UPDATES

ട്രെന്‍ഡിങ്ങ്

ഐഎസ് റിക്രൂട്ടര്‍ സജീര്‍ അബ്ദുള്ളയടക്കം ഒന്‍പത് മലയാളികള്‍കൂടി കൊല്ലപ്പെട്ടതായി സംശയം

കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രത്തില്‍ എത്തിയ 21 പേരില്‍ രണ്ടോ മൂന്നോ പേര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടു?

                       

അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹറില്‍ ഐഎസ് ഭീകരകേന്ദ്രത്തില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒന്‍പത് മലയാളികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം. കഴിഞ്ഞ വ്യഴാഴ്ച നടന്ന ആക്രമണത്തില്‍ കേരള ഐഎസ് തലവന്‍ കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ മംഗലശ്ശേരി അബ്ദുള്ള കൊല്ലപ്പെട്ടിരുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അഫ്ഗാന്റെയും അമേരിക്കയുടെയും ഇന്റലിജന്‍സ് എജന്‍സികളില്‍ നിന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന് കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് സജീര്‍ അബ്ദുള്ളയടക്കം ഒന്‍പത് മലയാളികള്‍കൂടി കൊല്ലപ്പെട്ടുവെന്നാണ്.

ബോംബാക്രമണത്തില്‍ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും മണ്ണുമൂടിയ നിലയിലുമായതിനാല്‍ ദേശീയ അന്വേഷണ എജന്‍സിക്ക് (എന്‍ഐഎ) വിശദ പരിശോധനയ്ക്ക് സാധ്യമാകുന്നില്ല. ആക്രമണത്തില്‍ അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടിരുന്നുവെന്നാണ് ആദ്യം കിട്ടിയ സൂചനകള്‍. എന്നാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടുവെന്ന നിഗമനത്തിലേക്ക് എന്‍ഐഎയെ നയിച്ചത്, അഫ്ഗാനിലെ ഐഎസ് ഭീകരര്‍ ഇറാഖിലേക്ക് അയച്ച ചോര്‍ത്തിയ സന്ദേശങ്ങളില്‍ നിന്നാണ്. ഇന്‍സ്റ്റഗ്രാം വഴി നടത്തിയ ആശയവിനിമയത്തില്‍ അഫ്ഗാനില്‍ നിന്നുള്ള ഐഎസ് ഭീകരര്‍ സജീറിനെ സൂചിപ്പിക്കുന്നുവെന്നു കരുതുന്ന ‘ദായേഷ് അല്‍ ഹിന്ദ്’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിരുന്നു.

കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രത്തിലേക്ക് പോയ 21-പേരെ റിക്രൂട്ട് ചെയ്തത് സജീര്‍ ആയിരുന്നുവെന്നാണ് സംശയം. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് സിവില്‍ എന്‍ഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയതിന് ശേഷം സൗദിയിലായിരുന്ന സജീറിന് അവിടെ നിന്നാണ് ഐഎസ് ബന്ധമുണ്ടാകുന്നത്. തുടര്‍ന്ന് കേരളത്തിലെത്തില്‍ സജീര്‍ ഐഎസിന് വേണ്ടി റിക്രൂട്ടിംഗ് നടത്തി. ഐഎസിന്റെ അഫ്ഗാന്‍ ഘടകം വിലായത്ത് ഖൊറാസാനിലേക്കായിരുന്നു മലയാളികളെ സജീര്‍ റിക്രൂട്ട് ചെയ്തത്. ഇന്ത്യ, പാക്കിസ്ഥാന്‍, ലെബനന്‍, ചെക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രധാനമായും വിലായത്ത് ഖൊറാസാനില്‍ അംഗങ്ങളാകുന്നത്.

അഫ്ഗാന്‍ ഇന്റലിജന്‍സ് നല്‍കുന്ന വിവരങ്ങളനുസരിച്ച് കേരളത്തില്‍ നിന്ന് ഐഎസ് കേന്ദ്രത്തില്‍ എത്തിയ 21 പേരില്‍ രണ്ടോ മൂന്നോ പേര്‍ ഒഴിച്ച് ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ്. അമേരിക്കന്‍ സൈനികര്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒന്നരക്കിലോമീറ്റര്‍ ചുറ്റളവില്‍ ഐഎസിന്റെ പ്രധാന കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. വിലായത്ത് ഖൊറാസാന്‍ ഐഎസ് ഘടകത്തിന്റെ ആസ്ഥാനമാണ് തകര്‍ന്നത്. ഇവിടുത്തെ ഐഎസ് കമാന്‍ഡര്‍മാരായിരുന്ന മുഹമ്മദ്, അലാ ഗുപ്ത എന്നിവര്‍ ഇന്ത്യക്കാരായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് ജിബിയു-43 എന്ന മാരകമായ ബോംബ് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് താവളത്തിന് നേരെ പ്രയോഗിച്ചത്. യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തിലെ ഏറ്റവും മാരകമായ ആണവേതര ബോംബായ ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കുന്ന 22,000 പൗണ്ട് ഭാരമുള്ള ബോംബാണ് ജിബിയു-43. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യുഎസ്-അഫ്ഗാന്‍ സേനകളുടെ സംയുക്ത പോരാട്ടത്തിനിടയിലായിരുന്നു ആക്രമണം.

 

Share on

മറ്റുവാര്‍ത്തകള്‍