UPDATES

വൈറല്‍

ട്രംപും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും സംയുക്തമായി വൈറ്റ് ഹൗസില്‍ നട്ട ഓക്ക് ചെടി അപ്രത്യക്ഷമായതില്‍ ദുരൂഹത

യെമനില്‍ അമേരിക്കയും ഫ്രാന്‍സും നടത്തിയ സൈനികാക്രമണത്തെ വിമര്‍ശിച്ചുകൊണ്ട് ഓക്ക് തൈയ്ക്ക് ചുവട്ടില്‍ ട്രംപും മാക്രോണും ഒരു യെമനി കുട്ടിയെ മണ്ണിട്ടു മൂടുന്നതായുമുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു

                       

അടുത്തിടെ യുഎസ് സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംയുക്തമായി വൈറ്റ് ഹൗസില്‍ നട്ട ഓക്ക് ചെടി അപ്രത്യക്ഷമായി. ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് മരിച്ച യുഎസ് പട്ടാളക്കാരെ അനുസ്മരിച്ചായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച വൈറ്റ് ഹൗസിന്റെ തെക്കുവശത്തുള്ള മൈതാനത്ത് ഇരുവരും മരം നട്ടത്.

എന്നാല്‍ ശനിയാഴ്ച അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് പകര്‍ത്തിയ ചിത്രത്തില്‍ ഈ മരം നട്ടിരുന്ന ഭാഗത്ത് വെറും പുല്ലു മാത്രമാണുണ്ടായിരുന്നത്. യുഎസ് പ്രസിഡന്റിനുള്ള മാക്രോണിന്റെ ഉപഹാരമായി ഓക്ക് മരം കൊണ്ടുവന്നത് വടക്കു-കിഴക്കന്‍ പാരീസിലെ ബെല്യൂ വുഡില്‍ നിന്നായിരുന്നു. 1918 ജൂണില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗമായി ഇവിടെ നടന്ന രൂക്ഷമായ പോരാട്ടത്തില്‍ 1,811 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

ഒരു നൂറ്റാണ്ടു മുന്‍പ് ഫ്രാന്‍സിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജീവന്‍ വെടിഞ്ഞ അമേരിക്കന്‍ സൈനികരുടെ സ്മരണ പുതുക്കാന്‍ ഈ ഓക്ക് മരം അമേരിക്കന്‍ പ്രസിഡന്റിന് സമ്മാനിക്കുന്നു എന്ന് നേരത്തെ മാക്രോണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇത് യുഎസ് ഫ്രാന്‍സ് സഖ്യത്തിന്റെ പ്രതീകമാണെന്നുമായിരുന്നു മാക്രോണിന്റെ പ്രതികരണം. ഭാര്യമാരായ ബ്രിഗിറ്റേ മാക്രോണ്‍, മെലേന ട്രംപ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരു നേതാക്കളും മരം നട്ടത്.

എന്നാല്‍ ഇരു നേതാക്കളുടെയും മരം നടല്‍ ചടങ്ങിനെ കളിയാക്കി നിരവധി തമാശകളും സാമൂഹ്യമാധ്യമങ്ങളില്‍ അന്നു തന്നെ പ്രചരിച്ചിരുന്നു. പാരിസ് കാലാവസ്ഥാ കരാറില്‍ നിന്നുമുള്ള ട്രംപിന്റെ പിന്‍മാറ്റത്തെ കളിയാക്കിയാണ് മാക്രോണ്‍ വൈറ്റ് ഹൗസില്‍ മരം നടാന്‍ തയ്യാറായതെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ പരിഹാസം. യെമനില്‍ അമേരിക്കയും ഫ്രാന്‍സും നടത്തിയ സൈനികാക്രമണത്തെ വിമര്‍ശിച്ചുകൊണ്ട് ഓക്ക് തൈയ്ക്ക് ചുവട്ടില്‍ ട്രംപും മാക്രോണും ഒരു യെമനി കുട്ടിയെ മണ്ണിട്ടു മൂടുന്നതായുമുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

അതേസമയം മരം അപ്രത്യക്ഷമായ വിവരം ഇതിനോടകം ഫ്രഞ്ച് മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്. ഓക്ക് മരം നല്ലരീതിയില്‍ പരിപാലിക്കപ്പെടുമെന്ന് കരുതുന്നതായി ഫ്രഞ്ച് ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യ്തു.

Share on

മറ്റുവാര്‍ത്തകള്‍