UPDATES

വിദേശം

പിൻമാറ്റ കരാർ‍ തള്ളി ബോറിസ് ജോൺസൺ, ഉപാധികളിലാതെ ബ്രക്സിറ്റ് നടപ്പാക്കിയേക്കും

കരാറില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുമെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ ഐക്യ അയർലൻഡ് ആവശ്യവും ശക്തമാവുന്നു.

                       

യൂറോപ്യൻ യൂണിയന്‍ സമ്മതിച്ചില്ലെങ്കിൽ കരാറില്ലാതെതന്നെ ബ്രെക്സിറ്റിലേക്ക് നീങ്ങാൻ പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകൾ. നിലവിലുള്ള പിന്മാറ്റ കരാറും ഐറിഷ് ബാക്ക്‌സ്റ്റോപ്പും ഒഴിവാക്കാന്‍ യൂറോപ്യൻ യൂണിയന്‍ അംഗീകരിച്ചില്ലെങ്കിൽ കരാറില്ലാതെ തന്നെ പിൻമാറുമെന്നായിരുന്നു ബോറിസ് ജോൺസൺ നൽകുന്ന സൂചന. യൂറോപ്യൻ യൂണിയനുമായി ഒരു ചർച്ചയും ഇപ്പോള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്ന് ബോറിസ് ജോൺസന്റെ വക്താവ് പറഞ്ഞു.

ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ ആ ചർച്ചകളുടെ അടിസ്ഥാനം എന്തായിരിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തമായ ബോധ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് തടസ്സനിവാരണ ഉപാധി (ഐറിഷ് ബാക്‌സ്റ്റോപ്പ്) ഒഴിവാക്കി കരാർ പുതുക്കുക എന്നതാണ് ജോൺസണ്‍ മുന്നോട്ടുവെക്കുന്ന നയം. യൂറോപ്യൻ യൂണിയൻ അത് അംഗീകരിക്കാന്‍ സാധ്യതയില്ല. ബ്രെക്സിറ്റിനുശേഷം ഉത്തര അയർലൻഡും റിപ്പബ്ലിക് ഓഫ് അയർലൻഡും തമ്മിലുള്ള അതിർത്തി കസ്റ്റംസ് പരിശോധനയില്ലാതെ നിശ്ചിതകാലം തുടരണമെന്ന് നിർദേശിക്കുന്നതാണ് ഐറിഷ് തടസ്സനിവാരണ ഉപാധി.

എന്നാല്‍ കരാറില്ലാതെ ബ്രക്സിറ്റ് നടപ്പാക്കുമെന്ന റിപ്പോർട്ടുകള്‍ക്ക് പിന്നാലെ ഐക്യ അയർലൻഡ് ആവശ്യവും ശക്തമാവുന്നു. ഐറിഷ് പ്രധാനമന്ത്രി തന്നെയാണ് ഈ ആവശ്യം വീണ്ടും ഉയർത്തുന്നത്. കരാറില്ലാതെയുള്ള പിൻമാറ്റം ഉണ്ടായാൽ വടക്കൻ അയർലണ്ടിലെ കൂടുതൽ ആളുകള്‍ ഐക്യ അയർലൻഡ് എന്ന ആവശ്യവുമായിശക്തമായി രംഗത്തിറങ്ങുമെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ന്നറിയിപ്പ് നൽകി.

ഒക്ടോബർ 31-നുതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നായിരുന്നു ബോറിസ് ജോൺസണ്‍ നേരത്തെ പ്രഖ്യാപിച്ചത്. ബ്രെക്‌സിറ്റ് അനുകൂല ക്യാംപെയ്‌നില്‍ നടുനായകത്വം വഹിച്ച പ്രമുഖർക്കെല്ലാം മന്ത്രിസഭയില്‍ സുപ്രധാന സ്ഥാനങ്ങള്‍ നല്‍കിയ ബ്രെക്‌സിറ്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കരാറില്ലാതെ പുറത്തു പോകുന്നതിനെ പാര്‍ലമെന്റ് എതിത്തേക്കും. അങ്ങിനെ വന്നാല്‍ പ്രധാനമന്ത്രിക്ക് മറ്റൊരു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞേക്കും.

അങ്ങെനെ ഒരു തീരുമാനം ആത്മഹത്യാ പരമാണെന്ന് ജോൺസണ് നന്നായി അറിയാം. അതുകൊണ്ടുതന്നെ ഇനിയൊരു തെരഞ്ഞെടുപ്പുകൂടെ വേണ്ട എന്ന് അദ്ദേഹം പറയുന്നു. ബ്രസ്സൽസുമായുള്ള ചർച്ചയ്ക്ക് ജോൺസന് പദ്ധതികളൊന്നുമില്ലെങ്കിലും, ഡൊണാൾഡ് ട്രംപുമായി അദ്ദേഹം ഇന്നലെ സംസാരിച്ചു. പ്രധാനമായും വാണിജ്യവും സുരക്ഷയുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. അതേസമയം, ജോണ്‍സൺന്റെ നിലപാടുകളെ പരസ്യമായി തള്ളിക്കളഞ്ഞുകൊണ്ട് യൂറോപ്യൻ യൂണിയന്റെ ബ്രെക്സിറ്റ് മധ്യസ്ഥൻ മൈക്കൽ ബാർനിയർ രംഗത്തെത്തി. ‘കരാറില്ലാതെ ബ്രിട്ടൻ പിരിയണമെന്ന് യൂണിയൻ ആഗ്രഹിക്കുന്നില്ല. എന്നാൽ,ജോൺസൺ കരാറില്ലാതെ പിരിയുന്നതിനാണ് പ്രാമുഖ്യം നൽകുന്നതെങ്കിൽ ആ സാഹചര്യം നേരിടാനും തയ്യാറാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടന്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

 

 

Share on

മറ്റുവാര്‍ത്തകള്‍