UPDATES

ഓഫ് ബീറ്റ്

നമ്മുടെ അധ്യാപകര്‍ പഠിക്കേണ്ടത്

കുട്ടികളെ സ്വാതന്ത്ര്യത്തിലും, സന്തോഷത്തിലും നന്മയിലും വളരാനും പുഷ്പിക്കാനും അനുവദിക്കണം

                       

ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വസ്ഥതയുടെ അടിവേരുകള്‍ പരിശോധിക്കുമ്പോള്‍ അതു വളരെ ബൃഹത്തായ ഒരു ശൃംഖലയായി കാണാം. സമൂഹം, വളര്‍ന്നു വരുന്ന സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാട് എല്ലാം തന്നെ കുട്ടികളെ ഒരു പ്രത്യേക ഘടനയ്ക്കുള്ളില്‍ ഒതുക്കുന്നതാണ്. ഇത്തരത്തിലുള്ള പരുവപ്പെടുത്തല്‍, അനുവര്‍ത്തനം, താദാത്മ്യം കുട്ടികള്‍ക്ക് ലോകത്തെകുറിച്ച് നേരില്‍ നിന്നും വിരുദ്ധമായി സാങ്കല്പ്പികമായ ഒരു ആശയം നല്‍കുന്നു.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മനുഷ്യകുലത്തെ, ലോകത്തെ, പല വിഭാഗങ്ങളായി വിഭജിക്കുന്നു. സമ്പന്നനും, ദരിദ്രനും, ഇന്ത്യാക്കാരനും, പാകിസ്താനിയും, ഹിന്ദുക്കളും മുസ്ലിങ്ങളും അങ്ങനെ… ഉദാഹരണത്തിന് ദേശീയത നരഹത്യ ന്യായീകരിക്കുന്നു. മഹത്വവല്ക്കരിക്കപ്പെട്ട വംശീയതയത്രെ ദേശീയത. മതമെന്നതു ദൈവത്തിന്റെ പേരില്‍ മനസ്സിനെ വിശ്വാസങ്ങളിലും ചിഹ്നങ്ങളിലും വ്യവസ്ഥിതിപ്പെടുത്തലാണ്.

ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായത്തില്‍ സാങ്കേതികമായി നമ്മള്‍ വളരെ മുന്നോട്ടുപോയി. എന്നാല്‍ മനഃശാസ്ത്രപരമായി നമ്മള്‍ വളരെ പ്രാകൃതരും. തന്റെ പൊതുസംഭാഷണങ്ങളില്‍ ഒക്കെയും അദ്ദേഹം ആവര്‍ത്തിച്ച കാര്യം എന്തെന്നാല്‍ വിദ്യാഭ്യാസം എന്നത് ദുഷിച്ച സാമൂഹിക ക്രമങ്ങളോട് യോജിച്ചു പോകാന്‍ സഹായിക്കലല്ല, മറിച്ചു അതിന്റെ സ്വാധീനങ്ങളില്‍ നിന്ന് മോചനം നേടി ഒരു പുതിയ സമൂഹത്തെ ,ലോകത്തെ സൃഷ്ടിക്കുക എന്നുള്ളതാണ്. ശരിയായ വിദ്യാഭ്യാസം ആന്തരികമായും ബാഹ്യമായും വിഭജിക്കപ്പെടാത്ത വ്യക്തികളെ വാര്‍ത്തെടുക്കലാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരേ ഒരു ലക്ഷ്യം അറിവ് ആര്‍ജ്ജിക്കുക, പ്രത്യേകിച്ച് സാങ്കേതികമായ അറിവ് എന്നത് മാത്രമാണ്. ധിഷണശക്തി വര്‍ദ്ധിപ്പിക്കുക എന്നതിലാണതിന്റെ ശ്രദ്ധ. മനസ്സിനെ ജീവിതത്തെ എല്ലാ ഭാവത്തിലും മനസ്സിലാക്കുക, നീരീക്ഷിക്കുക എന്നത് പൂര്‍ണമായും തിരസ്‌കരിക്കപ്പെടുന്നു. ശരിയായ വിദ്യാഭ്യാസം സ്വയം അറിയുന്ന സ്വയം കണ്ടെത്തുന്ന ഒരു പ്രക്രിയയാണ്.

ബന്ധം, ദേഷ്യം, പ്രണയം, രതി, ഭയം, മരണം തുടങ്ങി ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും സംവേദനക്ഷമതയോടെ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥിയെ പ്രാപ്തമാക്കുന്നതാണ് വിദ്യാഭ്യാസം. അത് കുട്ടികളുടെ മനസ്സുകളെ കമ്പ്യൂട്ടര്‍ എന്ന പോലെ പ്രോഗ്രാം ചെയ്യുന്ന പ്രക്രിയയല്ല.

അന്വേഷണത്തിലൂടെ കണ്ടെത്താനുള്ള സന്ദേഹത്തിന്റെ നയം കുട്ടികളില്‍ വളര്‍ത്തിയെടുക്കലാണ് വിദ്യാഭ്യാസം. ചോദ്യം ചെയ്യലിലൂടെ ശരിയെ കണ്ടെത്തലാണ്. അദ്ദേഹത്തിന്റെ വാക്കില്‍ വിദ്യാഭ്യാസം എന്നതു പുസ്തകത്തില്‍ നിന്നും പഠിക്കുന്നതും ചില വാക്കുകള്‍ ഹൃദ്യസ്ഥമാക്കലും മാത്രമല്ല, എന്നാല്‍ എങ്ങനെയാണു നോക്കേണ്ടത്, പുസ്തകങ്ങള്‍ പറയുന്നത് എങ്ങനെയാണ് കേള്‍ക്കേണ്ടത്, അവ പറയുന്നത് ശരിയോ തെറ്റോ, ഇവ പഠിക്കുക കൂടിയാണ്.

വിദ്യാഭ്യാസ പ്രക്രിയയിലെ അച്ചടക്കത്തെ അദ്ദേഹം അപലപിക്കുന്നു. അച്ചടക്കം പട്ടാളച്ചിട്ടയാണ്. അച്ചടക്കമെന്നത് ആന്തരികമായ വിഘടിച്ച, അച്ചടക്കമില്ലാത്ത വിദ്യാര്‍ത്ഥിയെ ബാഹ്യമായി നിയന്ത്രിക്കലാണ്. അതില്‍ അടിച്ചമര്‍ത്തല്‍, പ്രതിരോധം, എതിര്‍പ്പ്, എന്നിവ ഉള്‍പ്പെടുന്നു. അത് വ്യക്തിയുടെ ഉള്ളിലുള്ള ക്രമഭംഗത്തെ മനസ്സിലാക്കുന്നതില്‍ തടസ്സമാകുന്നു. അത്തരത്തില്‍ പുറമെ ഒരു ക്രമം ചുമത്തുന്നത് വിദ്യാര്‍ത്ഥിക്കുള്ളില്‍ ഒരു ഏകീകരണം കൊണ്ടു വരാന്‍ സഹായിക്കുന്നില്ല. പുറമെ കണ്ടെത്തുന്ന മുറ എന്നതു കൃത്രിമവും ഉപരിപ്ലവവും ആണ്. ശരിയായ വിദ്യാഭ്യസം വിദ്യാര്‍ഥിയെ ഉള്ളിലുള്ള ക്രമക്കേട് നിരീക്ഷിക്കാന്‍ പ്രാപ്തനാക്കണം. പുറമേയുള്ള ക്രമക്കേട് ഉള്ളിലെ ക്രമക്കേടിന്റെ വിപുലീകരണമാണ്. അത് തിരിച്ചറിയുന്ന വ്യക്തിയില്‍ ശരിയായ ക്രമം തുടക്കം കുറിക്കുന്നു. അത്തരത്തില്‍ സ്‌നേഹം സൃഷ്ടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ തെറ്റുകള്‍ ചെയ്യാറില്ല. ബാഹ്യമായ നിയന്ത്രണമില്ലാത അവര്‍ ശരി ചെയ്യുന്നു.
അത്തരത്തില്‍ അവനവനെ കുറിച്ചുള്ള നിരന്തരമായ പഠനമാണ് അച്ചടക്കം. കൃഷ്ണമൂര്‍ത്തിയുടെ നിരീക്ഷണത്തില്‍ അച്ചടക്കം (discipline) എന്ന വാക്ക് വരുന്നത് disciple എന്ന വാക്കില്‍ നിന്നാണ്. അതിനര്‍ത്ഥം അനുസരിക്കുക എന്നല്ല, എതിര്‍ക്കുക, എന്നല്ല… എന്നാല്‍ നിങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ചു പശ്ചാത്തലത്തെക്കുറിച്ച് അതിന്റെ പരിമിതികളെക്കുറിച്ചു പഠിക്കുക, അതിനുപരിയായി പോകുക എന്നാണ്.

വിദ്യാഭ്യാസത്തിലെ താരതമ്യ ചിന്തനത്തെ, മത്സരത്തെ അദ്ദേഹം എതിര്‍ക്കുന്നു. ഭയമെന്നത് കുട്ടികളുടെ സ്വാഭാവികവും ബൗദ്ധികവുമായ വളര്‍ച്ചയെ മുരടിപ്പിക്കുന്നു. അധ്യാപകരുടെ മനോഭാവം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. മനുഷ്യനും പരിസ്ഥിതിക്കും പരിഗണന നല്‍കുന്ന, ശാസ്ത്രീയ അവബോധം സൃഷ്ടിക്കുന്ന സമഗ്രമായ ഒരു വിദ്യാഭ്യാസം ആണ് വേണ്ടത്. കുട്ടികളെ സ്വാതന്ത്ര്യത്തിലും, സന്തോഷത്തിലും നന്മയിലും വളരാനും പുഷ്പിക്കാനും അനുവദിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളെ പരിണാമപ്പെടുത്തുന്നതിന് മുമ്പ് അധ്യാപകന് പരിണമിക്കേണ്ടതുണ്ട്. അറിവ് പകരുക മാത്രമല്ല വിദ്യാഭ്യാസം. ബിംബങ്ങളും അടയാളങ്ങളും ഇല്ലാതെ മനുഷ്യരായി ജീവിക്കാന്‍ ഉതകണം, ഒന്നിനോടും താദാത്മ്യം ഇല്ലാതെ ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പുണ്ടാക്കണം. അത്തരത്തില്‍ വിഭജിക്കപ്പെടാത്ത എല്ലാവരോടുമൊപ്പം നില്‍ക്കുന്ന മനുഷ്യരാകാന്‍ പ്രാപ്തരാക്കണം.

അധ്യാപകര്‍ക്കു ശിക്ഷണം കൊടുക്കുക എന്നതത്രേ ഇന്നത്തെ പ്രാഥമികവും അടിയന്തിരവുമായ ആവശ്യകത.

(തിരുവനന്തപുരം നിറമന്‍കര എന്‍എസ്എസ് കോളേജ് കോളേജിലെ ഫിലോസഫി അധ്യാപികയാണ്  ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

Share on

മറ്റുവാര്‍ത്തകള്‍