UPDATES

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിനു മുമ്പ് പൗരത്വഭേദഗതി നിയമം

കണക്കുകൂട്ടി കേന്ദ്ര സര്‍ക്കാര്‍

                       

അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം. 2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം രാജ്യത്തിന്റെ വിവിധ കോണുകളില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. ഇന്ത്യയുടെ സെക്കുലര്‍ സ്വഭാവത്തിനു മേല്‍ കളങ്കമേല്‍പ്പിക്കുന്നതാണ് ബിജെപിയുടെ സുപ്രാധാന അജണ്ടകളില്‍ ഒന്നായ പൗരത്വ ഭേദഗതി എന്ന വിമര്‍ശനവും ശക്തമായിരുന്നു. ഇപ്പോഴിതാ, ഈ എതിര്‍പ്പുകള്‍ക്കിടയിലും നിയമം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. നാല് വര്‍ഷം മുമ്പ് നിയമം നിലവില്‍ വന്നിട്ടും, വിജ്ഞാപനം ചെയ്യാത്തതിനാല്‍ സിഎഎ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്്, നിയമം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതു സംബന്ധിച്ച് തനിക്ക് അറിവില്ലെങ്കിലും, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് ഇതു സംബന്ധിച്ച അറിയിപ്പ് ഉണ്ടാകുമെന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം പെരുമാറ്റ ചട്ടം നിലവില്‍ വരും. ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ അടുത്ത മാസം തന്നെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യയില്‍ പൗരത്വം നേടാനുള്ള യോഗ്യതയും, പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് തെളിയിക്കാന്‍ വ്യക്തികള്‍ എന്ത് തരത്തിലുള്ള തെളിവാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശനങ്ങളും നിയമത്തില്‍ അടങ്ങിയിട്ടുണ്ടാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വ പ്രക്രിയയിലൂടെ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സിഎഎ അനുവദിക്കുന്നുണ്ട്. അതായത് അപേക്ഷകര്‍ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ജൈന, ബുദ്ധ സമുദായങ്ങളില്‍ പെട്ടവരായിരിക്കണം. ഈ മൂന്ന് ഇസ്ലാമിക രാജ്യങ്ങളിലും ഈ സമുദായങ്ങള്‍ മതപരമായ പീഡനം നേരിട്ടുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മ്മാണം മുഖേന ഇവര്‍ക്ക് പൗരത്വം അനുവദിക്കാന്‍ ഒരുങ്ങുന്നത്.

ഒരു അപേക്ഷകന്‍ 2014 ഡിസംബര്‍ 31-ന് മുമ്പ് പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, അല്ലെങ്കില്‍ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വ്യക്തിയാണെന്നും പൗരത്വ (ഭേദഗതി) നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള മതങ്ങളിലൊന്നില്‍ പെട്ടയാളാണെന്നും തെളിയിക്കാന്‍ ഏതൊക്കെ രേഖകള്‍ ആവശ്യമാണ് എന്ന കാര്യം വരാനിരിക്കുന്ന നിയമങ്ങള്‍ പരിഗണിക്കും. 2014 ഡിസംബര്‍ 31-ന് മുമ്പ് തങ്ങളുടെ മതം ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന അല്ലെങ്കില്‍ ബുദ്ധമതമായി പ്രഖ്യാപിച്ചതായി കാണിക്കുന്ന ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഏതെങ്കിലും ഔദ്യോഗിക രേഖ ഹാജരാക്കി വ്യക്തികള്‍ക്ക് യോഗ്യത തെളിയിക്കാനാകുമെന്നും സ്രോതസ്സുകള്‍ പറയുന്നു.

സിഎഎക്ക് കീഴില്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് സമയപരിധി നിശ്ചയിക്കാനുള്ള അസം സര്‍ക്കാരിന്റെ ആവശ്യവും ആഭ്യന്തരമന്ത്രാലയം അംഗീകരിച്ചേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സിഎഎയ്ക്ക് കീഴില്‍ അപേക്ഷിക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസമായി പരിമിതപ്പെടുത്താന്‍ അസം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷാ പ്രക്രിയക്കുള്ള നടപടികളുടെ കാലദൈര്‍ഘ്യം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സിഎഎയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുമെന്ന് അസം സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്ന് കഴിഞ്ഞ മാസങ്ങളില്‍ നിരവധി കേന്ദ്ര മന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു. 2023 ഡിസംബര്‍ 26 ന്, പശ്ചിമ ബംഗാളിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്; ”ദിദി (മുഖ്യമന്ത്രി മമത ബാനര്‍ജി) സിഎഎ സംബന്ധിച്ച് അഭയാര്‍ത്ഥികളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നു. സിഎഎ രാജ്യത്തെ നിയമമാണ്, ആര്‍ക്കും തടയാന്‍ കഴിയില്ലെന്ന് ഞാന്‍ വ്യക്തമാക്കട്ടെ. എല്ലാവര്‍ക്കും പൗരത്വം ലഭിക്കാന്‍ പോകുന്നു. ഇത് ഞങ്ങളുടെ പാര്‍ട്ടിയുടെ പ്രതിബദ്ധതയാണ്.” എന്നായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍