UPDATES

യുകെ/അയര്‍ലന്റ്

സാജിദ് ജാവിദ് പുതിയ ആഭ്യന്തരമന്ത്രി; കുടിയേറ്റക്കാരുടെ പ്രതിനിധിയെ തന്നെ തെരഞ്ഞെടുത്ത് തെരേസ മേ

ഈ പ്രശ്നങ്ങളെ ഒരു കുടിയേറ്റ പശ്ചാത്തലമുള്ള ആളെത്തന്നെ ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്നാണ് തെരേസ മേ കണക്കു കൂട്ടുന്നതെന്ന് വ്യക്തം.

                       

ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കെതിരെ കടുത്ത രാഷ്ട്രീയസമ്മർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി ആംബർ റുഡ്ഢ് രാജിവെച്ച ഒഴിവിലേക്ക് സാജിദ് ജാവിദ് നിയമിക്കപ്പെട്ടു. നിലവിലെ കുടിയേറ്റ പ്രശ്നങ്ങള്‍ തന്നെയായിരിക്കും ജാവിദിന് ആദ്യം നേരിടേണ്ടി വരുന്ന വെല്ലുവിളി.

നിലവിൽ കാബിനറ്റിൽ ഹൗസിങ്-കമ്യൂണിറ്റീസ് മന്ത്രിയാണ് ജാവിദ്.

യുകെ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യത്തെ BAME (ബ്ലാക്ക്, ഏഷ്യൻ, വംശീയ ന്യൂനപക്ഷങ്ങൾ എന്നതിന്റെ ചുരുക്കപ്പേര്) രാഷ്ട്രീയക്കാരനാണ് ജാവിദ്.

സാജിദ് ജാവിന്റെ മാതാപിതാക്കൾ 1960കളിൽ പാകിസ്താനിൽ നിന്നും കുടിയേറിയവരാണ്. തെരേസ മേ 2013ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് രൂപപ്പെടുത്തിയ കുടിയേറ്റ നയമാണ് ഇപ്പോൾ ആംബർ റുഡ്ഢിന്റെ രാജിയിലേക്കു വരെ കൊണ്ടെത്തിച്ച പ്രശ്നങ്ങളുടെ അടിസ്ഥാനം. ഈ പ്രശ്നങ്ങളെ ഒരു കുടിയേറ്റ പശ്ചാത്തലമുള്ള ആളെത്തന്നെ ഉപയോഗിച്ച് കൈകാര്യം ചെയ്യാമെന്നാണ് തെരേസ മേ കണക്കു കൂട്ടുന്നതെന്ന് വ്യക്തം.

കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ ലാറ്റിനമേരിക്കൻ നാടുകളിൽ നിന്നും ആഫ്രിക്കൻ നാടുകളില്‍ നിന്നും മറ്റ് കോമൺവെൽത്ത് നാടുകളിൽ നിന്നും കുടിയേറിയ ലക്ഷക്കണക്കിനാളുകൾ യുകെയിലുണ്ട്. ഇവര്‍ക്കെതിരായ വികാരം ആളിക്കത്തിക്കുന്നതിൽ തെരേസ മേയുടെ നയം വലിയ പങ്ക് വഹിച്ചു. ആഭ്യന്തരമന്ത്രി ആംബര്‍ റുഡ്ഢ് തെരേസ രൂപപ്പെടുത്തിയ അതേ നയം തുടരുകയാണ് ചെയ്തത്.

വിൻഡ്റഷ് എന്ന കപ്പലിൽ 1948ൽ ലണ്ടൻ നഗരത്തിൽ വന്നിറങ്ങിയവരെയും അവരുടെ പിൻതലമുറക്കാരെയും മെക്സിക്കോയിലേക്ക് തിരിച്ചയയ്ക്കാനുള്ള ശ്രമം സർക്കാർ തുടങ്ങിയതോടെ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി. രാജ്യത്തിനകത്തു തന്നെ പ്രതിഷേധങ്ങളുയരുകയും ചെയ്തു.

വിൻഡ്റഷ് തലമുറയോട് അങ്ങേയറ്റത്തെ അനുതാപം സൂക്ഷിക്കുന്നയാൾ കൂടിയാണ് ജാവിദ്. അവരോടുള്ള സര്‍ക്കാരിന്റെ പെരുമാറ്റം മോശമായി എന്ന് സമ്മതിക്കുന്നയാളാണ് ഇദ്ദേഹം. അവർ തന്റെ അമ്മയോ, അച്ഛനോ, അമ്മാവനോ, താൻ തന്നെയോ ആകാമെന്ന് ജാവിദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related news


Share on

മറ്റുവാര്‍ത്തകള്‍