UPDATES

യുകെ/അയര്‍ലന്റ്

ഇറാഖ് യുദ്ധം: അന്വേഷണ റിപ്പോർട്ടിന്മേൽ നടപടി വേണമെന്ന് കമ്മിറ്റി

ഇറാഖ് യുദ്ധകാലത്ത് കാബിനറ്റ് അനുമതിയില്ലാതെ രാജ്യത്തെ യുദ്ധത്തിലേക്ക് നയിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ.

                       

ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട് നിയമിക്കപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടിനു മേൽ നടപടിയുണ്ടാകാത്തതിൽ കമ്മീഷന്‍ തലവനായിരുന്ന ജോൺ ആന്തണി ചില്‍കോട്ട് പ്രഭു രംഗത്ത്. ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ 2003ൽ നിയോഗിക്കപ്പെട്ടതായിരുന്നു ഇദ്ദേഹം. 2009ൽ റിപ്പോർട്ട് പുറത്തുവന്നെങ്കിലും ഇതിന്മേൽ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഇറാഖ് യുദ്ധകാലത്ത് കാബിനറ്റ് അനുമതിയില്ലാതെ രാജ്യത്തെ യുദ്ധത്തിലേക്ക് നയിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. കാബിനറ്റിൽ ചര്‍ച്ച ചെയ്യാതെ പ്രധാനമന്ത്രി ഇത്തരം തീരുമാനങ്ങളെടുക്കുന്നതിന് തടയിടണം എന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു. ഇതിന് കാബിനറ്റ് സെക്രട്ടറിക്ക് കൂടുതൽ അധികാരങ്ങൾ നൽകണമെന്നാണ് നിർദ്ദേശം.

2002ൽ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയർ ജ്യോർജ് ഡബ്ല്യൂ ബുഷിന് ‘ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും’ എന്ന് വാഗ്ദാനം നൽകിയിരുന്ന കാര്യം കമ്മിറ്റി ചെയർമാനായിരുന്ന കൺസർവ്വേറ്റീവ് എംപി ബെർനാർഡ് ജെൻകിൻ പറയുന്നു. വിദേശമന്ത്രിയോടോ, പ്രതിരോധ മന്ത്രിയോടോ ചർച്ച ചെയ്യാതെയാണ് ചോണി ബ്ലയർ ഈ തീരുമാനമെടുത്തത്. ഇതിനു ശേഷം പതിനഞ്ച് വർഷം പിന്നിട്ടിട്ടും കാബിനറ്റിന്റെ സ്വാഭാവിക അവകാശങ്ങൾ സംരക്ഷിക്കാൻ സംവിധാനമുണ്ടായില്ലെന്നും ജെൻകിൻ ചൂണ്ടിക്കാട്ടി.

കമ്മിറ്റിയുടെ നിർദ്ദേശങ്ങള്‍ പ്രകാരം ഇത്തരം സുപ്രധാനമായ തീരുമാനങ്ങൾ കാബിനറ്റ് സെക്രട്ടറിയുടെ കൂടി സമ്മതത്തോടെ വേണം നടക്കാൻ. അത് സംഭവിക്കുന്നില്ലായെങ്കിൽ കാബിനറ്റ് സെക്രട്ടറിക്ക് രാജി വെക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാവുന്നതാണ്.

അസാധാരണമായ സന്ദർഭങ്ങളിൽ കാബിനറ്റ് തീരുമാനത്തിന് കാത്തു നിൽക്കാതെ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയിൽ നിന്ന് കാബിനറ്റ് സെക്രട്ടറിക്ക് ഒരു രേഖാമൂലമുള്ള നിർദ്ദേശം വാങ്ങാവുന്നതാണെന്ന തരത്തിൽ കാര്യങ്ങൾ മാറണമെന്ന് എംപിമാർ ശുപാർശ ചെയ്യുന്നുണ്ട്.
കാബിനറ്റ് സെക്രട്ടറി ഇത്തരമൊരു മാർഗ്ഗനിർദ്ദേശം ആവശ്യപ്പെട്ടാൽ അത് നൽകുന്നത് പാർലമെന്റിനെ ഉടനെ അറിയിക്കേണ്ടതുണ്ടോ എന്നത് പ്രധാനമന്ത്രിയുടെ വിവേചനാധികാരത്തിൽ വരണം. ദേശീയ സുരക്ഷാ സംബന്ധമായ കാര്യങ്ങൾ മുതിർന്ന രാഷ്ട്രീയക്കാരടങ്ങിയ പ്രിവി കൗൺസിലേഴ്സിനെ അറിയിച്ച് പിന്നീട് പാർലമെന്റിനെ അറിയിക്കുക എന്ന രീതിയും ശുപാർശ ചെയ്യപ്പെടുന്നുണ്ട്.

തെരേസ മേ കാബിനറ്റിനെയും അതിന്റെ കമ്മിറ്റികളെയും ശരിയായ വഴിയിൽ ഉപയോഗിക്കുന്നയാളാണെന്ന് ജെൻകിൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ തനിക്ക് കാബിനറ്റിനെ വിശ്വാസമാണെന്നും എന്നാൽ ഇത് ഭാവിയിൽ എല്ലായ്പോഴും നിലനിൽക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താൽ, കാബിനറ്റ് അധികാരം സംരക്ഷിക്കാനുള്ള തന്റെ കമ്മറ്റിയുടെ ശുപാര്‍ശ നടപ്പാക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണെന്നും ജെൻകിൻ ചൂണ്ടിക്കാട്ടി.

Share on

മറ്റുവാര്‍ത്തകള്‍