2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാരും ഹിന്ദുത്വ ഭരണവും ഇന്ത്യയില്‍ അധികാരത്തില്‍ വന്ന കാലത്ത് തന്നെയാണ് വിരാട് കോഹ്‌ലി ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. മഹേന്ദ്ര സിങ് ധോണിയെന്ന, ക്യാപ്റ്റന്‍ കൂളിന്റെ പിന്‍ഗാമിയായാണ് കോഹ്‌ലിയെത്തുന്നത്. ധോണി ശാന്തനായിരുന്നുവെന്ന് മാത്രമല്ല, കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ഇതിഹാസ ക്യാപ്റ്റനുമായിരുന്നു.
കോഹ്‌ലി പുതിയ കാലത്തിന്റെ നായകനായിരുന്നു. ഉഗ്രകോപി, പൗരുഷത്വത്തിന്റെ പ്രകടനക്കാരന്‍, നടുവിരലുയര്‍ത്തിയും നെഞ്ചിലിടിച്ചും ആക്രോശിച്ചും വെല്ലുവിളിച്ചും വിരാട് കോഹ്‌ലി ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായി തീര്‍ന്നു. ടാറ്റൂകളും ഹെയര്‍ സ്റ്റെലും കോഹ്‌ലിക്കൊപ്പം ചെറുപ്പക്കാര്‍ ഏറ്റെടുത്തു. ഹിന്ദുത്വ വിരാട് പൗരുഷത്തിന്റെ നേര്‍മാതൃകയായി കോഹ്‌ലി. ഇന്ത്യന്‍ ചെറുപ്പക്കാരുടെ ഏറ്റവും വലിയ ആരാധനകളിലൊന്നായ ബോളിവുഡിലെ താരറാണിമാരില്‍ ഒരാളെ വിവാഹം ചെയ്തു. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പോസ് ചെയ്തു. നോട്ട് ബന്ധിയെന്ന അന്തരാഷ്ട്ര മണ്ടത്തരം മഹത്തായ സാമ്പത്തിക വിപ്ലവമാണെന്ന് ട്വീറ്റ് ചെയ്തു.
നേരത്തേ തന്നെ വൈകാരിക ദേശീയതയും പ്രതിജ്ഞാബദ്ധതയും ചേര്‍ന്ന ഉത്തമ ഇന്ത്യന്‍ പൗരുഷത്തിന്റെ പ്രതീകമായി വിരാട് കോഹ്‌ലി ശ്രദ്ധിക്കപ്പെട്ടതാണ്. 2006 ഡിസംബര്‍ 18-നാണ് വിരാട് കോലിയുടെ പിതാവ് പ്രേം കോഹ്‌ലി മസ്തിഷ്‌കാഘാതം മൂലം മരിക്കുന്നത്. ക്രിമിനല്‍ അഭിഭാഷകനായ പ്രേം കോഹ്‌ലിയെ കൊണ്ട് ബൗള്‍ ചെയ്യിച്ചാണ് ബാലനായ വിരാട് തന്റെ ബാറ്റിങ് പ്രാക്ടീസ് ആരംഭിച്ചത്. മിക്കവാറും ദിവസം പ്രാക്ടീസിന് വിരാടിനെ ഗ്രൗണ്ടില്‍ കൊണ്ട് വിട്ടശേഷമാണ് പ്രേം കോഹ്‌ലി ഓഫീസില്‍ പോകാറുള്ളത്. പക്ഷേ പിതാവ് മരിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ പതിനേഴ് വയസ് മാത്രം പ്രായമുള്ള ആ കൗമാരക്കാരന്‍ ഗ്രൗണ്ടിലിറങ്ങി. കോഹ്‌ലിയുടെ ഇന്നിങ്സാണ് കര്‍ണാടകയ്ക്ക് എതിരെയുള്ള മാച്ചില്‍ ഡല്‍ഹിക്ക് നിര്‍ണാകയമായത്. ടീമിനോടും പിതാവിനോടും ക്രിക്കറ്റിനോടുമുള്ള തന്റെ കര്‍ത്തവ്യമാണ് അതിന് പ്രേരിപ്പിച്ചത് എന്ന് പിന്നീട് കോഹ്‌ലി വിശദീകരിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേയ്ക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റനായി കോഹ്‌ലി.
അവിടെ നിന്നാരംഭിച്ചതാണ് വിരാട് കോഹ്‌ലി എന്ന ചെറുപ്പക്കാരന്റെ സെലിബ്രറ്റി ജീവിതം. സുജനമര്യാദകളും ലാളിത്യവുമൊന്നുമായിരുന്നില്ല വിരാട പൗരുഷമായിരുന്നു കോഹ്‌ലിയുടെ കൈമുതല്‍. കപില്‍ദേവിലും സച്ചിന്‍ ടെണ്ടുല്‍ക്കറിലും മഹേന്ദ്ര ധോണിയിലും കണ്ടിരുന്ന ഉത്തരവാദിത്തബോധത്തേക്കാള്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഹോളിക്കും രാമപൂജക്കും നവരാത്രിക്കും നിശാപാര്‍ട്ടികളിലും നൃത്തമാടുകയും ബഹളം വയ്ക്കുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ വീര്യമായിരുന്നു വിരാട് കോഹ്‌ലിയില്‍ കണ്ടത്. എതിരാളികളോടും സഹകളിക്കാരോടും കയര്‍ത്തു. എതിര്‍ ടീമുകളെ വെല്ലുവിളിച്ചു, ഗ്യാലറികളെ പുച്ഛിച്ചു. അതെല്ലാം അയാള്‍ക്ക് കൂടുതല്‍ കൂടുതല്‍ ആരാധകനെ നല്‍കി.
2014-ല്‍ നരേന്ദ്ര മോദിക്കും ഹിന്ദുത്വയ്ക്കും ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഡ്രൈവിങ് സീറ്റില്‍ കോഹ്‌ലിയെത്തിയതിനെ കൗതുകത്തോടെ കണ്ട പലരുമുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ തന്നിഷ്ടക്കാരനും അധികാരിയുമായിരുന്നു വിരാട് കോഹ്‌ലി. ബി.സി.സി.ഐ-യെ കോഹ്‌ലി അക്കാലങ്ങളില്‍ നിയന്ത്രിച്ചു. ചരിത്രകാരനും ക്രിക്കറ്റ് പണ്ഡിതനുമായ രാമചന്ദ്ര ഗുഹ ‘കാബിനറ്റ് സഹമന്ത്രിമാര്‍ മോദിയെ ആരാധിക്കുന്നത് പോലെയാണ് ബി.സി.സി.ഐ നേതൃത്വം കോഹ്‌ലിയെ ആരാധിക്കുന്നത്’- എന്ന് ചൂണ്ടിക്കാണിച്ചു. അക്കാലം ക്രിക്കറ്റ് ബോര്‍ഡിനും മോശമായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് സുപ്രിം കോടതി നിയോഗിച്ച സമിതിയാണ് 2017 തുടക്കം മുതല്‍ രണ്ടരവര്‍ഷത്തോളം ബി.സി.സി.ഐ-യെ നിയന്ത്രിച്ചിരുന്നത്. അക്കാലത്തെല്ലാം കോഹ്‌ലിയുടെ ഇച്ഛകളുടെ, പെട്ടെന്നുള്ള തീരുമാനങ്ങളുടെ നടത്തിപ്പുകാരായി ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതി മാറി.
ഇക്കാലത്ത് ചേതേശ്വര്‍ പൂജാരയേയും അശ്വിനേയും കോഹ്‌ലിയുടെ അപ്രിയത്തെ തുടര്‍ന്ന് പലപ്പോഴും തഴഞ്ഞുവെന്നും അനില്‍ കുബ്ലയ്ക്ക് പകരം രവി ശാസ്ത്രിയെ ടീമിന്റെ ഡയക്ടറായി കൊണ്ട് വന്നത് കോഹ്‌ലിയാണെന്നും ക്രിക്കറ്റ് എഴുത്തുകാര്‍ രേഖപ്പെടുത്തിയിട്ടുണ്ട.് ഭാവിയിലെ ക്രിക്കറ്റ് ടൂറുകളുടെ ചാര്‍ട്ടുകള്‍ മുതല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മാനേജ്മെന്റ് കാര്യങ്ങള്‍ വരെ -ഇതൊന്നും നാഷണല്‍ ടീം ക്യാപ്റ്റന്റെ പരിധിയിയില്‍ പെടുന്ന കാര്യങ്ങളല്ലാതിരുന്നിട്ട് പോലും- കോഹ്‌ലിയുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ നടന്നിട്ടുള്ളൂവെന്നും രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും പോലെയാണ് വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും ബി.സി.സി.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പലരും ചൂണ്ടിക്കാണിച്ചു.
ഇക്കാലങ്ങളിലെല്ലാം ബാറ്റര്‍ എന്ന നിലയില്‍ കോഹ്‌ലി ഉയരങ്ങളിലേയ്ക്ക് കുതിക്കുകയായിരുന്നു. അതിനൊടൊപ്പം എന്‍.ഡി.എ സര്‍ക്കാരിന്റെ പോസ്റ്റര്‍ ബോയ് എന്ന നിലയിലും കോഹ്‌ലി മാറി. കോഹ്‌ലിയുടേയും അനുഷ്‌ക ശര്‍മ്മയുടേയും വിവാഹത്തിലെ മുഖ്യാതിഥിയായി നരേന്ദ്ര മോദി പങ്കെടുത്തത് മാത്രമല്ല, സര്‍ക്കാരിന്റെ പദ്ധതികളേയും നയങ്ങളേയും പുകഴ്ത്തുന്ന സെലിബ്രിറ്റികളുടെ കൂട്ടത്തിലും കോഹ്‌ലി ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഫുട്ബോളറും ക്യാപ്റ്റനുമായിരുന്ന ഡേവിഡ് ബെക്കാമിന്റെ ജീവിതത്തോട് പലരും കോഹ്‌ലിയെ താരതമ്യപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പക്കാരനും സുന്ദരികളുടെ ആരാധ്യപുരുഷനും യുവപൗരുഷത്തിന്റെ പ്രതീകവും ആയിരുന്നതിന് ശേഷം മോഡലും സെലിബ്രിറ്റിയുമായ വിക്ടോറിയ ആഡംസിനെ വിവാഹം കഴിച്ച ഡേവിഡ് ബെക്കാമിന്റേതിന് തതുല്യമായ ശൈലിയും ജീവിതവുമാണ് കോഹ്‌ലിയുടേത് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
എന്നാല്‍ 2020 കാലത്തോടെ കോഹ്‌ലിയുടെ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സ് ആരംഭിച്ചു. തന്റെ കളികളിലെ ഫോം നഷ്ടത്തിനും ക്യാപ്റ്റന്‍സിയിലെ പരാജയങ്ങള്‍ക്കും കൂട്ടുകാരി അനുഷ്‌ക ശര്‍മ്മയെ സോഷ്യല്‍ മീഡിയിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ വിരാട് കോഹ്‌ലി ക്ഷുഭിതനായി. ഇക്കാലത്തും ‘പുതിയ ഇന്ത്യയുടെ പ്രതിനിധി’യായും സോഷ്യല്‍ മീഡിയിലൂടെ സര്‍്ക്കാരിന്റെ പദ്ധതികള്‍ക്ക് പിന്തുണ നല്‍കിയും പോന്നു. 2020-ല്‍ തന്നെയാണ് അനുഷ്‌ക ശര്‍മ്മ നിര്‍മിച്ച ‘പാതാള്‍ ലോക്’ എന്ന സീരീസ് പുറത്ത് വന്നത്. മികച്ച സീരീസ്, അഭിനന്ദനങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയിലൂടെ കോഹ്‌ലി പിന്തുണയും നല്‍കി. എന്നാല്‍ ‘ഹിന്ദുഫോബിക്’ സീരീസാണത് എന്നും ഹിന്ദുക്കളെ അപമാനിക്കുകയാണ് ഈ സീരീസ് ചെയ്യുന്നത് എന്നും സംഘപരിവാര്‍ വൃത്തം മുഴുവന്‍ ക്ഷോഭിച്ചു. ബി.ജെ.പി ഭരണത്തിനേയും ഹിന്ദുത്വ അജണ്ടകളേയും ആഴത്തില്‍ വിമര്‍ശിക്കുന്ന ആ സീരീസിന് ശേഷം അനുഷ്‌കക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം കൂടുതല്‍ ശക്തമായി.
എന്നാല്‍ അതേ ദീപാവലിക്ക് ഡല്‍ഹിയിലെ മലിനീകരണം കുറയ്ക്കുന്നതിന് പടക്കം പൊട്ടിക്കലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ കോഹ്‌ലി സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടത് ഹിന്ദുത്വ ബ്രിഗേഡിനെ വീണ്ടും രോഷാകുലരാക്കി. ഹിന്ദു ഫോബിയയാണത് എന്ന് അവര്‍ വീണ്ടും ആക്രോശിച്ചു. കോഹ്‌ലിയാകട്ടെ അതിനൊന്നും ചെവികൊടുത്തില്ല, എന്നു മാത്രമല്ല, ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പരമ്പര ഇടയ്ക്ക് ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് പോന്നു. അനുഷ്‌കയ്ക്കും വിരാടിനും ആദ്യ കുഞ്ഞുണ്ടാകാന്‍ പോവുകയായിരുന്നു. ആ സമയത്ത് അനുഷ്‌കയ്ക്ക് ഒപ്പമുണ്ടാവുകയാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നതില്‍ വിരാട് കോഹ്‌ലിക്ക് ആശങ്കളൊന്നുമുണ്ടായിരുന്നില്ല. അച്ഛന്‍ മരിച്ചതിന് ശേഷം കളിയോടും ദേശത്തോടുമുള്ള ഉത്തരവാദിത്തം ചൂണ്ടിക്കാണിച്ച് കളിക്കാനിറങ്ങിയ കോഹ്‌ലിയില്‍ നിന്ന് ആദ്യകുഞ്ഞുണ്ടായപ്പോള്‍ കൂട്ടുകാരിക്കൊപ്പം ഉണ്ടാകണം എന്ന് തീരുമാനിച്ച കാമുകനിലേയ്ക്ക് കോഹ്‌ലി വളര്‍ന്നു.
്തുടര്‍ന്ന് ക്യാപ്റ്റന്‍ പദവികള്‍ ഒരോന്നായി വിരാട് കോഹ്‌ലി ഒഴിഞ്ഞു. അണ്ടര്‍ 19 ലോകകപ്പ ചാമ്പ്യന്‍ പദവിയിലേയ്ക്ക് ഇന്ത്യയെ നയിച്ച ശേഷം നായകപദവിയില്‍ വലിയ നേട്ടങ്ങളൊന്നും കൈവരിക്കാന്‍ കോഹ്‌ലിക്കായില്ല. ഐ.പി.എല്‍ ഫ്രാഞ്ചെയ്സിയായ റോയല്‍ ചലഞ്ചേഴ്സിനെ ഒരിക്കല്‍ പോലും ചാംപ്യന്‍ഷിപ്പിലേയ്ക്ക് എത്തിക്കാനും കോഹ്‌ലിക്കായില്ല. 2021-ല്‍ ദുബായില്‍ നടന്ന ടി-ട്വന്റി ലോകകപ്പായിരുന്നു ഇന്ത്യയെ അവസാനം നയിച്ച ടൂര്‍ണമെന്റ്. അതില്‍ സൂപ്പര്‍ ട്വല്‍വില്‍ തന്നെ ഇന്ത്യ പരാജയപ്പെട്ട് പുറത്തായി. സൂപ്പര്‍ ട്വല്‍വിലെ ആദ്യമത്സരം പാകിസ്താനുമായിട്ടായിരുന്നു. 57 റണ്‍സെടുത്ത് കോലി ടോപ് സ്‌കോറര്‍ ആയെങ്കിലും ഷഹീന്‍ അഫ്രീദിയുടെ ബൗളിങ്ങിന് മുന്നില്‍ വരിഞ്ഞ് കെട്ടപ്പെട്ട ഇന്ത്യയുടെ 151-ല്‍ നിന്നു. ഒരു വിക്കറ്റ് പോലും പോകാതെയാണ് മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ചേര്‍ന്ന് പതിനെട്ടാം ഓവറില്‍ പാകിസ്താനെ വിജയിപ്പിച്ചത്. 55 പന്തില്‍ 79 റണ്‍സെടുത്ത് വിജയശില്പിയായ മുഹമ്മദ് റിസ്വാനെ കളിക്ക് ശേഷം വിരാട് കോഹ്‌ലി അതീവസ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നത് അത്ഭുതരകരമായ കാഴ്ചയായിരുന്നു. പാകിസ്താനോടുള്ള ചിരവൈരമോ തോല്‍ക്കുന്ന ക്യാപ്റ്റന്റെ നിരാശയോ ഒന്നുമില്ലാത്ത ക്രിക്കറ്റ് കളിക്കാരന്റെ ആര്‍ജ്ജവത്തോടെയുള്ള പുണരല്‍.
ഇതേ മത്സരത്തിന് ശേഷം മുഹമ്മദ് ഷമിയെ സോഷ്യല്‍ മീഡിയില്‍ ഹിന്ദുത്വ ബ്രിഗേഡ് അതിക്രൂരമായി പരിഹസിക്കുകയും ട്രോളുകയും പാകിസ്താനിലേയ്ക്ക് പോകാന്‍ ആക്രോശിക്കുകയും ചെയതപ്പോള്‍ കോഹ്‌ലി പൊട്ടിത്തെറിച്ചു. ബി.സി.സിഐയുടെ പത്രസമ്മേളനത്തില്‍ നിയമങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് ഷമിക്ക് വേണ്ടി കോഹ്‌ലി രംഗത്ത് വന്നത്. ക്രിക്കറ്റ് ഇതര കാര്യങ്ങള്‍ കളിക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കരുതെന്നാണ് നിയമം. എന്നാല്‍ ‘ഒരാളെ മതത്തിന്റെ പേരില്‍ ആക്രമിക്കുന്നത് ഒരു മനുഷ്യന് ചെയ്യാവുന്ന ഏറ്റവും തരംതാണ പ്രവര്‍ത്തിയാണ്’-എന്ന് കോഹ്‌ലി ക്ഷുഭിതനായി. ‘എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്രമൊക്കെയുണ്ട്. പക്ഷേ മതത്തിന്റെ പേരില്‍ ഒരാളോടും ഞാന്‍ വിവേചനം കാണിക്കില്ല. എല്ലാ മനുഷ്യരുടേയും വിശുദ്ധവും വ്യക്തിപരമായ താത്പര്യമാണ് മതവിശ്വാസം. മനുഷ്യരെന്ന നിലയില്‍ കളിക്കാരെ തിരിച്ചറിയാത്തത് കൊണ്ടാണ് ചിലര്‍ അവരുടെ വികാരവിരേചനം സോഷ്യല്‍മീഡിയില്‍ നടത്തുന്നത്.” -കോഹ്‌ലി പറഞ്ഞു. നേരെ നിന്ന് സംസാരിക്കാന്‍ പോലും ധൈര്യമില്ലാത്ത, നട്ടെല്ലില്ലാത്ത മനുഷ്യരാണ് സോഷ്യല്‍ മീഡിയിലൂടെ പല വ്യക്തികളേയും ആക്രമിക്കുന്നത്. മനുഷ്യര്‍ക്കിക്കാലത്ത് ഇത്രയും താഴാനാകും എന്നത് നിര്‍ഭാഗ്യകരമാണ് എന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. സംഘപരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളേയും മുസ്ലിം വിരുദ്ധ ട്രോളുകളും വ്യാജങ്ങളും സൃഷ്ടിക്കുന്ന ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ മിഷ്യനറിക്കുമേറ്റ കനത്ത പ്രഹരമായിരുന്നു അത്.
രാമക്ഷേത്രത്തിന്റെ നിര്‍മാണം അയോധ്യയിലാരംഭിച്ചപ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന ഹിന്ദു സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ വിരാട് കോഹ്‌ലി ഉണ്ടായിരുന്നില്ല. കുറച്ചു നാളുകള്‍ക്ക് മുമ്പാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വരേണ്ടയാളായിരുന്നു കോഹ്‌ലിയെന്ന് പലരും ചൂണ്ടിക്കാണിച്ചു. പക്ഷേ കോഹ്‌ലി നിശബ്ദനായിരുന്നു.
അനുഷ്‌ക ശര്‍മയാണ് കോഹ്‌ലിയുടെ ഫോം നഷ്ടപ്പെടാന്‍ കാരണമെന്ന് ആക്രോശിച്ചിരുന്ന പൗരുഷ വീര്യക്കാരായ ആരാധക വൃന്ദങ്ങളുടെ കണ്‍ മുമ്പില്‍ ഈ ലോകകപ്പിലെ ഒരോ ഇന്ത്യന്‍ മത്സരത്തിലും അനുഷ്‌ക ശര്‍മയും മകളും ഗ്യാലറിയിലെത്തി. റിക്കോര്‍ഡുകള്‍ ഒന്നൊന്നായി തകര്‍ത്ത് ലോകത്തെ ഏറ്റവും വലിയ ബാറ്റര്‍ എന്ന പദവിയിലേയ്ക്ക് കോഹ്‌ലി ഉയരമ്പോള്‍, തകര്‍പ്പന്‍ സിക്സറുകള്‍ക്ക് ബൗണ്ടറികള്‍ക്ക്, ഷോട്ടുകള്‍ക്ക്, നെതര്‍ലാന്‍ഡിനെതിരെയെടുത്ത വിക്കറ്റിനും അനുഷ്‌ക കയ്യടിച്ചു, തുള്ളിച്ചാടി. വിരാട് കോഹ്‌ലി അവിടെയ്ക്ക് നോക്കി കൈയ്യുയര്‍ത്തി, ചിരിച്ചു. 50-ാം സെഞ്ച്വറിയുടെ നിറവില്‍ ലോകം മുഴുവന്‍ കോഹ്‌ലിയെ ഉറ്റുനോക്കുമ്പോള്‍ അയാള്‍ ഗ്യാലറിയിലുള്ള തന്റെ കൂട്ടുകാരിക്ക് നേരെ ഉമ്മകള്‍ പറത്തി വിട്ടു. അവിടെ നിന്ന് തിരികെയും. അനുഷ്‌ക കാരണം വിരാടിന്റെ ഫോം തകര്‍ന്നുവെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ ആയിരക്കണക്കിന് ട്രോളുകള്‍ സ്വയമേവ റദ്ദായി.
അന്നേദിവസം ഡ്രസിങ് റൂമിലെത്തി വേഷം മാറിയ ശേഷം മുകളിലെ ഗ്യാലറിയിലിരിക്കുന്ന അനുഷ്‌കയെ എത്തിനോക്കുന്ന വിരാട് കോഹ്‌ലി എന്ന കാമുകനെ ക്യാമറകള്‍ കാണിച്ച് തന്നു. ഹിന്ദുത്വയുടെ വിരാട പുരുഷന്‍ തളരിതനായ കാമുകനും മുഹമ്മദ് ഷമിയേും മുഹമ്മദ് സിറാജിനേയും ചേര്‍ത്ത് പിടിക്കുന്ന, അനുഷ്‌ക നിര്‍മ്മിച്ച ‘പാതാള്‍ ലോകി’ല്‍ അഭിമാനിക്കുന്ന പൗരനിലേയ്ക്ക് സ്വയം പരിണമിച്ചതാണ് വര്‍ഷങ്ങളായി ക്രിക്കറ്റ് കാണുന്ന ഈ ആരാധകന്റെ ആഹ്ലാദം. മെച്ചെപ്പെട്ട ഒരിന്ത്യ സാധ്യമാകുമെന്ന തോന്നലാണ് ഫൈനല്‍ കാണാനിരിക്കുന്നതിന് മുമ്പ് ബാക്കിയാകുന്നത്.