യൂറോപ്പില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ ക്രൈസ്തവ സഭാ പരിഷ്‌കരണ ആഹ്വാനങ്ങള്‍ വന്നിട്ട് അഞ്ച് നൂറ്റാണ്ട് പിന്നിടുമ്പോള്‍ പുരോഹിതന്മാരുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള വാര്‍ത്തയാണ് ജര്‍മ്മനിയില്‍ നിന്ന് വരുന്നത്. അഞ്ച് ഭാഷകളില്‍ ദൈവത്തില്‍ നിന്നുള്ള അനുഗ്രഹം വിശ്വാസികളിലേയ്ക്ക് പകരുന്ന ഒരു റോബോട്ട് പുരോഹിതന്‍ ജര്‍മ്മനിയിലെ വിറ്റന്‍ബര്‍ഗില്‍ അവതരിച്ചിരിക്കുന്നു. സഭാ പരിഷ്‌കരണത്തിന് തുടക്കം കുറിച്ചതിന്റെ വാര്‍ഷികാഘോഷങ്ങളുമായി ഭാഗമായി നടത്തിയ പ്രദര്‍ശനത്തിലാണ് അനുഗ്രഹം നല്‍കുന്ന റോബോട്ട് വികാരി ശ്രദ്ധേയനായിരിക്കുന്നത്. ബ്ലെസ് യു 2 എന്നാണ് റോബോട്ടച്ചന്റെ പേര്.
റോബോട്ടച്ചന്റെ നെഞ്ചത്ത് ഒരു ടച്ച് സക്രീനുണ്ട്. കഴിഞ്ഞ 10 ദിവസങ്ങളായി ജര്‍മ്മന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ് ഭാഷകളിലാണ് നിലവില്‍ വികാരിയുടെ അനുഗ്രഹം. എന്നാല്‍ ക്രൈസ്തവ സഭകളിലെ പോലെ പുരോഹിതവൃത്തിയില്‍ ലിംഗവിവേചനമില്ല. റോബോട്ട് പുരോഹിതന്‍ വേണമെങ്കില്‍ പുരോഹിതയും ആകും. പുരുഷ, സത്രീ ശബ്ദങ്ങളില്‍ അനുഗ്രഹം നല്‍കുമെന്നര്‍ത്ഥം. അനുഗ്രഹത്തിനൊപ്പം ദിവ്യവെളിച്ചവും പകരും.
“ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും” – സ്വിച്ച് അമര്‍ത്തിയാല്‍ റോബോട്ട് ഇങ്ങനെ പറയും. വേണമെങ്കില്‍ പറഞ്ഞതിന്റെ പ്രിന്റ് ഔട്ടും തരും. റോബോട്ടിന് കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പകരം റോബോട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് (ആംഗ്ലിക്കന്‍) സഭയുടെ ഭാഗമായ സ്റ്റീഫന്‍ ക്രബ്‌സ് ആണ് റോബോട്ട് വികാരിയുടെ നിര്‍മ്മാണത്തിന് പിന്നില്‍. അനുഗ്രഹിക്കാന്‍ മനുഷ്യപുരോഹിതന്‍ തന്നെ വിശ്വാസികള്‍ക്ക് വേണോ അതോ റോബോട്ടായാലും മതിയോ എന്ന പരീക്ഷണമാണ് തങ്ങള്‍ നടത്തുന്നതെന്ന് സ്റ്റീഫന്‍ ക്രെബ്‌സ് പറയുന്നു. ഇത്തരത്തിലൊരും സംവാദത്തിന് തുടക്കം കുറിക്കാന്‍ തന്നെ ഞങ്ങള്‍ ലക്ഷ്യമിടുന്നു.
മനുഷ്യപുരോഹിതരെ ഒഴിവാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണെന്ന ധാരണയില്‍ സഭയുമായി ബന്ധപ്പെട്ടവര്‍ വിമര്‍ശനവുമായി വരുന്നുണ്ട്. ആളുകളില്‍ നിന്ന് ക്രെബ്‌സും സഹപ്രവര്‍ത്തകരും പ്രതികരണങ്ങള്‍ തേടുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിലവില്‍ പുരോഹിതരുടെ എണ്ണത്തില്‍ നേരിടുന്ന ദൗര്‍ലഭ്യം പരിഹരിക്കാനായി ഇത്തരത്തില്‍ റോബോട്ടുകളെ ഉപയോഗിക്കാനൊന്നും ലക്ഷ്യമിടുന്നില്ലെന്നും ക്രെബ്‌സ പറയുന്നു. യന്ത്രങ്ങളെ ദൈവശാസ്ത്രവുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ലോകത്തെ ആദ്യത്തെ ക്രിസ്ത്യന്‍ റോബോട്ട് പുരോഹിതന്‍ എന്ന് മാത്രമേ ബ്ലെസ് യുവിനെ വിളിക്കാനാവൂ. ഒരു ബുദ്ധമത റോബോട്ട് പുരോഹിതന്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ അവതാരമെടുത്തിട്ടുണ്ട്.