UPDATES

വിദേശം

പ്രവാചകനിന്ദ: മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങൾക്കിടെ ക്രിസ്ത്യൻ യുവതിക്കെതിരായ വധശിക്ഷ പാക് സുപ്രീംകോടതി റദ്ദാക്കി

നിലവിൽ റാവൽപിണ്ടിയിലെ അദിയാല ജയിലിലുള്ള ആസിയയെ അധികം വൈകാതെ മോചിപ്പിക്കും.

                       

പ്രവാചകനിന്ദ ആരോപിച്ച് കീഴ്ക്കോടതികൾ വിധിച്ച വധശിക്ഷ റദ്ദ് ചെയ്ത് പാകിസ്താൻ സുപ്രീംകോടതി ചരിത്ര നീക്കം നടത്തി. ക്രിസ്തുമതക്കാരിയായ ആസിയ ബീബി എന്ന യുവതിക്കെതിരായ കേസിലാണ് സുപ്രീംകോടതി ഈ ധീരമായ നടപടിക്ക് മുതിർന്നത്. രാജ്യത്തെ ഇസ്ലാമിക തീവ്രവാദി വിഭാഗങ്ങൾ വധശിക്ഷ നിലനിർത്തിക്കിട്ടാൻ മുറവിളി കൂട്ടുന്നതിനിടെയാണ് കോടതിയുടെ തീര്‍പ്പ് വന്നത്. രാജ്യത്തെമ്പാടും ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തിവരികയായിരുന്നു.

ചീഫ് ജസ്റ്റിസ് സാഖ്വിബ് നിസാർ അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൂന്നാഴ്ച മുമ്പ് ജഡ്ജിമാർ തീർപ്പിലെത്തിയ കേസ്സിൽ ഇന്നാണ് പരസ്യമായി വിധി പ്രസ്താവിക്കുന്നത്. പരസ്യവിധി വൈകിയതിനു കാരണം ഇസ്ലാമിക തീവ്രവാദ സംഘടനകളിൽ നിന്നുള്ള ഭീഷണിയായിരുന്നു. യുവതിയെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന കീഴ്ക്കോടതി വിധി അംഗീകരിച്ചില്ലെങ്കിൽ ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് ഇവർ പ്രഖ്യാപിച്ചു. വ്യാപകമായ അക്രമങ്ങൾ രാജ്യത്തെമ്പാടും ഇവർ സംഘടിപ്പിച്ചു.

തെഹ്‌രീക് ഇ ലബ്ബൈക്ക് എന്ന രാഷ്ട്രീയ സംഘടനയാണ് പ്രവാചകനിന്ദ ആരോപിച്ച് യുവതിയെ കൊല്ലണമെന്നാവശ്യപ്പെട്ട് തെരുവുകൾ തോറും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. റോഡുകൾ ബ്ലോക്ക് ചെയ്യുകയും പൊലീസ് വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു.

‘യുവതിക്കെതിരെ മറ്റ് ചാർജുകളൊന്നുമില്ലെങ്കിൽ അവളെ തടവിൽ നിന്നും മോചിപ്പിക്കേണ്ടതാണെ’ന്ന് ചീഫ് ജസ്റ്റിസ് സാഖ്വിബ് നിസാർ വിധിന്യായത്തിൽ പറഞ്ഞു.

കൃഷിപ്പണികൾ ചെയ്തു ജീവിക്കുന്ന 47കാരിയായ ആസിയ ബീബി 2010ലാണ് പ്രവാചകനിന്ദ നടത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. താൻ ജോലി ചെയ്യുന്നിടത്തെ മുസ്ലിം സഹപ്രവർത്തകർ മതംമാറ്റത്തിന് നിർബന്ധിച്ചപ്പോഴുണ്ടായ വഴക്കാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇസ്ലാമിലേക്ക് പോകാൻ വിസമ്മതിച്ചതോടെ രോഷാകുലരായ സഹപ്രവർത്തകർ പ്രവാചകൻ മുഹമ്മദ് നബിയെ ആസിയ അപമാനിച്ചെന്നാരോപിച്ചു. നാല് കുട്ടികളുടെ അമ്മയായ ഇവർ ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്തു. എന്നാൽ ആസിയയ്ക്കെതിരെ ശക്തമായ തെളിവുകളൊന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇവർക്കെതിരെ സാക്ഷി പറഞ്ഞ മൂന്നുപേരുടെയും മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

നിലവിൽ റാവൽപിണ്ടിയിലെ അദിയാല ജയിലിലുള്ള ആസിയയെ അധികം വൈകാതെ മോചിപ്പിക്കും.

Share on

മറ്റുവാര്‍ത്തകള്‍