UPDATES

ട്രെന്‍ഡിങ്ങ്

തെരഞ്ഞെടുപ്പിന് മുമ്പ് എത്രപേരെ ജയിലില്‍ അടയക്കും?

സ്റ്റാലിനെ വിമര്‍ശിച്ചതിന് ജയിലില്‍ അടച്ച ദുരൈമുരുഗന് ജാമ്യം കൊടുത്തുകൊണ്ട് സുപ്രിം കോടതി ചോദിക്കുന്നു

                       

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യൂട്യൂബർക്ക് നൽകിയ ജാമ്യം സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഒപ്പം, സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിൽ അടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. എ ദുരൈമുരുഗൻ സട്ടായി തനിക്ക് നൽകിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തെന്നതിന് തെളിവുകളില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ യൂട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി.

തെരഞ്ഞെടുപ്പിന് മുമ്പ്, യുട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിലടയ്ക്കാൻ തുടങ്ങിയാൽ എത്രപേരെ ജയിലിലടയ്ക്കുമെന്ന് ജസ്റ്റിസ് ഓക തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് ചോദിച്ചു.

ജാമ്യത്തിലായിരിക്കുമ്പോൾ അപകീർത്തികരമായ പരാമർശങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സട്ടായിയോട് നിബന്ധന വെക്കണമെന്ന അപേക്ഷയും സുപ്രീംകോടതി പരിഗണിച്ചില്ല. ഒരു പ്രസ്താവന അപകീർത്തികരമാണോ അല്ലയോ എന്ന് ആരാണ് തീരുമാനിക്കുകയെന്ന് ജസ്റ്റിസ് ഓക മുകുൾ റോത്തഗിയെ വിമർശിച്ചുകൊണ്ട് ചോദിച്ചു. ജാമ്യം ലഭിച്ചതിന് ശേഷം കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് തൊട്ടുപിന്നാലെ ദുരൈമുരുഗൻ സട്ടായി തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരെ വീണ്ടും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു മദ്രാസ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. പിന്നാലെയാണ് പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നീതിക്കായി ദുരൈമുരുഗൻ സട്ടായി സമീപിച്ചത്. 2022 ജൂലൈയിലാണ് കേസ് കേൾക്കാൻ സുപ്രീം കോടതി തീരുമാനമാകുന്നത്. 2021 ഓഗസ്‌റ്റ് മുതൽ രണ്ടര വർഷത്തിലേറെയായി ദുരൈമുരുഗൻ സട്ടായി ജാമ്യത്തിലായിരുന്നു.

ഇന്ത്യൻ പീനൽ കോഡ് 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 67 പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ചെയ്യുന്നതായി കാണിച്ചാണ് ദുരൈമുരുഗൻ സട്ടായിക്കെതിരെ പരാതി നൽകിയത്.

 

Related news


Share on

മറ്റുവാര്‍ത്തകള്‍