UPDATES

കേരളം വഴങ്ങില്ല, കേന്ദ്രത്തിന്റെ ഈ മാടമ്പി ധാർഷ്ട്യത്തിന്

ഭിക്ഷാപാത്രവുമായി ദില്ലിയിൽ എത്തിയതല്ല കേരളം

                       

സുപ്രിംകോടതിയിലെ കേരളത്തിന്റെ കേസിൽ യൂണിയൻ സർക്കാർ പ്രകടിപ്പിക്കുന്ന മാടമ്പിത്തരം ഇന്ത്യൻ ഫെഡറലിസത്തോടുള്ള ബിജെപി സർക്കാരിന്റെ മനോഭാവമാണ് വ്യക്തമാക്കുന്നത്. വേണമെങ്കിൽ 5000 കോടി വായ്പയെടുക്കാൻ അനുവദിക്കാം, അതും കോടതി പറഞ്ഞതു കൊണ്ട്. പക്ഷെ, അടുത്ത കൊല്ലം ഞങ്ങൾ പിടിക്കും. അതു കുറച്ചുള്ള ചെലവിനും ഒത്ത വരവിനും പരിപാടി തയ്യാറാക്കി ഞങ്ങളുടെ അംഗീകാരം മേടിക്കണം. എന്നാലേ വരും കൊല്ലം വായ്പ അനുവദിക്കു. പിന്നെ എന്താണ് നിങ്ങളുടെ പ്ലാൻ ‘B” എന്നു ഞങ്ങളോടു പറയണം. ഇതൊക്കെ സമ്മതിച്ചാലാണ് 5000 കോടി അനുവദിക്കുക.

ഭിക്ഷാപാത്രവുമായി കേരളം ദില്ലിയിൽ എത്തിയതാണെന്ന മനോഭാവത്തിലാണ് ഇവർ. കടമെടുപ്പിന്റെ പരിധി തീരുമാനിക്കാനുള്ള അവകാശവും ഉത്തരവാദിത്തവും സംസ്ഥാന നിയമസഭയ്ക്കാണ് എന്നാണ് കേരളത്തിന്റെ കേസ്. അപ്പോൾ അടുത്ത വർഷം ഞങ്ങൾ പിടിക്കുമെന്നു പറഞ്ഞ് വായ്പ അനുവദിക്കുന്നതിന്റെ വൈചിത്ര്യം ഒന്ന് ആലോചിച്ചോളൂ. ഒരു രാജ്യം, ഒരു വിപണി, ഒരു നികുതി, ഒരു തിരഞ്ഞെടുപ്പ്, ഒരു ഭരണാധികാരി എന്നതൊക്കെ ഇന്ത്യയെക്കുറിച്ചുള്ള ഇവരുടെ രാഷ്ട്രീയ നിലപാടാണ്. സംസ്ഥാനങ്ങളെ സാമന്തൻമാരായി കണക്കാക്കുന്ന സംഘപരിവാർ ഭരണകൂടത്തിന് ഔദാര്യമായിട്ടേ സംസ്ഥാനങ്ങളുടെ അവകാശത്തെ കാണാൻ കഴിയൂ.

കേവലം കടപരിധിയെക്കുറിച്ചല്ല കേരളത്തിന്റെ കലഹം. ഫെഡറൽ അധികാരങ്ങളെ കവർന്നെടുക്കുന്ന ഈ കേന്ദ്രീകരണപ്രവണതയ്ക്കെതിരായ രാഷ്ട്രീയ സമരമാണ് സുപ്രിംകോടതിയിലെ കേസ്.

കേരളത്തിന്റെ കേസ്

ഔദാര്യം കണക്കെ അനുവദിച്ച 5000 കോടിയിലെ നിബന്ധനകൾ എന്തൊക്കെയാണ് ? വരും സാമ്പത്തികവർഷം കടമെടുപ്പു പരിധിയിൽ ഇതു കുറയ്ക്കും. രണ്ട്, കിഫ്ബിയും മറ്റും നേരത്തെയെടുത്ത വായ്പ വരുംകൊല്ലവും കട്ടു ചെയ്യും. മൂന്ന്, കേരളം ചെലവ് യുക്തിസഹമാക്കണം. നാല്, ബജറ്റിൽ ബാലഗോപാൽ പറഞ്ഞ പ്ലാൻ ബി തങ്ങൾക്കു സമർപ്പിക്കണം. എന്നാൽ നേരെ കേരളത്തിന്റെ ബജറ്റ് തങ്ങൾ നോക്കിക്കോളാം എന്നു പറയുന്നതിന് തുല്യമാണിത്.

ചെലവ് യുക്തിസഹമാക്കുന്നതിന്റെ കാര്യം ഒന്നു നോക്കാം. എന്താണ് യൂണിയൻ സർക്കാരും ഒരു പറ്റം യാഥാസ്ഥിതിക ധനപണ്ഡിതരും പറഞ്ഞുകൊണ്ടിരിക്കുന്നത്? നിങ്ങൾ ശമ്പളച്ചെലവ് കുറയ്ക്കണം. അതൊരു എളുപ്പവഴിയാണ്. പക്ഷേ, ശമ്പളം എന്തിനൊക്കെയാണ് എന്നത് നമ്മുടെ വികസന മുൻഗണനകളുടെ ഒരു സൂചകമാണ്. ശമ്പളച്ചെലവിന്റെ 78-80 ശതമാനം അധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയുമാണ്.

ഇതിൽ ആരെയാണ് നമുക്ക് വേണ്ടെന്നു വെയ്ക്കാനാവുക? രണ്ടാമത് ജനപ്രിയ സബ്സിഡികൾ ഒഴിവാക്കണമെന്നതാണ് ഒരു വിദഗ്ധ മതം. നമ്മുടെ റേഷൻ ഷോപ്പുകളും പൊതുവിതരണ കേന്ദ്രങ്ങളും ഇനിയും ശക്തിപ്പെടുത്തണമെന്നല്ലേ നമ്മുടെ നിലപാട്? സാമൂഹ്യസുരക്ഷാപെൻഷന് പതിനായിരം കോടി രൂപയാണ് പ്രതിവർഷ ചെലവ്. പഞ്ചായത്തുകൾക്കുള്ള ഗ്രാന്റാവട്ടെ, പതിനാലായിരം കോടി രൂപ. ഇതൊന്നും മറ്റൊരു സംസ്ഥാനത്തിനും ഇതേപോലെ ബാധകമായ ചെലവുകളല്ല. പക്ഷേ, ഇവയാണ് കേരളമെന്ന ആശയത്തിന്റെ അടിസ്ഥാനം. ഇതിൽ പിടിക്കണം എന്ന് യൂണിയൻ സർക്കാർ ഒരു നിബന്ധന വെച്ചാൽ അതിന്റെ അർത്ഥമെന്താണ്? നിങ്ങളുടെ രാഷ്ട്രീയ മുൻഗണനകൾ കൈയൊഴിയണം എന്നാണ്. ജനങ്ങളോട് പറഞ്ഞ വാക്ക് നിങ്ങൾ അട്ടത്തു വെയ്ക്കണം എന്നാണ്. പറഞ്ഞ വാക്കിനൊത്ത് ഉണ്ടാക്കിയ ബജറ്റ് നിങ്ങൾ മാറ്റിവെയ്ക്കണമെന്നാണ്. ഇതാണ് സംഘപരിവാർ വ്യാപകമായി പ്രചരിപ്പിക്കുന്ന ഇരട്ട എൻജിൻ സർക്കാരിന്റെ സ്വഭാവം. സംസ്ഥാനങ്ങളിൽ രാഷ്ട്രീയവും ആശയപരവുമായ വൈജാത്യങ്ങളുള്ള സർക്കാരുകളെ വാഴിക്കില്ല എന്ന സന്ദേശമാണ് ഈ കടുംപിടിത്തത്തിലൂടെ പുറത്തുവരുന്നത്. കേരളം കലഹിക്കുന്നതും ഇതിനോടാണ്.

കേരളം സുപ്രിംകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാന ആവശ്യമെന്താണ്? ആർട്ടിക്കിൾ 202 പ്രകാരം സംസ്ഥാന ബജറ്റ് രൂപപ്പെടുത്താനുള്ള സമ്പൂർണാധികാരം സംസ്ഥാന നിയമസഭകളുടേതാണ്. ബജറ്റെന്നു പറഞ്ഞാൽ ചെലവുണ്ട്, വരവുണ്ട്. ചെലവ് രാഷ്ട്രീയ മുൻഗണനകൾക്ക് അനുസരിച്ച്. വരവ് നമ്മൾ പിരിക്കുന്നതും കേന്ദ്രം പിരിച്ചു കൈമാറിത്തരുന്നതും പിന്നെ വായ്പയുമാണ്. ഇതിലേതെങ്കിലും ഒന്നോ അതിലധികമോ ഇനം യൂണിയൻ സർക്കാർ തുനിയുക എന്നു പറഞ്ഞാൽ സംസ്ഥാന നിയമസഭയുടെ ബജറ്റ് അധികാരത്തെ തകിടം മറിക്കുക എന്നാണ് അർത്ഥം. വായ്പയ്ക്കു പരിധി വേണം. ആ പരിധി നിർണയിക്കാനുള്ള അവകാശം യൂണിയൻ സർക്കാരിനല്ല. കേരള നിയമസഭയ്ക്കാണ്. ഇതാണ് നമ്മുടെ കേസ്. ഈ കേസ് കാര്യമുള്ള സംഗതിയാണ് എന്നാണ് സുപ്രിംകോടതി കഴിഞ്ഞ സിറ്റിംഗിൽ നിരീക്ഷിച്ചത്. അതുകൊണ്ട് ഞങ്ങളിത് വിശദമായി കേൾക്കാൻ പോവുകയാണ് എന്നും പറഞ്ഞത്.

ആ കേസിൽ ഒരിടക്കാല വിധി കേരളം അഭ്യർത്ഥിച്ചു. അത് നടപ്പു സാമ്പത്തികവർഷം കേരള നിയമസഭ പാസാക്കിയ ധനഉത്തരവാദിത്ത നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് കടമെടുപ്പിന് അനുവാദം വേണമെന്നതാണ്. കടമെടുപ്പിന് യൂണിയൻ സർക്കാർ ഏർപ്പെടുത്തുന്ന നിബന്ധനകൾ ഭരണഘടനാവിരുദ്ധമാണ് എന്നതാണ് കേരളത്തിന്റെ കേസ്. ഇതിനർത്ഥം ധനഉത്തരവാദിത്തം വേണ്ട എന്നല്ല. ആ ഉത്തരവാദിത്തം തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്കുണ്ട് എന്നതാണ്. ഇത്തരമൊരു കേസ് ഇന്ത്യയുടെ ഭരണഘടനാചരിത്രത്തിൽ ആദ്യമാണ്. ആ കേസ് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ചോദ്യം ചെയ്യപ്പെട്ട അതേ വ്യവസ്ഥകൾ കൂടുതൽ കഠിനമായി നിബന്ധനകൾ അടിച്ചേൽപ്പിച്ച് ഔദാര്യം പോലെ തരാമെന്ന് ധാർഷ്ട്യത്തോടെ യൂണിയൻ സർക്കാർ പരമോന്നത കോടതിയ്ക്കു മുന്നിൽ പറയുന്നത്. കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശ്രീ കപിൽ സിബൽ ഫെഡറൽ മൂല്യങ്ങളിൽ ഹൃദയം തൊട്ട് കോടതിയിൽ നടത്തിയ  വാദം വാസ്തവത്തിൽ പോരാട്ടവീര്യം നിറഞ്ഞ ഒന്നായിരുന്നു.

കേരളത്തിന്റെ  കലഹം

 യൂണിയൻ സർക്കാരിൻ്റെ ഈ തമ്പുരാൻ ഭാവത്തോട് കപിൽ സിബൽ കലഹിക്കുകയായിരുന്നു.

ഇതെന്താണ്കേസ് ഫയൽ ചെയ്തപ്പോൾ നിങൾ പറഞ്ഞത് ധനകാര്യ കമ്മീഷൻ്റെ റോഡ് മാപ്പ് പ്രകാരം കേരളത്തിന് വായ്പ എടുക്കാൻ fiscal  space ഇല്ല എന്നല്ലേ?  ഒരു തവണ ബഹു കോടതി എന്നെ കേൾക്കു. ഞാൻ ഈ കേസിൻ്റെ മെരിറ്റിൽ വാദിക്കാംതെളിയിക്കാം. ചോദിക്കുന്നത് ഔദാര്യമല്ലകേരളത്തിൻ്റെ അവകാശമാണ്. അയ്യായിരം കോടി എന്തോ ഔദാര്യം കണക്കെ അനുവദിച്ച് കേരളത്തിൻ്റെ ബജറ്റിനെ നിയന്ത്രിക്കാൻ നോക്കുകയാണിവർ.

സംസ്ഥാനത്തിൻ്റെ മുൻഗണനകൾക്കൊത്ത ചെലവു ചെയ്യലിലെ തടയാൻ നോക്കുകയാണിവർ. ഇതെന്താണ്ഇതു ഫെഡറൽ രാജ്യമല്ലേഞങ്ങളുടെ ബജറ്റിനെ പിടിക്കാൻനിയന്ത്രിക്കാൻ യൂണിയൻ സർക്കാരിനവകാശമില്ല.

ഞങ്ങളുടെ കേസ് മെരിറ്റിൽ നിലനിൽക്കില്ല എന്നു തീർപ്പാക്കിയാണ് ഇവരുടെ നിബന്ധനകൾ . പിന്നെ ഈ കേസിനെന്തു പ്രസക്തിഅതു കൊണ്ട് ഞങ്ങൾ ഈ തുക സ്വീകരിക്കുന്നില്ല. ഞങ്ങളെ കേൾക്കണംനിയമപരമായി ഞങ്ങളുടെ ഇടക്കാല ആവശ്യം അംഗീകരിക്കണം. ബാലൻസ് ഓഫ് കൺവീനിയൻസും പ്രിൻസിപ്പിൾ ഓഫ്  irreparable injury യും കേരളത്തിന് അനുകൂലമാണ്. ഞാൻ കണക്കും ചട്ടവും പറയാം. തെളിയിക്കാം. കേസ് മെരിറ്റിൽ കേൾക്കണം.

കേരളത്തിൻ്റെ ഉറച്ച ശബ്ദം, ഫെഡറൽ അധികാരങ്ങൾക്കു വേണ്ടിയുള്ള ഉറച്ച നിലപാട് സുപ്രീം കോടതിയിൽ  ഉറക്കെ പറഞ്ഞു കപിൽ സിബൽ നിർത്തി.

കേസ് 21 നു വിശദമായി കേൾക്കാൻ കോടതി തീരുമാനം.

ഫെഡറൽ ധന അധികാരങ്ങൾക്കായുള്ള പോരാട്ടം

സംസ്ഥാനങ്ങളുടെ ഫെഡറൽ ധന അധികാരങ്ങൾക്കു വേണ്ടിയുള്ള മുന്നണി പ്പോരാളിയായി മാറുകയാണ് കേരളം. യൂണിയൻ സർക്കാരിൻ്റെ ജന്മിത്ത അസംബന്ധങ്ങൾക്കെതിരെയുള്ള ഉറച്ച നിലപാടുമായി കേരളം പോരാട്ടമാണ്. കഴിഞ്ഞ സിറ്റിംഗിൽ കേരളം സുപ്രിംകോടതിയിൽ സമർപ്പിച്ചൊരു വാദഗതിയുണ്ട്. യൂണിയൻ സർക്കാരിന്റെ കേരളത്തിനെതിരായ ആഖ്യാനങ്ങൾക്കു മറുപടിയായിട്ടാണ് കേരളം ഇതുന്നയിച്ചത്. ധൂർത്തന്മാരാണ് കേരളം. അവർ ഒരുതരം സാമ്പത്തിക അച്ചടക്കവും പാലിക്കില്ല. ഇവർക്ക് ആനുകൂല്യങ്ങൾ അനുവദിച്ചുകൊടുത്താൽ അതൊരു കീഴു്വഴക്കമായി മാറും. ഓരോരുത്തരായി കോടതിയെ സമീപിക്കും. ഇത് അനുവദിക്കാനാവില്ല.

ഈ വാദത്തിൽ രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, കേരളത്തിനെതിരെയുള്ള അസംബന്ധ ആഖ്യാനം. ആരിഫ് മുഹമ്മദ് ഖാൻ മുതൽ ആസ്ഥാന പണ്ഡിതന്മാർ വരെ പേർത്തും പേർത്തും പറയുന്ന ഒന്നാണ് കേരളത്തിന്റെ അധമസ്ഥാനം. ഇതിന് കേരളം സുപ്രിംകോടതിയിൽ കൊടുത്ത മറുപടിയുണ്ട്. രാജ്യം വൈജാത്യങ്ങളുടെ ഒരു കലവറയാണ് ഈ മഹാരാജ്യം. സാംസ്ക്കാരിക വൈജാത്യം മാത്രമല്ല പ്രസക്തമായിട്ടുള്ളത്. വികസനവഴികളുടെ വൈജാത്യവും അതീവപ്രസക്തമാണ്. ഓരോ സംസ്ഥാനത്തിന്റെയും വികസന ആവശ്യങ്ങളും അതിനൊത്ത വഴികളും വിഭിന്നങ്ങളാണ്. അവയെ യാന്ത്രികമായി ഒറ്റ ഓട്ടയിലൂടെ നോക്കാൻ ശ്രമിച്ചാൽ ഈ വൈജാത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധതയാണ് സംഭവിക്കുക. ഈ വികസന വൈജാത്യത്തിൽ ഏറെ സവിശേഷതകൾ നേരിടുന്നൊരു സംസ്ഥാനമാണ് കേരളം. അതുകൊണ്ട് കേരളത്തെ യാന്ത്രികമായി തുല്യപ്പെടുത്തരുത് എന്നതായിരുന്നു വാദം. ഇത് വളരെ സുപ്രധാനമായ ഒരു നിലപാടാണ്.

ഒരുദാഹരണം കൊണ്ട് നമുക്കിത് സമർത്ഥിക്കാം. കേരളത്തിലെ ഉയർന്ന പെൻഷൻ ചെലവ് പല പ്രാമാണിക പണ്ഡിതന്മാരുടെയും ഒരു ആക്ഷേപമാണ്. ഇതെങ്ങനെ ഉണ്ടാകുന്നു? 56 വയസിൽ വിരമിക്കുന്ന ഒരാൾ സർക്കാർ സർവീസിൽ സേവനമനുഷ്ഠിച്ചതിനെക്കാൾ കൂടുതൽ കാലം പെൻഷൻ വാങ്ങുന്നതാണ് കേരളത്തിന്റെ സ്ഥിതി. ഇതിന്റെ കാരണമെന്താണ്? ഉയർന്ന ആയുർദൈർഘ്യമാണ്. ഈ ആയുർദൈർഘ്യം കേരളത്തിന്റെ ഒരു സവിശേഷ വികസന പ്രഹേളികയാണ്. ഇതിനെ എങ്ങനെയാണ് യാന്ത്രികമായി വെട്ടിക്കുറയ്ക്കുക. ഈ വികസന വൈജാത്യം അഭിസംബോധന ചെയ്യുന്ന ധനവിന്യാസ ക്രമം രൂപപ്പെടുത്തുക എന്നതാണ് വഴി. ഇതാണ് കേരളത്തിന്റെ കേസ്.

യൂണിയൻ സർക്കാരിന്റെ വാദത്തിൽ ഉൾച്ചേർന്നിരിക്കുന്ന രണ്ടാമത്തെ ഘടകം സംസ്ഥാനങ്ങൾ ഇങ്ങനെ അവകാശങ്ങൾ ചോദിക്കാൻ തുനിഞ്ഞാൽ തങ്ങൾ എന്തുചെയ്യും എന്നതാണ്. ചരിത്രത്തിൽ സമാനമായ ചോദ്യങ്ങൾ പലപ്പോഴും നാം കേട്ടിട്ടുണ്ട്. നെല്ലുവില ഇങ്ങനെ ഉയർന്നുകൊണ്ടിരിക്കുമ്പോൾ നെല്ലായിത്തന്നെ കൂലിയും പതവും കൂട്ടിവേണം എന്നു പറഞ്ഞ കർഷകത്തൊഴിലാളികളോട് ജന്മിത്തമ്പുരാക്കൾ പറഞ്ഞത്. നല്ല കാശു കിട്ടുന്ന നെല്ലിങ്ങനെ അളന്നു തരാൻ കഴിയില്ലെന്നാണ്. ഇങ്ങനെ ചോദിച്ചാൽ ഇതെവിടെച്ചെന്നു നിൽക്കും എന്നാണ്. അവകാശങ്ങളുയർന്ന ഘട്ടങ്ങളിലെല്ലാം എതിരെ ഉയർന്ന ഈ മാടമ്പി ശബ്ദമാണ് യൂണിയൻ സർക്കാർ ഉയർത്തുന്നത്. കേരളം സംസ്ഥാനങ്ങളെ സംഘടിപ്പിക്കുകയാണോ എന്ന ഭയം.

വാസ്തവത്തിൽ സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങൾക്കുവേണ്ടിയുള്ള മുന്നണിപ്പോരാളിയായി കേരളം മാറുകയാണ്. ഇതിനോട് തികച്ചും അരാഷ്ട്രീയവും കപടവുമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസിന് നാളെ ഈ നിലപാട് തിരുത്തിയല്ലാതെ നിലനിൽപ്പില്ല

ഗോപകുമാര്‍ മുകുന്ദന്‍

ഗോപകുമാര്‍ മുകുന്ദന്‍

സ്വതന്ത്ര ഗവേഷകന്‍, CSES, പാലാരിവട്ടം, കൊച്ചി

More Posts

Share on

മറ്റുവാര്‍ത്തകള്‍