മൊര്‍മുക്തിനൊപ്പം ഉണ്ടായിരുന്ന ദൂരദര്‍ശന്‍ കാമറമാനെ നക്‌സലുകള്‍ കൊലപ്പെടുത്തിയിരുന്നു
ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ കഴിഞ്ഞ ദിവസം നടന്ന നക്‌സല്‍ ആക്രമണത്തില്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട ദൂരദര്‍ശന്‍ അസിസ്റ്റന്റ് കാമറാമാന്‍ തന്റെ അമ്മയ്ക്കുള്ള സന്ദേശമായി റെക്കോര്‍ഡ് ചെയ്ത വീഡിയോ വൈറല്‍ ആകുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പരിക്കേറ്റ് കിടക്കുന്ന മൊര്‍മുക്ത് ശര്‍മ എന്ന കാമറാമാന്‍ തന്റെ അമ്മയോട് പറയുന്ന കാര്യങ്ങള്‍ എന്ന നിലയിലുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഇവിടുത്തെ സാഹചര്യങ്ങള്‍ ഗുരുതരമാണ്. പക്ഷേ, മരണത്തെ ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ കണ്‍മുന്നില്‍ കാണുന്ന മരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. ഒരുപക്ഷേ ഈ ആക്രമണത്തില്‍ ഞാന്‍ കൊല്ലപ്പെട്ടേക്കാം, പക്ഷേ അമ്മേ, ഞാന്‍ അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു.
വീണു കിടന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ മൊര്‍മുക്ത് ശര്‍മ സംസാരിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്. പുറകില്‍ വെടി ശബ്ദങ്ങള്‍ കേള്‍ക്കുന്നുമുണ്ട്.
Exemplary courage, dedication?words fail to describe the fearlessness shown under fire. My tributes. Condolences to loved ones. https://t.co/79k1FSBxkr
— Smriti Z Irani (@smritiirani) October 31, 2018
ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ മൊര്‍മുക്തിനൊപ്പം ഉണ്ടായിരുന്ന ദൂര്‍ദര്‍ശന്‍ കാമറാമാന്‍ അചുത്യാനന്ദ സാഹു കൊല്ലപ്പെട്ടിരുന്നു. റിപ്പോര്‍ട്ടറായ ധീരജ് കുമാറിനൊപ്പം എത്തിയവരാണ് സാഹുവും ശര്‍മയും. തിങ്കളാഴ്ചയാണ്, അടുത്തമാസം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇവര്‍ ബസ്തറില്‍ എത്തിയത്. ഇവര്‍ക്കു നേരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ധീരജും മൊര്‍മുക്തും തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ സാഹസികമായി ഇവരെ നക്‌സലുകളുടെ വെടിയുണ്ടകളില്‍ നിന്നും രക്ഷപെടുത്തുകയായിരുന്നു. ധീരജിനെയും മൊര്‍മുക്തിനേയും പിന്നീട് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി റായ്പൂരില്‍ എത്തിച്ചു. രണ്ടുപേരുടെയും ആരോഗ്യനില ഇപ്പോള്‍ സുരക്ഷിതമാണ്. ഈ ആക്രമണത്തില്‍ രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.
ആസാമാന്യമായ ധൈര്യം എന്നാണ് സ്മൃതി ഇറാനി മൊര്‍മുക്തിന്റെ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് പറയുന്നത്. വെടിയുണ്ടകള്‍ക്കിടയില്‍ കാണിച്ച ഈ നിര്‍ഭയത്വം വിവരിക്കാന്‍ വാക്കുകള്‍ ഇല്ലെന്നും കേന്ദ്രമന്ത്രി പറയുന്നുണ്ട്.