UPDATES

വീടും പറമ്പും

കമ്യൂണിസ്റ്റ് കിഴക്കന്‍ ജർമ്മനിയുടെ അഭിമാന പദ്ധതിയായിരുന്ന കാൾ മാർക്സ് വീഥിയിലെ 670 അപ്പാർട്ടുമെന്റുകൾ ബെര്‍ലിന്‍ വാങ്ങി

പ്രോപ്പർട്ടി കമ്പനിയായ ഡച്ച്‌ വോണന് ഈ കെട്ടിടം വില്‍ക്കാന്‍ ഉടമസ്ഥരായ പ്രെഡാക് തീരുമാനിച്ചിരുന്നു

                       

ചരിത്ര പ്രസിദ്ധമായ കാൾ മാർക്സ് വീഥിയിലെ 670 അപ്പാർട്ടുമെന്റുകൾ ഒരു സ്വകാര്യ ഉടമയിൽ നിന്ന് ബെർലിൻ സ്റ്റേറ്റ് തിരികെ വാങ്ങി. അതോടെ ജര്‍മ്മന്‍ തലസ്ഥാനം നേരിടുന്ന ഭവന പ്രതിസന്ധികള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നവംബറിൽ ബെർലിനിലെ ഏറ്റവും വലിയ പ്രോപ്പർട്ടി കമ്പനിയായ ഡച്ച്‌ വോണന് ഈ കെട്ടിടം വില്‍ക്കാന്‍ ഉടമസ്ഥരായ പ്രെഡാക് തീരുമാനിച്ചിരുന്നു. അത് വലിയ ബഹുജന പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. കമ്യൂണിസ്റ്റ് കിഴക്കന്‍ ജർമ്മനിയുടെ 1950-കളിലെ അഭിമാന പദ്ധതിയായിരുന്നു നഗരകേന്ദ്രം മുതൽ കിഴക്ക് ഫ്രീഡ്രിക്‌ഷെയ്ൻ വരെ നീളുന്ന ഈ കെട്ടിടങ്ങള്‍.

ബെർലിനിൽ മിതമായ നിരക്കിൽ ഭവനം ആഗ്രഹിക്കുന്ന ആളുകൾക്ക് വാടക ക്രമാതീതമായി വർദ്ധിക്കുന്നത് ഒരു പ്രശ്നമായിരുന്നു. ചില മേഖലകളിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വാടക ഇരട്ടിയായി. മാസങ്ങളോളം നീണ്ടുനിന്ന നിയമപരമായ തർക്കങ്ങള്‍ക്ക് ശേഷം 670-ലധികം അപ്പാർട്ടുമെന്റുകൾ അടങ്ങിയ മൂന്ന് ബ്ലോക്കുകൾ സർക്കാർ ഉടമസ്ഥതയിലുള്ള ഭവന ദാതാക്കളായ ഗെവോബാഗ് വാങ്ങുമെന്ന് തിങ്കളാഴ്ചയാണ് സെനറ്റ് സ്ഥിരീകരിച്ചത്. എത്ര രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് ഇരുവിഭാഗവും സ്ഥിരീകരിച്ചിട്ടില്ല.

1990 കളിൽ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ അപ്പാര്‍ട്ട്മെന്‍റുകള്‍ തിരിച്ചുപിടിക്കാനുള്ള വിശാലമായ താല്‍പര്യത്തിന്‍റെ ഭാഗമാണ് ഈ തീരുമാനമെന്ന് ബെർലിൻ മേയർ പറഞ്ഞു. സമീപ വർഷങ്ങളിൽ നഗരത്തിലെ വാടക ചെലവ് അതിവേഗം ഉയർന്നതാണ് പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ കാരണം. ബെര്‍ലിന്‍ നഗരത്തില്‍ എല്ലാവര്‍ക്കും താമസിക്കാന്‍ കഴിയണമെന്നും, വസ്തുകൈമാറ്റ വിപണിയിലെ നിയന്ത്രണം വീണ്ടെടുക്കണം എന്നുള്ളതുകൊണ്ടുമാണ് കഴിയുന്നിടത്തോളം അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍