UPDATES

വായിച്ചോ‌

ഗാന്ധി വധത്തോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതികരിച്ചതെങ്ങനെ?

ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി ക്രിക്കറ്റ് താരങ്ങള്‍ മൗനമായി നില്‍ക്കുകയാണ്. അവരുടെ ദുഖവും ആശങ്കയും പ്രകടമാണ്. അവരിപ്പോളും ആശങ്കയില്‍ തന്നെ നില്‍ക്കുകയാണ്. നമുക്ക് വേണ്ടി.

                       

മഹാത്മ ഗാന്ധിയുടെ കൊലപാതകത്തോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതികരിച്ചതെങ്ങനെ എന്നാണ് ഗാന്ധിജിയുടെ കൊച്ചുമകനും പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറും പൊതുപ്രവര്‍ത്തകനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്.

ഗോപാല്‍കൃഷ്ണ ഗാന്ധി പറയുന്നു:

എനിക്ക് ക്രിക്കറ്റില്‍ ഒരു താല്‍പര്യവുമില്ല. എന്നാല്‍ ക്രിക്കറ്റര്‍മാരില്‍ പലരേയും വ്യക്തിപരമായി ഇഷ്ടമാണ്. ശാസ്ത്രീയ സംഗീതത്തില്‍ അത്ര വലിയ താല്‍പര്യമില്ലാഞ്ഞിട്ടും സംഗീതജ്ഞരോട് താല്‍പര്യമുള്ളത് പോലെ. ഹിന്ദുസ്ഥാന്‍ ടൈംസ് 1948 ആദ്യം പ്രസിദ്ധീകരിച്ച ബാപ്പുജിയുടെ ഓര്‍മ്മകളുടെ അപൂര്‍വ സമാഹാരം മറിച്ചുനോക്കുകയായിരുന്നു ഞാന്‍. അതില്‍ ഒരു ഫോട്ടോയില്‍ എന്റെ കണ്ണ് തടഞ്ഞു. 1948ല്‍ ഓസ്‌ട്രേയന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ മെല്‍ബണിലെ സ്റ്റേഡിയത്തില്‍ ദുഖാര്‍ത്തരായി നിന്ന് കൊല്ലപ്പെട്ട തങ്ങളുടെ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കുന്നതിന്റെ ചിത്രമാണ് അത്.

രണ്ട് ക്രിക്ക്റ്റ് വിദഗ്ധര്‍ എന്റെ സഹയത്തിനെത്തി – എന്‍ റാമും രാമചന്ദ്രഗുഹയും. അന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തെക്കുറിച്ച് അവര്‍ പറഞ്ഞു. ചിത്രത്തില്‍ ആരൊക്കെയാണ് ഉള്ളത് എന്ന് ബോറിയ മജുംദാര്‍ പറഞ്ഞുതന്നു. ഇടത് നിന്ന് വലത്തോട്ട് നോക്കിയാല്‍ – കെഎം രാംഗനേക്കര്‍, സിടി സര്‍വാതെ, വിഎസ് ഹസാരെ. ഇവരുടെ പിന്നില്‍ അത്ര വ്യക്തമല്ലാതെ രണ്ട് പേര്‍ – അത് ജി കിഷന്‍ചന്ദും ജെകെ ഇറാനിയുമാകാം. വലത്തേയറ്റത്ത് നില്‍ക്കുന്നച് എല്‍ അമര്‍നാഥ്. തൊട്ടടുത്ത് ഇടതുഭാഗത്ത് പങ്കജ് ഗുപ്ത, പിന്നെ ആമിര്‍ ഇലാഹി, ഡിജി ഫഡ്കര്‍, ഏറ്റവുമൊടുവില്‍ കാണുന്നത് എസ്ഡബ്ല്യു സൊഹോനിയാണെന്ന് സൂചന.

ഇതിന്റെ ഒരു റിവ്യൂ മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ് (എംസിസി) ജേണലായ യോര്‍ക്കറില്‍ (2007/08) പ്രസിദ്ധീകരിച്ചിരുന്നു. ഇതേക്കുറിച്ച് എന്‍ റാം എന്നോട് പറഞ്ഞിരുന്നു. അന്നത്തെ ഇന്ത്യന്‍ ടീം മാനേജരായിരുന്ന പങ്കജ് ഗുപ്ത ഇങ്ങനെ പറഞ്ഞു – ഞങ്ങള്‍ വല്ലാതെ സ്തംഭിച്ചുപോയിരുന്നു. രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. ദുഖാര്‍ത്തരായി ഓള്‍ ഇന്ത്യ റേഡിയോ കേട്ടുകൊണ്ടിരുന്നു. ചിലര്‍ കരഞ്ഞു. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം മത്സരം തുടങ്ങുന്ന്തിന് മുമ്പായി ഇന്ത്യന്‍ ടീമും ഡൊണാള്‍ഡ് ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ ടീമും ഒരു മിനുട്ട് മൗനമാചരിച്ചു. ഈ ഫോട്ടോയിലുള്ളവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഹസാരെ 2004ല്‍ 89ാം വയസില്‍ അന്തരിച്ചു.

ഈ ഫോട്ടോയിലുള്ളവരാരും കാമറയിലേയ്ക്ക് നോക്കുന്നില്ല. അവര്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നതായി പോലും തോന്നുന്നില്ല. ക്രിക്കറ്റര്‍മാര്‍ സ്വാര്‍ത്ഥരാണെന്നും ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങളെക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ അവര്‍ ആലോചിക്കാറില്ലെന്നും ഈ ചിത്രം കണ്ടാല്‍ പറയാനാവില്ല. ഇന്ത്യന്‍ ടീമിലെ 13 കളിക്കാരും അവരുടെ മാനേജരും തങ്ങളുടെ വീടുകളിലേയ്ക്ക് അയച്ച കത്തുകള്‍ കണ്ടെത്താനും ഇന്ത്യയുടെയും ലോകത്തിന്റേയും ഭാവിയെപ്പറ്റിയും അവര്‍ എന്താണ് ചിന്തിച്ചിരുന്നത് എന്ന് മനസിലാക്കാന്‍ സഹായിക്കാനും ഒരുപക്ഷെ ബോറിയ മജുംദാറിന് കഴിഞ്ഞേക്കും. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി ക്രിക്കറ്റ് താരങ്ങള്‍ മൗനമായി നില്‍ക്കുകയാണ്. അവരുടെ ദുഖവും ആശങ്കയും പ്രകടമാണ്. അവരിപ്പോളും ആശങ്കയില്‍ തന്നെ നില്‍ക്കുകയാണ്. നമുക്ക് വേണ്ടി.

വായനയ്ക്ക്:  https://goo.gl/XZYj31

Share on

മറ്റുവാര്‍ത്തകള്‍