June 14, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

എന്തുകൊണ്ടാണ് നമ്മുടെ പുരുഷ രാഷ്ട്രീയ നേതാക്കള്‍ വിനയ് കത്യാര്‍മാരായി തുടരുന്നത്?

വിനയ് കത്യാറും സ്ത്രീവിരുദ്ധ ലൈംഗികച്ചുവയുള്ള ഇന്ത്യന്‍ രാഷ്ട്രീയക്കാരനും

ലൈംഗിക മുന്‍വിധികളുടെ കാര്യത്തില്‍ ഇന്ത്യ ഒരു ഭൂരിപക്ഷ-പുരുഷാധിപത്യ സമൂഹമാണെന്നത് അറിയാത്ത കാര്യമല്ല. അതേപോലെ തന്നെ നമുക്കൊക്കെ അറിവുള്ള കാര്യമാണ് ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ സ്ത്രീവിരുദ്ധ, ലൈംഗിക പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതും. ബി ജെ പി എംപി വിനയ് കത്യാറെ നോക്കുക. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധിയെക്കുറിച്ച് അയാള്‍ നടത്തിയ പരാമാര്‍ശങ്ങളില്‍ തികഞ്ഞ സ്ത്രീവിരുദ്ധതയാണുള്ളത്. ബിജെപിക്ക് പ്രിയങ്കയെക്കാള്‍ സുന്ദരികളായ പ്രചാരകരുണ്ടെന്നായിരുന്നു അയാളുടെ വാക്കുകള്‍. ഒപ്പം കേന്ദ്രമന്ത്രിയായ ഒരു സ്ത്രീയെക്കുറിച്ച് ആഭാസകരമായ പരാമര്‍ശവും. കത്യാര്‍ ഇടക്കിടയ്ക്ക് ഇത്തരം അധിക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ അത്ഭുതമില്ല.

ജെഡി (യു) നേതാവ് ശരദ് യാദവടക്കം വിവിധ കക്ഷികളില്‍പ്പെട്ട ഒരു വലിയ സംഘം കത്യാറിന്റെ കൂട്ടത്തിലുണ്ട്. യാദവ് നേരത്തെ ദക്ഷിണേന്ത്യന്‍ സ്ത്രീകളെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനും മുമ്പ് മുടി മുറിച്ച സ്ത്രീകളെക്കുറിച്ചും. ഈയടുത്ത് പെണ്‍മക്കളുടെ മാനം വോട്ടിന്റെ വിലയേക്കാള്‍ കുറവാണെന്ന തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചതും ഏറെ വിവാദമായിരുന്നു. എത്രയൊക്കെ വൃത്തികെട്ട കാര്യങ്ങള്‍ പറഞ്ഞാലും ഈ രാഷ്ട്രീയക്കാര്‍ക്കെതിരെ അവരുടെ കക്ഷികളൊന്നും ഒരു നടപടിയും എടുക്കാറുമില്ല; ഒരു അംഗീകൃത ചട്ടം എന്ന രീതിയിലാണ് ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചു പോരുന്നത്.

ഒരുകാലത്ത് പുരുഷന്മാരുടെ കുത്തകയായി കരുതിയിരുന്ന പൊതുഇടങ്ങളില്‍ സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നതും സാന്നിധ്യം ഉറപ്പിക്കുന്നതും പുരുഷ രാഷ്ട്രീയക്കാരെ അരക്ഷിതരാക്കുന്നു എന്നത് വസ്തുതയാണ്. കൂടുതല്‍ സ്ത്രീകള്‍ തൊഴിലിനായി പോകുന്നു, പൊതു ഗതാഗഗതം ഉപയോഗിക്കുന്നു, പുതിയ മേഖലകളില്‍ കയറുന്നു, പഴയ പല മാമൂലുകളെയും പൊളിച്ചെഴുതുന്നു… പുരുഷ രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം സഹിക്കാനാകുന്നില്ല എന്നു കരുതാം. സ്ത്രീവിരുദ്ധതയെ ചെറുക്കാന്‍ കൂടുതല്‍ സവിശേഷസ്വഭാവങ്ങളുള്ള നിയമങ്ങള്‍ അടക്കം നമ്മള്‍ കൊണ്ടുവരുന്നുണ്ട് – പ്രത്യേകിച്ചും ഡല്‍ഹിയില്‍ 2012 ഡിസംബര്‍ 16-നു നടന്ന കൂട്ട ബലാത്സംഗ-കൊലപാതകത്തിന് ശേഷം. പീഡനത്തിനെതിരെ, പിന്നാലേ നടന്നുള്ള ശല്യം ചെയ്യലിനെതിരെ, അധിക്ഷേപകരമായ വര്‍ത്തമാനങ്ങള്‍ക്കെതിരെ ഒക്കെ പുതിയ നിയമങ്ങള്‍ വന്നു. ഡല്‍ഹി ദുരന്തത്തോടെ ഈ വിഷയങ്ങളൊക്കെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നു എന്നു പറയാം.

എന്നാല്‍, നമ്മുടെ രാഷ്ട്രീയക്കാര്‍ ഒരു മാറ്റവും ഉള്‍ക്കൊണ്ടിട്ടില്ല. പുരുഷാധിപത്യത്തില്‍ നിന്നും വേറിട്ട് ഇന്ത്യന്‍ സ്ത്രീക്ക് ഒരു സ്വതന്ത്രമായ സാന്നിധ്യമുണ്ടെന്ന് അംഗീകരിക്കാത്ത നമ്മുടെ രാഷ്ട്രീയക്കാര്‍ സമൂഹത്തിന്റെ ഒരു ചലനവും മനസിലാക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നതും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, നമ്മുടെ കേരളത്തിലുള്ള ഒരുവിധപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒക്കെ മനോഭാവവും വലിയ വ്യത്യാസമൊന്നുമില്ല എന്നത് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതാണ്.

സ്ത്രീവിരുദ്ധമായ കാര്യങ്ങളെ ആത്മാഭിമാനത്തോടും പുച്ഛത്തോടും കൂടി തള്ളിക്കളയുന്ന എണ്ണമറ്റ ഇന്ത്യന്‍ സ്ത്രീകളെപ്പോലെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെയാണ് പ്രിയങ്ക ഗാന്ധിയും കത്യാറുടെ പരാമര്‍ശങ്ങളോട് പ്രതികരിച്ചത്. പക്ഷേ ഈ പുരുഷ രാഷ്ട്രീയക്കാരോടും കൂടുതല്‍ കടുത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍ സമയമായിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

×