‍ സ്വന്തമാക്കി. അതുപയോഗിച്ച് ദേവേന്ദ്രന്‍ വൃതന്റെ കഥകഴിച്ചു. ദേവന്മാര്‍ സ്വന്തമാക്കിയ ചില ആയുധങ്ങള്‍ ഭൂമിയില്‍ പതിച്ചു. അങ്ങനെ പതിച്ച ആയുധങ്ങളാണ് ഭൂമിയില്‍ കണ്ടുവരുന്ന വജ്രക്കല്ലുകളെന്നാണ് മഹാഭാരതത്തിലെ കഥ.

ഭൂമിയില്‍ പതിക്കുന്ന മിന്നല്‍ പിണരുകളില്‍ നിന്നാണ് വജ്രമുണ്ടാകുന്നതെന്ന ധാരണ ഇന്ത്യക്കാരിലും പാശ്ചാത്യരിലും പ്രചരിച്ചിരുന്നു. പാറയില്‍ ഇടിമിന്നല്‍ പതിക്കുന്നതുകൊണ്ടാണ് വജ്രമുണ്ടാകുന്നതെന്നും വിശ്വസിക്കപ്പെട്ടിരുന്നു. റോമക്കാരും ഗ്രീക്കുകാരും കരുതിയത് ദൈവങ്ങള്‍ ഉതിര്‍ക്കുന്ന കണ്ണൂനീരില്‍ നിന്നാണ് വജ്രങ്ങള്‍ ഉണ്ടാകുന്നതെന്നാണ്. ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകളുടെ കഷണങ്ങളാണിവയെന്നും ചിലര്‍ കരുതി. ഇന്ദ്രനാല്‍ വധിക്കപ്പെട്ട മഹാബലിയുടെ എല്ലുകളില്‍ നിന്നാണ് വജ്രമുണ്ടായതെന്നും ഒരു കഥയുണ്ട്. ബുധന്‍ ഈ വജ്രങ്ങളെ സ്വന്തമാക്കിയത്രെ. ഈ പുരാവൃത്തങ്ങളിലെല്ലാം കാണുന്നത് വജ്രത്തിന്റെ പെരുമയും പ്രാമാണ്യവും തന്നെ.
അതെന്തായാലും പുരാതനകാലം മുതല്‍ പ്രകൃതിയില്‍ കണ്ടുവരുന്ന സ്ഫടികസമാനമായ വജ്രത്തിന് മറ്റേതു വസ്തുവിനേക്കാളും കടുപ്പമുണ്ടെന്ന് ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു. രത്നങ്ങള്‍ക്കുവേണ്ട എല്ലാ ഗുണങ്ങളും വജ്രത്തില്‍ സമ്മേളിക്കുന്നു. സൗന്ദര്യത്തിലും കടുപ്പത്തിലും മാത്രമല്ല വിലയിലും വജ്രം തന്നെയാണ് മുന്നില്‍. ഖനനം ചെയ്തെടുക്കുന്ന വജ്രത്തിന്റെ 20 ശതമാനം മാത്രമാണ് ആഭരണങ്ങളില്‍ പതിക്കാനായി ഉപയോഗിക്കുന്നത്. ബാക്കിയെല്ലാം വ്യാവസായിക ആവശ്യത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. ലോകത്ത് ആദ്യമായി വജ്രഖനനം തുടങ്ങിയത് ഇന്ത്യയിലാണ്. 4000ത്തില്‍ പരം വര്‍ഷങ്ങളായി ഈ രത്നം നമ്മളോടൊപ്പമുണ്ട്. ചരലിലും മണലിലും നിന്നും ഈ കല്ലുകള്‍ ആദ്യം ശേഖരിച്ചു. പിന്നിടാണ് ഉറവിടം കണ്ടെത്തി ഖനനം ആരംഭിച്ചത്. 16-ാം നൂറ്റാണ്ടുവരെ ഭാരതീയരുടെ കുത്തകയായിരുന്നു വജ്ര വ്യവസായം. പിന്നീട്ബ്രസീലിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും ഒക്കെ മാറിയിരുന്നു.

ആഭരണം കേരളത്തില്‍

ആഭരണം മലയാളികളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. സ്വര്‍ണ്ണവും രത്നങ്ങളും കേരളീയരുടെ സംസ്‌കാരവുമായി സവിശേഷമായി ബന്ധപ്പെട്ടിരിക്കുന്നു. ‘സ്യമന്തകം തുള്ളലി’ല്‍ കുഞ്ചന്‍ നമ്പ്യാര്‍ അക്കാലത്തെ കേരളത്തിലെ പ്രധാന ആഭരണങ്ങളെ പരാമര്‍ശിക്കുന്നതിങ്ങനെ.
”തെളിഞ്ഞു കുണ്ഡലമണിഞ്ഞുകാതില്‍
ഗളത്തില്‍ മാലകളെടുത്തണിഞ്ഞു
കരങ്ങളില്‍ തരിവളകളുമിട്ടു
വിരല്ക്കു മോതിരനികരമണിഞ്ഞു
അവര്‍ണ്യമാകിന പദതളിരുകളില്‍
സുവര്‍ണനൂപുരനികരമണിഞ്ഞു
സുവര്‍ണകൗതുകമവരുചമഞ്ഞു”
മതപരമായ ചില വിശ്വാസപ്രമാണങ്ങള്‍ നമ്മുടെ ആഭരണ നിര്‍മാണത്തില്‍ ഏറെ സ്വാധീനത ചെലുത്തിയിട്ടുണ്ട്. ജനനം മുതല്‍ മരണം വരെ അനുഷ്ഠിക്കേണ്ട ഷോഡശ സംസ്‌കാരങ്ങളേയും മറ്റും പ്രതിപാദിക്കുന്ന ‘ഗൃഹസൂത്ര’ത്തില്‍ ഹിന്ദുക്കള്‍ ഓരോ ഘട്ടങ്ങളിലും അണിയേണ്ട ആഭരണങ്ങള്‍ സംബന്ധിച്ച വിശദമാക്കിയിട്ടുണ്ട്. മറ്റു മതങ്ങളിലും കാണാം അതാതിന്റ വിശ്വാസ പ്രമാണങ്ങളേയും ആചാരങ്ങളേയും അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരത്തിലെ ചിട്ടവട്ടങ്ങള്‍.

(കടപ്പാട് – കല്ല്യാണ്‍ ജ്വല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)

സ്വര്‍ണ്ണത്തിന്റെ ചെറിയ അംശമെങ്കിലും ശരീരത്തില്‍ അണിയേണ്ടത് ശരീരശാസ്ത്രപരമായി പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായി കേരളീയര്‍ കരുതിവരുന്നു. സ്വര്‍ണ്ണാഭരണങ്ങള്‍ അണിയാന്‍ കഴിയാത്തവര്‍ വെള്ളിയെ ആശ്രയിക്കുന്നു. ചെമ്പിന് മാലിന്യങ്ങള്‍ അകറ്റാന്‍ കഴിയുമെന്ന് വിശ്വസമുണ്ട്. നവജാത ശിശുവിനേയും ഋതുമതിയായ സ്ത്രീയേയും ഇരുമ്പുകൊണ്ടുള്ള ആഭരണങ്ങള്‍ അണിയിക്കുന്ന രീതി ചിലരുടെ ഇടയില്‍ ഉണ്ടായിരുന്നു. ശവസംസ്‌കാര ക്രീയകള്‍ നടത്തുന്ന വേളയില്‍ പുരുഷന്മാര്‍ ഇരുമ്പുകൊണ്ടുള്ള മോതിരം അണിയുന്ന രീതിയും കണ്ടുവന്നിരുന്നു. വിലപിടിച്ച രത്നങ്ങളും കല്ലുകളും ആഭരണങ്ങളില്‍ പതിക്കാറുണ്ടെങ്കിലും അരയ്ക്കുതാഴെ ഇവ അണിഞ്ഞുകൂടെന്നാണ് വിധി.

(കടപ്പാട് – കല്ല്യാണ്‍ ജ്വല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)

ഇത്തരത്തില്‍ വിശ്വാസങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ആഭരണ സംസ്‌കാരമാണ് കേരളത്തില്‍ നിലനിന്ന് വരുന്നത്. കേരളത്തിലെ ആഭരണങ്ങളെ പറ്റി പഠനം നടത്തിയാല്‍ പരമ്പരയായുള്ള വിശ്വാസ പ്രമാണങ്ങള്‍ അവരെ സ്വാധീനിച്ചിരുന്നതായി കാണാം. പ്രാചീനാഭരണങ്ങള്‍ക്കെല്ലാം മതപരമായ പ്രാധാന്യം ഉണ്ട്.

(കടപ്പാട് – കല്ല്യാണ്‍ ജ്വല്ലറിയുടെ ശേഖരത്തില്‍ നിന്ന്‌)

ലാളിത്യം, തിളക്കം, രൂപഭദ്രത എന്നിവയുടെ കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ് കേരളീയാഭരണങ്ങളെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം കൊണ്ടാണ് നമ്മുടെ ആഭരണ നിര്‍മാണത്തിനും അലങ്കരണ രീതിക്കും ഇപ്പോഴുള്ള ലാളിത്യം കൈവന്നതെന്നാണ് കരുതപ്പെടുന്നത്. സ്വര്‍ണ്ണത്തില്‍ മരതകം, മാണിക്യം, വൈരം തുടങ്ങിയ വിലപ്പെട്ട കല്ലുകള്‍ പതിച്ചവയാണ് കേരളത്തിലെ പ്രാചീനാഭരണങ്ങളില്‍ മിക്കതും. പര്‍പ്പടകത്താലി, അവില്‍മാലപ്പതക്കം, പവിത്രമോതിരം, ആനവരാഹന്‍മോതിരം, കഴുത്തില, കെട്ടരമ്പ്, പൂത്താലി, ലക്ഷ്മിമാല, ചിറ്റ്, കാതിണ, പാലക്കായ് മോതിരം, കുഴലുമോതിരം, പുലിനഖമോതിരം, തോട, ഒഡ്യാണം, ഏലസ്സ്, അരഞ്ഞാണം, കടുക്കന്‍, ചെലമ്പ്, കൊലുസ്, മൊരശ്, വാളിക തുടങ്ങിയവ പഴയകാല കേരളത്തിലെ പ്രധാന ആഭരണങ്ങള്‍ ആണ്. കഥകളി, നൃത്തം തുടങ്ങിയവയ്ക്കുവേണ്ടിയുള്ള പ്രത്യേക ആഭരണങ്ങളുമുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ജനവിഭാഗങ്ങള്‍ അണിയുന്ന സവിശേഷ ആഭരണങ്ങളും ഇവിടെ നിലവിലുണ്ട്.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍