UPDATES

ഓഫ് ബീറ്റ്

ആര്‍ത്തവ പരിശോധനാ മെഷീനുകളെ പേടിക്കേണ്ട കാലം വിദൂരമല്ല; #NotReadytoWait

ദളിതര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനും മുലക്കരത്തിന് എതിരെയും മാറു മറയ്ക്കാനുള്ള അവകാശത്തിനുമായ് സമരം ചെയ്തു വിജയം കണ്ട ചരിത്രമുണ്ട് നമ്മുടെ നാടിന്.

                       

നീതു എസ് കുമാര്‍

സ്ത്രീയുടെ ആര്‍ത്തവകാലത്തെ സംബന്ധിച്ച മിത്തുകള്‍ക്കും ദുര്‍ധാരണകള്‍ക്കും അബദ്ധചിന്തകള്‍ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആര്‍ത്തവ രക്തത്തെ അശുദ്ധിയായും ജൈവസമൃദ്ധിയുടെ ഉറവിടമായും അടയാളപ്പെടുത്തുന്ന വൈരുധ്യാത്മകതകള്‍ നിറഞ്ഞ കാലഘട്ടത്തിലാണു നമ്മള്‍ ജീവിക്കുന്നത്. ഒരു സമൂഹത്തിന്റെ ആചാരനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പലപ്പോഴും ആര്‍ത്തവരക്തവുമായി അദൃശ്യബന്ധം പുലര്‍ത്തുന്നതിനാല്‍ സ്ത്രീയുടെ മൗലിക അവകാശങ്ങളും സ്വാതന്ത്ര്യവും പലയിടങ്ങളിലും ലംഘിക്കപ്പെടുന്നു. മനുഷ്യരാശിയുടെ നിലനില്‍പ് തന്നെ ഇരുമ്പ് മണമുള്ള ഈ ആര്‍ത്തവ കാലങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണന്നുള്ള സത്യം നിലനില്‍ക്കെ തന്നെ ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനങ്ങളും വിലക്കുകളും തീര്‍ത്തും യുക്തിരഹിതമാണ്. അടിസ്ഥാനമില്ലാത്ത ഈ വിവേചനങ്ങളെ എതിര്‍ക്കാനും ക്ഷേത്ര പ്രവേശന സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്നതില്‍ കാട്ടുന്ന ആര്‍ജ്ജവം വാക്കുകളില്‍ ഒതുക്കാന്‍ കഴിയുന്നതല്ല.

മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചു പുറത്തുവന്ന ബോംബെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുന്നത്. വിശ്വാസിയായ പുരുഷനും വിശ്വാസിയായ സ്ത്രീയും ഒരേ സാമൂഹിക ജീവിത രീതികള്‍ പിന്തുടരുമ്പോഴും ദൈവത്തിനെ കാണുവാന്‍ മാത്രം വിവേചനം നേരിടുന്നത് എന്തിനാണെന്നുള്ള ചോദ്യം തീര്‍ത്തും യുക്തിപരം തന്നെ. ലിംഗ വ്യത്യാസങ്ങളുടെയും ജൈവിക പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് ഇത്തരം വിലക്കുകള്‍ കല്‍പ്പിച്ചു കൊടുക്കുമ്പോള്‍ ഇവിടെ ലംഘിക്കപ്പെടുന്നത് ചില ജനാധിപത്യമൂല്യങ്ങളും, സമത്വവാദവും ആണെന്നുള്ളത് ഓര്‍ക്കേണ്ടാതായുണ്ട്.

ആര്‍ഷ ഭാരത സംസ്‌കാരത്തെ കുറിച്ച് അഭിമാനിതരാകുകയും വാചാലരാവുകയും ചെയ്യുന്ന കടുത്ത സാംസ്‌കാരിക വക്താക്കള്‍ മനസിലാക്കേണ്ട ചുരുക്കം ചില വസ്തുതകളുണ്ട്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പുത്തിനെ മഹത്വവത്കരിക്കുന്ന നിങ്ങള്‍ സ്ത്രീകളുടെ ആര്‍ത്തവത്തിനു ഭ്രഷ്ട് കല്‍പ്പിക്കുന്നത് എന്തിനാണ്? തീണ്ടാരിയായ ദേവിയെ കോവിലിനുള്ളില്‍ സര്‍വാദരങ്ങളോടെ പൂജിക്കുന്ന നിങ്ങള്‍ ഇഷ്ട ദേവനെ കാണാന്‍ അനുവദിക്കാതെ പതിനെട്ടുപടിക്ക് പുറത്തു നിര്‍ത്തുന്നത് എന്തിനാണ്? ആര്‍ത്തവ കാലത്തോട് അനുബന്ധിച്ചു സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ശാരീരിക അസ്വസ്ഥതകളെ കുറിച്ചും ബലക്ഷയത്തെ കുറിച്ചും നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് എന്ത് അടിത്തറയാണുള്ളത്. ഈ ദിവസങ്ങളിലും ഇന്ത്യയിലെ ഭൂരിപക്ഷം വീട്ടമ്മമാരും തങ്ങളുടെ അധ്വാനം മുഴുവന്‍ നിങ്ങളുടെ സംതൃപ്തിക്കും സൗകര്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കുന്നില്ലേ? ലിംഗ വത്യാസങ്ങള്‍ക്കും അപ്പുറം ശാരീരിക ക്ഷമത ഉള്ളവരാണ് ഇന്ത്യന്‍ സ്ത്രീകള്‍ എന്നു രണ്ടു കായിക താരങ്ങള്‍ ലോകത്തെ അറിയിച്ചിട്ട് അധിക നാളുകള്‍ കഴിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയിലുടെയും മറ്റും അവരുടെ വിജയം ആഘോഷിച്ചു കോരിത്തരിച്ച നിങ്ങള്‍ ആര്‍ത്തവ കാലത്ത് അവര്‍ക്ക് വിശ്രമം നിര്‍ദേശിച്ചോ? പ്രത്യുത്പാദന ശേഷി നിലനില്‍ക്കുന്ന പത്തു വയസ്സിനും നാല്‍പ്പതു വയസിനും ഇടയിലുള്ള സ്ത്രീകള്‍ ബ്രഹ്മചാരിയായ ദേവനെ അസ്വസ്ഥനാക്കും എന്നു പറയുന്നതില്‍ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ല. ഇതിനുമെല്ലാം അപ്പുറം ആരാധാനാലയങ്ങളില്‍ നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതം എടുത്തുതന്നെ കയറണമെന്നും മാസത്തില്‍ ഒരു തവണ ആര്‍ത്തവമുള്ളതിനാല്‍ വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്കു കഴിയല്ലെന്നും സമര്‍ത്ഥിക്കുന്നത് എന്തിനാണ്. വ്രതമെടുത്തതിനു ശേഷം തന്നെ സന്ദര്‍ശിക്കുക എന്ന് ഈ ആരാധനാലയങ്ങളിലെ ദൈവങ്ങള്‍ നിങ്ങള്‍ക്കു സ്വപ്‌ന ദര്‍ശനം നല്‍കി അറിയിച്ചിരുന്നോ?

ദളിതര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ക്ഷേത്ര പ്രവേശനത്തിനും മുലക്കരത്തിന് എതിരെയും മാറു മറയ്ക്കാനുള്ള അവകാശത്തിനുമായ് സമരം ചെയ്തു വിജയം കണ്ട ചരിത്രമുണ്ട് നമ്മുടെ നാടിന്. ആര്‍ത്തവ പരിശോധന മെഷീനുകളുടെ ഉപയോഗമില്ലാതെ ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്കു കയറാന്‍ കഴിയുന്ന കാലം വിദൂരമല്ല. സ്ത്രീകളുടെ ക്ഷേത്ര പ്രവേശനത്തെ എതിര്‍ക്കാന്‍ ആരാധനാലയങ്ങളുടെ നിര്‍മിതിയിലും സ്ത്രീ, പുരുഷ ലൈംഗിക അവയവങ്ങളുടെ ഘടനയിലും ഊര്‍ജ്ജത്തിന്റെ സഞ്ചാരത്തിലും പുതിയ ഗവേഷണങ്ങള്‍ നടത്തുന്ന ശാസ്ത്ര പണ്ഡിതരുടെ അറിവിലേയ്ക്കായി പറയട്ടെ, പത്ത് വയസ്സിനും നാല്‍പ്പതു വയസ്സിനും ഇടയിലെ തന്റെ ജീവിതത്തില്‍, നിങ്ങള്‍ നിഷേധിക്കുന്ന ആരാധനാലയങ്ങളില്‍ കയറാന്‍ ഒരു സ്ത്രീ എങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ അവകാശത്തെയും സ്വതന്ത്ര്യത്തെയും മാനിക്കുകയാണ് വേണ്ടത്. ആണിനും പെണ്ണിനും ഒരേ നീതി നിയമ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് അങ്ങനെയല്ലേ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. #IamReadyToWait എന്നു പറയുന്നതുപോലെ #IamNotReadyToWait എന്നു പറയാനുള്ള പെണ്ണിന്റെ സ്വാതന്ത്ര്യത്തെ നിങ്ങള്‍ മാനിക്കേണ്ടതായുണ്ട്. പെണ്ണിന്റെ ശരീരവും ആര്‍ത്തവവും പെണ്ണിന്റെ മാത്രം അടയാളങ്ങളാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്ന പ്രവണത ഒരു ജനാധിപത്യ രാജ്യത്തിന് അഭികാമ്യമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Share on

മറ്റുവാര്‍ത്തകള്‍