April 19, 2025 |
Share on

ക്ലിന്റിന്റെ സ്മരണാര്‍ത്ഥം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പെയ്റ്റിംഗ് കോമ്പറ്റീഷനുമായി കേരള ടൂറിസം

4-16 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് മത്സരിക്കാനുള്ള യോഗ്യത. ഒരാള്‍ക്ക് പരമാവധി അഞ്ച് എന്‍ട്രി വരെ അയയ്ക്കാം

എഡ്മണ്ട് തോമസ് ക്ലിന്റിന്റെ സ്മരണാര്‍ത്ഥം കേരള ടൂറിസം ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഓണ്‍ലൈന്‍ പെയ്റ്റിംഗ് കോമ്പറ്റീഷന്‍ സംഘടിപ്പിക്കുന്നു. അടുത്ത തലമുറയിലെ കുട്ടികള്‍ക്കായുള്ള ഒരു വേദിയായിരിക്കും ഇത്. എഡ്മണ്ട് തോമസ് ക്ലിന്റ് കുട്ടിക്കാലത്തു തന്നെ വളരെയധികം ചിത്രങ്ങള്‍ വരച്ച് ലോകത്തെ അതിശയിപ്പിച്ച ഒരു കുട്ടിയായിരുന്നു. ക്ലിന്റ് ജീവിച്ചിരുന്ന ഏഴു വയസ്സിനുള്ളില്‍ തന്നെ 25,000 ത്തോളം ചിത്രങ്ങള്‍ വരച്ചിരുന്നു, ഇന്ത്യയില്‍ നിന്നും പുറത്ത് നിന്നുമുള്ള കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ തെളിയിക്കാനുള്ള അവസരമാണ് ഈ മത്സരത്തിലൂടെ ഒരുങ്ങുന്നത്.

നിരവധി അപേക്ഷകളാണ് ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഈ മത്സരത്തിനായി ലഭിക്കുന്നത്. ഘാന, അല്‍ബാനിയ, ശ്രീലങ്ക, ഓസ്ട്രേലിയ, യുഎസ്എ തുടങ്ങി 104 രാജ്യങ്ങളില്‍ നിന്നും 13,000 രജിസ്ട്രേഷനുകളാണ് ലഭിച്ചത്. 4-16 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് മത്സരിക്കാനുള്ള യോഗ്യത. ഒരാള്‍ക്ക് പരമാവധി അഞ്ച് എന്‍ട്രി വരെ അയയ്ക്കാം. 18 വയസ്സ് മുകളിലുള്ളവര്‍ക്ക് മത്സരത്തിലെ പ്രൊമോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. എന്‍ട്രികള്‍ അയയ്ക്കേണ്ട അവസാന തീയതി ഡിസംബര്‍ 31, 2018 ആണ്. മത്സരത്തിന്റെ രജിസ്ട്രേഷനുകള്‍ സൗജന്യമാണ്. ഓണ്‍ലൈന്‍ വഴിയാണ് എന്‍ട്രികള്‍ അപ്ലോഡ് ചെയ്യേണ്ടത്. പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഓരോ എന്‍ട്രിയ്ക്കും ലഭിക്കുന്നതാണ്. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വെബ്‌സൈറ്റ് 23 ഭാഷകളിലായി ലഭ്യമാണ്.

മത്സരത്തില്‍ വിജയിക്കുന്ന 15 പേര്‍ക്ക് കുടുംബത്തോടൊപ്പം അഞ്ച് രാത്രികള്‍ കേരളത്തില്‍ സൗജന്യമായി തങ്ങാവുന്നതാണ്. പത്ത് പ്രൊമോട്ടര്‍മാര്‍ക്ക് ഒറ്റയ്ക്കും അഞ്ച് രാത്രി കേരളത്തില്‍ യാത്ര നടത്താവുന്നതാണ്. വിദേശത്ത് നിന്നുള്ള 20 വിജയികള്‍ക്ക് മൊമന്റോ നല്‍കും. കൂടാതെ 65 വിജയികള്‍ക്ക് 10,000 രൂപ ക്യാഷ് പ്രൈസും നല്‍കും.

എല്ലാ കാലഘട്ടത്തിലെയും കലാകാരന്മാര്‍ക്കും പ്രചോദനമാണ് ക്ലിന്റിന്റെ കഥ. ക്ലിന്റിന് ഏഴ് വയസ്സ് പൂര്‍ത്തിയാകാന്‍ ഒരുമാസം ശേഷിക്കുമ്പോഴാണ് ഈ ലോകത്തോട് വിടപറഞ്ഞത്. കൊച്ചിയിലാണ് ക്ലിന്റ് ജനിച്ച് വളര്‍ന്നത്. മരങ്ങള്‍, പൂക്കള്‍, പക്ഷികള്‍, ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിങ്ങനെയുള്ളവയായിരുന്നു ക്ലിന്റിന്റെ സൃഷ്ടികളില്‍. പെന്‍സില്‍, ക്രെയോണ്‍, വാട്ടര്‍കളര്‍ എന്നിവയെല്ലാം ക്ലിന്റ് ഈ പ്രായത്തില്‍ തന്നെ തന്റെ വരകള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. അവന്‍ കേട്ട എല്ലാ കഥകള്‍ക്കും സാക്ഷ്യം വഹിച്ച എല്ലാ സംഭവങ്ങളിലും അതിന്റേതായ സൗന്ദര്യം അവന്‍ കണ്ടെത്തിയിരുന്നു. അത് ഒരു മനോഹരമായ സൃഷ്ടിയായി ക്ലിന്റ് അവതരിപ്പിച്ചിരുന്നു.

1983 ഏപ്രിലില്‍ കോഴിക്കോട് വെച്ച് കണ്ട ഒരു തിറ ഡാന്‍സറുടെ ചിത്രമാണ് ക്ലിന്റ് അവസാനമായി വരച്ചത്. ഒരു മാസം കഴിഞ്ഞപ്പോള്‍ കിഡ്നി തകരാര്‍ കാരണം ക്ലിന്റ് മരണമടഞ്ഞു. ഇന്നും ക്ലിന്റിന്റെ സൃഷ്ടി കാണുമ്പോള്‍ അവന്റെ ജീവിതവും അവന്‍ നല്‍കിയ സന്ദേശവും ഓര്‍ക്കുന്നു. 2014-ല്‍ കൊച്ചി മുസിരീസ് ബിനാലെയില്‍ ക്ലിന്റിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഏഴ് പുസ്തകങ്ങളുടെയും രണ്ട് ഡോക്യുമെന്ററിയുടെയും വിഷയമാകാന്‍ ക്ലിന്റിന് കഴിഞ്ഞു.

ഒരു കൊച്ചു കുട്ടിയുടെ കലാപരമായ കഴിവിന് ഒരു ശ്രദ്ധാഞ്ജലിയാണ് ഈ മത്സരം. വരും വര്‍ഷങ്ങളില്‍ കലാലോകത്തിന് പുതിയ മാറ്റങ്ങള്‍ വരുത്തുന്ന ഒരു തിരി കൊളുത്തേണ്ടത് അത്യാവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

×